•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

അതേ നാണയത്തില്‍

വൃത്തിയും വെടിപ്പും അല്പം കൂടുതലാണ് വീട്ടുകാരിക്ക്. കെട്ട്യോനെയും മക്കളെയും ശുചിത്വബോധത്തില്‍ വളര്‍ത്തുന്നത് താനാണെന്നാണ് വയ്പ്പ്.
ഒരുദിവസം ഓഫീസില്‍ പോകാനിറങ്ങിയ ഭര്‍ത്താവ് എന്തോ മറന്ന് തിരിഞ്ഞ് വീട്ടിനുള്ളിലേക്കു പ്രവേശിക്കുന്നു.
തറ വൃത്തിയാക്കിക്കൊണ്ടിരുന്ന ഭാര്യയുടെ പുരികം വളഞ്ഞു.
ചെരുപ്പൂരാതെയാണ് അങ്ങേര്‍ അകത്തു കയറിയത്!
''കണ്ട പട്ടിക്കാഷ്‌ഠോം വലിച്ചുകേറ്റിക്കൊണ്ട് വന്നോളും. ഞാനൊരുത്തിവേണം കെടന്ന് കഷ്ടപ്പെടാന്‍'' - ഭാര്യയുടെ കമന്ററി.
ഒന്നു ചൂളിപ്പോയെങ്കിലും അങ്ങേര്‍ പെട്ടെന്നു സമനില വീണ്ടെടുത്തു.
അതാ, 'അതേ നാണയത്തില്‍ തിരിച്ചടി' എന്ന തന്ത്രം വരവായി...
''നീയേ, ഈ മോരുകറീടെ കുപ്പി ഇതുപോലെ മുറുക്കിയടച്ചാലെങ്ങനാ? ആനേക്കൊണ്ടുവരേണ്ടി വരും, ഉച്ചയ്ക്ക് ഒന്നു തുറക്കാന്‍.''
ഇത്രയും പ്രസ്താവിച്ച്, ബാക്കിപ്രതികരണത്തിനു നില്‍ക്കാതെ കക്ഷി സ്ഥലം വിട്ടു. ഫ്രിഡ്ജില്‍ ചീഞ്ഞിരിക്കുന്ന ഒരു തക്കാളിക്കറിയെക്കുറിച്ചുകൂടി ഓര്‍ത്തെങ്കിലും പിന്നീടൊരവസരത്തിലാകാമെന്നു വച്ചിരിക്കാം.
ഒരു വീഴ്ച ചൂണ്ടിക്കാണിക്കപ്പെടുന്നിടത്താണ് തന്ത്രം തലപൊക്കുക. വീഴ്ച പിടിക്കപ്പെടുക ഒരു തോല്‍വിയാണല്ലോ. അപ്പോഴാണ് ആരോപണം നടത്തിയ വ്യക്തിക്കെതിരേ മറുകൈപ്രയോഗം നടത്തുക.
നാട്ടിലും വീട്ടിലും ജോലിസ്ഥലത്തുമെല്ലാം അരങ്ങേറാറുണ്ടിത്. ഇതിനു യാതൊരു ഗുണവുമില്ല എന്നത് വേറൊരു കാര്യം.
പങ്കാളിയുടെ മോശമായ പെരുമാറ്റത്തില്‍ മനംനൊന്താണല്ലോ കുറ്റപ്പെടുത്തലിനൊരുമ്പെടുന്നത്. എന്നാല്‍, അതു വകവയ്ക്കാതെ ഒരു സോറിപോലും പറയാതെ തിരിച്ചടിക്കുമ്പോള്‍ ഇണയ്‌ക്കെന്താവും തോന്നുക?
തനിക്ക് തികച്ചും അസ്വീകാര്യമായതിനെ ന്യായീകരിക്കുന്നു. മനസ്സില്‍ കണക്ക് സൂക്ഷിച്ചുവച്ച് സന്ദര്‍ഭം കിട്ടുമ്പോള്‍ ആക്രമിക്കുന്നു, എന്നൊക്കെയല്ലേ!
വിമര്‍ശനത്തെ ജനാധിപത്യപരമായി നേരിട്ടു പഠിക്കണം.
സോറി പറയാന്‍ വയ്യെങ്കില്‍ക്കൂടി തെറ്റില്‍നിന്നു പാഠമുള്‍ക്കൊണ്ട്, ആപത്തിലാകാതിരിക്കണം. മറുകൈപ്രയോഗം ഒഴിവാക്കുക. തിരുത്തലുകള്‍ നിര്‍ദേശിക്കാം. സൗഹൃദത്തിന്റെ അന്തരീക്ഷത്തിലും ആത്മവിശ്വാസം ഉറപ്പാക്കിക്കൊണ്ടും.

 

Login log record inserted successfully!