''അമ്പരന്നു നില്‍ക്കേണ്ട നിമിഷങ്ങളല്ല. ആക്റ്റ് ചെയ്യേണ്ട ടൈമാണ്. അഡ്വക്കേറ്റ് സുമിത്ര മെഡിക്കല്‍ കോളജിലേക്ക് ചെല്ല്; ഞാനും വരും. എസ്.പി.യെ വിളിച്ചിട്ട് ഡീറ്റെയ്ല്‍സ് കളക്റ്റ് ചെയ്യണം.'' സലോമി തണുത്ത സ്വരത്തില്‍ പറഞ്ഞു സുമിത്ര പോയി. സലോമി എസ്.പിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അദ്ദേഹം എന്‍ഗേജ്ഡ് ആയിരുന്നു. പെട്ടെന്നുതന്നെ തിരികെ വിളിച്ചു:
''ഹലോ, സലോമി മാഡം എന്താ?''
''പരിസ്ഥിതിപ്രവര്‍ത്തകന്‍ ജിനേഷ് ആക്‌സിഡണ്ടില്‍ മരിച്ചതായി ഒരു വാര്‍ത്തയുണ്ടല്ലോ.''
''ശരിയാണ്. അയാള്‍ നാല് നാല്‍പ്പതിന് മെഡിക്കല്‍ കോളജില്‍വച്ച് മരിച്ചു.''
''എന്താ സംഭവം?''
''ജിനേഷ് സഞ്ചരിച്ച ബൈക്കും ഡോക്ടര്‍ പത്മന്റെ കാറും തമ്മില്‍ കൂട്ടിയിടിച്ചു. മെഡിക്കല്‍ കോളജിലെതന്നെ ഡോക്ടറായ അദ്ദേഹത്തിന്റെ കാറില്‍ കാഷ്വാലിറ്റിയില്‍ എത്തിച്ചപ്പോഴേക്കും ആള് മരിച്ചു. കാറോടിച്ചിരുന്ന ഡ്രൈവര്‍ സന്തോഷിനെ കസ്റ്റഡിയിലെടുത്തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.''
''നരഹത്യ മനഃപൂര്‍വ്വമാണോയെന്ന് ഗൗരവമായ അന്വേഷണം നടത്തിയേപറ്റൂ. അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നു.''
''സാറുദ്ദേശിക്കുന്നത് പുഴക്കരവക്കച്ചനുമായി നടന്ന കേസല്ലേ?''
''അതെ.''
ഈ ആക്‌സിഡന്റ് യാദൃച്ഛികമായി സംഭവിച്ച ഒന്നായിട്ടേ എനിക്കു തോന്നിയിട്ടുള്ളൂ. ഡോക്ടര്‍ പത്മന്റേത് സമൂഹം ആദരിക്കുന്ന ഒരു വ്യക്തിത്വമാണ്. മെഡിക്കല്‍ കോളജില്‍ അതീവ ഗൗരവമായ ശസ്ത്രക്രിയകളിലൂടെ നാലുപേരുടെ ജീവന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്താല്‍പോലും പബ്ലിക് നമുക്കെതിരാകും.''
''ഡ്രൈവറെക്കുറിച്ചന്വേഷിച്ചോ?''
''അന്വേഷിച്ചു. കഴിഞ്ഞ പതിനാറു കൊല്ലമായി ഈ ഡോക്ടറുടെ കാര്‍ ഓടിക്കുന്നയാളാ. ഇതുവരെ ഒരപകടവും അയാള്‍ ഉണ്ടാക്കിയിട്ടുമില്ല.''
''എന്തൊക്കെയായാലും ഈ കേസില്‍ ഉടനടി അന്വേഷണം നടത്തി എനിക്കു റിപ്പോര്‍ട്ടു തരണം.''
''ടൈം ലിമിറ്റ്?''
''വണ്‍ വീക്ക്''
''ശരി സാര്‍, തരാം സാര്‍.'' എസ്.പി. പറഞ്ഞു.
