ധാരാളം ബാലസാഹിത്യപുസ്തകങ്ങള്‍ മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. അതിനോടൊപ്പം വിശ്വസാഹിത്യത്തെയും കുട്ടികള്‍ അറിയേണ്ടതുണ്ട്. അവര്‍ ആദ്യംതന്നെ പരിചയപ്പെടേണ്ട പുസ്തകങ്ങളിലൊന്നാണ് നോത്രദാമിലെ കൂനന്‍.
കാതടപ്പിക്കുന്ന മണിയൊച്ച കേട്ടാണ് പാരിസ് നഗരം ഉണര്‍ന്നത്. പാരിസില്‍ വിഡ്ഢികളുടെ മാര്‍പാപ്പായെ തിരഞ്ഞെടുക്കുന്ന ദിവസമാണ് ഇന്ന്, ഈ അവസരത്തില്‍ ഒത്തിരി മനക്കോട്ടകള്‍ കെട്ടുന്ന ഒരാളുണ്ട്. കവിയും നാടകകൃത്തുമായ പിയേര്‍ ഗ്രിന്‍ഷോര്‍. കാരണം, അയാളുടെ നാടകം ഇന്ന് പാലസ് ഓഫ് ജസ്റ്റിസില്‍ അരങ്ങേറുകയാണ്. വിജയിച്ചാല്‍ പാരിസില്‍ അയാള്‍ അറിയപ്പെടും. പട്ടിണി മാറും. സ്വപ്നങ്ങള്‍ എല്ലാം പൂവണിയും. പുറത്ത് ശബ്ദകോലാഹലങ്ങള്‍. പ്രതീക്ഷയ്ക്കു വിപരീതമായി നാടകം കാണാന്‍ വന്നവര്‍ പുറത്തേക്കു പോകുന്നു, പുറത്ത് വിഡ്ഢികളുടെ മാര്‍പാപ്പായുടെ എഴുന്നള്ളത്ത്‌നടക്കുന്നു. പോരാഞ്ഞിട്ട് സുന്ദരിയായ എസ്‌മൊറാല്‍ദോ എന്ന ജിപ്‌സിപ്പെണ്‍കുട്ടിയും പുറത്തുണ്ട്.
നോത്രദാം പള്ളിയിലെ ആര്‍ച്ചുഡീക്കനായ ക്ലോദു ഫ്രോല്ലോ ദത്തെടുത്തു വളര്‍ത്തിയതാണ് ക്വസിമോദോയെ. എല്ലാവരാലും നിരാകരിക്കപ്പെട്ട മനുഷ്യനായിരുന്നു അവന്‍. ഒരു കണ്ണിന്റെ സ്ഥാനത്ത് ഒരു കുഴി മാത്രം. വളഞ്ഞകാലന്‍, ബധിരന്‍, പിശാചിന്റെ അവതാരം, ഗര്‍ഭിണികളാരും ഇവന്റെ കണ്‍വെട്ടത്തു വരരുത്, ശരിക്കും ഒരു ആള്‍ക്കുരങ്ങ്... അങ്ങനെ പോകുന്നു ആളുകളുടെ വിലയിരുത്തല്‍. വികൃതരൂപം പൂണ്ട ക്വസിമോദോ ആണ് വിഡ്ഢികളുടെ മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടത്. ക്വസിമോദോയുടെ ലോകം നോത്രദാം പള്ളിയും പള്ളിയിലെ മണികളും മാത്രം. തന്റെ നാടകം പരാജയപ്പെട്ടതില്‍ നിരാശനായ ഗ്രിന്‍ഷോര്‍, പുറത്ത് അഗ്‌നികുണ്ഡംകൂട്ടി അതിനു ചുറ്റും നൃത്തം വയ്ക്കുന്ന ജിപ്‌സിപ്പെണ്‍കുട്ടിയെയും അവളോടൊപ്പം ഒരു ജാലവിദ്യക്കാരനെപ്പോലെ പെരുമാറുന്ന ജാലിയെന്ന ആട്ടിന്‍കുട്ടിയെയും നോക്കിയിരുന്നു. അവസാനം രാത്രിയുടെ യാമങ്ങളില്‍ അവള്‍ കൂടണയാന്‍ യാത്രയായി. ഈ സമയത്തും ജിപ്‌സിസമൂഹത്തെ ഒന്നാകെ ശപിച്ചുകൊണ്ട് തന്റെ നഷ്ടപ്പെട്ടുപോയ കുഞ്ഞിന്റെ ഒരു കാലിലെ ചെരുപ്പുമായി ഒരമ്മ അലയുകയായിരുന്നു - സിസ്റ്റര്‍ ഗുദുല്‍.
