•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

അനുകരണത്തിന്റെ വേഷപ്പകര്‍ച്ചകള്‍

വ്യക്തിത്വം ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും കണ്ണാടിയാണ്. സംസാരം, പ്രവൃത്തി, പ്രതികരണം - ഇതെല്ലാം അതിനുള്ള അളവുകോലുകളാണെന്നു കാണാം. ''സ്വന്തമായ വ്യക്തിത്വമുള്ളവന്‍'' എന്നൊരാളെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍, അനന്യമായ എന്തോ ഒന്ന് അവന്‍ സംവഹിക്കുന്നു എന്നു കരുതണം. അത് നീണ്ട കാലയളവുകളിലെ അനുഭവജ്ഞാനത്തിലൂടെ ആര്‍ജ്ജിച്ചതാവാനേ വഴിയുള്ളൂ.
ഇതില്‍നിന്നു വ്യത്യസ്തമായി രൂപകല്പന ചെയ്യപ്പെടുന്ന വ്യക്തിത്വങ്ങളുമുണ്ട്. ആശയാഗിരണമാണ് അതിന്റെ മുഖമുദ്ര.
ഭാര്യയോ ഭര്‍ത്താവോ ആശയാഗിരണത്തിനു തുനിയാം. ചില ആശയങ്ങളോ അതിന്റെ പ്രണേതാക്കളായ വ്യക്തികളോ ആയിരിക്കും ഇവരെ സ്വാധീനിക്കുക. 
ഭര്‍ത്താവിന്റെ ആശയാവിഷ്‌കാരവും പെരുമാറ്റവും ഒരു പ്രത്യേക രാഷ്ട്രീയനേതാവിനെ അനുസ്മരിപ്പിക്കുന്നുവെങ്കില്‍, ഭാര്യ ശുണ്ഠി പിടിച്ചെന്നിരിക്കും. 'ഓരോ വേഷം കെട്ടലുകള്‍' - അവള്‍ പിറുപിറുത്തേക്കാം.
പക്ഷേ, അയാള്‍ക്കതു മനസ്സിലാകണമെന്നില്ല. സ്വന്തം സ്വത്വശക്തികൊണ്ട് പ്രതിബന്ധങ്ങളെ മറികടക്കാന്‍ പ്രാപ്തിയില്ലാത്തതുകൊണ്ടാണല്ലോ മറ്റൊരാളുടെ സ്വത്വബോധത്തെ കവര്‍ന്നെടുക്കേണ്ടിവരുന്നത്. അതായത്, വേറൊരാളിലൂടെ ആത്മാവിഷ്‌കാരം തേടുക എന്ന കുറുക്കുവഴി. ഇത് ആശയാഗിരണം എന്ന മനസ്സിന്റെ പ്രതിരോധതന്ത്രമാകുന്നു. 
കള്‍ട്ട്, മിസ്റ്റിസിസം, കല, സാംസ്‌കാരികാവബോധം, മതം, രാഷ്ട്രീയം, തത്ത്വചിന്ത തുടങ്ങിയ മേഖലകളിലൊക്കെ ആശയാഗിരണം നടക്കാറുണ്ട്.
പല രീതിയില്‍ ഇതിന്റെ അനന്തരഫലങ്ങള്‍ ഉണ്ടാകാം.
ഉട്ടോപ്യന്‍ ആശയങ്ങള്‍ ജീവസന്ധാരണത്തിന് ഉപകരിക്കപ്പെടില്ലല്ലോ. അപ്പോള്‍ പങ്കാളിയുടെയും മറ്റു കുടുംബാംഗങ്ങളുടെയും വെറുപ്പിനിരയാകാതെ നിവൃത്തിയില്ല. അറബിക്കഥ എന്ന ചലച്ചിത്രത്തിലെ മുകുന്ദനെ ഓര്‍മ്മിക്കുക.
സ്വന്തം ജീവിതത്തില്‍പ്പോലും അനുവര്‍ത്തിക്കാന്‍ സാധിക്കാത്ത നൂതനസങ്കല്പങ്ങള്‍ കേള്‍വിക്കാര്‍ക്കു ഫലിതമായിത്തീരും. സദസ്സുകളില്‍ ജോക്കറായി മാറിയാലും അദ്ഭുതപ്പെടാനില്ല.
മനോഭാവങ്ങള്‍ മാറ്റി മറ്റുള്ളവരുടെ കുറവുകളെ ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലത കൈവരിക്കുക എന്നത് ഏതൊരു ധ്യാനത്തിന്റെയും പ്രഖ്യാപിതലക്ഷ്യമാണ്. ധ്യാനം കഴിഞ്ഞുവന്ന ഒരു വീട്ടമ്മ പ്രസംഗകനെ ആശയാഗിരണം ചെയ്താലോ? സ്വന്തം കുറവുകള്‍ക്കു നേരേ കണ്ണടയ്ക്കുകയും പങ്കാളിയെ ഉപദേശിക്കുന്നതിലും ഗുണദോഷിക്കുന്നതിലും സദാസമയം വ്യാപൃതയാകുകയും ചെയ്യും! അയാള്‍ ഒന്നുകൂടി വഷളാകാനാണു സാധ്യത.
ജീവിതത്തിലെ ഗൗരവമുള്ള പ്രശ്‌നങ്ങള്‍ക്കുനേരേ കണ്ണടയ്ക്കുകയാണല്ലോ, ആശയാഗിരണത്തിലൂടെ നടപ്പിലാകുന്നത്. എന്നാല്‍, പിന്നീടത് വലിയ വിനയായിത്തീരുകയാണു പതിവ്. ഇട്ടെറിഞ്ഞുപോന്ന ഉത്തരവാദിത്വങ്ങള്‍, പലിശയും കൂട്ടുപലിശയുമടക്കം വേട്ടയാടിക്കൊണ്ടിരിക്കും. അങ്ങനെ പങ്കാളിക്കും മറ്റുള്ളവര്‍ക്കും അനഭിമതനായിത്തീരുന്നതോടെ, അയാളുടെ സമ്പൂര്‍ണ്ണതകര്‍ച്ച തുടങ്ങുകയായി.
അതുകൊണ്ട് രോഗം ഗുരുതരമാകുന്നതുവരെ കാത്തിരിക്കേണ്ട. ദമ്പതിമാര്‍, പരസ്പരം ഹൃദയങ്ങളുടെ കാവല്‍ക്കാരാകുക.

 

Login log record inserted successfully!