•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രണയ പാഠാവലി

സോഷ്യല്‍ മീഡിയയില്‍ ജീവിതം തളയ്ക്കുമ്പോള്‍

ചോദ്യം, ഉത്തരം, പ്രതികരണം ഇവയ്‌ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ നൂതനസങ്കേതങ്ങളുണ്ട്. നമ്മുടെ വിരല്‍സ്പര്‍ശത്തിനായി കാത്തിരിക്കുകയാണ് ഇമോജികള്‍. നേരിട്ടു കണ്ടാല്‍ മിണ്ടാത്തവര്‍കൂടി ഇമോജികള്‍ അയച്ച് സ്മാര്‍ട്ടാകും. സര്‍ഗാത്മകതയുടെ അടയാളപ്പെടുത്തലുകളായി ഇവയെ കാണുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ഒളിവില്‍ തുടര്‍ന്നുകൊണ്ടു സാമൂഹികവിഷയങ്ങളില്‍ ഇടപെടുന്ന ഒരു പ്രവണത രൂപപ്പെടുന്നുണ്ടോയെന്നു തിരിച്ചറിയണം. ആശയവിനിമയത്തിന്റെ നിറവെന്നത്, കണ്ണ് കണ്ണിനോടും ഹൃദയം ഹൃദയത്തോടും സംവദിക്കുന്നിടത്താണല്ലോ സംഭവിക്കുക. ഹൃദയശൂന്യവും മിഴികള്‍ സംസാരിക്കാത്തതുമായ 'വാടകചിഹ്ന'ങ്ങള്‍ക്കതിനു കഴിയുന്നുണ്ടോ?
പങ്കാളി പ്രവാസിയായിരിക്കേ, ദമ്പതിമാര്‍ക്കിടയില്‍ ഇമോജികള്‍ പറന്നിറങ്ങുന്നു. തിരക്കോടു തിരക്കല്ലേ. എങ്കിലും, വിളിക്കാനും സംസാരിക്കാനുമുള്ള ഒരു സാധ്യതയും വിട്ടുകളയാന്‍ പാടില്ല. വിരസത, കടമനിര്‍വഹിക്കലിനു വഴിയൊരുക്കാം. പ്രണയത്തിനുമേല്‍ നിഴല്‍ വീഴാതെ നോക്കേണ്ടതു സ്വന്തം ഉത്തരവാദിത്വമാണ്.
നിഷ്‌കളങ്കവും നിര്‍ദോഷവുമായ ഇമോജികളുമായി ചില നവാഗതര്‍ കടന്നുവരാം. അവര്‍ കലാലയസുഹൃത്തുക്കളോ പഴയ പരിചയക്കാരോ ആകാം. അത്തരം പോസ്റ്റുകളിലെ ഗൃഹാതുരത്വം, ദാമ്പത്യവിശ്വസ്തതയുടെ ശക്തിദുര്‍ഗങ്ങളില്‍പ്പോലും വിള്ളല്‍ വീഴ്ത്തിക്കൂടായ്കയില്ല. ആത്മാര്‍ത്ഥതയുടെ ആട്ടിന്‍തോലിനുള്ളില്‍ രക്തദാഹികളായ ചെന്നായ്ക്കളുണ്ടോ എന്നറിയാനുള്ള വിവേകം നമുക്കുണ്ടാകണം.
അഭിമുഖം സംവദിക്കേണ്ടതിന്റെ പ്രസക്തി എത്രയോ വലുതാണ്. അവിടെ കാപട്യങ്ങള്‍ക്ക് അധികം പിടിച്ചുനില്ക്കാനാവില്ല. ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അത് വെളിച്ചത്തുവരാം. കാരണം, ഒരാള്‍ കോറിയിട്ട ചിത്രമല്ല നാം കാണുക. ആ വ്യക്തിയെ അയാളുടെ സ്വത്വത്തോടുകൂടിയാണ് നാം സ്വീകരിക്കുക.
