•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ഇടം

വൈകുന്നേരം ഏഴുമണിക്ക് ഒരു കോണ്‍ഫെറന്‍സില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ കളക്ടര്‍ സലോമിക്ക് ഡോക്ടര്‍ ജെയ്ക്കിന്റെ ഫോണ്‍ വന്നു. അറ്റന്‍ഡ് ചെയ്തിട്ട് സോറി പറഞ്ഞു വച്ചു. ഔദ്യോഗികവസതിയിലെത്തിയ ഉടനെ തിരിച്ചു വിളിച്ചെങ്കിലും മറ്റൊരാളാണ് ജെയ്ക്കിന്റെ ഫോണെടുത്തത്. ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററിലാണെന്ന് മറുപടി കിട്ടി. രാത്രി പതിനൊന്നുമണിക്ക് ജെയ്ക്ക് തിരികെവിളിച്ചു. 
 ''കളക്ടര്‍ കിടന്നുറങ്ങിയാരുന്നോ?'' ഡോക്ടര്‍ തുടങ്ങിയതങ്ങനെയാണ്.
''ഇല്ല. മിക്കവാറും കിടപ്പ് പന്ത്രണ്ടുമണിയോടെയാണ്. ഓപ്പറേഷന്‍ നടത്തിയത് സക്‌സസായോ?''
''സക്‌സസായി. ഒരാക്‌സിഡന്റ് കേസായിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍നിന്ന് എന്നെ വിളിച്ചു വരുത്തുകയായിരുന്നു. സലോമിയുടെ കോണ്‍ഫെറന്‍സൊക്കെ എപ്പോള്‍ കഴിഞ്ഞു?''
''എട്ടരയ്ക്കു തീര്‍ന്നു. ഫോണെടുത്തിട്ട് സംസാരിക്കാതെ വച്ചപ്പോ അരിശം തോന്നിയോ?''
''കൊല്ലാനാ തോന്നിയെ. ഒന്നു മിണ്ടാന്‍ കൊതിയായിട്ടു വിളിച്ചതാ. നമ്മള്‍ക്കൊന്നും ഒരു ജീവിതമില്ല അല്ലേ സലോമീ?''
''മിക്കവാറും താലികെട്ടുന്ന നേരത്തും ഒരു അര്‍ജന്റ് കോളെത്തിയെന്നിരിക്കും. തിരക്കിലും പ്രശ്‌നങ്ങളിലും രസം കണ്ടെത്തിയില്ലെങ്കില്‍ ഭ്രാന്തുപിടിക്കും. അകലെനിന്നു നോക്കുന്നവര്‍ക്ക് നമ്മള് കളക്ടറും ഡോക്ടറുമൊക്കെ വലിയ സംഭവമാ. അവസ്ഥ നമുക്കല്ലേ അറിയൂ.''
''അമ്മ സലോമിയോടൊപ്പമുണ്ടോ?''
''ഉണ്ടല്ലോ. അമ്മയ്ക്ക് ആകെ ടെന്‍ഷനാ. എല്ലാരും നടത്തുന്നതുപോലെ മകളുടെ കല്യാണം നടത്താനുള്ള ചുറ്റുപാടില്ലല്ലോന്നോര്‍ത്താ. കുറെ സ്ഥലവും നല്ലൊരു വീടുമൊക്കെ വാങ്ങണമെന്നുണ്ട്. പെട്ടെന്നു സാധിക്കുമോന്നറിയില്ല.''
''ധൃതിപിടിച്ചു വീടൊന്നും വാങ്ങിക്കണ്ട സലോമി. ഫങ്ഷനൊക്കെ പള്ളിയിലും ഓഡിറ്റോറിത്തിലും വച്ചല്ലേ. തിരികെ വീട്ടിലൊന്നു ചെല്ലണം. ഇപ്പഴുള്ള വീട് എനിക്ക് ഒരപമാനവുമില്ല.''
''അത്... ഒരു സൗകര്യവുമില്ലാത്ത ഒരു കുന്നിന്‍പുറത്താ ജെയ്ക്ക്. ആളുകള്‍ക്കെത്താന്‍ ബുദ്ധിമുട്ടാ. വഴിസൗകര്യം തീരെയില്ല. ഡോക്ടറുടെ വീട്ടുകാരും ഫ്രണ്ട്‌സുമൊക്കെ അതു കണ്ടാല്‍... ഓര്‍ക്കാന്‍ വയ്യ.''
