•  28 Mar 2024
  •  ദീപം 57
  •  നാളം 4
ശ്രേഷ്ഠമലയാളം

അനുഗൃഹീതന്‍

2021 ഏപ്രില്‍ 1 ന് റിലീസ് ചെയ്ത സിനിമയാണ് ''അനുഗ്രഹീതന്‍ ആന്റണി''. പ്രിന്‍സ് ജോയിയും ദീപു മാത്യുവും ചേര്‍ന്നു  സംവിധാനം ചെയ്ത ചലച്ചിത്രമാണത്. സണ്ണിവെയ്‌നും ഗൗരി ജി. കൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചലച്ചിത്ര നാമം അനുഗൃഹീതന്‍ ആന്റണി എന്നായിരുന്നു ശരിയായി എഴുതേണ്ടിയിരുന്നത്. ''അനുഗ്രഹീതന്‍ ആന്റണി'' എന്നെഴുതിയ അസാംഗത്യത്തിനുനേരേയാണ് ഈ കുറിപ്പ്.
അനുഗ്രഹം - അനുഗൃഹീതം ഇവ തമ്മിലുള്ള രൂപപരവും ആര്‍ത്ഥികവുമായ വ്യത്യാസം പരിശോധിക്കാം. അനുഗ്രഹം (അനു+ഗ്രഹം) ഒരു നാമശബ്ദമാണ്. ദേവതയോ ഗുരുജനമോ ഉത്കൃഷ്ടവ്യക്തിയോ നല്‍കുന്ന വരം അല്ലെങ്കില്‍ ശുഭാശംസയാണ് അനുഗ്രഹം. പ്രസാദം, ഉപകാരം, കാരുണ്യം, കനിവ്, ദയാപൂര്‍വ്വമായ സഹായം തുടങ്ങിയ വിവക്ഷിതങ്ങളും അനുഗ്രഹം എന്ന പദത്തിനുണ്ട്. അനുഗ്രഹിക്കുക എന്ന സകര്‍മ്മകക്രിയാരൂപത്തെ പെട് ചേര്‍ത്ത് അനുപ്രയോഗിച്ചാല്‍ കര്‍മ്മണിപ്രയോഗമാകും. അപ്പോള്‍ അനുഗ്രഹിക്കപ്പെട്ട (അനുഗ്രഹം സിദ്ധിച്ച) എന്നര്‍ത്ഥം വരുന്ന അനുഗൃഹീത എന്ന വിശേഷണം നിഷ്പന്നമാകുന്നു. സകര്‍മ്മക ധാതുവിനോട് കര്‍മ്മനിഷ്ഠാപ്രത്യയം (ഗ്രഹ്) ചേര്‍ക്കുമ്പോഴാണ് കര്‍മ്മണിയുടെ അര്‍ത്ഥം ലഭിക്കുന്നത്. അപ്പോള്‍ ഗ്രഹ് ധാതു ഗൃഹീത എന്നാകും (ഗ് + ര = ഗ്ര; ഗ് + ഋ = ഗൃ). ഇത്തരം മാറ്റത്തിന് സംപ്രസാരണം എന്നാണ് സംസ്‌കൃതവൈയാകരണന്മാര്‍ നാമകരണം ചെയ്തിരിക്കുന്നത്. *ഈ വികാരത്തെ ഇങ്ങനെ രേഖപ്പെടുത്താം: ഗ്രഹ്  ഗൃഹീത,  അനുഗ്രഹ്    അനുഗൃഹീത. അനുഗൃഹീ ശബ്ദത്തോട് തന്‍, ത, തം എന്നീ പ്രത്യയങ്ങള്‍ ചേര്‍ത്താല്‍ ലിംഗരൂപങ്ങള്‍ കിട്ടും. അനുഗൃഹീതന്‍ (അനുഗ്രഹിക്കപ്പെട്ടവന്‍), അനുഗൃഹീത (അനുഗ്രഹിക്കപ്പെട്ടവള്‍), അനുഗൃഹീതം (അനുഗ്രഹിക്കപ്പെട്ടത്) എന്നിങ്ങനെ രൂപവും പൊരുളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. 
സിനിമയ്ക്ക് പേരിടുന്നവര്‍ക്ക് ഭാഷാ പാണ്ഡിത്യം വേണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. എന്നാല്‍ ഭാഷാപരിചയം പാടില്ല എന്നു വരരുതല്ലോ. ഭാഷാപരമായ അറിവില്ലെങ്കില്‍ അതുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാനുള്ള വകതിരിവെങ്കിലും കാട്ടേണ്ടതല്ലേ? 'അനുഗ്രഹീതന്‍ ആന്റണി' എന്ന സ്ഖലിത ശീര്‍ഷകം അനേകം ആളുകളുടെ മനസ്സില്‍ ഉറച്ചുപോകുന്നു എന്നിടത്താണ് ഇത് ഗുരുതരമായ ഭാഷാപ്രശ്‌നമായി മാറുന്നത്.
*ജോണ്‍ കുന്നപ്പള്ളി, ഫാ., പ്രക്രിയാഭാഷ്യം, ഡി. സി. ബുക്‌സ്, കോട്ടയം, 1972, പുറം - 475.

 

Login log record inserted successfully!