വാസ്തവവിരുദ്ധവും അതിശയോക്തി കലര്‍ന്നതുമായ വിവരണങ്ങളുടെ പ്രചരിപ്പിക്കലാണ് മറ്റൊന്ന്. ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്ക് ഇല്ലാത്ത ഒന്നിനെ, ഉള്ളതാക്കി മാറ്റാന്‍ നിമിഷങ്ങള്‍ മതി. ചിത്രങ്ങളും വീഡിയോകളും ഇപ്രകാരം വളച്ചൊടിക്കപ്പെടാറുണ്ട്. ചതിയും ക്രൂരതയും ആധുനികലോകത്തിന്റെ മുഖമുദ്രയാണെന്നു സ്ഥാപിക്കുന്ന വിധത്തിലാണ് പലതിന്റെയും ഉള്ളടക്കം. അതിനര്‍ത്ഥം ഇവിടെ മാവേലിനാടാണെന്നൊന്നുമല്ല. എന്നാല്‍, നന്മ കണികാണാനില്ല എന്നൊരു സന്ദേശം വ്യാപിക്കാനിടയാക്കും. പ്രതീക്ഷയില്ലായ്മയും മരവിപ്പും മനോഭാവത്തെ ഉടച്ചുവാര്‍ക്കാം. ചെറിയ ചെറിയ കുടുംബപ്രശ്‌നങ്ങളില്‍പ്പോലും ഭഗ്നാശരായിപ്പോകുന്നു ഇന്നു ദമ്പതിമാര്‍.
പോണ്‍ മാധ്യമങ്ങള്‍ കുത്തിനിറയ്ക്കുന്ന അസത്യങ്ങളും അതുണ്ടാക്കുന്ന മനോവൈകല്യങ്ങളും ചില്ലറയല്ല. ഒരു ശരാശരിക്കാരന്റെ ലൈംഗികാവബോധം, ഇത്തരം വികൃതസാഹിത്യത്തില്‍നിന്നുകൂടി ആര്‍ജിച്ചിട്ടുള്ളതാണെങ്കില്‍, അവന്റെ ദാമ്പത്യജീവിതത്തില്‍ പ്രണയത്തിനെന്തു സ്ഥാനമായിരിക്കും ഉണ്ടാകുക? അതിനെ അയാളുടെ ശവമഞ്ചത്തില്‍നിന്നുപോലും പറിച്ചെറിയാനാകുമോ?
ആഗ്രഹിക്കുന്നവിവരം, നൊടിയിടയില്‍ തോണ്ടിയെടുക്കാന്‍ കഴിയുന്നു. അങ്ങനെ ഫോണും നമ്മളും സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നു. ഇത് ക്ഷമയോടെ കാത്തിരിക്കാനുള്ള മനുഷ്യോചിതമായ ഗുണത്തെ തെല്ലൊന്നുമല്ല ബാധിച്ചിരിക്കുന്നത്. ചെറുതായി പരിഭവിച്ച ഭാര്യയ്ക്കായി ഒന്നോ രണ്ടോ മണിക്കൂര്‍ കാത്തിരിക്കാനാവുന്നില്ല. എന്തുപറ്റിയെന്നു സ്‌നേഹത്തോടെ ചോദിക്കാന്‍ ക്ഷമയും സാവകാശവുമില്ല. ചീത്തവിളിയും കയ്യാങ്കളിയുമായി. പങ്കാളി 'ഡിജിറ്റല്‍' ആയി പെരുമാറിയാല്‍ വഴക്കൊഴിവാക്കാം എന്നായിരിക്കുന്നു സ്ഥിതിവിശേഷം!
