ഒട്ടേറെ ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് സ്‌ട്രോബറിപ്പഴം. ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. അല്പം പുളിപ്പും മധുരവുമുള്ള ഈ പഴം, കൊച്ചുകുട്ടികള്‍മുതല്‍ എല്ലാത്തരക്കാരും ഇഷ്ടപ്പെടുന്നു. കാണാന്‍ വളരെ ഭംഗിയുള്ള ഒരു പഴംകൂടിയാണിവ.
സ്‌ട്രോബറിപ്പഴം ''ഫ്രഗേറിയ'' ജനുസ്സിലെ ഒരു ഹെബ്രീഡ് ഇനമാണ്. ആരോഗ്യസംരക്ഷണത്തിന് അത്യുത്തമം. കൂടാതെ, രോഗപ്രതിരോധശേഷിയെയും സഹായിക്കുന്നു.
പ്രോട്ടീനും വൈറ്റമിന്‍ സിയും ധാരാളമടങ്ങിയ സ്‌ട്രോബറി നല്ലൊരു ഊര്‍ജദായിനിയാണ്. കണ്ണിന്റെ ആരോഗ്യത്തിനും വളരെ മെച്ചം. ഇതിലെ വൈറ്റമിന്‍ സി, കോര്‍ണിയ, റെറ്റിന എന്നീ ഭാഗങ്ങള്‍ക്കു ശക്തി നല്കുന്നു. അതുപോലെ ഇലാജിക് ആസിഡ് കാന്‍സര്‍പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. കൊഴുപ്പുതീരെ കുറവാണ്. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധംപോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു ഔഷധമാണിത്.
വാതം, സന്ധിവേദനപോലുള്ളവ തടയാന്‍ സ്‌ട്രോബറിപ്പഴം നല്ലതാണെന്നു പറയപ്പെടുന്നു. സ്‌ട്രോബറിയിലെ ഹൈഡ്രോക്‌സി ആസിഡ്' മൃതചര്‍മകോശങ്ങളെ നീക്കാന്‍ സഹായകമാണ്. മുഖക്കുരു തടയാനും ചര്‍മത്തെ ചുളിവുകളില്‍നിന്നു സംരക്ഷിക്കാനും ചര്‍മസംരക്ഷണത്തിനും ആരോഗ്യത്തിനും സ്‌ട്രോബറിപ്പഴം വളരെ നല്ലതാണ്.
സ്‌ട്രോബറി പെട്ടെന്നു നശിക്കുന്നതിനാല്‍ വളരെ കരുതലോടെ സൂക്ഷിക്കണം. വൃത്തിയാക്കിയ സ്‌ട്രോബറി ഒരു പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞു വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.