തിങ്കളാഴ്ച രാവിലെ ആറുമണിക്ക് കളക്ടര്‍ സലോമിക്ക് സുമന്‍ബാബുവിന്റെ കോള്‍ വന്നു. നാലരയ്ക്കുണര്‍ന്ന അവള്‍ കുളിച്ചു ഫ്രെഷായി ഓഫീസ് മുറിയിലെ കസേരയില്‍ ചില സുപ്രധാന ഫയലുകള്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
''ഹലോ... സലോമീ ഗുഡ്‌മോണിംഗ്.'' ഫോണില്‍ സുമന്‍ബാബുവിന്റെ മുഴക്കമുള്ള ശബ്ദം.
''ഗുഡ്‌മോണിംഗ് സുമന്‍. എന്തുപറയുന്നു രാവിലെ?''
''തിരക്കു കുറഞ്ഞ നേരം നോക്കി കളക്ടര്‍സാറിനെ ഒന്നു വിളിച്ചതല്ലേ?''
''സന്തോഷം. അമ്മയുമായി കാര്യങ്ങളൊക്കെ സംസാരിച്ചു, കേട്ടോ.''
''ശ്ശെ! എന്നിട്ടിതുവരെ അക്കാര്യം എന്നോടൊന്നു പറഞ്ഞില്ലല്ലോ?''
''അതിലും പ്രധാനപ്പെട്ട കാര്യങ്ങളില്‍ എന്‍ഗേജ്ഡായിപ്പോയി, സുമന്‍.''
''കഷ്ടമാണ്. എന്റെയൊരാകാംക്ഷ സലോമി തീരെ പരിഗണിച്ചില്ല. അര്‍ദ്ധരാത്രിയിലായാലും വിളിച്ചൊരു വാക്ക് പറയാമായിരുന്നു.''
''സോറി സുമന്‍. പറ്റിയില്ല. എന്തുചെയ്യാം.''
''കാര്യങ്ങള്‍ നമുക്ക് മുമ്പോട്ടു നീക്കണ്ടേ? ചില നാട്ടുനടപ്പും രീതികളുമൊക്കെയുണ്ടല്ലോ. കാണാന്‍ വരവും ഉറപ്പിക്കലുമൊക്കെ. അതൊക്കെ ഒഴിവാക്കാനാവില്ലല്ലോ. എന്റപ്പനും അമ്മയും പെങ്ങളും ചിറ്റപ്പനും അമ്മായിയുമൊക്കെ ഏതു സമയത്തും റെഡിയാ. അവര് സലോമിയുടെ കാര്യത്തില്‍ വലിയ ത്രില്ലിലാ.''
''സുമന്‍, പെട്ടെന്നൊരു കല്യാണം എന്റെ കാര്യത്തില്‍ ഒട്ടും എളുപ്പമല്ല. അതിന് ചില പ്രതിസന്ധികളുമുണ്ട്. എന്റെയമ്മ തനിച്ചുതാമസിക്കുന്ന ചെറിയ വീട്ടില്‍ ഒരു ഫങ്ഷന്‍ നടത്താനുള്ള ഒരു സൗകര്യവുമില്ല. അവിടെ വാഹനംപോലുമെത്തില്ല.''
''അതിനു വീട്ടില്‍വച്ചു വേണമെന്നില്ലല്ലോ.കളക്ടറുടെ ഔദ്യോഗികവസതിയില്‍വച്ച് കാണല്‍ ചടങ്ങും പള്ളിയുടെ പാരീഷ് ഹാളില്‍വച്ച് കല്യാണസല്‍ക്കാരവും നടത്താമല്ലോ?''
''വീട്ടില്‍വച്ചു നടക്കേണ്ടത് അങ്ങനെതന്നെവേണം. ടൗണില്‍ കുറച്ചു സ്ഥലവും വീടുംകൂടി വാങ്ങണമെന്നാണ് ആഗ്രഹം. പിന്നെ ഒരു കാര്യം തുറന്നു പറയാം. എനിക്കു കല്യാണമാലോചിക്കാനും അതു സാധാരണനിലയില്‍ ഭംഗിയായി നടത്താനുമൊന്നും പാവം അമ്മയ്ക്കു കഴിയില്ല. മുഴുവന്‍ കാര്യങ്ങളും ഞാന്‍തന്നെ അറേഞ്ച് ചെയ്യണം. ഇവിടെ ചാര്‍ജെടുത്തതേ കല്യാണത്തിലേക്കെടുത്തു ചാടാന്‍ എനിക്കു സാഹചര്യവുമില്ല.''
''പെട്ടെന്നു വേണമെന്നൊന്നും എനിക്കു നിര്‍ബന്ധമില്ല. തത്ക്കാലം നിശ്ചയമെങ്കിലും നടത്തണമെന്നേയുള്ളൂ.''
