ശുദ്ധജലത്തില്‍ വളരുന്ന, പന്നല്‍ വര്‍ഗത്തില്‍പ്പെട്ട കാഴ്ചയില്‍ പായലെന്നു തോന്നിക്കുന്ന ഒരു ചെറുസസ്യമാണ് അസോള. ഇത് ആഫ്രിക്കന്‍പായലിന്റെ വര്‍ഗത്തില്‍പ്പെട്ട സാല്‍വിനിയേസ് കുടുംബാംഗമാണെങ്കിലും മനുഷ്യനും മൃഗങ്ങള്‍ക്കും വളരെ ഉപകാരപ്രദമായ ഒരു സസ്യമാണ്. അസോളയ്ക്കുള്ളില്‍ സഹജീവിയായി വളരുന്ന നീല ഹരിതപായല്‍, അന്തരീക്ഷത്തില്‍നിന്നു നൈട്രജനെ ശേഖരിച്ച് മാംസഘടകങ്ങളാക്കി മാറ്റുന്നു. ഈ സഹജീവിയാണ് അസോളയെ ഒരു അദ്ഭുതസസ്യമാക്കി മാറ്റുന്നത്. നെല്‍വയലുകളില്‍ ഒരു ബയോഫെര്‍ട്ടിലൈസറായി പരക്കെ അംഗീകരിച്ചിട്ടുള്ള അസോളയെക്കുറിച്ച് കന്യാകുമാരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാര്‍ഡെപ് ടെക്‌നോളജി റിസോഴ്‌സ് സെന്ററില്‍ നടത്തിയ പഠനത്തില്‍നിന്നും ഒരു ജീവാണുവളം എന്നതിലുപരി സമ്പുഷ്ടമായ ഒരു കാലിത്തീറ്റയായും അസോള ഉപയോഗിക്കാമെന്ന് കണ്ടെത്തുകയുണ്ടായി.
വളരെ കൂടിയ അളവില്‍ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാഷ് തുടങ്ങിയ ധാതുലവണങ്ങളും വിവിധ വൈറ്റമിനുകളും അമ്ലങ്ങളും തുടങ്ങി കന്നുകാലികളുടെ വളര്‍ച്ചയ്ക്കും പാലുത്പാദനത്തിനുംവേണ്ട മിക്കവാറും എല്ലാ ഘടകങ്ങളും അസോളയിലുണ്ട്. അസോള കാലിത്തീറ്റയില്‍ ഉള്‍പ്പെടുത്തിയതുവഴി കന്നുകാലികളിലെ പാലുത്പാദനം 15-20% വരെ ഉയര്‍ന്നതായി കണ്ടെത്തുകയുണ്ടായി. കൂടാതെ, ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളും ബീറ്റാ കരോട്ടിനും പാലുത്പാദനം കൂട്ടുന്നതിനോടൊപ്പം കാലികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍നാള്‍ ആരോഗ്യകരമായ പാലുത്പാദനം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. തുടക്കത്തില്‍ 1-2 കി.ഗ്രാം അസോള തീറ്റയോടു കൂട്ടിക്കലര്‍ത്തിക്കൊടുക്കാവുന്നതാണ്. ക്രമേണ, അസോളയുടെ അളവുകൂട്ടി കാലിത്തീറ്റ കുറയ്ക്കാവുന്നതാണ്. അസോളയില്‍ ലിഗ്നിന്റെയും ലിഗ്നില്ലലോസിന്റെയും നാരിന്റെയും അളവു വളരെ കുറവായതിനാല്‍ പെട്ടെന്നു ദഹിക്കുകയും പോഷകമൂല്യങ്ങള്‍ പൂര്‍ണമായി കാലികള്‍ക്കു ലഭിക്കുകയും ചെയ്യുന്നു.
