വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഒരു ഫലവൃക്ഷമാണ് മാങ്കോസ്റ്റിന്‍. പഴങ്ങളുടെ റാണിയായും മാങ്കോസ്റ്റിന്‍ അറിയപ്പെടുന്നു. നിരവധി ഔഷധപോഷകഗുണങ്ങള്‍ നിറഞ്ഞതാണ് മാങ്കോസ്റ്റിന്‍ പഴം. കരള്‍സംബന്ധമായ ക്രമക്കേടുകള്‍ ഇല്ലാതാക്കാനും അത്യുഷ്ണത്തെ ക്രമീകരിക്കാനുമുള്ള കഴിവ് ഈ പഴത്തിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ലവണാംശവും അമ്‌ളാംശവും കരളിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു. ശരീരത്തിനു തണുപ്പുനല്‍കുന്ന പഴമായിട്ടാണ് ഇതിനെ വിശേഷിപ്പിക്കാറ്. ദാഹം, ക്ഷീണം എന്നിവ മാറാനും ആരോഗ്യത്തിനും വളരെ നല്ലതാണ്. നല്ല കുളിര്‍മയും ഇളംപുളിരസം കലര്‍ന്ന മധുരവുമുള്ള ഈ പഴത്തിന് എത്ര വലിയ ക്ഷീണവും വേഗത്തില്‍ അകറ്റാനുള്ള കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പഞ്ചസാര രക്തത്തില്‍ നേരിട്ടലിയുന്ന തരത്തിലുള്ളതാണ്.
മാങ്കോസ്റ്റിന്‍പഴം പ്രധാനമായും ദാഹശമിനിയായിട്ടാണ് ഉപയോഗിക്കുന്നത് അല്ലികളെടുത്ത് ക്യാന്‍ ചെയ്യുന്നതിനും സ്‌കാഷുണ്ടാക്കുന്നതിനും ഇത് അനുയോജ്യമാണ്. ഫ്രൂട്ട് സലാഡില്‍ ചേര്‍ക്കുവാനും ഉത്തമം. കുട്ടികളും മുതിര്‍ന്നവരും ഒന്നുപോലെ ഇഷ്ടപ്പെടുന്ന ഫലംകൂടിയാണ് മാങ്കോസ്റ്റിന്‍. കൊച്ചുകുട്ടികള്‍ക്ക് ഈ പഴം നല്‍കുമ്പോള്‍ കുരു നീക്കം ചെയ്ത് അതിന്റെ ചാറ് ഒരു സ്പൂണില്‍ നല്‍കുവാന്‍ ശ്രദ്ധിക്കണം.
''ഗാര്‍സിനിയ മാംഗോസ്റ്റാന ക്ലൗസിയേസിയേ' കുടുംബത്തില്‍പ്പെട്ട ഫലവൃക്ഷമാണിത്. ഇതിന്റെ പാകമായ പഴങ്ങള്‍ക്ക് ഒരു ക്രിക്കറ്റ്പന്തിനോളം വലുപ്പമുണ്ട്.
മൂപ്പെത്താത്ത പച്ചനിറത്തിലുള്ള കായ്കള്‍ക്ക് പാകമാകുമ്പോള്‍ തവിട്ടുകലര്‍ന്ന പര്‍പ്പിള്‍നിറമാകുന്നു. കട്ടിയുള്ള പുറംതോടിനുള്ളിലെ വിത്തിനോടു ചേര്‍ന്ന വെളുത്ത മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. പഴുത്തഫലമാണ് ഉപയോഗിക്കുന്നത്. പഴത്തിന് പ്രത്യേകമായ രുചിയും മനം കവരുന്ന ഗന്ധവും നിറവും നല്ല മധുരവുമുണ്ട്. ഇതിന്റെ കായ്കള്‍ക്ക് ഔഷധഗുണവും ഉണ്ട്. വയറു സംബന്ധമായ ഒട്ടുമിക്കവാറും അസുഖങ്ങള്‍ക്കും ഇതു വളരെ നല്ലതാണ്. ഒട്ടനവധി ഔഷധഗുണങ്ങള്‍ നിറഞ്ഞ ഈ ഫലം പ്രകൃതി നല്‍കുന്ന ഒരു വരദാനമാണ്.