''സുമന്റെ വീട്ടുകാര്‍ വേറേ കല്യാണാലോചന തുടങ്ങിയിരുന്നോ?''
''ആലോചനകള്‍ വരുന്നുണ്ട്. മറ്റൊരു കാര്യം. പെങ്ങള്‍ സൗദിയില്‍ നേഴ്‌സാ. ഇപ്പോഴവള്‍ അവധിക്കു വന്നിട്ടുണ്ട്. ഇനി പോയാല്‍ രണ്ടുവര്‍ഷമെങ്കിലും കഴിയാതെ വരാനൊക്കില്ല. എന്റെ കല്യാണം കൂടിയിട്ടു പോകണമെന്നുണ്ടവള്‍ക്ക്.''
''സുമന്‍, എന്റെ കാര്യത്തില്‍ ഒരു വര്‍ഷമെങ്കിലും കഴിയാതെ കല്യാണം ചിന്തിക്കാനേ കഴിയില്ല.''
''അത്രയുമങ്ങ് നീട്ടിവയ്ക്കണോ സലോമീ.''
''വേണ്ടി വരും സുമന്‍.''
''സാരമില്ല. ഞാന്‍ കാത്തിരിക്കാം. പിന്നെ മറ്റൊരു കാര്യം സൂചിപ്പിക്കാനുണ്ടായിരുന്നു.''
''എന്താ... പറയ്.''
''പുഴക്കരവക്കച്ചന്റെ വീടുപൊളിച്ചുനീക്കിയത് അപ്പനെ കൊല്ലിച്ചതിന്റെ പകരംവീട്ടലാണെന്നൊരു വാര്‍ത്ത പരക്കുന്നുണ്ട്. ആ കേസില്‍ അല്പം കണ്ണുവാട്ടം കണ്ടിരുന്നെങ്കില്‍ ഇങ്ങനെയൊരു നാറ്റമുണ്ടാവില്ലായിരുന്നു.''
''സുമന്‍, ഞാനീ കളക്ടറുടെ കസേരയിലിരിക്കുന്നത് നീതിയുക്തമായി കാര്യങ്ങള്‍ ചെയ്യാനാ. അതു ചെയ്തിരിക്കും.''
''ഫീലു ചെയ്‌തോ? ഞാന്‍... വെറുതേ ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ.''
''മരിച്ചുപോയ എന്റപ്പന്‍ സുമന് ഒരു പ്രശ്‌നമായി തോന്നുന്നുണ്ടെങ്കില്‍ നമ്മള്‍ക്കിത് ഇവിടവസാനിപ്പിക്കാം.''
''ഇല്ല. സലോമി. എനിക്കങ്ങനെയൊന്നുമില്ല. വീട്ടുകാര്‍ക്കുമില്ല.''
''ശരി. അല്പം തിരക്കുണ്ട്. വയ്ക്കുകാ.'' സലോമി കോള്‍ കട്ടാക്കി.
സലോമി കസേരയില്‍ പിറകോട്ടു ചാരിയിരുന്നു. സുമന്‍ ഇങ്ങനെയൊരാളാണെന്നു കരുതിയില്ല. അവനെയും ചേര്‍ത്ത് സ്വപ്നങ്ങള്‍ നെയ്‌തെടുക്കുകയും ചെയ്തു. ഒന്നും വേണ്ടായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. തന്നെപ്പോലൊരാള്‍ക്ക് ഒരിക്കലും സന്തോഷകരമായ വിവാഹജീവിതമുണ്ടായേക്കില്ലെന്നും അവള്‍ ചിന്തിച്ചു.
വാതിലില്‍ മെല്ലെ തട്ടിയിട്ട് സുമലത ചായയുമായി കടന്നുവന്നു. സലോമി ഗാഢമായ ചിന്തയിലാണെന്നുകണ്ട് ചായക്കപ്പ് മെല്ലെ മേശയില്‍ വച്ച് ഇറങ്ങിപ്പോയി.
പത്രങ്ങളെല്ലാം വിശദമായി വായിച്ചപ്പോള്‍ മീഡിയാസിനു മുമ്പില്‍ ചിലതു വിശദീകരിക്കണമെന്നു തോന്നി. പതിനൊന്നുമണിക്ക് പ്രസ്‌ക്ലബില്‍ പ്രസ്മീറ്റ്ഏര്‍പ്പാടു ചെയ്തു. പുഴക്കരബംഗ്ലാവു സംബന്ധിച്ച വിഷയം വിശദീകരിക്കുകയായിരുന്നു ലക്ഷ്യം. അതുമായി ബന്ധപ്പെട്ട വിവിധ തീര്‍പ്പുകളും കോടതി യുത്തരവിന്റെ കോപ്പികളുമായി കൃത്യസമയത്ത് കളക്ടര്‍ പ്രസ്‌ക്ലബിലെത്തി. മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും അപ്പോള്‍ ഹാളില്‍ സന്നിഹിതരായിരുന്നു.
