''പറയുന്നതൊന്നും കേട്ട ഭാവമേയില്ല. വേറേതോ ലോത്തിലാണ്.'' ഒരാള്‍ക്ക് സ്വന്തം പങ്കാളിയെക്കുറിച്ചുള്ള പരാതിയാണ്.
ഇതു മനഃപൂര്‍വ്വമുള്ള അവഗണനയല്ല. അവര്‍ യാഥാര്‍ത്ഥ്യത്തില്‍നിന്നു വളരെയേറെ അകലെയുള്ള ഒരു ലോകത്തിലാണ്. മനോരാജ്യമാണ് ഈ പ്രതിരോധതന്ത്രം.
ഇക്കൂട്ടര്‍ മിക്കപ്പോഴും ദിവാസ്വപ്നത്തില്‍ മുഴുകിയിരിക്കും. വിവാഹിതരും അവിവാഹിതരും ഇക്കാര്യത്തില്‍ ഒരുപോലെയാണ്.
ചെയ്യുന്ന ജോലിയില്‍ പിഴവു പറ്റുക, ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുക - ഇതൊക്കെ നിത്യസംഭവങ്ങളായിരിക്കും.
കയ്‌പേറിയ യാഥാര്‍ത്ഥ്യങ്ങളുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ല. പരാജയമോ തിരിച്ചടിയോ ഒക്കെയാണ് അനുഭവം. അപ്പോഴാണ് ആത്മസാക്ഷാത്കാരത്തിനായി മനസ്സ് ഈ തന്ത്രത്തെ കൂട്ടുപിടിക്കുന്നത്.
ഭാവനയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്നു... മോഹപ്പക്ഷികള്‍ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരുകയായി...
പേരും പെരുമയും കിട്ടാത്തവര്‍ കലാകായികരംഗത്തെ താരങ്ങളായി വിരാജിക്കുന്നു. നല്ല വീടില്ലാത്തവര്‍ കൊട്ടാരസദൃശ്യങ്ങളായ ബംഗ്ലാവുകളില്‍ ചേക്കേറുന്നു...
സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയില്ലാത്തവര്‍ക്ക് രാഷ്ട്രീയനേതാക്കന്മാരും, ഉന്നതപോലീസുദ്യോഗസ്ഥരും ചങ്ങാതിമാരാണ്!
പ്രണയം നഷ്ടപ്പെട്ടവര്‍...
പ്രണയം കൊതിക്കുന്നവര്‍...
തനിക്കിണങ്ങിയ പങ്കാളിക്കൊപ്പം മായികലോകത്തില്‍ വിഹരിക്കുന്നു.
മനോരാജ്യത്തില്‍ ചോദിക്കാനും പറയാനും ആരുമില്ല.
ഒക്കെ നമ്മുടെ നിബന്ധനയ്ക്കനുസരിച്ചാണ്.
പക്ഷേ, ഒരു പ്രതിസന്ധി രൂപപ്പെടുമ്പോള്‍, ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോള്‍, മനോരാജ്യക്കാരന്റെ സംഭാവന പൂജ്യമായിരിക്കും. മറ്റേ പങ്കാളി, ഒറ്റയ്ക്കായി പോകുകയും ജീവിതയാത്രയില്‍ കാലിടറുകയും ചെയ്യും.
മനോരാജ്യം, സ്വയം സുഖിക്കാനുള്ള ഒരു ഉപാധിയല്ല. അതൊരു നിവൃത്തികേടാണ്. മക്കളില്‍ അത്തരം പ്രവണതകളുണ്ടെങ്കില്‍ വിവാഹത്തിനുമുമ്പേ തിരുത്തപ്പെടാനുള്ള സാഹചര്യം മാതാപിതാക്കന്മാരൊരുക്കണം. വിവാഹശേഷമാകട്ടെ, പങ്കാളിയുടെ കരുണയിലാശ്രയിച്ചായിരിക്കും മുമ്പോട്ടുള്ള കാര്യങ്ങള്‍.