•  18 Apr 2024
  •  ദീപം 57
  •  നാളം 6
നോവല്‍

പതിനാലാമെടം

പിന്നെയും പൂക്കുന്ന മേഘങ്ങള്‍ 
നനിയാദിനെ നഷ്ടപ്പെട്ട മേരി ദുഃഖാകുലയായിത്തീര്‍ന്നു. അവള്‍ തന്റെ ഹൃദയത്തെ നിയന്ത്രിക്കാനാവാതെ അലമുറയിട്ടു. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ആഭരണങ്ങള്‍ പൊട്ടിച്ചെറിയുകയും ചെയ്തു. അവള്‍ ഭക്ഷണം ഉപേക്ഷിച്ചു. ദാസിമാരെ കാരണമില്ലാതെ ശകാരിക്കുകയും അവരോടു പരുഷമായി പെരുമാറുകയും ചെയ്തു. വ്യസനവും ദേഷ്യവും അവളെ ഗ്രസിച്ചുകളഞ്ഞു. അവള്‍ തന്റെ ഭൃത്യന്മാരെ കുറ്റപ്പെടുത്തി. ചിലരെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ചിലരെ കഠിനമായി ശിക്ഷിച്ചു. മറ്റു ചിലരെ അനനിയാദിനെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍  നിയോഗിച്ചു.
അനനിയാദിനെ അന്വേഷിച്ചു പുറപ്പെട്ട ഭൃത്യന്മാര്‍ പത്താംദിവസം മഗ്ദലേനയില്‍ തിരിച്ചെത്തി. അന്യദേശങ്ങള്‍വരെ അവര്‍ അവനെ തിരിക്കി. പക്ഷേ, ഫലമുണ്ടായില്ല. അവനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. 
ഭൃത്യന്മാരില്‍ ഒരാള്‍ പറഞ്ഞു.
''ഒരു പക്ഷേ, ജയമാനന്‍ സ്‌നാപകയോഹന്നാന്റെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ടാകുമോ?''
''സ്‌നാപകയോഹന്നാനോ അതാര്?...'' മേരി ചോദിച്ചു.
''യോര്‍ദ്ദാന്‍ നദിക്കരയിലെ പ്രവാചകന്‍. പാപമോചനത്തിനായുള്ള അനുതാപത്തിന്റെ സ്‌നാപനം നല്കുന്നവന്‍. വരാനിരിക്കുന്ന രക്ഷകനെക്കുറിച്ച് പ്രസംഗിക്കുന്ന പ്രവാചകന്‍.''
''അവന്‍ പ്രവാചകന്‍ തന്നെയോ...?'' മേരി ചോദിച്ചു.
''സത്യമായും അവന്‍ പ്രവാചകന്‍ തന്നെ.'' അവര്‍ ഉറപ്പിച്ചു പറഞ്ഞു. കാരണം അവന്‍ വരാനിരിക്കുന്ന തന്നെക്കാള്‍ വലിയവനെക്കുറിച്ചു പറയുന്നു. രക്ഷയുടെ മാര്‍ഗ്ഗത്തെക്കുറിച്ചു പറയുന്നു. വെള്ളംകൊണ്ട് സ്‌നാപനം ചെയ്യുന്നു.''
''അവനോടൊപ്പവും നിങ്ങളെന്റെ പ്രിയനെ കണ്ടില്ല.''
''ഇല്ല. യജമാനനെക്കുറിച്ച് ഒരറിവും കിട്ടിയില്ല. ആര്‍ക്കും അവനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ത്തന്നെ അത്ര വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ ഞങ്ങളില്‍നിന്ന് മറഞ്ഞുനില്ക്കാന്‍ അവന് എത്രയോ എളുപ്പമാണ്.''
മേരി പിന്നെ ഒന്നും ചോദച്ചില്ല. വീണ്ടും ഒരന്വേഷണയാത്രയ്ക്കുള്ള പണം നല്കി അനനിയാദിനെ കണ്ടുപിടിക്കാന്‍ അവരെ നിയോഗിച്ചു.
അവള്‍ മട്ടുപ്പാവിലേക്കു പോയി. സായാഹ്നമായിരുന്നു. മഗ്ദലേനയ്ക്കു മുകളില്‍ ഒരു വിഷാദംപോലെ അന്തിവെയില്‍ വീണു കിടക്കുന്നു. ദൂരെ മണ്‍നിരത്തിലൂടെ ഒരു കഴുതക്കുട്ടി കരഞ്ഞുകൊണ്ടു നടന്നുപോകുന്നു. 
