•  21 Nov 2024
  •  ദീപം 57
  •  നാളം 37
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

ഹൃദയംകൊണ്ടെഴുതിയ ജീവിതം

''ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കണ്ണോ കൈയോ വേണ്ട; ഹൃദയം മതി.''- ഹെലന്‍ കെല്ലര്‍.
സ്വന്തം ജീവിതം അറിവിനു വേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടമാക്കി മാറ്റിയ ഹെലന്‍ കെല്ലറുടെ ആത്മകഥ. അന്ധയും ബധിരയുമായിരുന്ന ഒരു പെണ്‍കുട്ടി ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ലോകത്തെ കീഴടക്കിയ കഥയാണിത്.
അമേരിക്കയുടെ തെക്കുകിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന അലബാമയില്‍ 1880 ജൂണ്‍ 27 ന് കേണല്‍ ആര്‍തര്‍ ഹെന്‍ലെ കെല്ലറിന്റെയും കേറ്റ് ആഡംസ് കെല്ലറിന്റെയും മകളായാണ് ഹെലന്‍ കെല്ലര്‍ ജനിച്ചത്. ആരോഗ്യവതിയായ, കാഴ്ചയും കേള്‍വിയും എല്ലാമുള്ള സാധാരണ കുട്ടിയായിരുന്നു ഹെലന്‍. എന്നാല്‍, രണ്ടു വയസ്സാകുന്നതിനു മുമ്പുണ്ടായ ഒരു രോഗമാണ് ഹെലന്റെ കാഴ്ചയും കേള്‍വിയും ഇല്ലാതാക്കിയത്. സ്വതവേ വികൃതിയായിരുന്ന ഹെലന്‍ ഇതോടെ കൂടുതല്‍ വാശിക്കാരിയും ദേഷ്യക്കാരിയുമായി മാറി. എന്തിനും അമ്മയെ ആശ്രയിക്കേണ്ടതായി വന്നതോടെ ഹെലന്‍ അമ്മയുടെ പിറകില്‍നിന്നു മാറാതെയായി. ചുറ്റുമുള്ള വസ്തുക്കള്‍ തൊട്ടുമനസ്സിലാക്കാനായിരുന്നു ഹെലന്റെ ശ്രമം.
അഞ്ചു വയസ്സായപ്പോഴേക്കും തുണികള്‍ക്കിടയില്‍നിന്ന് സ്വന്തം തുണി തൊട്ടുമനസ്സിലാക്കാനും മടക്കിവയ്ക്കാനും ഹെലന്‍ പഠിച്ചു. വീട്ടിലെ പാചകക്കാരിയുടെ മകളായ മാര്‍ത്ത വാഷിങ്ടണ്‍ ആയിരുന്നു ഹെലന്റെ ബാല്യകാലസുഹൃത്ത്. മാര്‍ത്തയോടൊപ്പം കളിക്കുകയും കൂട്ടുകൂടുകയും ചെയ്യുമായിരുന്നെങ്കിലും ഹെലന്‍ പലപ്പോഴും മാര്‍ത്തയെ ഉപദ്രവിച്ചിരുന്നു. തന്റെ ആത്മകഥയില്‍ ഹെലന്‍തന്നെ പറയുന്നുണ്ട്, താന്‍ ഒരിക്കലും ഒരു നല്ല കുട്ടിയായിരുന്നില്ലെന്ന്. താന്‍ വിചാരിച്ച കാര്യം നടക്കണമെന്ന നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്നു ഹെലന്. തൊട്ടും പരിചയിച്ചും വാതില്‍ പൂട്ടാനും തുറക്കാനും പഠിച്ച ഹെലന്‍ ഒരു ദിവസം ഒരു പണി ഒപ്പിച്ചു, അമ്മയെ ഒരു റൂമിനകത്തിട്ടു പൂട്ടി. വാതിലില്‍ മുട്ടിയും തട്ടിയും തുറക്കാനാവശ്യപ്പെട്ട് അമ്മ ബഹളം വച്ചപ്പോള്‍ ഹെലന്‍ പുറത്തിരുന്ന് കൈ കൊട്ടി പൊട്ടിച്ചിരിച്ചു. ഏതാണ്ട് മൂന്നു മണിക്കൂറോളം അമ്മ ആ റൂമില്‍ കിടന്നു എന്നാണ് പറയുന്നത്... 