''പുതിയ വീടും സ്ഥലവുമൊക്കെ വാങ്ങി വരുമ്പോഴേക്കും ഒത്തിരി താമസിക്കും.'' 
''ഇത്തിരി താമസിച്ചാലെന്താ.'എന്നെക്കെട്ടാന്‍ അത്രയ്ക്കു ധൃതിയാണോ?''
''അതെ. ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെയത് ഒത്തിരി നീട്ടുക്കൊണ്ടുപോകുന്നതു ശരിയല്ല. പിന്നെ... എങ്ങനെയുണ്ട് സലോമീടെ പ്രൊഫഷന്‍? ത്രില്ലിങ്ങാണോ? ബോറിങ്ങാണോ?''
''എനിക്കിഷ്ടമാ. മനസ്സുവച്ചാല്‍ ഒത്തിരി നല്ല കാര്യങ്ങള്‍ ആളുകള്‍ക്കു ചെയ്യാന്‍ കഴിയും. അകാരണമായി കെട്ടിവച്ചിരിക്കുന്ന പല ഫയലുകളിലും തീര്‍പ്പുണ്ടാക്കാന്‍ പറ്റും. നാളെത്തന്നെ മുപ്പതു പാവപ്പെട്ട കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കുകയാ. വര്‍ഷങ്ങളായി അതു സംഘടിപ്പിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തവര്‍ക്കാ കിട്ടുന്നത്. അതൊക്കെ മനസ്സിന് സന്തോഷം തരും.''
''എന്റെ പ്രൊഫഷനിലും അങ്ങനെ ചിലതുണ്ട്. സങ്കീര്‍ണ്ണമായ ചില ഓപ്പറേഷനുകള്‍ വിജയിപ്പിക്കുമ്പോള്‍, നഷ്ടപ്പെട്ടേക്കാവുന്ന ജീവനുകള്‍ തിരിച്ചുപിടിക്കുമ്പോള്‍ ബന്ധുക്കളും പ്രിയപ്പെട്ടവരുമൊക്കെ എന്തോ, ദൈവത്തെപ്പോലെയാ ഡോക്ടറെ കാണുന്നെ.''
''നമ്മള്‍ രണ്ടു തിരക്കുള്ളവര്‍ ഒരുമിച്ചുകഴിയുമ്പോള്‍ എന്താകുമോ? പേടി തോന്നുന്നു.'' 
''സ്‌നേഹം നഷ്ടപ്പെടുത്താതിരുന്നാല്‍ ഒരു പ്രശ്‌നവുമുണ്ടാവില്ല. ഈഗോയും പാടില്ല.''
''എനിക്കൊരിക്കലും ഈഗോയുണ്ടാവില്ല ജെയ്ക്ക്. ഞാനിങ്ങനെ ആയത് എന്റെ കഴിവുകൊണ്ടല്ലെന്ന് എപ്പഴും ചിന്തയുണ്ട്. അത് പലരുടെ സഹായവും ദൈവത്തിന്റെ നിശ്ചയവും കൊണ്ടാ. എന്നും, ഒത്തിരി വയസ്സാകുമ്പഴും ജെയ്ക്ക് എന്നെ സ്‌നേഹിക്കുമോ?''
''എന്റെ സ്വന്തമാകട്ടെ, സലോമിയെ സ്‌നേഹിച്ചു കൊല്ലും ഞാന്‍.''
''അയ്യോ... വര്‍ത്താനം തുടങ്ങീട്ട് നേരം ഒത്തിരിയായി. വയ്ക്കട്ടെ.''
''എന്തിനാ നിര്‍ത്തുന്നെ. ഇപ്പഴൊക്കെയല്ലേ ഒന്നു മിണ്ടാന്‍ പറ്റൂ.''
''ജെയ്ക്ക്, അമ്മ ഞാന്‍ ചെല്ലാന്‍ ഉറങ്ങാതെ കാത്തിരിക്കുകാ. ഗുഡ്‌നൈറ്റ്.''