അവളുടെ മനസ്സില്‍ വ്യഥിതമായ കുറെ ഓര്‍മ്മകളുടെ കൊടുങ്കാറ്റുലയുകയായിരുന്നു. വ്യസനങ്ങളുടെയും ആത്മപീഡകളുടെയും ക്രുദ്ധവും വന്യവുമായ ഒരു കൊടുങ്കാറ്റ്. ആ കാട്ടിനുള്ളില്‍ ഒറ്റപ്പെട്ടുപോയ ഒരു പാവം ആത്മാവായിത്തീര്‍ന്നു അവള്‍.
മേരിയുടെ കൊട്ടാരം മരണം സംഭവിച്ച വീടുപോലെ മൂകമായി ത്തീര്‍ന്നു. മേരിയുടെയും ദാസിമാരുടെയും ശബ്ദമോ പൊട്ടിച്ചിരികളോ അവിടെ മുഴങ്ങിയില്ല. അവള്‍  കാലുകളില്‍ ചിലങ്കകളണിയുകയോ അവളുടെ വീഞ്ഞുപാത്രം പതയുകയോ ചെയ്തില്ല. അഴുക്കു പുരണ്ട വസ്ത്രങ്ങള്‍ മാറ്റുകയോ സുഗന്ധദ്രവ്യങ്ങള്‍ പൂശുകയോ ചെയ്തില്ല. അവള്‍ക്ക് ഒന്നിലും താത്പര്യമില്ലാതായിത്തീര്‍ന്നു. ഉച്ചവെയിലില്‍ മൃഗതൃഷ്ണകള്‍ പൂക്കുന്ന യോര്‍ദ്ദാന്‍ മരുഭൂമിപോലെ, അവളുടെ ഹൃദയം അനനിയാദിനെപ്രതി തപിച്ചു.
''അനനിയാദ് തന്നോടിങ്ങനെ പ്രവര്‍ത്തിച്ചതെന്ത്?''
എത്ര ചിന്തിച്ചിട്ടും മേരിക്ക് മനസ്സിലാവാത്ത ഒന്നായിരുന്നു അത്. ഈ ലോകത്ത് കിട്ടാവുന്നതെല്ലാം താനവനു കൊടുത്തു. യൂദയായിലാരും കൊതിക്കുന്ന തന്റെ സൗന്ദര്യം മുഴുവന്‍. ഈ സൗന്ദര്യംകൊണ്ട് താന്‍ സ്വന്തമാക്കിയ സമ്പത്തു മുഴുവന്‍... എന്നിട്ടും...
ഇണയെ നഷ്ടപ്പെട്ട മാന്‍കുട്ടിയുടെ ദൈന്യതയും വിവശതയും നിറഞ്ഞ കണ്ണുകളോടെ അവള്‍ ദൂരെ നിരത്തിലേക്കു നോക്കി കാതുകള്‍ കൂര്‍പ്പിച്ചു.
''ദൂരെ മനോജ്ഞമായൊരു കുഴല്‍പ്പാട്ട് മുഴങ്ങുന്നുണ്ടോ?''
''അവന്‍... എന്റെ പ്രിയന്‍ ഇപ്പോള്‍ എവിടായിരിക്കും...''
അനനിയാദപ്പോള്‍ ഗലീലിയായിലായിരുന്നു. അവിടെ അവന്‍ യേശുവിനെ തിരഞ്ഞു. പക്ഷേ, കണ്ടുകിട്ടിയില്ല. പിന്നെ എവിടേക്കാണു പോയതെന്ന് ആര്‍ക്കും നിശ്ചയമല്ലായിരുന്നു. യൂദയാ മുഴുവന്‍ അനനിയാദ് യേശുവിനെ തിരഞ്ഞു. യേശുവിന്റെ പിതാവ് ജോസഫിന്റെ ഗോത്രത്തിലെ മരപ്പണിക്കാരുടെ പണിശാലകളില്‍... സിനഗോഗുകളില്‍... മരുഭൂമിയില്‍.
''ഇനി എവിടെയാണ് യേശുവിനെ തിരയുക?''
