ഒരു സംഘം ആളുകള്‍ എതിരിടാന്‍ വരുമ്പോഴും അവരോട് ഒറ്റയ്ക്കുനിന്നു പോരടിക്കാന്‍ മാത്രം ധീരനും കരുത്തനുമാണ് സിനിമയിലെ നായകന്‍. നായകന്‍, വീരനായി മാറുന്നില്ലെങ്കില്‍ ആ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുകയില്ല. കാരണം, നായകനില്‍നിന്ന് ആളുകള്‍ വേണ്ടതിലുമധികം പ്രതീക്ഷിക്കുന്നുണ്ട്. പരാജയപ്പെടാന്‍ നിരവധി കാരണങ്ങളുള്ള സിനിമയായിരുന്നു വിലായത്ത് ബുദ്ധയെങ്കില്‍ക്കൂടി ആ സിനിമയുടെ പരാജയത്തിനു പിന്നിലെ കാരണങ്ങളിലൊന്നായി ഡബിള്‍ മോഹനന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പൃഥിരാജിന് വീരസ്യവും നായകത്വവും കുറവായിരുന്നുവെന്ന് പരക്കെയൊരു പ്രചാരണമുണ്ട്. നായകന്‍ വീരശൂരപരാക്രമിയായിരിക്കണമെന്ന പാരമ്പര്യശാസ്ത്രത്തില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ നമ്മുടെ പ്രേക്ഷകസമൂഹത്തിനു സാധിച്ചിട്ടില്ല എന്നു ചുരുക്കം. ഇത്തരത്തിലുള്ള നായകസങ്കല്പങ്ങളെ പാടേ കടപുഴക്കിയെറിഞ്ഞുകൊണ്ട് വില്ലന്‍ കഥാപാത്രം ചെയ്തിരുന്ന നടന്‍ നായകനും നായകവേഷം ചെയ്തിരുന്ന നടന്‍ വില്ലനുമായി വേഷങ്ങള്‍ വച്ചുമാറ്റം നടത്തിയിരിക്കുന്ന ദൃശ്യാനുഭവമാണ് ജിതിന്റെ, കളങ്കാവല്‍ എന്ന സിനിമ. ഫാമിലിമാന്‍ എന്നു പൊതുവെ ഒരു വിശേഷണമുള്ള, ഏറെക്കുറെ ധാര്‍മ്മികതയുടെ പരിവേഷമെന്നു വാഴ്ത്തപ്പെടുന്ന നടനാണ് മമ്മൂട്ടി. സ്ത്രീകളുമായി ഇഴുകിച്ചേര്‍ന്നുള്ള അഭിനയമൊന്നും കുറെ വര്‍ഷങ്ങളായി അദ്ദേഹം നടത്താറില്ല. എന്നാല്‍, ആദ്യകാലങ്ങളില്‍ അത്തരം വേഷങ്ങളുണ്ടായിട്ടുണ്ട് എന്ന് ആരും ഇപ്പോള്‍ ഓര്‍മ്മിക്കാറുമില്ല. അങ്ങനെയുള്ള മമ്മൂട്ടിയാണ് സ്ത്രീലമ്പടനും കൊലപാതകിയുമായി വേഷമിട്ട് നായകസങ്കല്പത്തെത്തന്നെ അടിമുടി മാറ്റിമറിച്ചും താരപരിവേഷം വേണ്ടെന്നുവച്ചും കളങ്കാവല്‍ നിര്‍മ്മിച്ച് അഭിനയിച്ചിരിക്കുന്നത്.
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഒരു നടന്റെ അഭിവാഞ്ഛയുടെ മികച്ച തെളിവാണ് കളങ്കാവല്‍ സിനിമയിലെ മമ്മൂട്ടിയുടെ പ്രതിനായകവേഷം. സൗമ്യന്‍ എന്ന ധാരണ പരക്കെയുണര്‍ത്തിക്കൊണ്ടാണ് ഈ കേന്ദ്രകഥാപാത്രം സ്ത്രീകളെ വശീകരിക്കുന്നതും അവരെ പിന്നീട് കൊല ചെയ്യുന്നതും. അഭിനയത്തോടുളള അടങ്ങാത്ത ദാഹമാണ് 74-ാം വയസ്സിലും വ്യത്യസ്തതരം പരീക്ഷണങ്ങള്‍ നടത്താന്‍ മമ്മൂട്ടിയെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ അഭിമുഖംവരെ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ കണ്ടുപഴകിയ കഥാപാത്രമുഖങ്ങളില്‍നിന്നു വ്യത്യസ്തനായ മമ്മൂട്ടിയാണ് കളങ്കാവലിന്റെ ആകര്‍ഷണം. പത്തോ ഇരുപതോവര്‍ഷം മുമ്പ് യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കൊലപാതകപരമ്പരയുടെ കേന്ദ്രപ്രമേയത്തില്‍ നിന്നാണ് ചിത്രം പിറവിയെടുത്തിരിക്കുന്നത്.
