മഴക്കാലത്ത് പച്ചക്കറികള്‍ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ കഴിയും. തൈകള്‍ വാങ്ങുന്നതാണ് വിത്തിനെക്കാള്‍ വീടുകളിലെ കൃഷിക്കു സൗകര്യപ്രദം.
മണ്ണൊരുക്കിയ കുഴികളിലോ ഏരികളിലോ തൈകള്‍ നടണം. വെള്ളം കെട്ടിനിന്ന് രോഗങ്ങള്‍ വരാതിരിക്കാന്‍ ഇതു സഹായിക്കും. നടുന്നതിനുമുമ്പ് മണ്ണില്‍ കുമ്മായം ചേര്‍ക്കണം. നടാന്‍ ഗ്രോബാഗോ ചാക്കോ ചട്ടിയോ വീപ്പയോ ഉപയോഗിക്കാം. ഇവയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ സുഷിരങ്ങള്‍ ഇടണം. അടിവളമായി കമ്പോസ്റ്റ്, ജൈവവളം എന്നിവ നല്‍കണം. അഴുകല്‍ ഒഴിവാക്കുന്നതിന് ജൈവവളത്തില്‍ ട്രൈക്കോെഡര്‍മയും മൈക്കോറൈസയും ചേര്‍ത്തു നല്‍കണം. ഇങ്ങനെ നല്‍കുന്നതിലൂടെ കുരുമുളക്, ഇഞ്ചി, പച്ചമുളക്, പയര്‍, വഴുതന, തക്കാളി, ഇവയ്‌ക്കെല്ലാം വാട്ടം, കുമിള്‍ബാധ എന്നിവയില്‍നിന്നു രക്ഷകിട്ടും. തുടര്‍ന്ന്, രണ്ടാഴ്ചയിലൊരിക്കല്‍ മറ്റു വളങ്ങള്‍ ചേര്‍ക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ കമ്പോസ്റ്റ് ആക്കിയതും സോപ്പില്ലാതെ പാത്രം കഴുകിയ വെള്ളവും നല്ല വളങ്ങളാണ്. പിണ്ണാക്ക് പുളിപ്പിച്ചതും ഉത്തമം. മികച്ച വിളവിന് മിക്കവാറും ഒരല്പം പൊട്ടാസ്യംമാത്രമേ രാസവളമായി നല്‍കേണ്ടതുള്ളൂ.
ഏത്തവാഴയ്ക്ക് വളം നല്‍കുമ്പോളും കുമ്മായം 100 -200 ഗ്രാം എങ്കിലും നല്‍കി പത്തുദിവസത്തിനുശേഷം വളം ചേര്‍ക്കുന്നതാവും ഉത്തമം. പൊട്ടാഷ് 50-100 ഗ്രാം എങ്കിലും ഓരോ മാസവും ചേര്‍ത്തുനല്‍കണം. വെള്ളക്കൂമ്പ് കൂടുതലായി കാണപ്പെടുന്നത് ഒഴിവാക്കാന്‍ ബോറാക്‌സ് 20 ഗ്രാം വാഴ ഒന്നിന് എന്ന ക്രമത്തില്‍ ചേര്‍ത്തുകൊടുക്കണം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഉത്പന്നങ്ങളായ അയര്‍, സമ്പൂര്‍ണ എന്നിവയും സൂക്ഷ്മമൂലകങ്ങള്‍ ലഭ്യമാക്കുന്നവയാണ്. ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് വിപണനം ചെയ്യുന്ന പോളിഹാലൈറ്റ് മികച്ച ഉത്പാദനത്തിനു കാരണമാകുന്ന വളമാണ്. മറ്റു കിഴങ്ങുവര്‍ഗങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവയും നമുക്ക് ഉത്പാദിപ്പിക്കാന്‍ സാധിക്കും. അതുവഴി കുറഞ്ഞ മുതല്‍മുടക്കില്‍ പോഷകഗുണമുള്ള പച്ചക്കറികള്‍ ലഭ്യമാക്കാനും അധ്വാനത്തിലൂടെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും. കാര്‍ഷികജോലികള്‍ ചെയ്യുന്നതുവഴി നമുക്കാവശ്യമായ വ്യായാമവും മാനസികോല്ലാസവും ലഭിക്കുന്നു.
തെങ്ങിന്‍തോട്ടങ്ങളില്‍ ശീമക്കൊന്ന, മറ്റു ഫലവൃക്ഷങ്ങള്‍ എന്നിവ നട്ടുവളര്‍ത്തിയാല്‍ ആദ്യവര്‍ഷങ്ങളില്‍ തെങ്ങിലെ കീടശല്യം കുറയ്ക്കാം എന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. സമീകൃതം അല്ലാത്ത, പ്രത്യേകിച്ച് യൂറിയ കൂടിപ്പോകുന്ന രീതിയിലുള്ള വളപ്രയോഗമാണ് തെങ്ങിലെ കീടാക്രമണം കൂട്ടുന്നതിനുള്ള പ്രധാനകാരണം. നൈട്രജന്‍ വളത്തിന്റെ ഇരട്ടിയില്‍ അധികമെങ്കിലും പൊട്ടാഷ്‌വളം തെങ്ങിനു നല്‍കിയിരിക്കണം. ശരാശരി കായ്ഫലമുള്ള ഒരു തെങ്ങിനു വര്‍ഷത്തില്‍ 50 കിലോ ജൈവവളത്തിനു പുറമേ 700 ഗ്രാം യൂറിയ, 1 കിലോ മസൂറിഫോസ്, 2 കിലോ പൊട്ടാഷ്, 500 ഗ്രാം മഗ്‌നീഷ്യം എന്നിവ നല്‍കണം.