''ഗുഡ്‌നൈറ്റ് സലോമീ'' ഡോക്ടര്‍ ജെയ്ക്ക് ഫോണ്‍ കട്ടാക്കി.
അമ്മയോടൊപ്പമാണ് സലോമി ഉറങ്ങാന്‍ കിടന്നത്. സെലീന അവളെ കെട്ടിപ്പിടിച്ച് സ്‌നേഹപൂര്‍വം നെറുകയില്‍ ഉമ്മ കൊടുത്തു.
''മോളേ, നിന്നെ ഞാനാ പ്രസവിച്ചതെങ്കിലും വളര്‍ത്തിയതും പഠിപ്പിച്ചതും ഇന്നത്തെ നിലയിലെത്തിച്ചതും കരോളിനമ്മയാ. ജീവിതത്തില്‍ അതൊരിക്കലും മറക്കരുത്. മറ്റുള്ളവരെപ്പോലെ ഒരു കുടുംബജീവിതം എനിക്കുണ്ടായിട്ടില്ല. എന്നും കഷ്ടപ്പാടും ഇടിയും തൊഴിയും തെറിവിളിയുമാ കിട്ടിയത്. എന്റെ മകള് സന്തോഷത്തോടെ ജീവിക്കുന്നതു കണ്ടിട്ട് മരിക്കണോന്നേ ആഗ്രഹമുള്ളൂ. കണ്ടിട്ടും മിണ്ടിയിട്ടും ജെയ്ക്ക് ഒരു നല്ലവനാണെന്നാ തോന്നിയെ.''
''നല്ലയാളാ. അമ്മേ. അതുകൊണ്ടല്ലേ നമ്മുടെ പാവം പിടിച്ച വീട്ടില്‍ വച്ച് നടത്തിയാലും മതിയെന്നു പറഞ്ഞത്.'' സലോമി പറഞ്ഞു.
''അവനങ്ങനെ പറഞ്ഞാലും നമ്മള്‍ക്കു പുതിയ വീടു വാങ്ങിക്കണം. ലോണെടുത്ത് രൂപയുണ്ടാക്കമെന്നല്ലേ നീ പറഞ്ഞത്.''
''അതെ. കുറച്ചു താമസം വരും.''
''കല്യാണം ഇടവകപ്പള്ളീല്‍ വച്ചുതന്നെ നടത്തണം. നാട്ടുകാരെയും ബന്ധുക്കളെയും മുഴുവന്‍ ക്ഷണിക്കണം. മഠത്തിലുള്ളവര്‍ക്കു ഭക്ഷണം എത്തിച്ചുകൊടുക്കാം.''
''ക്ഷണിക്കാനൊന്നും എനിക്കു സമയം കിട്ടില്ലല്ലോ അമ്മേ?''
''അതു സാരമില്ല. ഞാനെല്ലാവരെയും വീട്ടില്‍ ചെന്നു വിളിച്ചോളാം. എനിക്കതൊരു ബുദ്ധിമുട്ടല്ല. സന്തോഷമാ.''
സെലീന പിന്നെ പല കാര്യങ്ങളും പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ രണ്ടാളും ഉറങ്ങി.
ഗ്രാമപ്രദേശത്തെ വില്ലേജ് ആഫീസിലായിരുന്നു, പട്ടയവിതരണപരിപാടി സംഘടിപ്പിച്ചിരുന്നത്. ആദ്യം റവന്യൂ മന്ത്രി വരുമെന്നറിയിച്ചിരുന്നെങ്കിലും പിന്നീട് അടിയന്തരമന്ത്രിസഭായോഗം വന്നതിനാല്‍ അദ്ദേഹം പ്രോഗ്രാം കാന്‍സല്‍ ചെയ്തു.
കൃത്യം പതിനൊന്നുമണിക്കുതന്നെ കളക്ടര്‍ സലോമി പട്ടയവിതരണസ്ഥലത്തെത്തി. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുള്ളതിനാല്‍ സെക്യൂരിറ്റിയായ ഗണ്‍മാനും കളക്ടറെ അനുഗമിച്ചിരുന്നു. തഹസീല്‍ദാര്‍ ശിവന്‍പിള്ള സ്വാഗതം ആശംസിച്ചു. അതിനുശേഷം സലോമി ലഘുപ്രസംഗം നടത്തി. പട്ടയം ഏറ്റുവാങ്ങാനുള്ളവര്‍ വില്ലേജ് ആഫീസിന്റെ മുറ്റത്ത് നിരയായി നില്ക്കുകയായിരുന്നു.