ഇന്ന് പലരും ആസ്വദിച്ചു മടുത്തവരായിട്ടുണ്ട്. നവരസങ്ങളില്‍ ഏതുവേണമെങ്കിലും വിളമ്പിത്തരുന്ന ദശലക്ഷക്കണക്കിനു വീഡിയോകള്‍, കാല-ദേശഭേദമില്ലാതെ സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. ജഗതിയുടെ പ്രസിദ്ധമായ കോമഡിസീനുകള്‍, ഏത്ര വേണമെങ്കിലും നമുക്കു കാണാന്‍ കിട്ടും. മണിക്കൂറുകള്‍ അതും നോക്കിയിരിക്കാം. എന്നാല്‍, ഒരു മുഴുനീളസിനിമയില്‍, അഞ്ചോ പത്തോ മിനിട്ടു മാത്രമുള്ളതാണെങ്കില്‍ക്കൂടി, അദ്ദേഹത്തിന്റെ ഫലിതപ്രകടനം നല്കുന്ന ആസ്വാദനം അതിലുമേറെയല്ലേ? തനിക്കിഷ്ടമുള്ളതുമാത്രം, മതിവരുവോളം ഉപയോഗിക്കണമെന്ന, പരിധിവിട്ട ഇന്ദ്രിയാഭിവാഞ്ഛ കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്ക് ഒട്ടും നന്നല്ല, ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒരുമിക്കുന്നിടത്തല്ലേ ആസ്വാദനത്തിനു ചാരുതയുണ്ടാകൂ. പങ്കാളിയുടെ നന്മകളില്‍ വിരസതയോ മടുപ്പോ തോന്നിത്തുടങ്ങിയാല്‍ പകരം വയ്ക്കാവുന്ന സന്തോഷം ഏതു കമ്പോളത്തിലാണു വാങ്ങാന്‍ കിട്ടുക?
അതിരുകടന്ന ആത്മാവിഷ്‌കാരപ്രവണത, സോഷ്യല്‍ മീഡിയ അഡിക്ടായിട്ടുള്ളവരില്‍ കാണുന്നുണ്ട്. അതു പലപ്പോഴും പരിഹാസ്യവും ആത്മഹത്യാപരവുമായി മാറുന്നു. എന്തിനെയും വൈറലാക്കി മാറ്റാനുള്ള പെടാപ്പാടിലാണ് നാം. അതിന് മൊബൈല്‍ ക്യാമറയുമായി ചാന്‍സ് നോക്കിയിരുപ്പാണ്. ആര്‍ക്കെങ്കിലും ഒരു അക്കിടി പറ്റണേയെന്നാണു പ്രാര്‍ത്ഥന. അത് അച്ഛനോ അമ്മയ്‌ക്കോ പങ്കാളിക്കോ കൈക്കുഞ്ഞിനോ ആയിക്കൊള്ളട്ടെ, ഉടന്‍ വീഡിയോ എടുക്കുന്നു, പോസ്റ്റ് ചെയ്യുന്നു. ഇതിനിടയില്‍ നാം മറന്നുപോകുന്ന ഒരു പ്രധാന കാര്യമുണ്ട്. നാം മറ്റുള്ളവരുമായി ഹൃദയങ്ങള്‍ പങ്കുവച്ച മുഹൂര്‍ത്തങ്ങള്‍, നമുക്കെത്രയെണ്ണം ഓര്‍മിക്കാനുണ്ട്? ക്യാമറാക്കണ്ണുകള്‍ ഓഫാക്കിയിരിക്കുമ്പോള്‍ പങ്കാളിക്കൊപ്പം പ്രണയത്തിന്റെ സൗരഭ്യം ആസ്വദിക്കാനാകുന്നുണ്ടോ?
സാമൂഹികമാധ്യമങ്ങളെ നമ്മള്‍ ആയിരിക്കണം നിയന്ത്രിക്കേണ്ടത്. അവ നമ്മളെയാകരുത്. അതു മുന്നോട്ടുവയ്ക്കുന്ന മുഴുവന്‍ നന്മകളും സാധ്യതകളും അങ്ങനെ മാത്രമേ നമ്മിലെത്തിച്ചേരൂ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)