സലോമി ഫോണ്‍ കട്ടു ചെയ്തു. ജിനേഷിന്റെ അപകടമരണം സ്വാഭാവികമായ ഒന്നാണെന്ന് ഒട്ടും വിശ്വസിക്കാന്‍ സലോമിക്കു കഴിയുന്നില്ല. അവനോട് കടുത്ത പക പുഴക്കര വക്കച്ചനുണ്ട്. അയാളുടെ വീട് നീക്കം ചെയ്തിട്ട് അഞ്ചു ദിവസത്തിനുള്ളില്‍ ജിനേഷ് മരണപ്പെട്ടിരിക്കുന്നു! പ്രശസ്തനായ ഒരു ഡോക്ടറുടെ കാറിടിച്ചാണു മരണം. അദ്ദേഹത്തെ സംശയിക്കുന്നതും ചോദ്യം ചെയ്യുന്നതും അസ്ഥാനത്താണെന്ന് എസ്.പി. പറയുന്നു. ഡ്രൈവറും മുമ്പൊരിക്കലും അപകടമുണ്ടാക്കാത്ത വിശ്വസ്തന്‍! എന്തായാലും പോസ്റ്റുമോര്‍ട്ടത്തിനുമുമ്പ് ജിനേഷിന്റെ മൃതദേഹം ഒന്നു കാണണം. കളക്ടര്‍ സലോമി പ്രധാനപ്പെട്ട ചില ഫയലുകളില്‍ തീര്‍പ്പു കല്പിച്ചശേഷം ഔദ്യോഗികവാഹനത്തില്‍ മെഡിക്കല്‍കോളജിലേക്കു പുറപ്പെട്ടു. മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ അഡ്വക്കേറ്റ് സുമിത്രയും പരിസ്ഥിതി പ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം അന്‍പതോളം ആളുകളും മോര്‍ച്ചറിയുടെ പരിസരത്തുണ്ടായിരുന്നു. സുമിത്ര കളക്ടറുടെ അടുത്തേക്കു വന്നു.
''സലോമി മാഡം, അന്വേഷണത്തിനുത്തരവിട്ടതറിഞ്ഞു. നല്ല കാര്യമായി.'' സുമിത്ര പറഞ്ഞു.
സലോമി മൃദുവായി പുഞ്ചിരിച്ചു.
''ഡോക്ടര്‍ പത്മന്‍ അതിപ്രശസ്തനാണ്. ഡ്രൈവര്‍ അദ്ദേഹത്തിന്റെ വിശ്വസ്തനുമാണ്. ചോദ്യചെയ്യല്‍തന്നെ പ്രതിഷേധമുണ്ടാക്കിയേക്കും.''
''എന്റെ മനസ്സ് പറയുന്നത് ജിനേഷ് ഒരു രക്തസാക്ഷിയാണെന്നാണ്.'' അഡ്വക്കേറ്റ് സുമിത്ര പറഞ്ഞു.
കളക്ടറെ കണ്ട് ഡി.എം.ഒ. ജയശ്രീയും ഡോ. രാജ്കുമാറും അടുത്തെത്തി അഭിവാദ്യം ചെയ്തു.
''എന്താ ഡോക്ടര്‍ ജിനേഷിന്റെ കാര്യത്തില്‍ പ്രാഥമികനിഗമനം?'' കളക്ടര്‍ തിരക്കി.
''ബൈക്കില്‍നിന്നു തെറിച്ചുള്ള വീഴ്ചയില്‍ കഴുത്തെല്ലൊടിഞ്ഞതാണ് പെട്ടെന്നുള്ള മരണത്തിനു കാരണം. പോസ്റ്റുമോര്‍ട്ടത്തിലേ മറ്റു കാരണങ്ങള്‍ അറിയാന്‍ പറ്റുകയുള്ളൂ.''
''പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കുമോ?''
''ഇനി ബുദ്ധിമുട്ടാണു സാര്‍. നാളെ രാവിലെ ചെയ്യും. ബന്ധുക്കളും അതിനോടു യോജിച്ചു.''
