കോട്ടയം ടൗണില്‍ നിന്നപ്പോഴാണ് പൂവരശിലേക്കു പോകണം എന്ന ചിന്ത ഉണ്ടായത്. ഇതുപോലത്തെ ചില ചിന്തകള്‍ എന്റെ മനസില്‍ പൊടുന്നനെ സംഭവിക്കാറുണ്ട്. ചിലപ്പോള്‍ ഞാന്‍ ചിന്തകളെ അനുസരിക്കാറുണ്ട്. നമുക്ക് യാതൊരു ലാഭവും തരാത്ത ചിന്തകള്‍ ദൈവികമാണെന്ന് എനിക്കു തോന്നാറുണ്ട്. അങ്ങനെയെങ്കില്‍ പൂവരശിലേക്ക് ഇപ്പോള്‍ പോകാന്‍ തോന്നുന്നത് ഒരു ദൈവിക ചിന്തയായിരിക്കണം. ദൈവമേ, ഞാന്‍ അങ്ങോട്ടുപോകാന്‍ ആഗ്രഹിക്കുന്നത് നിന്റെ ഹിതമാണെങ്കില്‍ ഒരു അടയാളം തരണമേ! പഴയനിയമത്തിലെ ഗിദയോന്‍ പ്രവാചകനെപ്പോലെ ഞാന്‍ പ്രാര്‍ത്ഥിച്ചു.
'മോനെ... പൂവരശിലേക്കുള്ള വണ്ടി പോയോ?' ഒരു ചേച്ചി വന്ന് കൃത്യമായി എന്നോടു തന്നെ ചോദിച്ചു.
'ഞാന്‍ വന്നതില്‍പ്പിന്നെ ഒന്നും കണ്ടില്ല. വണ്ടി ഉടനെയുണ്ടോ?'
'ഉണ്ടല്ലോ!'
ഞാന്‍ അന്ന് ആ സ്ഥലത്തേക്ക് പോകേണ്ടതാണെന്ന ദൈവഹിതം എനിക്ക് വളരെ എളുപ്പത്തില്‍ ബോധ്യപ്പെട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ വണ്ടി വന്നു. ജീവിതത്തിലാദ്യമായി പൂവരശിലേക്കുള്ള യാത്ര ആരംഭിച്ചു.
വണ്ടിയുടെ സമയം ചോദിച്ച ചേച്ചിയുടെ അടുത്തുതന്നെ ഞാനിരുന്നു.
'പൂവരശില്‍ ആരെ കാണാനാ പോകുന്നത്' പുള്ളിക്കാരി എന്നോടു ചോദിച്ചു.
'ചുമ്മാ... സ്ഥലം കാണാന്‍ പോകുന്നതാ.'
'അതിനത് ടൂറിസ്റ്റ് സ്ഥലം ഒന്നുമല്ലല്ലോ'
'ടൂറിസ്റ്റ് സ്ഥലമൊക്കെ നമ്മള്‍ മനസില്‍ അല്ലേ ചേച്ചി.'
പിന്നെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.
'പള്ളിപ്പടിയിലാണോ ഇറങ്ങുന്നത്?' കുറേ സമയത്തിനുശേഷം അവര്‍ ചോദിച്ചു.
'അതെ'
'എന്നാല്‍ എഴുന്നേറ്റോ! അടുത്ത സ്റ്റോപ്പാണ്'
കണ്ടക്ടര്‍ മണിയടിച്ചു. ഞാന്‍ ഇറങ്ങി. മുന്നില്‍ മാര്‍ട്ടിന്‍ ഡി പോറസിന്റെ പള്ളി. പടികള്‍ സമയമെടുത്ത് ചവിട്ടി. കാരണം പ്രായം നാല്പത് ആയേയുള്ളുവെങ്കിലും മുട്ടുകള്‍ അറുപതിലെത്തിയിരിക്കുന്നു. പതിനഞ്ച് മിനിറ്റിനുശേഷം മുകളിലെത്തി. കല്ലുപാകിയ പള്ളിമുറ്റം. മുന്നില്‍ കല്‍ക്കുരിശ്. അതിലും സുന്ദരമായ ഒരു പ്രാര്‍ത്ഥനാന്തരീക്ഷം സംഭവിക്കാനുണ്ടോ? ഞാന്‍ ചെരിപ്പൂരി. മുട്ടുകുത്തി. കൈവിരിച്ച് പിടിച്ച് പ്രാര്‍ത്ഥിക്കാനാരംഭിച്ചു. മനോഹരമായ സായം സന്ധ്യയില്‍ പള്ളിയിലേക്ക് നയിച്ച ദൈവകാരുണ്യത്തെ വാഴ്ത്തി. ഇടയ്ക്കിടെ കണ്ണു നനയാന്‍ തുടങ്ങി. ഇത്രയും കാലം താങ്ങി നടത്തിയ ദൈവകാരുണ്യത്തെയോര്‍ക്കുമ്പോള്‍ എങ്ങനെ കണ്ണു നനയാതിരിക്കും? കല്‍ക്കുരിശിന്റെ ചാരെ പ്രാര്‍ത്ഥിക്കാന്‍ ആരൊക്കെയോ വരുന്നുണ്ടായിരുന്നു. ശ്രദ്ധിച്ചില്ല.