അനനിയാദ് ക്ഷീണിതനും വിവശനുമായിരുന്നു. രാപ്പകല്‍ നീളുന്ന അന്തമില്ലാത്ത യാത്രയുടെ അലച്ചിലുകള്‍ക്കിടയില്‍ അവന്റെ ചെരുപ്പുകള്‍ നഷ്ടം വന്നിരുന്നു. വാറ് പൊട്ടിയ ചെരുപ്പ് അവന്‍ മരുഭൂമിയില്‍ ഉപേക്ഷിച്ചുകളഞ്ഞു. മരുഭൂമി അഗ്നികുണ്ഠം കണക്കെ അവനെ പൊള്ളിച്ചു. പാദങ്ങളില്‍ പൊള്ളലിന്റെ കുമിളകള്‍ പൊന്തി. മലഞ്ചെരുവികളില്‍ അവന്റെ കാലുകള്‍ കല്ലിലും മുള്ളിലും തട്ടിപ്പൊട്ടി. വ്രണം ബാധിച്ച കാലുകളില്‍നിന്ന് ചോരയും നീരും പുറപ്പെട്ടു.
നീരുവീര്‍ത്തപാദങ്ങള്‍ വലിച്ചുകുത്തി അനനിയാദ് യേശുവിനെ തിരഞ്ഞു നടന്നു. ശാരീരികമായ ക്ഷതങ്ങള്‍ അവന്‍ അറിഞ്ഞില്ല. വിശപ്പും ദാഹവുമറിഞ്ഞില്ല. യേശുവിനെ കണ്ടെത്തുക എന്നതിലപ്പുറം അനനിയാദ് മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല. 
പക്ഷേ, ഇനി എവിടെ, ഏതു ദേശത്താണ് അവനെ തിരയുക? യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ അനേകരോട് അനനിയാദ് തിരക്കി.
'നിങ്ങള്‍ നസ്രായനായ യേശുവിനെ കണ്ടോ?''
അവനെ കേട്ടവരില്‍ ചിലര്‍ കൈമലര്‍ത്തി. മറ്റു ചിലരാകട്ടെ പുച്ഛത്തോടെ ചിരിക്കുകയും അവനെ പരിഹസിക്കുകയും ചെയ്തു. അപൂര്‍വ്വം ചിലര്‍ക്കാകട്ടെ യേശുവിന്റെ കണ്ടറിവും കേട്ടറിവും ഉണ്ടായിരുന്നു. പക്ഷേ, യേശു എവിടെയുണ്ടെന്ന് അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ലതാനും. അത് അനനിയാദിന്റെ അന്വേഷണത്തിന്റെ നാല്പതാം ദിനാന്ത്യത്തിലെ രാത്രിയായിരുന്നു.
കറുത്ത രാത്രി...
സാന്ദ്രവും വന്യവുമായ രാത്രിയുടെ ആകാശത്ത് അങ്ങിങ്ങ് ഒറ്റപ്പെട്ട നക്ഷത്രങ്ങള്‍ മാത്രം കണ്ണുചിമ്മി നിന്നിരുന്നു. അനനിയാദ് അപ്പോള്‍ ഒലിവു മലയിലായിരുന്നു. മലമുകളില്‍ ഇനിയും പകല്‍ വെയിലിന്റെ ചൂടാറാത്ത പാറപ്പുറത്ത് അനനിയാദ് തളര്‍ച്ചയോടെ കിടന്നു. ഇരുട്ടിന്റെ കാഠിന്യം അവന്റെ മേല്‍ വന്നു വീണു. ഇരുട്ട് അവനെ പീഡിപ്പിച്ചു. കെദ്രോണ്‍ താഴ്‌വരയില്‍നിന്നു വീശുന്ന കാറ്റിനും ഉഷ്ണമായിരുന്നു. ഒലിവുമരങ്ങളില്‍ ഉഷ്ണക്കാറ്റ് പിടിച്ചു. കെദ്രോണിനപ്പുറം ജറുസലേം നഗരം ഇരുട്ടില്‍ മുങ്ങിപ്പോയിരുന്നു. അവന് വിശപ്പു തോന്നി. ദാഹം തോന്നി. നീരുകെട്ടി, വ്രണം പൊട്ടിയ പാദങ്ങള്‍ മുറിഞ്ഞുപോകുന്നതുപോലെ തോന്നി. അനനിയാദിന്റെ മനസ്സില്‍ ആശയൊഴിഞ്ഞിരുന്നു. യേശുവിനെ കണ്ടെത്തുക അസാധ്യമാണെന്ന് അവനു തോന്നി.