ഹെലന്റെ സ്വഭാവം മാറണമെങ്കില്‍ ഹെലന് പഠിക്കാനുള്ള സാഹചര്യവും ശരിയായ പരിശീലനവും ആവശ്യമാണെന്നു മനസ്സിലാക്കിയ ഹെലന്റെ അമ്മയും അച്ഛനും ഡോക്ടര്‍ ചിസോമിനെ പോയി കണ്ടു. അവളുടെ കണ്ണ് ഒരിക്കലും ശരിയാകില്ലെന്നു പറഞ്ഞ ഡോക്ടര്‍ അന്ധരും ബധിരരുമായ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം താത്പര്യമുള്ള ഡോ. അലക്‌സാണ്ടര്‍ ഗ്രഹാം ബെല്ലിനെ പോയി കാണാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഡോക്ടര്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന്റെ സഹായത്തോടെ അന്ധര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പെര്‍കിന്‍സ് ഇന്‍സ്റ്റിറ്റിയൂഷനില്‍നിന്ന് ഹെലനെ പരിശീലിപ്പിക്കുന്നതിനായി ഒരു അധ്യാപികയെ കണ്ടെത്താന്‍ ഹെലന്റെ മാതാപിതാക്കള്‍ക്കു കഴിഞ്ഞു. കാഴ്ചവൈകല്യം ബാധിച്ച ഇതേ സ്ഥാപനത്തില്‍ മുമ്പ് പരിശീലനം നേടിയ ഡോ. ആനി സളിവന്‍ ആയിരുന്നു ആ അധ്യാപിക. ആനി സളിവനുമായിട്ടുള്ള കൂട്ടിമുട്ടലാണ് ഹെലന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഓരോ വസ്തുക്കളുടെയും പേര്, അതിന്റെ സ്‌പെല്ലിങ് ഹെലന്റെ കൈവെള്ളയില്‍ വിരല്‍ വച്ചെഴുതി ആനി സളിവന്‍ അവളെ പരിശീലിപ്പിച്ചു.
ആദ്യമൊക്കെ ഏറെ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഹെലന്‍ ആനിയില്‍നിന്ന് ഒരുപാടു കാര്യങ്ങള്‍ പഠിച്ചു. വെള്ളം എന്താണെന്നു പഠിപ്പിക്കാന്‍ അത് കൈയില്‍ ഒഴിച്ചുകൊടുത്ത് മനസ്സിലാക്കിച്ചതായി ഹെലന്‍ പറയുന്നുണ്ട്. വളരെ പെട്ടെന്നുതന്നെ ആനിയും ഹെലനും അടുത്ത സുഹൃത്തുക്കളായി. പഠിക്കാനുള്ള താത്പര്യം ഹെലന് കൂടിവന്നു.
ഓരോന്നും പഠിക്കാനും ഗ്രഹിക്കാനും മറ്റു കുട്ടികളെക്കാള്‍ സമയവും പരിശ്രമവും ഹെലന് ആവശ്യമായിരുന്നു. നിശ്ചയദാര്‍ഢ്യവും കഠിനപരിശ്രമവും കൊണ്ട് ഹെലന്‍ ഇതിനെയെല്ലാം അതിജീവിച്ചു. ബ്രെയ്‌ലി ലിപി പരിശീലിച്ചതും ഹെലന്റെ കഠിനപ്രയത്‌നംകൊണ്ടാണ്.
