•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രണയ പാഠാവലി

പ്രാതിനിധ്യങ്ങളും പൊരുത്തങ്ങളും

ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും, ഭര്‍ത്താവിന്റെ മാതാപിതാക്കളുമടങ്ങുന്ന ഒരു കുടുംബം. മൂത്തകുട്ടി സ്‌കൂളില്‍ പോയിത്തുടങ്ങി. ഇളയത് കൈക്കുഞ്ഞാണ്. ഭര്‍ത്താവ് ബിസിനസ് ചെയ്യുന്നു. കടുത്ത മത്സരം നേരിടുന്ന മേഖല. ഭാര്യ വീട്ടമ്മ. ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കും വാര്‍ദ്ധക്യസഹജമായ എല്ലാ ബുദ്ധിമുട്ടുകളുമുണ്ട്. ഭാര്യയുടെ മാതാപിതാക്കളും ഏതാണ്ടൊക്കെ ഇതേ അവസ്ഥയിലാണ്.
ഈ കുടുംബപശ്ചാത്തലത്തില്‍, വീട്ടുകാരനും ഭാര്യയ്ക്കും ഉണ്ടാകുന്ന ഉത്തരവാദിത്വങ്ങള്‍ ചെറുതല്ല. ആരോഗ്യം, വരുമാനം, വിദ്യാഭ്യാസം, വ്യക്തിബന്ധങ്ങള്‍ ഇതെല്ലാം സസൂക്ഷ്മം ശ്രദ്ധിച്ചേ മുമ്പോട്ടുപോകാന്‍ കഴിയൂ. എന്നാല്‍, എല്ലാക്കാര്യങ്ങളുംകൂടി ഒരുമിച്ചു കൈകാര്യം ചെയ്യാനാകുമോ? ഇല്ല. അങ്ങനെ വരുമ്പോഴാണ് പ്രാതിനിധ്യപ്പട്ടിക ഉണ്ടാക്കേണ്ടിവരിക. ഏറ്റവും അത്യാവശ്യമുള്ളത് ആദ്യം. ബാക്കിയുള്ളത് പിന്നാലെ.
ഭാര്യാഭര്‍ത്താക്കന്മാര്‍ ഉണ്ടാക്കുന്ന പ്രാതിനിധ്യക്രമം ഒരേപോലെയാകണമെന്നില്ല. മേല്‍പ്പറഞ്ഞ കുടുംബത്തില്‍ ഭര്‍ത്താവ് ചിട്ടപ്പെടുത്തുന്ന ക്രമം ഇങ്ങനെയാകുന്നു - ബിസിനസ്, ഇളയ കുഞ്ഞ്, മാതാപിതാക്കള്‍, ഭാര്യ. 
ഭാര്യ അവസാനമായിപ്പോയത് അവളുടെ പെര്‍ഫോമന്‍സ് തീരെ മോശമായതുകൊണ്ടല്ല. അവള്‍ക്കു താനുണ്ടല്ലോ എന്ന ഒരു ഒഴുക്കന്‍ന്യായത്തിന്റെ പുറത്താണ്.
ഇനി ഭാര്യയുടെ പ്രാതിനിധ്യക്രമം നോക്കാം:
ഭര്‍ത്താവ്, മക്കള്‍, സ്വന്തം മാതാപിതാക്കള്‍, ഭര്‍ത്താവിന്റെ ജോലിക്കാര്യം - ഇങ്ങനെയാണത്.
ഇരുക്രമങ്ങളും ഒരുവിധത്തിലും പൊരുത്തപ്പെടുന്നതല്ല.
ഭര്‍ത്താവ് വിളിച്ചു പറയും: ''എന്റെ ബിസിനസ് ടെന്‍ഷനൊന്നും അവള്‍ക്കറിയണ്ടല്ലോ.''
''എന്നെക്കുറിച്ചെന്തെങ്കിലും ചിന്തയുണ്ടോ?'' അവള്‍ പരിഭവിക്കും.
പരസ്പരം സന്ധിക്കാത്ത സമാന്തരരേഖകള്‍... അവിടെ സംതൃപ്തിയില്ല, സമാധാനവുമില്ല. വ്യക്തിപരമായ യുക്തിവിചാരവും വൈകാരികതയുമാണ് അവരുടെ പ്രാതിനിധ്യങ്ങളെ രൂപപ്പെടുത്തുന്നത്. അവര്‍ ഒന്നായിട്ടില്ല. രണ്ടായിത്തന്നെ നിലകൊള്ളുന്നു. ഒന്നാെണന്നു കപടമായി കരുതുന്നതിനാല്‍ പരസ്പരം പഴി ചാരുന്നു. സ്വന്തം പ്രാതിനിധ്യം ഉത്തമമാണെന്നു ശഠിക്കുന്നു. 
ഒരു കാര്യം അനുമാനിക്കാം. അവര്‍ക്കിടയില്‍ പ്രണയത്തിന്റെ കാന്തവലയമില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദമോ, നിവൃത്തികേടോ ആയിരിക്കാം അവരെ ഒന്നിപ്പിച്ചത്.
പ്രണയസൂര്യന്‍ ഉദയം ചെയ്യുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ കൂട്ടുത്തരവാദിത്വമായി മാറുന്നു. താത്പര്യങ്ങളാകട്ടെ ഒരേപോലെ പ്രിയങ്കരവും.

 

Login log record inserted successfully!