•  30 Nov 2023
  •  ദീപം 56
  •  നാളം 38

രാഷ്ട്രീയ ഇച്ഛാശക്തിയും വിവേകവും 'ഇന്ത്യാ' മുന്നണിക്കുണ്ടായേ പറ്റൂ


.

-

ഹുസ്വരതയുടെ ശക്തിയാണ് ജനാധിപത്യത്തിന്റെ വിജയവും സൗന്ദര്യവും. പ്രതിപക്ഷസ്വരം മുഴക്കമുള്ളതാകുമ്പോഴാണു ജനാധിപത്യഭരണവ്യവസ്ഥിതിക്കു തിളക്കവും സ്വച്ഛതയുമുണ്ടാകുന്നത്. ഭിന്നസ്വരങ്ങളെ അപസ്വരങ്ങളായല്ല ഐക്യത്തിനായുള്ള കാഹളവും മുറവിളിയുമായാണ് ജനാധിപത്യസംവിധാനങ്ങള്‍ നോക്കിക്കാണുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹിതമായ പാരമ്പര്യം വിളിച്ചോതുന്ന അടിസ്ഥാനവസ്തുതയുമാണത്. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍നെഹ്‌റുവും ഡോ. ബി.ആര്‍. അംബേദ്കറും തുടങ്ങിയുള്ള മഹാത്മാക്കളുടെ ഉള്‍ക്കരുത്ത് അഭിപ്രായവ്യത്യാസങ്ങളെ ഏകോപിപ്പിക്കുന്നതിലും ശക്തീകരിക്കുന്നതിലുമായിരുന്നു. അത് ജനാധിപത്യഇന്ത്യയുടെ രാഷ്ട്രീയ ഇച്ഛാശക്തിയും വിജയവുമായി ജനം നോക്കിക്കണ്ടതാണ് നമ്മുടെ പാവനമായ സംസ്‌കാരം.
പക്ഷേ, കുറേ വര്‍ഷങ്ങളായി രാജ്യത്തു പ്രതിപക്ഷം ദുര്‍ബലാവസ്ഥയിലായിരുന്നു. 2014 ലും 2019 ലും മൃഗീയഭൂരിപക്ഷത്തോടെ ബി.ജെ.പി. ഭരണം പിടിച്ചടക്കിയതും മോദിപ്രഭാവവുമാണ് പ്രധാനമായും ഇത്തരത്തിലുള്ള സ്ഥിതിവിശേഷമുണ്ടാക്കിയത്. എന്നാല്‍, മാസങ്ങള്‍ക്കുമുമ്പ് 28 പ്രതിപക്ഷകക്ഷികള്‍ചേര്‍ന്ന് 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേരില്‍ വിശാല രാഷ്ട്രീയ ഐക്യം രൂപവത്കരിച്ചപ്പോള്‍ ഒട്ടേറെ ഇന്ത്യാക്കാര്‍ ആശ്വസിച്ചു. അതൊരു പുത്തന്‍ ജനാധിപത്യത്തിന്റെ ഉദയമായി അവര്‍ വിശ്വസിച്ചു. രാജ്യത്തെയാകെ കുറേക്കാലമായി വീര്‍പ്പുമുട്ടിച്ച ഏകാധിപത്യത്തിനും കോര്‍പ്പറേറ്റ് ഭരണവ്യവസ്ഥിതിക്കുമുള്ള മറുപടിയും മറുമരുന്നുമായി 'ഇന്ത്യ'യെ അവര്‍ സ്വപ്നം കണ്ടത് സ്വാഭാവികം. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ ഐക്യമുന്നണിയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാതിരഞ്ഞെടുപ്പ് അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുമ്പോഴും, പാര്‍ലമെന്റുതിരഞ്ഞെടുപ്പിനു മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കുമ്പോഴും ഇത്തരത്തിലുള്ള ചേരിതിരിവുകളും പടലപ്പിണക്കങ്ങളും ഉരുത്തിരിയുന്നത് ഒട്ടും ശോഭനമല്ല. അധികാരത്തോടുള്ള ആര്‍ത്തിയും സ്വാര്‍ഥചിന്തകളും വെറുപ്പിന്റെ രാഷ്ട്രീയം പടുത്തുയര്‍ത്തുമ്പോള്‍ വേരറുക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ ശക്തിയും വികസനസ്വപ്നങ്ങളുമാണെന്ന് അതിനു കാരണക്കാരാകുന്നവര്‍ ആരായാലും ഓര്‍മിക്കുന്നതു നന്ന്. 