ക്രമേണ ആനി സളിവന്‍ ഹെലനെ സംസാരിക്കാന്‍ പഠിപ്പിച്ചു. കേള്‍വിയും കാഴ്ചയും ഇല്ലാത്ത ഹെലനെ പരിശീലിപ്പിക്കുക ഏറെ ശ്രമകരമായിരുന്നു. എന്നാല്‍, ഗുരുവിന്റെയും ശിഷ്യയുടെയും കഠിനപ്രയത്‌നം ഫലം കണ്ടു. ഹെലന്‍ സംസാരിക്കാന്‍ തുടങ്ങി.
തികച്ചും പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും കഠിനപ്രയത്‌നംകൊണ്ട് അതിജീവിച്ച്, 24-ാം വയസ്സില്‍ റാഡ്ക്ലിഫ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഹെലന്‍ ബിരുദം നേടി... അങ്ങനെ കാഴ്ചയും കേള്‍വിയുമില്ലാതെ ബിരുദം നേടിയ ആദ്യവ്യക്തി എന്ന പദവി ഹെലനെ തേടിയെത്തി. ധാരാളം പുസ്തകങ്ങള്‍ രചിച്ചു. 11-ാം വയസ്സിലാണ് ഹെലന്റെ ആദ്യപുസ്തകം രചിക്കപ്പെട്ടത്, ദ ഫ്രോസ്റ്റ് കിങ്. ദ സ്റ്റോറി ഓഫ് മൈ ലൈഫ് എന്ന ഹെലന്റെ ആത്മകഥ ഏറെ പ്രസിദ്ധമാണ്. ദ വേള്‍ഡ് ഐ ലിവ് ഇന്‍, ഔട്ട് ഓഫ് ദ ഡാര്‍ക്ക്, മൈ റിലീജിയന്‍ തുടങ്ങിയവയെല്ലാം ഹെലന്റെ പ്രസിദ്ധമായ കൃതികളാണ്.
ഹെലന്റെ ജീവിതത്തെ ആസ്പദമാക്കി ധാരാളം പരമ്പരകളും സിനിമകളും ഡോക്യുമെന്ററിയുമെല്ലാം ഉണ്ടായി. ഡെലിവറന്‍സ് എന്ന ഡോക്യുമെന്ററിയില്‍ അവര്‍തന്നെ അഭിനയിച്ചു. തീര്‍ന്നില്ല, ഹെലന്റെ നേട്ടങ്ങള്‍. അന്ധര്‍ക്കു വേണ്ടി ഹെലന്‍ കെല്ലര്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന ആരംഭിക്കുകയും വൈകല്യമുള്ളവരുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടുകയും ചെയ്തു ഹെലന്‍. അമേരിക്കയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളുടെ, വൈകല്യമുള്ളവരോടുള്ള കാഴ്ചപ്പാടിനെ മാറ്റിമറിക്കാന്‍ ഹെലന്റെ പ്രസംഗങ്ങള്‍ക്കു കഴിഞ്ഞു. എല്ലാ സാമൂഹികപ്രശ്‌നങ്ങളിലും അവര്‍ ക്രിയാത്മകമായി ഇടപെട്ടു. ധാരാളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും വൈകല്യമുള്ളവരെ കൈപിടിച്ച് ജീവിതത്തിലേക്കു കൊണ്ടുവരികയും ചെയ്തു എന്നത് ഹെലന്റെ വലിയ നേട്ടമാണ്. ഒടുവില്‍ അമേരിക്കയിലെ പ്രമുഖ സിവിലിയന്‍ ബഹുമതികളിലൊന്നായ പ്രസ്റ്റീജിയസ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഹെലന്‍ കെല്ലറിനെ തേടിയെത്തി. 1968 ജൂണില്‍ അവര്‍ ഈലോകത്തോട് യാത്ര പറഞ്ഞെങ്കിലും അവര്‍ പരത്തിയ പ്രകാശം ഇന്നും അനേകരുടെ ഇരുട്ടിനെ അകറ്റുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)