എന്നാല്‍, മമ്മൂട്ടി അവതരിപ്പിച്ച ആദ്യത്തെ വില്ലന്‍വേഷമാണോ കളങ്കാവലിലേത്? ഒരിക്കലുമല്ല. വിധേയന്‍, അറിയിപ്പ്, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ഭ്രമയുഗം തുടങ്ങിയ സിനിമകളിലെല്ലാം മമ്മൂട്ടി അവതരിപ്പിച്ചത് നെഗറ്റീവ്‌ഷേഡുള്ള കഥാപാത്രങ്ങളെത്തന്നെയായിരുന്നു. എന്നാല്‍, ഒരു വില്ലന്‍കഥാപാത്രത്തെ അവതരിപ്പിച്ച് ആ കഥാപാത്രത്തെ നായകനാക്കി മാറ്റിയതിന്റെ പേരിലുള്ള ഖ്യാതിയും മമ്മൂട്ടിക്കുതന്നെയാണ്. എംടി - ഹരിഹരന്‍ ടീമിന്റെ ഒരു വടക്കന്‍വീരഗാഥ എന്ന സിനിമ ഓര്‍മ്മയില്ലേ, പാണന്‍ പാടിപ്പതിഞ്ഞ പഴംപാട്ടിലെല്ലാം ചന്തു ചതിയനായിരുന്നു. ആ ചന്തുവിനെയാണ് വടക്കന്‍വീരഗാഥയില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. പക്ഷേ, വില്ലനെന്നു കരുതിയ കഥാപാത്രം ഒടുവില്‍ നായകനായി മാറിയ മാജിക്കും മലയാളികള്‍ കണ്ടു. എംടിയുടെ കൈയൊപ്പ് അതില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്തു.
പടയോട്ടത്തിലെ കമ്മാരനും കാണാതായ പെണ്‍കുട്ടിയിലെ ജാരനുമൊക്കെയാണ് നെഗറ്റീവ് ഷേഡുള്ള മമ്മൂട്ടിക്കഥാപാത്രങ്ങളുടെ ചില പഴയ പതിപ്പുകള്‍. സാമ്രാജ്യംപോലെയുളള സിനിമകളില്‍ അധോലോകനായകനെയാണ് അവതരിപ്പിച്ചിരുന്നതെങ്കിലും ആ കഥാപാത്രത്തെ നായകനായിത്തന്നെയാണ് പ്രേക്ഷകര്‍ കണക്കാക്കിയതും സ്വീകരിച്ചതും. അഴകിയ രാവണനില്‍ നെഗറ്റീവായിരുന്നുവെങ്കിലും അവസാനഭാഗമാകുമ്പോഴേക്കും ആ കഥാപാത്രം നായകനായി സംസ്‌കരിക്കപ്പെടുന്നുണ്ട്. അങ്ങനെ പതുക്കെപ്പതുക്കെ നായകനിലേക്കും മെഗാസ്റ്റാര്‍ പദവിയിലേക്കും വളര്‍ന്നുവന്നതിനിടയില്‍ മമ്മൂട്ടി പൂര്‍ണ്ണമായും വില്ലന്‍വേഷങ്ങളെ ഒഴിവാക്കുകയാണ് ചെയ്തത്. അതിന് അപവാദമായിരുന്നു അടൂരിന്റെ വിധേയനിലെ ഭാസ്‌ക്കരപട്ടേലര്‍. ഒരൊറ്റപ്പെട്ട സംഭവമായി അതു കണക്കാക്കിയെങ്കിലും ആ പതിവ് തിരുത്തപ്പെട്ടതിനാണ് പിന്നീട് രഞ്ജിത്തിന്റെ പാലേരിമാണിക്യം സാക്ഷ്യം വഹിച്ചത്. പ്രസ്തുത ചിത്രത്തില്‍ മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ അതിലൊന്നുമാത്രമായിരുന്നു വില്ലനായ അഹമ്മദ് ഹാജി. ആ കഥാപാത്രത്തെ ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്നവരായിരുന്നു മറ്റു രണ്ടു കഥാപാത്രങ്ങള്‍. കുട്ടേട്ടനിലും അങ്കിളിലുമൊക്കെ സ്ത്രീവിഷയത്തില്‍ താത്പര്യമുള്ള കഥാപാത്രങ്ങളായിരുന്നു മമ്മൂട്ടിയുടേതെങ്കിലും അതൊന്നും കളങ്കാവിലേതുപോലെ നിഷ്ഠുരന്മാരായിരുന്നില്ല.