പതിനൊന്നു പത്തിന് വാര്‍ത്താസമ്മേളനമാരംഭിച്ചു.
കളക്ടര്‍ സലോമി ആദ്യം മാധ്യമപ്രവര്‍ത്തകരെ കൈകൂപ്പി നമസ്‌കരിച്ചു.
''പുഴക്കരബംഗ്ലാവ് കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയത് വ്യക്തമായ കോടതിവിധിയുടെ അടിസ്ഥാനത്തിലായിരുന്നു. അതിലേക്കു നയിച്ച തീരുമാനങ്ങളും കോടതിയുത്തരവുകളും ഞാന്‍ നിങ്ങള്‍ക്കു മുമ്പില്‍ വയ്ക്കുകയാണ്. വ്യക്തിപരമായി എന്നെ ആക്ഷേപിക്കുന്ന വാര്‍ത്തകള്‍ ചില പത്രങ്ങളിലും ചാനലുകളിലും വന്നതുകൊണ്ടാണ് ഞാന്‍ വിശദീകരിക്കാനെത്തിയത്.'' കളക്ടര്‍ ചുരുക്കമായി വിശദീകരിച്ചു.
''കോടതിയുത്തരവിന്റെ പേരിലാണ് കെട്ടിടം പൊളിച്ചതെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു തര്‍ക്കമില്ല. പക്ഷേ, സ്വന്തം പിതൃഘാതകനോടു പകരം വീട്ടാന്‍ കളക്ടര്‍ക്ക് ഈ നടപടിയിലൂടെ കഴിഞ്ഞു എന്ന ഒരു വിലയിരുത്തലുണ്ടായിട്ടുണ്ട്.'' ഏഷ്യാന്യൂസിന്റെ മനോജ് പ്രഭാകര്‍ പറഞ്ഞു.
''എന്റെ പിതൃഘാതകന്‍ പുഴക്കര വക്കച്ചനാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. അദ്ദേഹം പ്രതിപ്പട്ടികയിലുമില്ല.'' സലോമി മറുപടി കൊടുത്തു.
''മാത്തന്‍കൊലപാതകവുമായി വക്കച്ചനു നേരിട്ട് ബന്ധമില്ലെങ്കിലും പ്രേരണ നല്കിയത് അയാളാണെന്ന് പരക്കെ പറച്ചിലുള്ളതാണ്.'' ന്യൂസ് ടൈമിലെ രേണുക സൂചിപ്പിച്ചു.
''പരക്കെപ്പറച്ചിലുകളെപ്പറ്റി എനിക്കറിയില്ല.''
''കളക്ടര്‍ സാര്‍, ഇക്കാര്യത്തില്‍ അങ്ങ് നിയമം നടപ്പാക്കുകയാണ് ചെയ്തത്. കോടതിവിധികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കാതെ കിടക്കുന്ന സാഹചര്യമിന്നുണ്ട്. താങ്കളുടെ ധീരമായ നടപടിയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.'' ദീപികയുടെ ബിജു മാത്യു പറഞ്ഞു.
കാലന്‍മാത്തന്‍വധക്കേസില്‍ വേണ്ടത്ര തെളിവില്ലാത്തിന്റെ പേരിലും സാക്ഷികളില്ലാത്തതിന്റെ പേരിലും പ്രതികളെ വെറുതേ വിടുകയാണുണ്ടായത്. കാര്യമായ ഒരന്വേഷണം അന്നുണ്ടായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അക്കാലത്ത് പ്രേരണക്കുറ്റം പോലീസും കോടതികളും കാര്യമായെടുത്തിരുന്നില്ല. ഇന്ന് ആ കേസ് പുനരന്വേഷിക്കുന്നതിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ മേഡം ഉദ്ദേശിക്കുന്നുണ്ടോ?'' ഇന്ത്യ ടുഡെയുടെ ശ്രീകുമാര്‍ ചോദിച്ചു.
സലോമിയുടെ ഹൃദയത്തില്‍ ആ ചോദ്യം മുറിവേല്പിച്ചു.
''ഞാന്‍ പ്രതികാരം ചെയ്തു എന്ന അഭിപ്രായമുള്ള ആരെങ്കിലും ഇനിയുമുണ്ടോ?'' സലോമി എടുത്തു ചോദിച്ചു.
''ഇല്ല.''