പിന്നെ പള്ളിയ്ക്കത്തേക്കു കയറി. അവിടെ ബലിപീഠത്തിനു ചാരെ ആരോ ഒരാള്‍ മുട്ടുകുത്തി നില്പുണ്ടായിരുന്നു. അയാളുടെ സമീപം പോയി മുട്ടുകുത്താന്‍ പ്രേരണ തോന്നി. ഒന്നു നോക്കിയപ്പോള്‍ തന്നെ ആളെ മനസിലായി. റിക്‌സണ്‍!
റിക്‌സണെ മറക്കാന്‍ ഒരിക്കലും പറ്റില്ല. ഞാന്‍ അഞ്ചില്‍ മോനിട്ടറായ കാലത്ത് ഒരിക്കല്‍ സംസാരിച്ചപ്പോള്‍ പേരെഴുതിയതിന് 'ഇനി എഴുതിയാല്‍ നിന്നെ കൊല്ലും'എന്നു പറഞ്ഞ റിക്‌സണ്‍. പിന്നെ ഒരു ഏഴാം പീരിയഡില്‍ തോമസ് സാര്‍ കണക്ക് ബോര്‍ഡ് എഴുതിയിട്ടപ്പോള്‍ 'ആ കോമ്പസ് ഇങ്ങു താടാ' എന്നു പറഞ്ഞ് എന്റെ കൈയില്‍നിന്നു തട്ടിപ്പറിക്കാന്‍ ശ്രമിച്ച റിക്‌സണ്‍. ആ ശ്രമത്തില്‍ കോമ്പസിന്റെ അഗ്രം കൃത്യമായി പതിച്ചത് അവന്റെ കണ്ണില്‍. റിക്‌സന്റെ ബാക്ക്ഗ്രൗണ്ട് ഹിസ്റ്ററി മോശമായിരുന്നതുകൊണ്ട് എല്ലാവരും ഞാന്‍ പറഞ്ഞത് വിശ്വസിച്ചു. പിന്നെയവന്‍ സ്‌കൂളില്‍ വന്നില്ല. അവന്റെ അമ്മ ചികിത്സയുമായി മധുര വരെ പോയെന്നാണു കേള്‍ക്കുന്നത്. ആ റിക്‌സനിതാ അള്‍ത്താരയുടെ മുന്നില്‍ പ്രാര്‍ത്ഥിക്കുന്നു.
അവന്‍ പുറത്തിറങ്ങാന്‍ ഞാന്‍ കാത്തിരുന്നു. പള്ളിയുടെ മുന്നില്‍നിന്ന് ഞാന്‍ വിളിച്ചു.
'റിക്‌സാ'
'സൂസാ'
'നീ എന്താടാ ഇവിടെ'
'ഞാനിപ്പം ഇവിടെയാ താമസിക്കുന്നത്. നീയിവിടെ'
'അറിയില്ല... ഞാന്‍ ഇവിടെ ചുമ്മാ വന്നതാ!'
'അല്ല ... നിന്നെ എന്റെ ദൈവം കൊണ്ടു വന്നതാ! നീ ഒരു പ്രാര്‍ത്ഥനക്കാരന്‍ ആയ വിവരമൊക്കെ ഞാനറിഞ്ഞു. കര്‍ത്താവ് എന്നോടു പറഞ്ഞിരുന്നു, ഒരു പ്രവാചകന്‍ വരും, അവനോട് നീ സന്ദേശം കൊടുക്കണമെന്ന്'
'എന്തു സന്ദേശം' എനിക്കു ജിജ്ഞാസയായി.
'നീ സന്തോഷം എന്നു കരുതുന്നത് ഒരിക്കലും നിന്നെ സന്തോഷിപ്പിക്കില്ല.'
'എന്നു വെച്ചാല്‍?'
'അതിന്റെ പൊരുള്‍ നിനക്ക് മനസിലായില്ലെങ്കില്‍ ആര്‍ക്കു മനസിലാകും?'
'ഒരു കാര്യം ചോദിച്ചോട്ടെ, നീ എങ്ങനെ ഇങ്ങനെ ആയി?'
'സൂസാ... നീ എന്തിന് പ്രവാചകനായി എന്നു ചോദിച്ചാല്‍ നിനക്ക് ഉത്തരമുണ്ടോ? ആ കോമ്പസ് എന്റെ കണ്ണില്‍ കൊണ്ടതിന് ഉത്തരമുണ്ടോ? സംഭവിക്കേണ്ടത് മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളൂ. നീ അടുത്ത നിമിഷം കര്‍ത്താവിന്റെ കരം പിടിച്ച് നടന്നേ... പഴയ മാനസാന്തരകഥ കേള്‍ക്കാന്‍ ഇവിടെ ആര്‍ക്കാണ് താത്പര്യം? ഒരു ദൈവികഇടപെടല്‍ എല്ലാ ജീവിതത്തിലും നടക്കും. ചിലര്‍ നേരത്തെ തിരിച്ചറിയുന്നു. മറ്റു ചിലര്‍ അന്ത്യനിമിഷത്തില്‍ അറിയും. മറ്റു ചിലര്‍ ശവപ്പെട്ടിയില്‍ കിടക്കുമ്പോഴും എന്റെ മക്കള്‍ ഇനി എങ്ങനെ ജീവിക്കും എന്നോര്‍ത്ത് ടെന്‍ഷനടിക്കുന്നുണ്ട്. അവര്‍ക്ക് ഇനിയും അപ്പന്റെ ലോകത്തെ പിടി കിട്ടിയിട്ടില്ല. അവര്‍ അവരുടെ ബുദ്ധി കൊണ്ടു ചോദിക്കും, ഇവിടെ ദൈവമുണ്ടോ?'
