•  4 Jul 2024
  •  ദീപം 57
  •  നാളം 17
കാര്‍ഷികം

പുളിഞ്ചി

മ്മുടെ വീട്ടുവളപ്പിലെ കൃഷിയിടങ്ങളില്‍ പണ്ടുകാലങ്ങളില്‍ ധാരാളമായി കണ്ടുവന്നിരുന്നതും ഇന്നു വളരെ കുറഞ്ഞു വരുന്നതുമായ ഒരു കൊച്ചുമരമാണ് പുളിഞ്ചി. ഇവയെ ഇലുമ്പിപ്പുളി, ഇലുമ്പന്‍പുളി എന്നീ പേരുകളിലും വിളിക്കാറുണ്ട്. ഇംഗ്ലീഷില്‍ ''ബിലുബി'' എന്നാണ് ഇവയെ വിളിക്കുന്നത്.
ഒക്‌സാലിഡേസി കുടുംബത്തില്‍പ്പെടുന്ന ഇവയുടെ ശാസ്ത്രനാമം അവേറിയ ബിലുബി എന്നാണ്. പുളിഞ്ചിമരത്തില്‍ മാംസളമായ കായ്കള്‍ തടിയിലും ശിഖരങ്ങളിലും ധാരാളമായി ഉണ്ടാകുന്നു. തടിനിറയെ കായ്ച്ചുനില്‍ക്കുന്നതു കാണാന്‍തന്നെ മനോഹരമാണ്. ചില പ്രദേശങ്ങളില്‍ ഇതിന്റെ കായ്കള്‍ക്ക് ചിലുമ്പിങ്ക എന്നാണു പേര്.
വിത്തില്‍നിന്നുണ്ടാകുന്ന തൈകള്‍ നട്ടാണ് സാധാരണ ഇതു വളര്‍ത്തുന്നത്. പാകമായ കമ്പ് മുറിച്ചുവച്ചും നടാം. നടുന്ന അവസരത്തില്‍ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കുന്നു. നട്ടശേഷം നനച്ചു കൊടുക്കണം. വേനല്‍ക്കാലത്ത് പുതയിടുന്നതും നനച്ചു കൊടുക്കുന്നതും വളരെ നല്ലതാണ്.
പുളിഞ്ചിക്കായുടെ ഞെട്ട് ദുര്‍ബലമായതിനാല്‍ വേഗം അടര്‍ന്നുവീഴുന്നു. ഇതിന്റെ പഴുത്ത കായ്കള്‍ക്കു മധുരം കലര്‍ന്ന പുളിരസമാണ്.
മീന്‍ കറിവയ്ക്കുമ്പോള്‍ പുളിക്കുവേണ്ടി കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഇവ ഉപയോഗിച്ചു വരുന്നു. കൂടാതെ, അച്ചാറിടുവാനും ഇവ നല്ലതുതന്നെ. നെടുകെ പിളര്‍ന്ന് ഉപ്പുപുരട്ടി സൂക്ഷിക്കാനും ഇവ ഉത്തമം.
പുളിഞ്ചിക്കായുടെ ഭക്ഷ്യയോഗ്യമായ 100 ഗ്രാമില്‍ 94.7 ശതമാനം ജലാംശമാണ്. ഇതിനുപുറമേ 0.61 ഗ്രാം മാംസ്യം, 0.6 ഗ്രാം  ഭക്ഷ്യനാരുകള്‍, 3.4 മി.ഗ്രാം കാല്‍സ്യം, 11.1 മി.ഗ്രാം ഫോസ്ഫറസ്, 1.0 മി.ഗ്രാം ഇരുമ്പ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.
പുളിഞ്ചിക്കായില്‍ സുഷിരങ്ങളുണ്ടാക്കി ഒരു രാത്രി വെള്ളത്തിലിട്ട് പുളികുറച്ചശേഷം ജാമും ജെല്ലിയുമുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. പുളിഞ്ചിപ്പൂക്കളെ പഞ്ചസാരസിറപ്പിലിട്ട് ചില രാജ്യക്കാര്‍ ഉപയോഗിക്കുന്നു. ഇതിന്റെ ഇലയും പൂക്കളും ഔഷധാവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. അടുത്തകാലത്തായി പുളിഞ്ചിയില്‍നിന്നു നിരവധി ഔഷധഗുണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇലുമ്പന്‍പുളിക്കു കൂടുതല്‍ പ്രചാരം ലഭിക്കാനും ഇടയാക്കിയിട്ടുണ്ട്. 

 

Login log record inserted successfully!