''എനിക്ക് ബോഡി ഒന്നു കാണണം.'' സലോമി പറഞ്ഞു.
ഡി.എം.ഒ. യും ഡോ. രാജ്കുമാറും ചേര്‍ന്ന് കളക്ടറെ കാഷ്വാലിറ്റിയിലേക്കു കൊണ്ടുപോയി. അവിടെ ഒരു കോണില്‍ പച്ചത്തുണികൊണ്ട് മൂടി സ്‌ട്രെച്ചറില്‍ കിടത്തിയിരിക്കുകയായിരുന്നു ജിനേഷിന്റെ മൃതദേഹം.
ഡോക്ടര്‍ ജയശ്രീ മെല്ലെ മുഖം മൂടിയിരുന്ന ഭാഗം മാറ്റി. ശാന്തമായി ഉറങ്ങിക്കിടക്കുന്നതുപോലെ തോന്നിച്ചു. അല്പം പിളര്‍ന്ന ചുണ്ടുകള്‍ക്കിടയില്‍ പല്ലുകള്‍ കാണാം. ദീനമായ ഒരു പുഞ്ചിരി മുഖത്തണിഞ്ഞതുപോലെ!
''കവര്‍ ചെയ്‌തേക്കൂ.'' സലോമി പറഞ്ഞു. ഡോക്ടര്‍ ജയശ്രീ അങ്ങനെ ചെയ്തു.
സലോമി അഡ്വക്കേറ്റ് സുമിത്രയ്‌ക്കൊപ്പം പുറത്തേക്കെത്തിയപ്പോള്‍ എസ്.പി. മഹേഷ് ചന്ദ്രന്‍ തിടുക്കത്തില്‍ നടന്നെത്തി. അദ്ദേഹം കളക്ടറെ സല്യൂട്ട് ചെയ്തു.
''എസ്.പി. സാര്‍, നിയമപരമായ കാര്യങ്ങള്‍ എങ്ങനെ പോകുന്നു?'' കളക്ടര്‍ സലോമി തിരക്കി.
''കാറോടിച്ചിരുന്ന ഡ്രൈവറെ അറസ്റ്റു ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് അയാളുടെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇക്കാര്യത്തില്‍ നമുക്കതേ ചെയ്യാന്‍ കഴിയൂ.'' എസ്.പി. പറഞ്ഞു.
''കാറോടിച്ചിരുന്നത് ഡ്രൈവര്‍തന്നെയാണെന്ന് വ്യക്തമാണോ?''
''അതെ. ഡോക്ടര്‍ ഡ്രൈവ് ചെയ്യുന്നത് അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാ. ദീര്‍ഘകാലമായിട്ട് സന്തോഷെന്നയാള്‍തന്നെയാണ് അദ്ദേഹത്തിന്റെ ഡ്രൈവര്‍. ഡ്രൈവറെ ഡോക്ടര്‍ക്ക് വലിയ വിശ്വാസമാണ്. ഒരു കുടുംബാംഗം പോലെയാണെന്നൊക്കെ ഡോക്ടര്‍ പറഞ്ഞു.''
''ഞാന്‍ ഈ കേസില്‍ ചിലതു സംശയിക്കുന്നുണ്ട്. അതിന് രണ്ടു കാരണങ്ങളാണുള്ളത്. ജിനേഷ് കേസു നടത്തിയതിന്റെ പേരിലാണ് പുഴക്കര വക്കച്ചന്‍ എന്നയാളിന് സ്വന്തം വീട് നഷ്ടമായത്. കേസ് പിന്‍വലിപ്പിക്കുന്നതിന് നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. വധഭീഷണിയും സാമ്പത്തികവാഗ്ദാനവും അവന്റെ നേര്‍ക്കുണ്ടായി. കുറെനാള്‍ ജിനേഷ് പോലീസ് പ്രൊട്ടക്ഷനോടുകൂടിയാ നടന്നത്. വക്കച്ചന്റെ ബംഗ്ലാവ് പൊളിച്ചു നീക്കിയിട്ട് അഞ്ചുദിവസം മാത്രമായപ്പോഴുണ്ടായ ഈ മരണം സംശയാസ്പദമാണ്.''
''ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഡോക്ടര്‍ പത്മന്‍, വക്കച്ചനുവേണ്ടി ഇങ്ങനെയൊരു വധം നടത്തിയെന്നു വിശ്വസിക്കാന്‍ പറ്റില്ല, മാഡം.''
''ഡോക്ടറാണെന്ന് ഞാന്‍ പറയുന്നില്ല.''
''പിന്നെയാര്?''
''ഡ്രൈവര്‍ക്കാകാമല്ലോ. ആ വഴിയും സംശയിക്കേണ്ടിരിക്കുന്നു.''
''എല്ലാ പഴുതുകളുമടച്ചുള്ള അന്വേഷണം ഞാന്‍ നടത്തും മാഡം.'' എസ്.പി. പറഞ്ഞു.
''ഒരുപക്ഷേ, ഇതൊരു സ്വാഭാവിക അപകടമായിരിക്കാം. അന്വേഷണം ഗൗരവമായി നടത്തേണ്ടത് നമുക്ക് ഒരു കുറ്റബോധമുണ്ടാകാതിരിക്കാനാണ്.'' അങ്ങനെ പറഞ്ഞ് കളക്ടര്‍ സലോമി കാറിനടുത്തേക്കു നടന്നു.
അതേസമയം കുന്നിന്‍ചെരിവിലെ തന്റെ തറവാട്ടുവീട്ടില്‍ ടെലിവിഷനുമുമ്പില്‍ തനിച്ചിരുന്ന് കൈയടിച്ചിരുന്നാഹ്ലാദിക്കുകയായിരുന്നു പുഴക്കര വക്കച്ചന്‍.
''എന്റെ വീട് തകര്‍ത്തിട്ട് ഇന്നഞ്ചാം ദിവസം! ഒടുങ്ങി... ചത്തു... തീര്‍ന്നു. നാളെയവന്‍ കുഴിയിലേക്ക്... മണ്ണിലേക്ക്... ഒടുക്കത്തെ ആഗ്രഹവും സാധിച്ച് അവന്‍ കഴുത്തൊടിഞ്ഞു ചത്തു. വെട്ടിപ്പിളര്‍ന്ന് പോസ്റ്റുമോര്‍ട്ടം നാളെ രാവിലെ മെഡിക്കല്‍കോളജിലെ മോര്‍ച്ചറിയില്‍... എന്റെ പകുതി സങ്കടം തീര്‍ന്നു... ഫിലോ...എടീ ഫിലോ...'' ഭാര്യയെ വിളിച്ചുകൊണ്ട് വക്കച്ചന്‍ ഈട്ടിക്കസേരയില്‍നിന്നെഴുന്നേറ്റു. ഫിലോമിന വിളികേട്ടില്ല. അടുക്കളയില്‍ തിരക്കിട്ട ജോലികളിലായിരുന്നു അവള്‍. വക്കച്ചന്‍ അങ്ങോട്ടു ചെന്നു:
''നിന്നെ എത്രതവണ വിളിച്ചെടീ പോത്തേ... വിളികേള്‍ക്കാന്‍ മേലേ?'' വക്കച്ചന്‍ ദേഷ്യപ്പെട്ടു.
''ഞാന്‍ തനിയെ ഈ അടുക്കളയില്‍കിടന്നു പണിയല്ലാരുന്നോ ഇച്ചായാ. രണ്ടു ദിവസമായിട്ട് രമണി വരുന്നില്ലെന്ന് അറിയില്ലേ?'' ഫിലോമിന പറഞ്ഞു.
''അടുക്കളപ്പണിയൊന്നു നിര്‍ത്ത്. നീയെന്റെ കൂടെവാ... നമുക്കല്പം ടിവി കാണാം. വാര്‍ത്ത കാണാം.''
''എനിക്കിപ്പം ടിവി കാണാന്‍ ഒരു താത്പര്യവുമില്ല. ഇങ്ങനെ ഒരിക്കലും വിളിച്ചിട്ടില്ലല്ലോ? എന്നാ എന്നോട് പെട്ടൊന്നൊരു സ്‌നേഹം?''