മുന്നറിയിപ്പ്, പുഴു തുടങ്ങിയ സിനിമകളിലെ അവസാനരംഗത്തെ അടിയിലൂടെയാണ് മമ്മൂട്ടി അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രങ്ങളുടെ ആഴം പ്രേക്ഷകനു ബോധ്യപ്പെട്ടതെങ്കില്‍ കളങ്കാവലില്‍ മറ്റൊരു കഥാപാത്രം നല്കിയ അടിയിലൂടെ മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രത്തിന് വിരാമം കുറിക്കപ്പെട്ടിരിക്കുകയാണ് ചെയ്തിരിക്കുന്നത്. പണ്ടു കൊടുത്ത അടി തിരിച്ചടിയായി വന്നിരിക്കുന്നുവെന്നു കരുതിയാലും തെറ്റില്ല. തലയ്ക്കടിയേറ്റ് രക്തംവാര്‍ന്ന് പെട്ടെന്നു മരിക്കുന്ന അത്യന്തം നിസ്സഹായനായ ആ കഥാപാത്രം ഒരു മൃതദേഹമായി മാറിയപ്പോള്‍ അതൊരു സൂപ്പര്‍താരമാണെന്നു തോന്നിയതേയില്ല എന്നതാണു വാസ്തവം. ഇമേജുകളുടെ ഭാരത്തില്‍നിന്നു മുക്തനാകാനുള്ള വ്യക്തിപരമായ ആഗ്രഹത്തിന്റെ ഭാഗമായിക്കൂടി മമ്മൂട്ടിയുടെ ഈ പരകായപ്രവേശം ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രായം മാറുമ്പോള്‍ ശബ്ദത്തിലും പ്രകടമായ മാറ്റമുണ്ടാവുമെന്നു മനസ്സിലാക്കി അതു പുറമേയ്ക്കു വരാതിരിക്കാന്‍ ശ്രമിക്കുന്ന ഒരു മമ്മൂട്ടി അദ്ദേഹത്തിന്റെ സമീപകാലചിത്രങ്ങളിലെല്ലാമുണ്ട്. അതുകൊണ്ട് ഡയലോഗ് ഡെലിവറി പരമാവധി കുറച്ച് ഭാവപ്രകടനങ്ങള്‍കൊണ്ട് അഭിനയതീക്ഷ്ണത ആവിഷ്‌കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം അവിടെ പരമാവധി കുറച്ചു വാക്കുകള്‍മാത്രമേ അദ്ദേഹം ഉപയോഗിക്കുന്നുള്ളൂ എന്ന്. കളങ്കാവലിലും വ്യത്യസ്തമാകുന്നില്ല. അളന്നുമുറിച്ച വാക്കുകള്‍ മാത്രം.
പ്രേക്ഷകരെ അസ്വസ്ഥപ്പെടുത്തുന്ന - വിഷയം അസ്വസ്ഥത സമ്മാനിക്കുന്നവയാണെങ്കിലും - സാധാരണക്കാരനായ ഒരു പ്രേക്ഷകന് മനംപിരട്ടലുണ്ടാക്കുന്ന യാതൊരുരംഗങ്ങളും - സെക്‌സ്, വയലന്‍സ്- കളങ്കാവലില്‍ ഇല്ല എന്നും പ്രത്യേകിച്ച് പറയണം. എങ്കിലും കുട്ടികള്‍ക്കൊപ്പം കാണാവുന്ന സിനിമയുമല്ല കളങ്കാവല്‍. കളങ്കാവല്‍ നമ്മെ അതിശയിപ്പിക്കുന്നത് ഒരു നടന്‍ ഏതുതരം കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ സന്നദ്ധനായിരിക്കണം എന്നും അഭിയനപൂര്‍ണ്ണതയിലേക്കുള്ള വഴിയാത്രകളില്‍ മറ്റൊന്നും അയാള്‍ക്കുമുമ്പില്‍ വിലങ്ങുതടിയാകരുതെന്നുമുള്ള പാഠം അവതരിപ്പിച്ചതിലൂടെയാണ്. ഒരു എഴുത്തുകാരനും നടനുമുള്ള സ്വാതന്ത്ര്യം കൂടിയാണ് ഇവിടെ വെളിവാകുന്നത്. അവരുടെ എഴുത്തും അഭിനയവും അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമല്ല; മറിച്ച്, അവര്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രങ്ങളുടെ പ്രതിഫലനം മാത്രമാണ്. ഒരു എഴുത്തുകാരന്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ്; നടീനടന്മാരും. യഥാര്‍ത്ഥജീവിതത്തില്‍ ആകാത്തതു പലതും സ്വന്തം കഥാപാത്രങ്ങളിലൂടെ ആകാന്‍ അസുലഭാവസരം ലഭിച്ചിട്ടുള്ളവര്‍.
വീയെന്‍