ഏതോ മാലാഖ എന്നോട് സംസാരിക്കുന്നതായിട്ട് എനിക്ക് തോന്നി. അഞ്ചാം ക്ലാസില്‍ ഞാന്‍ കാരണം പഠനം നിര്‍ത്തിയവന്‍ പറയുന്ന ആത്മീയ ദര്‍ശനങ്ങള്‍! എന്റെ ദൈവമേ, നിന്റെ വിജ്ഞാനം പാവപ്പെട്ട മനുഷ്യര്‍ക്കാണല്ലോ നീ നല്‍കുന്നത്!
ആ പള്ളിമുറ്റത്തുവച്ച് അവനെ കെട്ടിപ്പിടിച്ചു. രാവിലെ അവന്‍ ഓട്ടോ ഓടിക്കുന്നു. പിന്നെ ബാക്കി സമയം മുഴുവന്‍ പള്ളിയില്‍. ദൈവം മനുഷ്യരെ മാറ്റുന്ന വിധം കണ്ട് ഞാന്‍ ഞെട്ടി.
പൂവരശ് പള്ളിയുടെ മുന്നില്‍നിന്ന് ഇറങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ ജോസഫ് അന്നംകുട്ടി പറഞ്ഞ ഒരു വാചകം വന്നു.
'ഈ യൂണിവേഴ്‌സ് നിലനില്‍ക്കുന്നത് ലോജിക്കിലല്ല. മാജിക്കിലാണ്'
ഞാനും ഒരു പ്രവാചകനാണെന്ന് പറഞ്ഞ് അലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. യോനായെപ്പോലെ ഒരു പ്രവാചകന്‍. സത്യം തിരിച്ചറിഞ്ഞിട്ടും അസത്യത്തിന്റെ കപ്പലുകളില്‍ സഞ്ചരിക്കുന്നയാള്‍.
ആസക്തികളുടെ കപ്പലുകളില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരിക്കുന്നു. സത്യം പറഞ്ഞാല്‍ അന്നവന്റെ കണ്ണില്‍ കോമ്പസ് കൊണ്ടത് അവന്‍ ചെയ്ത പാപത്തിന്റെ ശിക്ഷയായിട്ടാണു ഞാന്‍ കണ്ടിരുന്നത്. എന്നാല്‍ ആ അനുഭവത്തിന് ഇരയായവന്‍ അതിനു കൊടുത്ത നിര്‍വചനം എന്നെ ഞെട്ടിക്കുന്നു. അവന്‍ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തി. അന്ന് എല്ലാവരുടെയും പ്രിയപ്പെട്ട ഞാന്‍ പണത്തിനു പിന്നാലെ ഓടി, ബന്ധങ്ങളുടെ പിന്നാലെ ഓടി, പ്രശസ്തിക്കു പിന്നാലെ ഓടി, ഈ പൂവരശ് പള്ളിയുടെ മുന്നില്‍ തളര്‍ന്ന് നില്‍ക്കുന്നു. എന്നാല്‍ ഞാന്‍ മൂലം തകര്‍ന്നവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. റിക്‌സണ്‍ എന്ന പ്രശാന്തത വഴിഞ്ഞൊഴുകുന്ന തിമിംഗലം എന്നെ വിഴുങ്ങുന്നു. അവന് ഉയിര്‍പ്പ് നല്‍കിയ കര്‍ത്താവ് എന്നെ മാടി വിളിക്കുന്നില്ലേ? എങ്കിലും കര്‍ത്താവേ, എന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് മുന്നോട്ടു വരാന്‍, നിന്റെ പേരില്‍ ജീവിക്കാന്‍ ശ്രമിക്കുന്ന എനിക്കു സാധിക്കുമോ? അവന്റെ കൈയും പിടിച്ച് നടയിറങ്ങിയപ്പോള്‍ ഞങ്ങള്‍ പഴയ അഞ്ചാം ക്ലാസുകാരായി.
നവോന്മേഷത്തിന്റെ ഉത്സവം! റിക്‌സന്റെ ഓട്ടോയില്‍ കോട്ടയത്തേക്കുള്ള യാത്രയില്‍ ഞങ്ങള്‍ ഒരുമിച്ച് തീക്ഷ്ണതയോടെ കൊന്ത ചൊല്ലാന്‍ തുടങ്ങി.