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ 'വല്യേട്ടന്‍കളി'ക്കു തടയിടാന്‍ 'ഇന്ത്യ' മുന്നണിക്കകത്തുതന്നെ കുറുമുന്നണിയുണ്ടാക്കിയിരിക്കുന്നുവെന്നതാണു പുതിയ അശുഭകരമായ വാര്‍ത്ത. രാജസ്ഥാന്‍ രാഷ്ട്രീയഗോദ ആദ്യപരീക്ഷണമെന്ന നിലയില്‍ ശ്രദ്ധേയമാവുകയാണ്. സമാജ്‌വാദിപാര്‍ട്ടിയും(എസ്.പി.) ഇടതുകക്ഷികളും ചേര്‍ന്നാണു സംയുക്തമുന്നണിക്കു ധാരണയായിരിക്കുന്നത്. സീറ്റുചര്‍ച്ചകളില്‍ തീര്‍ത്തും അവഗണിച്ച കോണ്‍ഗ്രസിന്റെ ഏകപക്ഷീയനീക്കത്തിനു തിരിച്ചടിസന്ദേശം നല്‍കുകയാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു.
മധ്യപ്രദേശില്‍ ജയസാധ്യതയുള്ള ആറു സീറ്റുകള്‍പോലും നല്‍കാത്തതില്‍ എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവ് കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനാല്‍ എസ്.പി. സ്വന്തം നിലയില്‍ അവിടെ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. പ്രശ്‌നം അവിടംകൊണ്ടൊന്നും തീരുന്നില്ല; മധ്യപ്രദേശില്‍ ചെയ്തതിനു പ്രതികാരമെന്നോണം വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ അനുകൂലിക്കില്ലെന്ന സൂചനയും എസ്.പി. നല്‍കിക്കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിര്‍ണായകസംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യ്‌ക്കെതിരേ യോജിപ്പുണ്ടാക്കാനായില്ലെങ്കില്‍ 'ഇന്ത്യാ'മുന്നണിയെന്ന ആശയംതന്നെ  അപ്രസക്തമായിത്തീരും. 
കോണ്‍ഗ്രസിന്റെ ശ്രദ്ധ സംസ്ഥാനഭരണം പിടിച്ചെടുക്കുന്നതിലാണെന്നും ലോക്‌സഭാതിരഞ്ഞെടുപ്പിനു തന്ത്രങ്ങള്‍ മെനയുന്നതില്‍ നേതൃത്വം വിമുഖത കാണിക്കുന്നെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും ഈയിടെ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നു. ഭോപ്പാലിലും നാഗ്പൂരിലും നടത്താനിരുന്ന 'ഇന്ത്യാ'റാലികള്‍ മാറ്റിവയ്‌ക്കേണ്ടിവന്നതും സഖ്യത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ കാരണമായിരുന്നു.
സങ്കുചിതത്വം വെടിഞ്ഞ് രാഷ്ട്രത്തിന്റെ വിശാലതാത്പര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ 'ഇന്ത്യാ'മുന്നണിയിലെ എല്ലാ കക്ഷികളും അരയും തലയും മുറുക്കി രംഗത്തിറങ്ങേണ്ട സന്ദര്‍ഭമാണിത്. 2024 ലെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നിരിക്കേ, എല്ലാ കൂട്ടുകക്ഷികളെയും ഒരു കുടക്കീഴില്‍ നിര്‍ത്താനുള്ള രാഷ്ട്രീയവിവേകവും പ്രതിബദ്ധതയും കോണ്‍ഗ്രസ് പ്രകടിപ്പിച്ചേ മതിയാകൂ.