''ആ നസ്രായന്റെ വഴികള്‍ ഏതാണ്?''
നസ്രേത്തിലെ മറിയത്തെ അനനിയാദ് ഓര്‍മിച്ചു. യേശുവിന്റെ  അമ്മയെ. യേശുവിനെ ഉദരത്തില്‍ വഹിക്കയാല്‍ ഭാഗ്യവതിയായവള്‍. യഹോവയുടെ കൃപയാല്‍ നിറയപ്പെട്ടവള്‍... കര്‍ത്താവിന്റെ ദാസി.
അനനിയാദ് തന്റെ യാത്രയ്ക്കിടയില്‍ നസ്രേത്തിലും എത്തിയിരുന്നു. യേശുവിന്റെ ഭവനത്തില്‍. അവിടെയെത്തുമ്പോള്‍  യേശുവിന്റെ അമ്മ വസ്ത്രങ്ങള്‍ തുന്നുന്ന ജോലിയിലായിരുന്നു. അവന്റെ പിതാവാകട്ടെ തച്ചന്മാരുടെ പണിശാലയിലും.
ആളനക്കം കണ്ടിട്ടെന്നവണ്ണം മറിയം കണ്ണുകള്‍ ഉയര്‍ത്തി. ലോകത്തിന്റെ മുഴുവന്‍ അലിവും കനിവും നിറഞ്ഞു കവിയുന്ന ആ കണ്ണുകള്‍ തന്റെമേല്‍ വന്നു പതിയുന്നത് അനനിയാദ് കണ്ടു. ദൈവത്തിന്റെ ഉദ്യാനത്തില്‍ മഞ്ഞുവൃഷ്ടിയണിഞ്ഞ ശോശന്നപ്പൂക്കള്‍ മലരുന്നതുപോലെ അനനിയാദിനു തോന്നി. അനനിയാദ് മറിയത്തിന്റെ പാദങ്ങളില്‍ നമിച്ചുകൊണ്ടു പറഞ്ഞു:
''നന്മനിറഞ്ഞവളേ നിനക്കു സ്വസ്തി...''
മറിയം അവനെ സ്‌നേഹവായ്‌പോടെ പിടിച്ചെഴുന്നേല്പിച്ചു. അവളുടെ കരങ്ങള്‍ അവന്റെ ശിരസ്സിലൂടെ ഒരായുസ്സിന്റെ സാന്ത്വനംപോലെ ഒഴുകി.
''ഞാന്‍ നിനക്കുവേണ്ടി എന്താണു മകനേ ചെയ്യേണ്ടത്?''
''എനിക്ക് അവിടുത്തെ പുത്രനെ കാണണം. വചനം മാംസമായവനെ.''
ഒരു നിമിഷം. അവളുടെ കണ്ണുകളില്‍ ഒരു നക്ഷത്രമയൂഖം ചിന്നുന്നതും മെല്ലെമെല്ലെ ഇമകളടയുന്നതും കണ്ടു. അവള്‍ പറഞ്ഞു. 
''അവന്‍ അവനെ അയച്ചവന്റെ വഴിയേ പോയിരിക്കുന്നു. നീ അന്വേഷിക്കുക. കണ്ടെത്തും.''
അനനിയാദ് മറിയത്തിന്റെ അനുഗ്രഹം വാങ്ങി തിരിഞ്ഞു നടന്നു. ഇനി എവിടെയാണ് അവനെ തിരയുക? അവനെ അയച്ചവന്റെ വഴികള്‍ ഏതാണ്?
ഇരുട്ട് കാണക്കാണെ കനക്കുകയാണെന്ന് അനനിയാദിനു തോന്നി. ഇരുട്ടില്‍ ആകാശച്ചെരുവില്‍ ഒറ്റപ്പെട്ട ചില നക്ഷത്രങ്ങളല്ലാതെ ഒന്നും കാണായില്ല.
ഇത് രാത്രിയുടെ എത്രാം യാമമാണ്? ഇനി ഉദയത്തിലേക്ക് എത്ര ദൂരമുണ്ട്...?