എല്ലാവരുംകൂടി പറഞ്ഞു. ശ്രീകുമാറിന്റെ ചോദ്യത്തിന് സലോമി മറുപടി പറഞ്ഞില്ല.
''മേഡം, എന്റെ ചോദ്യം കേട്ടില്ലേ? മറുപടിയുണ്ടായില്ല.'' ശ്രീകുമാര്‍ എഴുന്നേറ്റുനിന്ന് ഉച്ചത്തില്‍ ചോദിച്ചു.
''ചോദ്യം കേട്ടു. ജില്ലാകളക്ടര്‍ എന്ന നിലയിലാണ് ഞാനിപ്പോള്‍ പ്രസ്മീറ്റ് വിളിച്ചത്. ചോദിച്ചത് വ്യക്തിപരമായ കാര്യമാണ്. കൊല്ലപ്പെട്ടയാളിന്റെ മകളെന്ന നിലയില്‍ ഞാനെന്തു ചെയ്യുമെന്ന് ഇത്തരമൊരു യോഗത്തില്‍ പറയുന്നത് ഉചിതമല്ല.'' സലോമി വ്യക്തമാക്കി.
കൂടുതല്‍ ചോദ്യങ്ങളുണ്ടായില്ല. വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് സലോമി എഴുന്നേറ്റു. പ്രസ് ക്ലബിന്റെ മുറ്റത്തെത്തിയപ്പോള്‍ ചാനലുകാര്‍ അവളെ പൊതിഞ്ഞു. എന്തെങ്കിലും വിവാദമാകാവുന്ന പ്രതികരണമായിരുന്നു ലക്ഷ്യം.
''ഇല്ല. ഇനിയൊന്നും എനിക്കു പറയാനില്ല.'' ആരോടും ഒന്നും പറയാതെ കളക്ടര്‍ സലോമി കാറില്‍ക്കയറി സ്ഥലം വിട്ടു. എട്ടുമിനിറ്റുകൊണ്ട് കളക്‌ട്രേറ്റിലെത്തി. ഓഫീസ് റൂമിലെത്തിയ ഉടനെ സലോമി ഒരു ഗ്ലാസ് വെള്ളം കുടിച്ചു. കേരള സമൂഹം പൊതുവേ തന്റെ നടപടി അംഗീകരിച്ചതായി അവള്‍ക്കു തോന്നി. ടോപ്‌റാങ്കിലുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥര്‍വരെ സലോമിയെ വിളിച്ച് അഭിന്ദനമറിയിച്ചു. ഒരു വിഭാഗം പത്രക്കാരും സഹപ്രവര്‍ത്തകരും പക്ഷേ, അപ്പന്റെ ചരിത്രം കൂട്ടിവച്ച് തന്നെ താഴ്ത്തിക്കെട്ടാനും മനസ്സിടിക്കാനുമാണ് ശ്രമിച്ചത്. എല്ലാം നേരിട്ടു തന്നെ മുമ്പോട്ടു നീങ്ങണം.
അപ്പോള്‍ സലോമിയുടെ പേഴ്‌സണല്‍ ഫോണ്‍ ശബ്ദിച്ചു.
എടുത്തുനോക്കിയപ്പോള്‍ അഡ്വക്കേറ്റ് സുമിത്രയാണ്.
''ഹലോ, അഡ്വക്കേറ്റ് സുമിത്ര, പറഞ്ഞോളൂ.''
''ഹൊ! എന്റെ നമ്പരും പേരുമൊക്കെ മേഡത്തിന്റെ ഫോണിലുണ്ടോ?''
''ഉണ്ടല്ലോ. അതല്ലേ പേരു പറഞ്ഞത്?''
''ഞാന്‍ വിളിച്ചത് കാര്യമായിട്ടൊന്നഭിനന്ദിക്കാനാ. കഴിഞ്ഞ ദിവസം കളക്ടറേറ്റിനു മുമ്പില്‍ പ്രസംഗിച്ചപ്പോള്‍ കുറ്റപ്പെടുത്തി പറഞ്ഞതൊക്കെ ക്ഷമിക്കണം കേട്ടോ.''
''ക്ഷമിച്ചു, മറന്നു അതൊക്കെ.''
''ഞങ്ങള്‍ പരിസ്ഥിതിക്കാര്‍ക്ക് വളരെക്കാലംകൂടി ലഭിക്കുന്ന ഒരു വിജയമാണിത്. ഇത് ഞങ്ങളുടെ മാത്രമല്ല, മേഡത്തിന്റേതു കൂടിയാണ്.''
''താങ്ക്‌യൂ... താങ്ക്‌യൂ അഡ്വക്കേറ്റ് സുമിത്രാ.''