ഒരു കാലഘട്ടത്തില്‍ എഴുതിയ കഥകള്‍ മറ്റൊരു കാലഘട്ടത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കണമെങ്കില്‍ വര്‍ത്തമാനകാലത്തെ നിഗൂഢതകള്‍ അനാവരണം ചെയ്യാന്‍ അതിനു കഴിയണം അതുതന്നെയാകും വിക്ടര്‍ ഹൂഗോയുടെ ഈ കഥയും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാന്‍ കാരണം. മനുഷ്യന്റെ സ്വഭാവം എല്ലായിടത്തും എല്ലാക്കാലത്തും ഒന്നായിരുന്നോ. ഇവിടെ രാത്രി കൂടണയാന്‍ പോകുന്ന ജിപ്‌സിപ്പെണ്‍കുട്ടിയെ ഒറ്റക്കണ്ണന്‍ ക്വസിമോദോയുടെ സഹായത്തോടെ പിന്‍തുടരുന്ന ഡീക്കന്‍ ക്ലോദു ഫ്രോല്ലോയും കവിയായ ഗ്രീന്‍ഷോറും ഇതിന് ഉദാഹരണം. ക്വസിമോദോയുടെ കയ്യിലകപ്പെട്ട എസ്മറാദോ എന്ന ജിപ്‌സിപ്പെണ്‍കുട്ടിയെ അദ്ഭുതകരമായി ക്യാപ്റ്റന്‍ ഫെബ്യൂസ് രക്ഷപ്പെടുത്തുന്നു, അപകടത്തില്‍നിന്നു തന്നെ രക്ഷപ്പെടുത്തിയ പട്ടാളക്കാരനുമായി പെണ്‍കുട്ടി പ്രണയത്തിലാകുന്നു. എന്നാല്‍ കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞ ഫെബ്യൂസ് തന്റെ കാമത്തിന്റെ ഒരു ഉപകരണം മാത്രമായി പെണ്‍കുട്ടിയെ കാണുന്നു. രാത്രി പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന പിയേര്‍ ഗ്രിഷോര്‍ വഴിതെറ്റി ജിപ്‌സികളുടെ താവളത്തിലകപ്പെടുന്നു. ജിപ്‌സികളുടെ നിയമപ്രകാരം പുറത്തുനിന്നു താവളത്തില്‍ എത്തിയ കവി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ജിപ്‌സികളുടെ കൂട്ടത്തിലുള്ള ഒരു പെണ്‍കുട്ടി തന്നെ വിവാഹം ചെയ്യാന്‍ തയ്യാറായാല്‍ വധശിക്ഷയില്‍നിന്നു രക്ഷപ്പെടാം എന്ന ജിപ്‌സികളുടെ നിയമപ്രകാരം എസ്മറാദോ കവിയെ വിവാഹം കഴിച്ച് മരണത്തില്‍നിന്നു രക്ഷപ്പെടുത്തുന്നു. ഫെബ്യുസ് എന്ന പട്ടാളക്കാരനെ പ്രണയിക്കുന്ന പെണ്‍കുട്ടിക്ക് കവിയെ ഒരിക്കലും പ്രണയിക്കാന്‍ കഴിയില്ല. മരണത്തില്‍നിന്നു രക്ഷപ്പെടുത്താന്‍വേണ്ടി മാത്രമാണു വിവാഹം കഴിച്ചതെന്ന് ജിപ്‌സി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.
ബധിരനായ ക്വസിേമാദോയും ബധിരനായ ഒരു ജഡ്ജിയും വര്‍ത്തമാനത്തിന്റെ നീതിയില്ലാത്ത നീതിപീഠത്തെ സൂചിപ്പിക്കുന്നു. പരസ്പരം കേള്‍ക്കാന്‍ കഴിയാത്ത രണ്ടു തൂണുകള്‍, അവസാനം ക്വസിമോദോയെ ദണ്ഡനശിക്ഷയ്ക്കു വിധിക്കുന്നു. കുറ്റവാളിയെ ഒരു ചക്രത്തില്‍ കിടത്തി കാലും കയ്യും ബന്ധിച്ച് കറക്കുന്ന ഒരു സംവിധാനമാണിത്. അവശനായ ഒറ്റക്കണ്ണന്‍ ക്വസിമോദോ ഒരിറ്റു വെള്ളത്തിനായി നിലവിളിക്കുമ്പോഴും സദാചാരവാദികള്‍ കല്ലെറിയുന്ന ക്രൂരമായ അവസ്ഥ ഹൃദഭേദകമായി വിവരിച്ചിരിക്കുന്നു. മരണവുമായി മല്ലിടുന്ന ക്വസിമോദോയ്ക്കു ദാഹജലവുമായി ജിപ്‌സി പ്പെണ്‍കുട്ടിയെത്തുന്നു. കരുണയുടെ മുഖം വീണ്ടും.
