•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

പരിദേവനമേ ശരണം!

 ഇത്തരം പ്രകൃതക്കാര്‍ പ്രസന്നരായി കാണപ്പെടുക എന്നതുതന്നെ അപൂര്‍വമാണ്. എപ്പോഴും വേവലാതിയും വ്യഥയുമായിട്ടാണു നടപ്പ്. സങ്കടപ്പെടാന്‍ എന്തെങ്കിലും ഒരു കാരണം തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നു തോന്നും. ഫലമോ? ഉത്കണ്ഠയും വിഷാദവും!
വളരെ ഉയര്‍ന്ന സംവേദന ക്ഷമതയുള്ളവരാണ് ഇക്കൂട്ടര്‍. നിസാരകാര്യങ്ങള്‍പോലും വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാം. അതുകൊണ്ടാണ് മിക്കപ്പോഴും ടെന്‍ഷനടിച്ചു കാണുന്നത്. ചെറിയ ചെറിയ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ വലിയ ശ്രമം നടത്തേണ്ടിവരുന്നു.
കോപം, ഉത്കണ്ഠ,  നിരാശ, വിഷാദം, അപകര്‍ഷത  തുടങ്ങിയ  നിഷേധാത്മകവികാരങ്ങള്‍, മഴ കാത്തിരിക്കുന്ന വിത്തുപോലെയാണെന്നു പറയാം. പ്രശ്‌നങ്ങളുടെ ചെറിയൊരു ചാറ്റല്‍മഴ... അതുമതി വലിയ കോളിളക്കങ്ങള്‍ ശാഖ വിരിക്കാന്‍.
സമാധാനമുള്ള അന്തരീക്ഷത്തില്‍പ്പോലും, അപകടം പതിയിരുപ്പുണ്ടെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. കൊച്ചുകൊച്ചു പരാജയങ്ങളെ, ഇനി പ്രതീക്ഷയില്ലാത്തവിധം അറംപറ്റിയ ദുരന്തങ്ങളായി ക്കാണുന്നു. ദമ്പതിമാരില്‍ ഒരാള്‍ പരിദേവനപ്രകൃതമുള്ളയാളാണെന്നിരിക്കട്ടെ, പങ്കാളിയുടെ ജീവിതം വിഷാദധൂമിലമായ താഴ്‌വരപോലെയാകാനാണു സാധ്യത. തന്റെ ജീവിതപങ്കാളി അരക്ഷിതാവസ്ഥയിലും അശാന്തിയിലും കഴിയുന്നത് എപ്പോഴും കാണേണ്ട ദുര്‍ഗതി... പങ്കാളിയെന്ന നിലയില്‍ ആ ദുരവസ്ഥയുടെ ഒരു വിഹിതം ഏറ്റുവാങ്ങേണ്ടിയും വരും. അംഗീകാരം, കരുതല്‍, സാമീപ്യം ഇതെല്ലാം വെറും മരീചികയാകും.
മുദ്രിതവ്യക്തിത്വങ്ങളില്‍ ഒട്ടും  സ്വീകാര്യമല്ലാത്ത ഒന്നാണിതെന്നു കരുതാം. മറ്റുള്ളവ നാലും ആ വ്യക്തിക്കെങ്കിലും ചില മെച്ചങ്ങള്‍ ഉണ്ടാക്കിക്കൊടുത്തെന്നിരിക്കും. മറ്റുള്ളവര്‍ സഹിച്ചിട്ടാണെങ്കിലും പരിദേവനക്കാര്‍ സ്വയം ഒരു ദുരന്തമായിട്ടാണു മാറുക.

 

Login log record inserted successfully!