സംസ്‌കൃതത്തില്‍ വിസര്‍ഗത്തിന് വ്യതിരിക്തവര്‍ണമെന്ന നിലയുണ്ട്. മലയാളത്തിലാകട്ടെ, സംസ്‌കൃതത്തില്‍നിന്നു കടംകൊണ്ട ഏതാനും വാക്കുകളില്‍ വിസര്‍ഗം നിലനിര്‍ത്തിയിരിക്കുന്നു. മലയാളത്തിന്റെ വര്‍ണ്ണവ്യവസ്ഥയുമായി പൊരുത്തപ്പെടാത്ത ചിഹ്നമാണ് വിസര്‍ഗം. സംസ്‌കൃതത്തിലെപ്പോലെ മലയാളികള്‍ വിസര്‍ഗത്തെ ഉച്ചരിക്കാറുമില്ല. തന്മൂലം വിസര്‍ഗത്തിന്റെ ഉച്ചാരണത്തിലും എഴുത്തിലും ഒട്ടേറെ ശൈഥില്യങ്ങള്‍ കടന്നുകൂടി.
''ബഹിഃസ്ഫുരണം'' എന്നു വിസര്‍ഗം ചേര്‍ന്ന രൂപംകൂടാതെ, ''ബഹിര്‍സ്ഫുരണം'' എന്നൊരു രൂപംകൂടി പ്രചാരത്തിലുണ്ട്. രണ്ടും ശരിയെന്നവിധം ഉറച്ചുപോയിരിക്കുന്നു. ഇവയെ നിലവിലുള്ള നിയമംവച്ചു സാധൂകരിക്കാനാവുമോ എന്നു നോക്കാം. ബഹിഃസ്ഫുരണം എന്നിടത്തെ പൂര്‍വപദം ബഹിസ് (സ്വതന്ത്രപദമായി പ്രയോഗമില്ല) ആണ്; ബഹിഃ അല്ല. ബഹിസ് എന്ന വിശേഷണത്തിന് വെളിയിലേക്കുള്ള എന്നര്‍ത്ഥം. സന്ധിയില്‍ 'ബഹിസ്', പിന്നില്‍ വരുന്ന അക്ഷരത്തിന്റെ സ്വഭാവമനുസരിച്ച് ബഹിഃ, ബഹിര്‍, ബഹിശ്, ബഹിസ്, ബഹിഷ് എന്നെല്ലാം രൂപം മാറാം. അങ്ങനെ ബഹിസ് + സ്ഫുരണം സന്ധി ചെയ്യുമ്പോള്‍ ബഹിഃസ്ഫുരണം എന്നാകുന്നു. ''പദത്തിന്റെ അവസാനത്തില്‍ സ കാരവും രേഫവും വിസര്‍ഗമാകും. മനസ് - മനഃ, തപസ് - തപഃ, പുനര്‍ - പുനഃ, ഗീര്‍ - ഗീഃ, അന്തര്‍ - അന്തഃ'' * എന്നിങ്ങനെ ഉദാഹണം. ബഹിസ്, സ്ഫുരണം എന്നീ വാക്കുകള്‍ സന്ധി ചെയ്തപ്പോള്‍ 'സ'കാരത്തിന് വിസര്‍ഗാദേശം വന്നു. ബഹിഃസ്ഫുരണമായി; പുറത്തേക്കു പ്രകാശിക്കല്‍ എന്നര്‍ത്ഥവും.
ബഹിഃസ്ഫുരണം എന്നിടത്തെ പൂര്‍വപദം 'ബഹിര്‍' എന്നു ധരിച്ചതിന്റെ ഫലമാകാം ബഹിര്‍സ്ഫുരണം. അങ്ങനെ വന്നാലും സന്ധിയില്‍ രേഫം വിസര്‍ഗമാകുമെന്ന് മുന്‍പറഞ്ഞ നിയമത്തില്‍നിന്നു മനസ്സിലാക്കാം. 'ബഹിര്‍സ്ഫുരണം' ഏറെ പ്രചരിച്ചിട്ടുണ്ടെങ്കിലും സംസ്‌കൃതപദമായതിനാല്‍ ബഹിഃസ്ഫുരണം' എന്നുതന്നെ പ്രയോഗിക്കുന്നതാണു നല്ലത്.
*രാമചന്ദ്രപൈ, കെ.വി., വ്യാകരണപഠനങ്ങള്‍, ലില്ലി പബ്ലീഷിങ് ഹൗസ്, ചങ്ങനാശ്ശേരി, 2009, പുറം: 76.