അനനിയാദിന് നിശ്ചയമുണ്ടായിരുന്നില്ല. അവനില്‍നിന്ന് എല്ലാം ഇരുള്‍മറവുകളിലേക്കു മറഞ്ഞുപോയിരുന്നു. ഒന്നൊഴികെ ഒന്നുമാത്രം അവനില്‍ ഒരു കെടാക്കനലായി നിന്നു. നസ്രായനായ യേശു...
''പക്ഷേ, അവന്‍ എവിടെയാണ്...?''
ഇരുളില്‍ അനനിയാദിനു മുകളിലൂടെ ഒരു ചിറകടി അകന്നുപോയി. അവന്‍ ഭയപ്പെട്ടു. മലമുകളിലെ ഏകാന്തത അവനെ പേടിപ്പിച്ചു. അവന്‍ കണ്ണുകള്‍ ഇറുകെപ്പൂട്ടി പാറപ്പുറത്ത് ഒരട്ടയെപ്പോലെ ചുരുണ്ടുകൂടി. അവന് ഹൃദയത്തില്‍ വന്യമായ വ്യസനം അനുഭവപ്പെട്ടു. ''തന്റെ വഴികളത്രയും പിഴച്ചുവോ? അര്‍ത്ഥരഹിതവും വിവേകശൂന്യവുമായ ഒരന്വേഷണത്തിലാണോ താന്‍ ഏര്‍പ്പെട്ടിരിക്കുന്നത്? തനിക്ക് യേശുവിനെ കണ്ടെത്താനാകുമോ?''
അനനിയാദിന്റെ മനസ്സില്‍ ആശങ്കകളുടെ ഒരു മരുഭൂമി ചുട്ടുതപിക്കാന്‍ തുടങ്ങി. എന്തെന്നില്ലാത്ത ഒരു നിരാശയും ഒരു അശുഭാപ്തിവിശ്വാസവും അവനെ ഗ്രസിച്ചുകളഞ്ഞു.
ഈ അന്വേഷണം അവസാനിപ്പിച്ച് ഹെര്‍മോണിലേക്കു മടങ്ങിപ്പോയാലോ എന്ന് അനനിയാദ് ചിന്തിച്ചു. അവിടെ തന്റെ പിതാവിന്റെ പക്കല്‍ ചെന്ന് തനിക്കു തെറ്റുപറ്റിയെന്ന് ഏറ്റുപറയാം. ഒരുപക്ഷേ, പിതാവ് തന്റെ തിരിച്ചുവരവില്‍ സന്തോഷിക്കുകയും കൊഴുത്ത കാളക്കുട്ടിയെ അറുത്ത് സദ്യയൊരുക്കി എല്ലാവര്‍ക്കും വിരുന്നു നല്കിക്കൊണ്ട് ആഘോഷിക്കുകയും ചെയ്‌തേക്കാം.
അല്ലെങ്കില്‍, ഒരൊളിച്ചോട്ടത്തിന്റെ പേരില്‍ ശിക്ഷിക്കുകയും കഠിനമായ ജോലികളേല്പിച്ചു ഭൃത്യന്മാരോടൊപ്പം വീണ്ടും കൃഷിയിടങ്ങളിലേക്ക് അയയ്ക്കുകയും ചെയ്‌തേക്കാം. 
പെട്ടെന്നായിരുന്നു അനനിയാദിന്റെ മനസ്സ് മഗ്ദലേനയിലേക്കു ചെന്നത്. ഒരു ലാവണ്യസ്വപ്നത്തിന്റെ സൗഭഗംപോലെ, ആകാശമേഘങ്ങളില്‍നിന്ന്  പറന്നിറങ്ങുന്ന വെള്ളിച്ചിറകുള്ള ഒരു മീവല്‍പ്പക്ഷിയെപ്പോലെ അവന്റെ മനോമുകുരത്തില്‍ മേരിയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു. മേരിയെക്കുറിച്ചുള്ള ഓര്‍മകളില്‍ അനനിയാദ് തരളിതനായി. താഴെ കെദ്രോണ്‍ കടന്നുവരുന്ന രാക്കാറ്റിന് ഇപ്പോള്‍ പനിനീര്‍പ്പൂക്കളുടെ സൗരഭ്യമാണ്... മഞ്ഞ് ഇറുന്നുതുടങ്ങിയിരുന്നു.... ഹിമകണങ്ങള്‍ക്ക് മീറയുടെ സ്‌നിഗ്ധത. ഒലിവുമരങ്ങളും മഞ്ഞു പെയ്യുകയായിരുന്നു. ദൂരെയെവിടെയോ ഒരപരിചിതന്‍ കിന്നരം വായിക്കുന്നു. 
