കഴിഞ്ഞ അഞ്ചു ലക്കങ്ങളിലായി, അഞ്ചുതരം മുദ്രിതവ്യക്തിത്വങ്ങളെക്കുറിച്ചു കാണുകയുണ്ടായി. ഇവ എത്രകണ്ട് ഒരു വ്യക്തിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതു പ്രസക്തമായ കാര്യമാണ്. എല്ലായ്‌പോഴും സമ്പൂര്‍ണ സ്വരൂപത്തില്‍ ഒരു വ്യക്തിത്വവും ആവിര്‍ഭവിക്കണമെന്നില്ല. ചിലപ്പോള്‍ അതിരുകടന്ന വിധം കൂടിപ്പോകാം. അല്ലെങ്കില്‍ മന്ദീഭവിച്ചതാകാം. ആരോഗ്യകരമായ കുടുംബജീവിതത്തിന് ഇത്തരം ഉയര്‍ച്ചതാഴ്ചകള്‍ ഗുണമൊന്നും ചെയ്യുന്നില്ല. സമഞ്ജസതയാണ് അഭികാമ്യം. എല്ലാ മുദ്രിതവ്യക്തിത്വങ്ങളുടെയും മേന്മകള്‍ ആവാഹിക്കപ്പെടണം. അതാണ് പക്വതയുടെ മാനദണ്ഡം. മാറിച്ചിന്തിക്കുവാനുള്ള മനസ്സ് (തുറന്നപ്രകൃതം), ചിട്ടയും കഠിനാധ്വാനവും (കണിശപ്രകൃതിക്കാരന്‍), നല്ല സാമൂഹികബന്ധം (ബഹിര്‍മുഖത്വം) മറ്റുള്ളവരുടെ വേദന തന്റേതാണെന്ന് അറിയല്‍ (കാരുണ്യപ്രകൃതം) ഇവയൊക്കെ കൃത്യമായ അനുപാതത്തില്‍ ഒരാളിലുണ്ടെങ്കില്‍! അയാള്‍ ലോകത്തെ ഭരിക്കേണ്ടവനാണ്. അങ്ങനെയാകാനല്ലേ എല്ലാവരും ആഗ്രഹിക്കുന്നതുപോലും!
മുദ്രിതവ്യക്തിത്വങ്ങള്‍ ജനിതകപരമായ അടിത്തറയില്‍നിന്നാണ് ഉരുവംകൊള്ളുക. അതിനെ പെട്ടെന്നുടച്ചു വാര്‍ക്കുക സാധ്യമല്ല. അതേസമയം, ബാഹ്യലോകത്തുനിന്നുള്ള സംവേദനങ്ങള്‍ അവയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നുമുണ്ട്. അതായത്, സാഹചര്യങ്ങള്‍ വ്യക്തിത്വത്തെ പരുവപ്പെടുത്തും എന്നു ചുരുക്കം.
മുദ്രിതവ്യക്തിത്വത്തിലെ അപനിര്‍മിതികളെ ചെത്തിയൊതുക്കാനും ചൈതന്യത്തെ സ്വാംശീകരിച്ചുറപ്പിക്കാനും നന്മയുടെ ചായക്കൂട്ടുകള്‍ സ്വത്വത്തിലേക്കു പകരാനും എങ്ങനെയാണു സാധിക്കുക?
ശൈശവത്തില്‍ ആരംഭിക്കേണ്ട പരിശീലനമാണിത്. തിരിച്ചറിവുണ്ടാകുന്ന പ്രായംവരെ മാതാപിതാക്കന്മാരില്‍നിന്നു സ്വഭാവരൂപീകരണത്തിന്റെ ദിവ്യദൂതുകള്‍ കിട്ടണം. വിദ്യാലയത്തില്‍ അധ്യാപകര്‍ക്കാണ് ഈ ചുമതല. ശരിയായ ഉള്‍ക്കാഴ്ച നല്കലാണ് കാതലായ വശം. തുറന്ന സംസാരം, അനുകരണീയമായ മാതൃകകള്‍ ഇതൊക്കെ ഉപകാരപ്പെടാം.
പ്രായപൂര്‍ത്തിയാകുന്നവര്‍ക്ക് ഏറ്റവും ഉത്തമം ആത്മവിശകലനമാണ്. തന്റെ നിലപാടുകളെ മറ്റുള്ളവര്‍ എപ്രകാരം വിലയിരുത്തുന്നു എന്നു കണ്ടെത്തലാണിത്. താന്‍ അസ്വീകാര്യനാകുന്നു എന്നറിയുമ്പോള്‍ പരുവപ്പെടാന്‍ തയ്യാറായിക്കൊള്ളുക.
പരന്ന വായനയ്ക്കിടം നല്കണം. അഴുക്കും പൊടിയും പുരണ്ട ആത്മബോധത്തിന്റെ സിംഹാസനങ്ങളെ അതു ശുദ്ധീകരിക്കണം.
ആത്മസുഹൃത്തുക്കള്‍ക്കു ചെവികൊടുക്കുക. നമ്മുടെ പെരുമാറ്റത്തിലെ അരമുള്ള ഭാഗങ്ങള്‍ രാകി മിനുക്കാന്‍ അവര്‍ക്കായേക്കും.
ദാമ്പത്യജീവിതത്തില്‍ ഓരോ പങ്കാളിയും ഏതെങ്കിലുമൊരു മുദ്രിതവ്യക്തിത്വത്തിന്റെ ബ്രാന്റ് അംബാസിഡറാകാം. അവിടെ വേണ്ടത് പരസ്പരമുള്ള കേള്‍ക്കലാണ്. വിമര്‍ശനം തന്റെ ഗുണത്തിനാണെന്നു മനസ്സിലാക്കണം. അഥവാ പറഞ്ഞു പഠിക്കണം. എങ്കിലേ പങ്കാളിക്കുവേണ്ടി നമുക്കു പരുവപ്പെടാനാകൂ.
എന്നാല്‍, മാറ്റങ്ങള്‍ക്കോ പരുവപ്പെടലുകള്‍ക്കോ സാധ്യതയില്ലെങ്കിലോ? ധര്‍മോപദേശങ്ങളും കൗണ്‍സെലിംഗുകളും പ്രഹസനമാകുമ്പോള്‍? പങ്കാളി ഇണയ്ക്കും മറ്റുള്ളവര്‍ക്കും ഒരു തലവേദനയാണന്നറിഞ്ഞാല്‍? പ്രണയം മാനിക്കപ്പെടാതെ വന്നാല്‍?
വ്യക്തിയുടെ മാനസികാരോഗ്യം വിലയിരുത്തപ്പെടേണ്ടിവരും. ഇവിടെയാണു ദാമ്പത്യജീവിതത്തില്‍ വലിയ സൈ്വരക്കേടുകളുമായിട്ടെത്തുന്ന മനോരോഗങ്ങള്‍ക്കുള്ള പങ്ക്. അതത്ര നിസാരകാര്യമല്ലെന്നറിയുക.