ഏറ്റവും പിന്നിലായി വേദിയിലുള്ളവരുടെ ചലനംപോലും നിരീക്ഷിച്ച് ഒരാള്‍ നില്ക്കുന്നു: രമണി ഷാജി! അവന്റെ കണ്ണുകള്‍ വന്യമായി തിളങ്ങി. എങ്ങനെ ലക്ഷ്യം കാണും? തല പുകയുകയായിരുന്നു. ആരും അവനെ തിരിച്ചറിഞ്ഞില്ല. സംശയിച്ചില്ല. പട്ടയം ഏറ്റുവാങ്ങാനെത്തിയ ഏതോ ഒരുവന്‍ എന്നു മാത്രം കരുതി. അവന്റെ മുമ്പിലുണ്ടായിരുന്ന ഇരുപതുപേരും പട്ടയം വാങ്ങി, കളക്ടറെ വണങ്ങി തിരികെപ്പോയി. ഇടിമിന്നല്‍പോലൊരു നീക്കം ഷാജിയില്‍നിന്നുണ്ടായി.. നിവര്‍ത്തിപ്പിടിച്ച കഠാരയുമായി അവന്‍ മുമ്പോട്ടു കുതിച്ചു. ഗണ്‍മാന്‍ അതു കണ്ടു. നിമിഷനേരംകൊണ്ട് റിവോള്‍വര്‍ കൈയിലെടുത്ത് അവനു നേരേ ചൂണ്ടി. ഷാജി നിന്നു.
''സ്റ്റോപ്പ്! സ്റ്റോപ്പ്! സറണ്ടര്‍... സറണ്ടര്‍'' ഗണ്‍മാന്‍ അലറിപ്പറഞ്ഞു. രമണിഷാജി കയ്യുയര്‍ത്തിയില്ല. കീഴടങ്ങാന്‍ മനസ്സില്ലെന്ന മട്ടില്‍ മുരണ്ടു. നാലടിയകലെ തനിക്കുനേരേ കത്തി ചൂണ്ടി വിറഞ്ഞു നില്ക്കുന്ന ആറടി പൊക്കക്കാരനെ സലോമി അതിശയത്തോടെ നോക്കി. തന്റെ അപ്പന്‍, കാലന്‍ മാത്തന്റെ തനിരൂപം! ആരാണിത്? അപ്പന്റെ പ്രേതമോ? ബാലിശമാണ് ആ വിചാരം. മറ്റൊരു സംശയംകൂടി മനസ്സിലുദിച്ചു. ഞാനറിയാത്ത, കാണാത്ത, തന്റെ സഹോദരനോ? അടുത്ത നിമിഷം എന്തേലും സംഭവിക്കാം. 
സലോമിക്കൊരു വിറയലുണ്ടായി.
''ഹേ മിസ്റ്റര്‍.. കീഴടങ്ങിയില്ലെങ്കില്‍ ഷൂട്ട് ചെയ്യും ഞാന്‍.'' സെക്യൂരിറ്റി പോലീസുകാരന്‍ അലറിപ്പറഞ്ഞു. രമണി ഷാജി കീഴടങ്ങാനുള്ള ഭാവമില്ല. തക്കം നോക്കി കുതിച്ചു കയറാന്‍ തയ്യാറെടുക്കുകയാണവന്‍! അടുത്തനിമിഷം അവന്‍ മുമ്പോട്ടാഞ്ഞു. ഗണ്‍മാന്‍ റിവോള്‍വറിന്റെ ട്രിഗറമര്‍ത്താന്‍ ഭാവിക്കുന്ന കണ്ട് മുന്നോട്ടു കയറിയ സലോമി അതു തടയാന്‍ ശ്രമിച്ചപ്പോഴേക്കും വെടിയുതിര്‍ന്നു. നെഞ്ചില്‍ വെടിയേറ്റ അവള്‍ കുഴഞ്ഞുപിടഞ്ഞ്, നിലത്തേക്കു വീണു.

 

Login log record inserted successfully!