വളപ്രയോഗത്തിനുമുമ്പ് മണ്ണു പരിശോധിച്ചു വേണ്ട അളവില്‍മാത്രം വളം ചെയ്യുക എന്നതാണ് നാം സ്വീകരിക്കേണ്ട ശാസ്ത്രീയമാര്‍ഗം. കൃഷിഭവനുകളില്‍ മണ്ണുപരിശോധന സൗജന്യമായി ചെയ്തുവരുന്നു. അമിതമായ വളപ്രയോഗം പല കൃഷികള്‍ക്കും ദോഷമുണ്ടാക്കുന്നുണ്ട്.
കുരുമുളക്, ജാതി, കൊക്കോ തുടങ്ങിയ സുഗന്ധവിളകള്‍ക്കു രോഗങ്ങള്‍ വരാതെ ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ തളച്ചുകൊടുക്കണം.
വിവിധ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്താനും അവ യഥാസമയം പ്രൂണ്‍ ചെയ്യാനും ശ്രദ്ധിക്കണം. കൊക്കോ, റമ്പുട്ടാന്‍ എന്നിവയ്‌ക്കൊക്കെ പ്രൂണിംഗ് വളരെ അത്യാവശ്യമാണ്. മഴക്കാലത്ത് രോഗങ്ങള്‍ കുറയ്ക്കാന്‍ തണല്‍ വെട്ടി ഇറക്കുന്നതും ശ്രദ്ധിക്കണം.
വിവിധയിനം പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ എന്നിവ നാം നട്ടുവളര്‍ത്തേണ്ടതായിട്ടുണ്ട്. സമീകൃതാഹാരം അഥവാ ന്യൂട്രി പ്ലേറ്റ് ലഭ്യമാക്കാന്‍ സാധിക്കുന്ന രീതിയിലാവണം നമ്മുടെ അടുക്കളത്തോട്ടങ്ങള്‍. വിവിധ ചെടികള്‍ക്ക് വിവിധ അളവില്‍ വളങ്ങള്‍ നല്‍കേണ്ടതുമുണ്ട്. അവ ജൈവമായിട്ടോ ചെറിയ അളവില്‍ രാസവളങ്ങളിലൂടെയും നല്‍കാം. ഓരോ വിളയ്ക്കും വ്യത്യസ്ത അനുപാതത്തിലാണു വളങ്ങള്‍ വേണ്ടിവരുന്നത്. ഇവ ഓരോന്നും കൃത്യമായി അറിയുന്നതിനു കൃഷിഭവനുകളെ സമീപിക്കാം.
പച്ചക്കറികളുടെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കി സര്‍ക്കാര്‍ സമഗ്ര പച്ചക്കറി ഉത്പാദനയജ്ഞംതന്നെ ആരംഭിച്ചിരിക്കുന്നു.
ആരോഗ്യം സംരക്ഷിക്കാനുള്ള പച്ചക്കറികളും ഫലങ്ങളും ലഭിക്കുന്നതിന് പച്ചിലകളും മറ്റു ചെടികളും നടാനും അവ പരിപാലിച്ച് ഭാവി സുരക്ഷിതമാക്കുന്നതിനും നാം ശ്രദ്ധിക്കണം.
അഗ്രിസ്റ്റാക്ക് കര്‍ഷകരജിസ്‌ട്രേഷന്‍ കൃഷിഭവനില്‍നിന്നു സൗജന്യമായി ചെയ്തുവരുന്നുണ്ട്. ഏവരും ഈ സേവനങ്ങളും /ആനുകൂല്യങ്ങളും ഉറപ്പു വരുത്തണം. കര്‍ഷകരുടെ അടിസ്ഥാനരേഖയായി സര്‍ക്കാര്‍ രൂപം നല്‍കുന്നതാണിത്.
ട്രൈക്കോഡെര്‍മ തയ്യാറാക്കുന്ന വിധം
90 കിലോ ചാണകപ്പൊടിയില്‍ 1 കിലോ ട്രൈക്കോഡെര്‍മയും, 10 കിലോ വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് നന്നായി ഇളക്കുക. ചെറിയ നനവ് ഉണ്ടായിരിക്കണം. ചാണകപ്പൊടിക്ക് വെയില്‍ ഏല്‍ക്കാതെ ചെറിയ കൂനയാക്കി കുറച്ചുദിവസം സൂക്ഷിക്കണം. ദിവസവും ഇളക്കി ചൂടു വരാതെ നോക്കണം. ഇതില്‍ ഒരു കിലോ മൈക്കോറൈസകൂടി ചേര്‍ത്താല്‍ കൂടുതല്‍ ഗുണം ചെയ്യും. ചെറിയ പച്ചനിറമുള്ള പൂപ്പല്‍ പിടിച്ചുകഴിഞ്ഞ് ഇത് ചെടികളുടെ ചുവട്ടില്‍ നല്‍കാം. കുമിള്‍രോഗം തടയാന്‍ ഏറെ ഫലപ്രദമാണ്.
ലേഖകന്‍ മരങ്ങാട്ടുപിള്ളി കൃഷിഭവനില്‍ കൃഷി ഓഫീസറാണ്.