കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കാണുന്ന പഴവര്‍ഗമാണ് ചതുരപ്പുളി. ഇവ സോഡാപ്പുളി, വൈരപ്പുളി, സ്റ്റാര്‍ഫ്രൂട്ട് തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.
വൈറ്റമിന്‍ സി, പൊട്ടാസ്യം, നാര്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണിവ. കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും ധാരാളം ഇതില്‍ അടങ്ങിയിരിക്കുന്നു. മാംസളമായ ഈ ഫലം ശരിയായ രീതിയില്‍ സംസ്‌കരിച്ചു സൂക്ഷിച്ചാല്‍ ഒരു വര്‍ഷംവരെ ഉപയോഗിക്കാവുന്നതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഈ പഴം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നു. വൃക്കസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഈ പഴം അത്ര നല്ലതല്ല എന്നാണു പൊതുവേയുള്ള അഭിപ്രായം.
ചതുരപ്പുളിയുടെ ശാസ്ത്രീയനാമം 'അവെറോവ കാരംബോള' എന്നാണ്. ശ്രീലങ്കയും ഇന്തോനേഷ്യയും ഈ ഫലത്തിന്റെ മാതൃരാജ്യങ്ങളായി കരുതി പ്പോരുന്നു. പച്ചയായിരിക്കുമ്പോള്‍ നല്ല പുളിരസവും പഴുത്താല്‍ പുളിപ്പു കലര്‍ന്ന മധുരവുമാണ്.
നാട്ടിന്‍പുറങ്ങളിലും മറ്റും പഴയകാലങ്ങളില്‍ ധാരാളമായി കണ്ടിരുന്നുവെങ്കിലും ഇന്ന് ഇവ അത്ര സുലഭമല്ല. പല വിഭവങ്ങളും ഇവ ഉപയോഗിച്ചു തയ്യാറാക്കാറുണ്ട്. തയ്യാറാക്കിയ കുഴികളില്‍ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് തൈ നടാം. നട്ടശേഷം നനച്ചുകൊടുക്കണം. നന്നായി പരിപാലിച്ചാല്‍ ഇവയില്‍നിന്നു നല്ല തോതില്‍ ഫലം കിട്ടുകയും ചെയ്യും.
വാളന്‍പുളിക്കും മറ്റും പകരമായി കറികളില്‍ ഇവ ഉപയോഗിക്കാറുണ്ട്. ഇതിന്റെ പഴങ്ങള്‍ ജാം, ജെല്ലി, വിവിധതരം അച്ചാറുകള്‍ എന്നിവ ഉണ്ടാക്കാനും ഉപയോഗിച്ചുവരുന്നു.
ഓക്‌സാലിഡേസി കുടുംബത്തിലെ അംഗമായ ഇതിനെ ഉത്തരേന്ത്യയില്‍ 'കാരഖ്' എന്നാണു വിളിക്കുന്നത്. ഇതിന് പ്രത്യേകിച്ച് അംഗീകൃതയിനങ്ങള്‍ ഇല്ലായെങ്കിലും രണ്ടിനം പഴങ്ങള്‍ കാണുന്നു; മധുരമുള്ളതും പുളിപ്പുള്ളതും. വീട്ടുവളപ്പില്‍ അടുക്കളഭാഗത്തു സൗകര്യപ്രദമായി ഒരു ചതുരപ്പുളി നട്ടാല്‍ പുളിക്കു പകരമായി ഉപയോഗിക്കാവുന്നതാണ്.