''നീ വാ. നല്ലൊരു വാര്‍ത്തയുണ്ട്. നമ്മളൊന്നിച്ചിരുന്നു കാണണ്ടതാ.'' വക്കച്ചന്‍ ഫിലോമിനയുടെ കൈ പിടിച്ചു. ഫിലോമിന ഒപ്പം ചെന്നു. ടെലിവിഷനിലിപ്പോള്‍ ജിനേഷും ക്രിസ്റ്റി തോമസും തമ്മിലുള്ള ഇന്റര്‍വ്യൂവായിരുന്നു സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്. വക്കച്ചന്റെ നെറ്റി ചുളിഞ്ഞു.
''ഇത്... നമുക്കെതിരേ കേസു കൊടുത്തവനല്ലേ? ഇതു കാണിക്കാനാണോ വിളിച്ചുകൊണ്ടുവന്നത്.'' ഫിലോമിന പറഞ്ഞു.
''എടീ, അവന്‍ കാഞ്ഞുപോയി. കുറച്ചുമുമ്പ് ബൈക്ക് ആക്‌സിഡന്റില്‍.'' വക്കച്ചന്‍ സന്തോഷത്തോടെ പറഞ്ഞു.
''ങ്‌ഹേ! നേര്?'' ഫിലോമിന അന്തിച്ചുനിന്നു.
''ഇപ്പം കാണിക്കുന്നത് അവന്റെ മഹത്ത്വം ഘോഷിക്കുന്ന ഐറ്റങ്ങളാ. കുറച്ചുമുമ്പ് സ്‌ട്രെച്ചറില്‍ പച്ചത്തുണികൊണ്ടുമൂടി ശവം മോര്‍ച്ചറിയിലേക്കു കൊണ്ടുപോകുന്നതൊക്കെയുണ്ടായിരുന്നു. ഡോക്ടര്‍ പത്ഭനാഭന്‍ അവനെ നരകത്തിലേക്ക് 'പൊക്കം' വിട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യ! അവനിനി പരലോകത്തിലെ പരിസ്ഥിതി ശരിയാക്കട്ടെ.''
ഫിലോമിനയുടെ മുഖം മങ്ങി. ഭീതിയും സങ്കടവും അവള്‍ക്കുണ്ടായി.
''അച്ചായാ... ഈ മരണത്തിന്റെ ശാപവും പാപവും നമ്മുടെ കുടുംബത്തിലേക്കാ... അല്ലേ?'' അവള്‍ നെഞ്ചുപൊട്ടി ചോദിച്ചു.
''നീ ഇല്ലാത്തതു പറയാതെ. ഞാനൊരു ശുദ്ധ പാവം.'' വക്കച്ചന്‍ കുലുങ്ങി ച്ചിരിച്ചു.
''കഷ്ടമാ കേട്ടോ... ഒന്നാന്തരം മകനുണ്ടായിരുന്നത് നിന്നനില്‍പ്പില്‍ പോയി. ഓടിച്ചാടി നടന്ന ഓമനപ്പുത്രി നിലത്തൂടെ ഇഴഞ്ഞുനടക്കാന്‍പോലും ശേഷിയില്ലാതെ കിടക്കുന്നു! പോരേ ഇതൊന്നും? മരിച്ചാ മതിയായിരുന്നു എനിക്ക്.'' ഫിലോമിന വിങ്ങിപ്പൊട്ടി.
''പൊട്ടിച്ചിരിക്കേണ്ട നേരത്ത് വിങ്ങിപ്പൊട്ടാതെടീ പെണ്ണേ. ഞാന്‍ പോകും നാളെ അവന്റെ അടക്കു കാണാന്‍. അവിടെ എല്ലാവരും കരയുമ്പം ഞാന്‍ മാത്രം ചിരിക്കും. പൊട്ടിച്ചിരിക്കും.'' വക്കച്ചന്‍ പുലമ്പി.
(തുടരും)