നാര്‍ഡെപ് ടെക്‌നോളജി റിസോഴ്‌സ് സെന്റര്‍, അസോള വളര്‍ത്തുന്നതിന് ലളിതവും ചെലവുകുറഞ്ഞതും വളരെ ഫലപ്രദവുമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതില്‍ പോളിന്‍/ പോളീഷീറ്റ് ഉപയോഗിച്ചുള്ള ഉത്പാദനരീതി കേരളത്തിന്റെ കാലാവസ്ഥയ്ക്കും പ്രകൃതിക്കും വളരെ യോജിച്ചതാണ്. മറ്റു കൃഷികളുടെ ഇടയിലും തണലിലും സില്‍പോളിന്‍ ഉപയോഗിച്ച് നല്ല രീതിയില്‍ കൃഷി ചെയ്യാവുന്നതാണ്. ഇതിന് ഒരു സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ രണ്ട് സ്‌ക്വയര്‍മീറ്റര്‍ വരെ വിസ്തീര്‍ണവും ഒരടി താഴ്ചയുമുള്ള ഒരു കൃത്രിമ ജലാശയം ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്(സില്‍പോളിന്‍ഷീറ്റിന്റെ വിസ്തീര്‍ണമനുസരിച്ച് ജലാശയത്തിന്റെ വിസ്തീര്‍ണത്തില്‍ മാറ്റം വരുത്താവുന്നതാണ്.) ഇതിനുവേണ്ടി നിര്‍ദിഷ്ടവലുപ്പത്തിലുള്ള ഒരു കുഴി തയ്യാറാക്കുക. കുഴിയുടെ ഉള്ളില്‍നിന്നും എടുക്കുന്ന മണ്ണുകൊണ്ട് കുഴിയുടെ ചുറ്റും അരയടി ഉയരത്തില്‍ തിട്ട തടം വയ്‌ക്കേണ്ടതാണ്. കുഴിയുടെ അടിത്തട്ടില്‍ പഴയ പ്ലാസ്റ്റിക് ചാക്ക്, പേപ്പര്‍ എന്നിങ്ങനെ എന്തെങ്കിലും ചുളിവില്ലാതെ നിരത്തുക. ഇതിനുമുകളില്‍ തിട്ട മറയത്തക്കവിധം ഷീറ്റ് ചുളിവില്ലാതെ വിരിക്കുക. ഈ ഷീറ്റില്‍നിന്ന് ഒരു സ്‌ക്വയര്‍മീറ്ററിന് 5 കിലോഗ്രാം എന്ന കണക്കിന് പരലില്ലാത്ത വളക്കൂറുള്ള മണ്ണ് വിതറുക. തുടര്‍ന്ന് ഷീറ്റില്‍ ഒരടി ഘനത്തില്‍ വെള്ളം നിറയ്ക്കുക. ഇതിലേക്ക് ചതുരശ്രമീറ്ററിന് മൂന്നു കി.ഗ്രാം എന്ന കണക്കിന് ചാണകം(ബയോഗ്യാസ് സ്ലറി കൂടുതല്‍ ഉത്തമം) കലക്കുക. ഇതിലേക്ക് സൂപ്പര്‍ ഫോസ്‌ഫേറ്റ് അല്ലെങ്കില്‍ രാജ്‌ഫോസ് ചതുരശ്രമീറ്ററിന് ഒരു ടീസ്പൂണ്‍ എന്ന കണക്കില്‍ ചേര്‍ത്തിളക്കിയശേഷം 500 ഗ്രാം അസോള വിതറുക.
അസോളയുടെ വളര്‍ച്ചയില്‍ മൂന്നു ഘട്ടങ്ങളാണുള്ളത്. അസോള ഒരു സ്ഥലത്ത് പുതുതായി കൃഷി ചെയ്യുമ്പോള്‍ ആദ്യത്തെ 10-15 ദിവസം വളര്‍ച്ച സാവധാനമായിരിക്കും (ലാഗ് ഫെയ്‌സ്) രണ്ടാംഘട്ടം ദ്രുതവളര്‍ച്ചാ ഘട്ടമാണ്. ഈ സമയത്ത് ഓരോ ദിവസവും അസോളയുടെ ഭാരം ഇരട്ടിയാകുന്നതാണ്. മൂന്നാംഘട്ടം ലൈംഗിക പ്രത്യുത്പാദന ഘട്ടമാണ്. ഈ സമയത്ത് വളര്‍ച്ചാനിരക്ക് കുറഞ്ഞുകുറഞ്ഞ് നിലയ്ക്കുന്നതാണ്. ലാഭകരമായ കൃഷിക്ക്, അഞ്ചു ദിവസത്തിലൊരിക്കല്‍ വളപ്രയോഗം നടത്തിയും ഓരോ ദിവസവും 300-500 ഗ്രാം അസോള മാറ്റിയും അസോളയെ ദ്രുതവളര്‍ച്ചാഘട്ടത്തില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.