അനനിയാദിന്റെ ഹൃദയത്തില്‍ അസുലഭമായ ഒരാനന്ദത്തിന്റെ അപൂര്‍വമുകുളങ്ങള്‍ വിരിയുന്നു. 
താഴ്‌വരയില്‍നിന്നുള്ള കാറ്റിനു കരുത്തേറി. ഒലിവു ചില്ലകളില്‍ കാറ്റുപിടിച്ചു. ഒരു മഴയ്ക്കുള്ള ഭാവമാണോ?
അനനിയാദ് കണ്ണുതുറന്നു ചുറ്റും നോക്കി. ഇരുട്ട് കട്ടിയേറിയ ഒരു നിശാവസ്ത്രംപോലെ പ്രപഞ്ചത്തെ മൂടിക്കിടക്കുന്നു. ആകാശച്ചെരുവിലെ നക്ഷത്രങ്ങളും മറഞ്ഞിരിക്കുന്നു. തലയ്ക്കുമുകളില്‍ ഏതോ പക്ഷിയുടെ ചിറകുതാളം. അനനിയാദില്‍നിന്ന് ഭയം കൂടൊഴിഞ്ഞുപോയിരുന്നു. അവന്റെ ഹൃദയത്തില്‍ ഒരു പ്രകാശരേണു മിന്നി.
മേരി...
ഭ്രാന്തമായ ഒരാവേശം അവളോടു തോന്നിത്തുടങ്ങുന്നത് അനനിയാദ് അനുഭവിച്ചു. പൊടുന്നനെ നിലാവ് പൊട്ടി. നിലാവിലൂടെ, ആകാശവിതാനത്തുനിന്ന് സ്വര്‍ണക്കുതിരകളെ പൂട്ടിയ ഒരു രഥം ഭൂമിയിലേക്കിറങ്ങിവന്നു. അതില്‍ വെണ്‍കുപ്പായമണിഞ്ഞു പൂര്‍ണചന്ദ്രപ്രഭയോടെ മേരി. മേരി അവനു മുകളിലേക്കു കൈക്കുടന്നയില്‍ എന്തോ വാരി വിതറി. അനനിയാദ് ഞെട്ടിപ്പോയി. 
''തന്റെ ശരീരത്തു വന്നു വീണത് എന്താണ്? പൂക്കളോ? അതോ മഞ്ഞിന്‍കണങ്ങളോ...?''
ഇല്ല. ഒന്നുമില്ല. ആകാശത്ത് നിലാവ് പൊട്ടിയിരുന്നില്ല. സ്വര്‍ണക്കുതിരകളെ പൂട്ടിയ രഥമില്ല. പൂര്‍ണചന്ദ്രപ്രഭയോടെ മേരിയില്ല. ഇരുട്ടുമാത്രം. എങ്ങും കനത്ത ആവരണംപോലെ ഇരുട്ടുമാത്രം.
എല്ലാം തന്റെ തോന്നലുകളാണെന്ന് അനനിയാദിനു മനസ്സിലായി. ചുഴിയില്‍പ്പെട്ട പൊങ്ങുതടിപോലെ അവന്റെ മനസ്സ് വട്ടംകറങ്ങി. അവനുറച്ചു. നാളത്തെ പ്രഭാതം മഗ്ദലേനയിലേക്കുള്ള മടക്കയാത്രയുടേതാണ്.
അനനിയാദ് പാറപ്പുറത്ത് എഴുന്നേറ്റിരുന്നു. വല്ലാത്തൊരാത്മഹര്‍ഷത്തോടെ കുഴലൂതാന്‍ തുടങ്ങി.
അവന്റെ കുഴല്‍പ്പാട്ട് ഇരുളിനുമീതെ മഗ്ദലേന ലക്ഷ്യമാക്കി കാറ്റെടുത്തു. 

 

Login log record inserted successfully!