•  28 Mar 2024
  •  ദീപം 57
  •  നാളം 4
പ്രണയ പാഠാവലി

കാരണവരും മന്ത്രവാദിയും

പടസിദ്ധി എന്ന പ്രതിരോധതന്ത്രം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായ സ്ത്രീകളും പുരുഷന്മാരുമുണ്ട്. പ്രതീക്ഷയ്‌ക്കൊത്ത് ജീവിതം മെച്ചപ്പെടാതെ വരുമ്പോള്‍ ഈ തന്ത്രം പുറത്തെടുക്കുന്നു.
പരാജയങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും കാരണമായി അവര്‍ ചില അസ്വഭാവികകാരണങ്ങള്‍ കണ്ടെത്തും. മനുഷ്യന്റെ നിയന്ത്രണത്തിനുമപ്പുറമുള്ള കാര്യങ്ങളാണവ. മണ്‍മറഞ്ഞുപോയ കാരണവന്മാര്‍ ഈ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതാണ് ഒരു സംഗതി. മോക്ഷം കിട്ടാതെ അലയുകയാണവര്‍...  ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ് ശാപം. ഇതിന്റെയെല്ലാം ഭവിഷ്യത്തുകള്‍, തകര്‍ച്ചകളായി പരിണമിക്കുന്നു, സ്വപ്നങ്ങള്‍ വാടിക്കരിയുന്നു.
മറ്റൊന്ന്, ശത്രുക്കള്‍ കരുതിക്കൂട്ടി ചെയ്യുന്ന കാര്യങ്ങളാണ്. കൂടോത്രം, മന്ത്രവാദം തുടങ്ങിയവ.
ഇതെല്ലാം എങ്ങനെയാണ് ഗ്രഹിക്കുക? അതൊരു പ്രത്യേക സിദ്ധിയാണത്രേ. ദൈവം നേരിട്ടോ പുണ്യാത്മാക്കള്‍ വഴിയോ നല്കിയിട്ടുള്ള വരദാനം. അങ്ങനെയാണവര്‍ അതിനെക്കുറിച്ചു പറയുക!
അങ്ങനെ സ്വന്തം പ്രശ്‌നങ്ങള്‍ക്കു വിശദീകരണം കണ്ടെത്തുന്നതോടെ ബഹുജനത്തിന്റെ വരവു തുടങ്ങുകയായി. പ്രശ്‌ന പരിഹാരത്തിനായി സിദ്ധന്റെ വീട്ടുപടിക്കല്‍ ക്യൂ നീളുന്നു.
ഈ സിദ്ധിക്ക് രണ്ടു വിധത്തിലാണ് പ്രായോഗികത. ഒന്ന്, തങ്ങളുടെ വീഴ്ചകള്‍ക്ക് സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട. പൂര്‍വികരോ മന്ത്രവാദിയോ ഒക്കെ പ്രതിപ്പട്ടികയിലുണ്ടല്ലോ. അങ്ങനെ സ്വന്തം പിടിപ്പുകേട് ഒളിച്ചുവയ്ക്കാം.
രണ്ടാമത്തേത്, പരിഹാരത്തെ സംബന്ധിച്ച വ്യക്തതയില്ലായ്മയാണ്. പലപ്പോഴും പരിഹാരക്രിയകള്‍, അനന്തമായി തുടരേണ്ടവയാണ്. 'കറുത്ത ശക്തികള്‍' ചില്ലറക്കാരല്ല. അതുകൊണ്ട് അസ്വാഭാവിക ഇടപെടലുകള്‍ അവസാനിക്കാന്‍കാലതാമസം ഉണ്ടാകും.
പങ്കാളിയുടെ സ്ഥിതി നോക്കുക. ഭര്‍ത്താവ് ഒരു പുണ്യപുരുഷനായിരിക്കുന്നു! ഇതില്‍ക്കൂടുതലെന്തു വേണം? ജപ്തി, ലോണ്‍, വിവാഹതടസ്സം, രോഗങ്ങള്‍ - എല്ലാറ്റിനും അതിന്റെതായ കാരണങ്ങളുണ്ട്. അതവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു... പക്ഷേ, ഇത് ഒരു വശം മാത്രമാണ്. മറുവശത്ത്, അയാളുടെ മനോഭാവങ്ങള്‍ ഇളക്കമില്ലാതെ നില്പുണ്ട്. അവള്‍ക്കയാള്‍ കരുണ നല്കാറില്ല. ദേഷ്യം വരുമ്പോള്‍, അവള്‍ക്കും ദുരാത്മാവുണ്ടെന്നയാള്‍ വിളിച്ചുകൂവും! ചിലപ്പോള്‍ ദേഹോപദ്രവമേല്പിക്കും. കാരണം, അയാളുടെ സിദ്ധി കപടമാണല്ലോ. കേവലം പ്രതിരോധതന്ത്രം.
മറ്റുള്ളവരുടെ കുടുംബപ്രശ്‌നങ്ങള്‍ക്ക് അയാള്‍ നിര്‍ദേശിക്കുന്ന പാഠങ്ങള്‍ സ്വന്തം പുരയില്‍ നടപ്പാക്കുന്നില്ലല്ലോ എന്നവള്‍ വേദനിക്കുന്നു. ഭാര്യയെ എങ്ങനെ കരുതണമെന്ന് അയാള്‍ നല്‍കുന്ന സുവിശേഷങ്ങള്‍, തനിക്കു നിഷേധിക്കപ്പെടുമ്പോള്‍ അവള്‍ ഒറ്റപ്പെടുന്നു. 
പുണ്യപ്രതീകത്തിനും പ്രണയനിഷേധത്തിനുമിടയില്‍ എരിഞ്ഞടങ്ങേണ്ടതാണോ അവളുടെ ജന്മം?

 

Login log record inserted successfully!