ജിപ്‌സിപ്പെണ്‍കുട്ടിയുമായി ക്യാപ്റ്റന്‍ ഫെബ്യുസ് രഹസ്യമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു എന്നറിഞ്ഞ ആര്‍ച്ചുഡീക്കന്‍ ചതിയിലൂടെ അയാളെ കൊല്ലാന്‍ ശ്രമിക്കുന്നു. ഗുരുതരമായി പരുക്കേറ്റ ഫെബ്യുസ് മരണത്തില്‍നിന്നു രക്ഷപ്പെടുന്നു. ചതിയനായ ആര്‍ച്ചുഡീക്കന്‍ തന്റെ വക്രബുദ്ധിയുപയോഗിച്ച് ജിപ്‌സിപ്പെണ്‍കുട്ടിയെ കൊലക്കുറ്റത്തില്‍ അകപ്പെടുത്തുന്നു. ജയിലില്‍ അടയ്ക്കപ്പെട്ട പെണ്‍കുട്ടിയോട് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ഡീക്കന്‍ തന്റെ പദ്ധതികള്‍ പാളിയപ്പോള്‍ പെണ്‍കുട്ടിയെ ഒറ്റുകൊടുക്കുന്നു.
അവസാനം, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പെണ്‍കുട്ടിയെ ഒറ്റക്കണ്ണന്‍ ക്വസിമോദോ അദ്ഭുതകരമായി രക്ഷപ്പെടുത്തുന്നു.
അന്നു നിലനിന്നിരുന്ന നിയമപ്രകാരം - സാഗ്‌ചൊറി സാഗ്‌ചൊറി എന്നു വിളിച്ചുകൊണ്ട് ആര് നോത്രദാമിലെ പള്ളിയില്‍ കയറിയാലും അവരെ ആരും ഒന്നും ചെയ്യാന്‍ പാടില്ല. എല്ലാപേരാലും വെറുക്കെപ്പട്ട, വിരൂപനായിരുന്ന ക്വസിമോദോയുടെ കരുണയുള്ള ഹൃദയം വെളിപ്പെടുത്തുന്ന പ്രവൃത്തിയായിരുന്നു ഇത്. ഒരുപക്ഷേ, പള്ളിയുടെ ശിലകള്‍ സംസാരിച്ചാല്‍ ഓരോ ശിലയും പറയുന്ന പേര് ക്വസിമോദോ എന്നായിരിക്കും. ജിപ്‌സിപ്പെണ്‍കുട്ടിയെ തൂക്കിലേറ്റാന്‍ വിധിച്ചതറിഞ്ഞ് ജിപ്‌സികളുടെ സംഘം പെണ്‍കുട്ടിയെ രക്ഷിക്കാനായി നോത്രദാം പള്ളി ആക്രമിക്കുന്നു. ബധിരനായ ക്വസിമോദോ അവര്‍ക്കെതിരേ പള്ളിയില്‍ നിലയുറപ്പിക്കുന്നു. ചതിയനായ ഡീക്കന്‍, കവിയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുറത്തുകൊണ്ടു പോകുന്നു, ഫെബ്യുസ് അവളെ തള്ളിപ്പറയുന്നു, തന്നെ പ്രണയിക്കാത്തതിന്റെ പേരില്‍ ആര്‍ച്ചുഡീക്കന്‍ പെണ്‍കുട്ടിയെ ചതിയിലൂടെ വധശിക്ഷയ്ക്കു കൊടുക്കുന്നു വീണ്ടും.
ഹൃദയഭേദകമായ അനവധി രംഗങ്ങള്‍ക്കുശേഷം നഷ്ടപ്പെട്ടുപോയ തന്റെ മകളാണ് എസ്‌മൊറാദോ എന്ന ജിപ്‌സിപ്പെണ്‍കുട്ടിയെന്ന് സിസ്റ്റര്‍ ഗുദുല്‍ മനസ്സിലാക്കുന്നു. അമ്മ മകളെ കണ്ടെത്തി നിമിഷനേരങ്ങള്‍ക്കകം മകളെ വധശിക്ഷ നടപ്പിലാക്കാന്‍ കൊണ്ടുപോകുന്നു. പെണ്‍കുട്ടിയുടെ വധശിക്ഷ നടപ്പിലാക്കിയതറിഞ്ഞ് ഒറ്റക്കണ്ണന്‍ ക്വസിമോദോ ചതിയനായ ആര്‍ച്ചുഡീക്കനെ കൊല്ലുന്നു. വിരൂപനെങ്കിലും നല്ല ഹൃദയത്തിന് ഉടമയായ ഒരിക്കലും കരയാത്ത ക്വസിമോദോ ആദ്യമായി കരഞ്ഞു. ജിപ്‌സി പെണ്‍കുട്ടിയുടെ മരണശേഷം ക്വസിമോദോ അപ്രത്യക്ഷമായി. ഒരു വര്‍ഷത്തിനുശേഷം ജിപ്‌സിപെണ്‍കുട്ടിയുടെ ശവശരീരം കിടന്നിരുന്നയിടത്ത് അതിനെ കെട്ടിപ്പുണര്‍ന്ന് ഒരു പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു....