•  27 Feb 2025
  •  ദീപം 57
  •  നാളം 50
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

ങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ കുക്കിയെയുംകൂട്ടി തോട്ടില്‍ കുളിക്കാന്‍ പോയ സംഭവമോര്‍ത്ത് ലിസി ഊറിച്ചിരിച്ചു. കുക്കി അതിസുന്ദരിയാണ്. നല്ല നിറം. ഫാഷന്‍വസ്ത്രങ്ങള്‍, ഫാഷനിലുള്ള നടത്തം. അക്കാലത്ത് പത്തമ്പലത്തെ ഭൂരിപക്ഷം ആള്‍ക്കാരും തോട്ടിലാണ് കുളിക്കുന്നത്. മുള്ളനാക്കുഴിത്തോടിന്റെ അക്കരെയിക്കരെ താമസിക്കുന്ന രമണിയും പ്രസന്നയുമൊക്കെ തന്റെ കുക്കിയെ ഒന്നു ശരിക്കു കാണട്ടെ. അഭിമാനപുരസ്സരം, വലിയ ഗമയിലാണ് താന്‍ അവര്‍ക്കൊക്കെ കുക്കിയെ പരിചയപ്പെടുത്തിയത്. തന്നെക്കാള്‍ ഒരുവയസ്സിനിളപ്പമാണ് കുക്കി. ചെറിയ കുട്ടിയെങ്കിലും അവള്‍ തന്നെയും ചേച്ചിയെയുംകൊണ്ട് ഒരു ഫാമിലി ബഡ്ഷീറ്റ് മേല്‍പ്പുരയില്ലാത്ത ഒരു കുളിമുറിപോലെ പിടിപ്പിച്ച് അതിനുള്ളില്‍നിന്ന് കുളിച്ചു. തങ്ങളെ സഹായിക്കാന്‍ രമണിയും പ്രസന്നയും വന്നെങ്കിലും കുക്കി സമ്മതിച്ചില്ല. കുക്കിയുടെ കഴുത്തിലെ കനംകുറഞ്ഞ നൂലുപോലെയുള്ള സ്വര്‍ണമാല കണ്ടപ്പോള്‍ തനിക്കും കൊതിയായി. അത്തരമൊന്നു കിട്ടിയിരുന്നെങ്കില്‍! ഏതായാലും കുക്കിയോടൊന്നു ചോദിച്ചുനോക്കാം. 
'പോയാലൊരു വാക്ക്, കിട്ടിയാലൊരാന' 
''കു...ക്കീ.... കു...ക്കീ... എനിക്ക് ഒരു മാല തരാമോ?'' കഴുത്തില്‍ കൈവളച്ച്, മാലപോലെ ആംഗ്യം കാണിച്ച്, ഇംഗ്ലീഷും ഹിന്ദിയും മറാഠിയും വെള്ളംപോലെ സംസാരിക്കുന്ന മലയാളം അറിയാത്ത കുക്കിയോടു ചോദിച്ചു. അവളുടെ പ്ലക്ക് ചെയ്ത് ഷേപ്പ് വരുത്തിയപോലത്തെ മഴവില്‍പുരികങ്ങള്‍ മുകളിലേക്കുയര്‍ത്തി അവള്‍ ചോദിച്ചു: ''ചെയിന്‍?''
''ആ... ആ... അതേ ചെയിന്‍ യെസ് ചെയിന്‍,'' ഇംഗ്ലീഷ് ഭാഷയിലെ യേസും നോയും മാത്രമറിയാവുന്ന താന്‍ അഭിമാന വിജൃംഭിതയായി, ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്തതില്‍. 
കുക്കി തലകുലുക്കി കൈകൊണ്ട് ഒരു ആംഗ്യം കാണിച്ച്, ഇംഗ്ലീഷില്‍ വളരെ വേഗത്തില്‍ എന്തോ പറഞ്ഞു. താന്‍ മനസ്സിലാക്കിയതിപ്രകാരമാണ്: ഡാഡിനോടും മമ്മായോടും പറഞ്ഞു വാങ്ങിത്തരാമെന്ന്. താന്‍ സമ്മതാര്‍ഥത്തില്‍ തലകുലുക്കി. എന്നിട്ട് മെല്ലെപ്പറഞ്ഞു: ''ആയിക്കോട്ടെ.'' 
കുക്കിയെ തറവാട്ടില്‍കൊണ്ടാക്കി വല്യമ്മച്ചി കാണാതെ ഓടിപ്പോന്നു. കണ്ടാല്‍ കൂലിയില്ലാവേല എത്രവേണേലും ചെയ്യിപ്പിക്കും, അടിമപ്പണി. ഇന്നാണെങ്കില്‍ ബാലവേല എടുപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ചൈല്‍ഡ് ലൈനിലോ പൊലീസിലോ അറിയിച്ചാല്‍ നടപടി ഉറപ്പ്. അന്നിത്തരം പരിപാടി ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും താന്‍ വല്യമ്മച്ചിയെ അഴിക്കുള്ളിലാക്കി ഉണ്ട  തീറ്റിച്ചേനേ, മൂന്നുതരം.
താന്‍ വീട്ടില്‍വന്ന് തലമുടികോതിക്കൊണ്ടിരിക്കുമ്പോള്‍ കുക്കിയുടെ തേനൂറുന്ന മധുരസ്വരം!
ഹൊ! ആ സ്വരമാധുരി അവര്‍ണനീയംതന്നെ! 
ദൈവത്തിനു ചിലരെ വലിയ ഇഷ്ടമാണ്. അവര്‍ക്കു ധാരാളം പണം, സൗന്ദര്യം, നല്ല സ്വരമാധുരി, മാതാപിതാക്കളുടെയും കുടുംബക്കാരുടെയും ലാളന എല്ലാംകിട്ടും. ചിലര്‍ക്കാണെങ്കിലോ, തന്റെപോലത്തെ ദുരവസ്ഥകളും. എന്നിരുന്നാലും അവള്‍ക്കു ദൈവത്തോടു നന്ദിമാത്രമേയുള്ളൂ. കാരണം, പാവങ്ങളാണെങ്കിലും നല്ല സ്‌നേഹവും കരുതലുമുള്ള മാതാപിതാക്കളും വഴക്കുപിടിച്ചാലും പരസ്പരസ്‌നേഹമുള്ള സഹോദരങ്ങളും തനിക്കുണ്ടല്ലോ. 
ലിസി എത്ര പ്രാവശ്യം ദിവാസ്വപ്നം കണ്ടിട്ടുണ്ട്, താന്‍ തിരസ്‌കരണീമന്ത്രം വശമാക്കിയിട്ട് കരോട്ടെ അടുക്കളയില്‍ കയറി മൂക്കുമുട്ടെ മൃഷ്ടാന്നഭോജനങ്ങള്‍ കഴിക്കുന്നതായും തറവാട്ടുവീട്ടില്‍നിന്ന് മുഖത്തു പുരട്ടുന്ന ഹിമാലയന്‍ സ്‌നോയും യാര്‍ഡ്‌ലി പൗഡറും ഒക്കെ പെറുക്കിയെടുത്ത് അന്തസ്സായി നടക്കുന്നതായു മൊക്കെ. തറവാട്ടിലെ ഊണുമേശയില്‍ വിഭവങ്ങള്‍ വിളമ്പുമ്പോഴും എല്ലാവരും അവിടെയിരുന്ന് ആഹരിക്കുമ്പോഴും ഐറ്റങ്ങളുടെ എണ്ണം കുറയുമ്പോള്‍ വല്യമ്മച്ചിയും മറ്റുള്ളവരും പരിഭ്രമിക്കുന്നത് മനോമുകുരത്തില്‍ കണ്ട് അവള്‍ ഊറിച്ചിരിക്കാറുണ്ട്.
''ലിസിമോളേ, നിന്നെ ദേ കുക്കി വിളിക്കുന്നു.'' അമ്മ പറഞ്ഞു. എന്നിട്ട് അമ്മ വേദനയോടെ തുടര്‍ന്നു: ''ദൈവമേ വീണ്ടും എന്റെ കുഞ്ഞിനെ 'കോരാന്‍' വിളിക്കുന്നല്ലോ.''
മേഴ്‌സി പറഞ്ഞു: ''ഇല്ലമ്മേ ഒന്നും കോരാനൊന്നുമല്ല, അവള്‍ കുക്കിയോടു മാല ചോദിച്ചിട്ടുണ്ട്, അതു കൊടുക്കാനായിരിക്കും.''
''ആ കിട്ടിയതുതന്നെ. അതിന് മറിയക്കുട്ടീം ഒക്കെ സമ്മതിച്ചെങ്കിലല്ലേ കിട്ടൂ.''
''ഏതായാലും അവളു ചെല്ലട്ടെ, നമുക്കു കാണാം.''
ലി ...സ്യൂ... ലി...സ്യൂ ...വേര്‍ ആര്‍ യൂ? കുക്കിയുടെ ശബ്ദം കേള്‍ക്കാം. 
കുക്കി പറഞ്ഞു: ''ഡാഡി കോളിങ് യൂ.''
കുക്കി സ്‌നേഹത്തോടെ തന്റെ വലതുകരം ഗ്രഹിച്ച് തന്നെ ഒപ്പംകൂട്ടിക്കൊണ്ടുപോയി ഡോറിനാന്റിയുടെ അടുത്തെത്തിച്ചു. ഡോറിനാന്റി ചിരിച്ചു. അവരുടെ ചിരിയെന്തു മനോഹരമാണ്. മുല്ലമൊട്ടുകള്‍പോലെ ഭംഗിയുള്ള പല്ലുകള്‍. അവര്‍ ചിരിക്കുമ്പോള്‍ കവിളുകളില്‍ മഴവില്ലു വിരിയും. കണ്ണുകള്‍ തിളങ്ങും, നീല പളുങ്കുഗോലികള്‍പോലെ. അവരുടെ നുണക്കുഴികളുള്ള മഴവില്‍ക്കവിളുകളില്‍ കുസൃതിച്ചിരി വിരിഞ്ഞു.
''മാ.. റ്റിയൂ .. സ്, മാ..റ്റിയൂ ...സ്,  അവര്‍ മാത്തുപ്പാപ്പന്റെ തോളില്‍ത്തട്ടി ചിരിച്ചു. രാജീവുഗാന്ധിയുടെ മുഖച്ഛായയുള്ള മാത്തൂട്ടിപ്പാപ്പന്‍ ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു: ''എടീ ഭയങ്കരീ, നീയൊരു സംഭവംതന്നെയാണല്ലോ,  നീ ബഹുമിടുക്കിയാണല്ലോടീ.''
എന്നിട്ട് അവരെല്ലാവരും കൂടി തിമിര്‍ത്തുചിരിച്ചു. കുക്കിയുടെ മൂത്തസോദരന്‍ ജോളിയുമുണ്ട്. ലിസിക്കു നാണംവന്നു. താനും ജോളിയും സമപ്രായക്കാരാണ്. തങ്ങളെ മാമ്മോദീസാ മുക്കിയതും ഒരേ അച്ചനാണ്. കടവുംഭാഗത്തെ ഗീവറുഗീസ് അച്ചന്‍. താനുണ്ടായതിന്റെ തൊണ്ണൂറാംദിവസവും, ജോളിക്ക് ഒരു വയസ്സ് കഴിഞ്ഞുമാണ് മാമ്മോദീസാ മുക്കിയതെന്നു മാത്രം. ഗീവറുഗീസച്ചന്‍ അവസാനമായി മാമ്മോദീസ മുക്കിയത് ജോളിയെയാണ്. ജോളിയുടെ മാമ്മോദീസായ്ക്കു പള്ളിയില്‍ ഗംഭീരസദ്യയായിരുന്നത്രേ. പിന്നീട് വീട്ടിലെത്തിയ അദ്ദേഹത്തെ അവരുടെതന്നെ  വളര്‍ത്തുനായ കടിച്ചു, വളര്‍ത്തുപട്ടിയല്ലേ സാരമില്ല എന്നു പറഞ്ഞ് പ്രതിരോധവാക്‌സിന്‍ എടുത്തില്ല.  നിര്‍ഭാഗ്യവശാല്‍,  പേവിഷബാധയേറ്റ പട്ടി ആദ്യം ചത്തു. ദിവസങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ അതിദാരുണമാംവിധം അച്ചനും  അകാലമരണം പ്രാപിച്ചു. നാടിനെ മൊത്തം ഉലച്ച സംഭവമായിരുന്നത്രേ,  അച്ചന്റെ അകാലവിയോഗം.
മെഡിക്കല്‍കോളജിലെ ഒരു ഇരുട്ടുസെല്ലില്‍ ദാഹിച്ചുദാഹിച്ച്, വെള്ളംകുടിക്കാനാവാതെ, വെള്ളം കണ്ടാല്‍ വെപ്രാളപ്പെട്ട് ശ്വാസംകിട്ടാതെ പിടഞ്ഞ്, പ്രകാശം കാണാനാവാതെ, ഇരുളറയില്‍ക്കിടന്ന് മാന്തിമാന്തി കൈകാലിട്ടടിച്ച്, വെള്ളത്തിനായി നാക്കുവെളിയിലിട്ട്, ദാരുണമരണം.
വല്യച്ചന്‍ പലപ്പോഴും ഈ സംഭവം പറഞ്ഞു നിര്‍ത്തുന്നതിങ്ങനെയാണ്: ''ബേബിച്ചാ, ശത്രുക്കള്‍ക്കുപോലും ഇങ്ങനെ ഒരു മരണമുണ്ടാകല്ലേന്നു തമ്പുരാനായ കര്‍ത്താവിനോടു പ്രാര്‍ഥിക്കണം, നടക്കുന്ന നാളില്‍ കരുതലോടെ, ജാഗ്രതയോടെ ജീവിക്കുക, പിന്നെ ദൈവേഷ്ടം പോലെ എല്ലാം നടക്കട്ടെ.''
ഡോറിനാന്റി മജന്തക്കളറില്‍ ഭംഗിയുള്ള ഒരു വെല്‍വെറ്റ് ബോക്‌സ് മാത്തൂട്ടിപ്പാപ്പന്റെ കൈയില്‍ കൊടുത്തിട്ട് തനിക്കു നല്കാന്‍ ആംഗ്യം കാണിച്ചു. 
അപ്പാപ്പന്‍ പറഞ്ഞു: ''കളയല്ലേ, പള്ളിയിലും വിശേഷാവസരത്തിലുമൊക്കെ ഇടാം. ടൈറ്റാനിക് ഹാര്‍ട്ട്‌പെന്‍ഡന്റ് ആന്റ് ചെയിന്‍.''
എന്നിട്ട് അപ്പാപ്പനും ആന്റിയും മക്കളുംകൂടി പൊട്ടിച്ചിരിച്ചു. ഹാര്‍ട്ടിന്റെ ചിഹ്നത്തിലുള്ള നീലക്കല്ലുലോക്കറ്റും മാലയും... കണ്ണഞ്ചുന്ന ഭംഗി.  ഭാഗ്യത്തിന് വല്യമ്മച്ചിയോ, മറിയക്കുട്ടിക്കൊച്ചമ്മയോ തന്നെ കണ്ടില്ല. അവരൊക്കെ പര്യമ്പുറത്ത് പലഹാരമെടുപ്പിന്റെ തിരക്കിലാണ്, അപ്പാപ്പന് കൊണ്ടുപോകാനുള്ള അവലോസുണ്ട, ചക്കഹല്‍വ, ചക്ക, ഏത്തയ്ക്കാ ഉപ്പേരികള്‍, ശര്‍ക്കരവരട്ടികള്‍ ഒക്കെ ഉണ്ടാക്കുന്നതിന്റെ മേല്‍നോട്ടത്തിലാണ്. കാലായിലെ അവറാഞ്ചേട്ടനും, സാറാച്ചേടത്തിയും ഭവാനിയും കല്യാണിയുമെല്ലാം ഉണ്ട്. തന്റെ അമ്മയെ വിളിച്ചതാണ്. അമ്മ പശു ഇപ്പം പെറും, ലക്ഷണങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നു എന്നു പറഞ്ഞു പോയില്ല. കഴിഞ്ഞ പ്രാവശ്യത്തെ പേറിന് മൃഗഡോക്ടര്‍ വന്നാണ് കിടാവിനെ വലിച്ചെടുത്തത്, തള്ള ചത്തേനെ. അത്ര ഗുരുതരമായിരുന്നു. അതുകൊണ്ട് അത്യാവശ്യമെങ്കില്‍  ഡോക്ടറെ കൊണ്ടുവരാനായി അപ്പനും മറ്റെങ്ങും പോകാതെ വീട്ടിലുണ്ട്.
ഡോറിനാന്റി അവളുടെ കൈയില്‍നിന്ന് ബോക്‌സ് വാങ്ങി അതില്‍നിന്നു മാലയെടുത്ത് അവളുടെ കഴുത്തിലണിയിച്ചു. എന്നിട്ട് ബോക്‌സ് അവളുടെ കൈയില്‍ കൊടുത്തു. പിന്നെ അവളുടെ മുടി പിന്നോട്ട് മാടിയൊതുക്കി ചീകി രണ്ടുനല്ല മുത്തുകള്‍ ഇട്ട് പോണി ടെയ്ല്‍ കെട്ടി, തലയില്‍ ഒരു പിരിയന്‍ഹെയര്‍ബാന്റും വച്ചിട്ട് രണ്ടു കൈയിലും ഓരോ കുപ്പിക്കാപ്പുവളയും ഇട്ടുകൊടുത്ത്  അവളെ കൂടുതല്‍ സുന്ദരിയാക്കി. ഒരു ടിന്‍ ബേബി പൗഡറും, പൗഡര്‍ കുടഞ്ഞിട്ട് എടുക്കാന്‍ ചെറിയ അടപ്പുള്ള ഡബ്ബയും അതില്‍ പൗഡര്‍ മുക്കി എടുക്കുന്ന പഫ്‌സും കൊടുത്തു, എന്നിട്ട് അല്പം പൗഡര്‍ ഡബ്ബയില്‍ കുടഞ്ഞിട്ട് പഫ്‌സുപയോഗിച്ച് തന്റെ മുഖത്തും കഴുത്തിലും പൗഡര്‍ പൂശിത്തന്നു. നല്ല വാസനയുള്ള ആ തൂവല്‍സ്പര്‍ശം അവള്‍ക്കിഷ്ടമായി.  എന്നിട്ട് ഡോറിന്‍ അവളുടെ കാതില്‍ മന്ത്രിച്ചു: ''ജല്‍ദി ചലോ'' അവള്‍ ഒറ്റയോട്ടം വച്ചുകൊടുത്തു, തന്റെ വീട്ടിലേക്ക്. അപ്പാപ്പന്‍ പറഞ്ഞു: ''മേഴ്‌സിയും സുമയും വരാന്‍ പറ.''
ലിസി മാല അപ്പനെ കാണിച്ചു. അപ്പന്‍ വന്ന് അവളുടെ മാലയില്‍ പിടിച്ചു നോക്കി. എന്നിട്ടു പറഞ്ഞു: ''ലോട്ടറി അടിച്ചല്ലോ'' ഹൃദയാകൃതിയിലുള്ള നീലക്കല്ല് ലോക്കറ്റും, കനം കുറഞ്ഞ നൂലുവള്ളിപോലത്തെ മാലയും മേഴ്‌സിക്കും സുമയ്ക്കും ഇഷ്ടമായി. അവര്‍ പറഞ്ഞു: ''എന്തുഭംഗിയാ ഇപ്പം നിന്നെക്കാണാന്‍! നീലക്കല്ല് ലോക്കറ്റ്, തലയില്‍ നീല മുത്തുകള്‍, നീല ഹെയര്‍ ബാന്റ്, രണ്ടു കൈയിലും ഓരോ കട്ടിയുള്ള നീല കുപ്പിവള, ആഹാ ഇനിയെന്നാ വേണം.'' 
അമ്മ പറഞ്ഞു: ''സ്വര്‍ണമൊന്നുമല്ല, എന്നാലും ഉപകാരമായി, മേഴ്‌സിക്കും സുമയ്ക്കും മാറിയിടാന്‍ കൊടുക്കണം കേട്ടോ''
''ആ ...മേഴ്‌സിച്ചേച്ചീം സുമേം കൂടി ചെല്ലാന്‍ മാത്തുപ്പാപ്പന്‍ പറഞ്ഞിട്ടുണ്ട്.'' 
''എടീ മോളേ, മാത്തുപ്പാപ്പന്‍ അല്ല, മാത്തൂട്ടിപ്പാപ്പന്‍. എന്റെ മക്കള്‍ അങ്ങനെ വിളിച്ചാല്‍ മതി...'' മനസ്സ് നിറഞ്ഞ അമ്മ കട്ടായം പറഞ്ഞു. 
മേഴ്‌സിക്കും സുമയ്ക്കും തലയിലിടാനുള്ള മുത്തുകളും മൂന്നുവരിയായി പിരിഞ്ഞുപിരിഞ്ഞുകിടക്കുന്ന പഞ്ചസാരമണല്‍പോലത്തെ മൂത്തുമാലകളും ഹെയര്‍ബാന്റുകളും, കുപ്പിക്കാപ്പുവളകളും മേഴ്‌സിക്ക് പ്രത്യേകമായി കാതില്‍ അമര്‍ത്തി ചേര്‍ത്തുവയ്ക്കാവുന്ന ഭംഗിയുള്ള ഒരു സെറ്റ് കമ്മലും കിട്ടി. എല്ലാവര്‍ക്കും സന്തോഷമായി. ഒരു പെരുന്നാള്‍ കൂടിയ സന്തോഷം. ഹെയര്‍ബാന്റുകളെ തങ്ങള്‍ കിരീടം എന്ന പേരിട്ടാണു വിളിച്ചത്. 
വളര്‍ന്നു വലുതായപ്പോഴാണ് ലിസി മനസ്സിലാക്കിയത്, തനിക്കു കിട്ടിയ മാല ആദ്യയാത്രയില്‍ത്തന്നെ മുങ്ങിമരണം സംഭവിച്ച കപ്പലായ ടൈറ്റാനിക്കിലെ റോസിന്റെ മാലയുടെ മോഡലാണെന്ന്.  
ജായ്ക്കും റോസും ഒക്കെ മനുഷ്യന്റെ ഭാവനയിലെ കഥാപാത്രങ്ങളാണോ? ശരിക്കും സംഭവിച്ചതോ? അതോ പില്ക്കാലത്ത് സിനിമയ്ക്കുവേണ്ടി എഴുതിപ്പിടിപ്പിച്ചതോ? അപ്പോള്‍ ഈ മാലക്കഥയൊക്കെ പണ്ടേ പ്രചരിച്ചിരുന്നോ? ആര്‍ക്കറിയാം? എന്തായാലും സിനിമ ഇറങ്ങുന്നതിന് എത്രയോമുമ്പാണ് ആ മാല തനിക്കു ലഭിച്ചത്.  ആ മാല ഏറെക്കാലം അവളും മേഴ്‌സിയും സുമയും മാറി മാറി പല വിശേഷാവസരങ്ങളിലും ഉപയോഗിച്ചു. സ്വര്‍ണമല്ലെങ്കിലും അതിന്റെ കളര്‍ ഒരിക്കലും മങ്ങിപ്പോയില്ല. പിന്നെ അത് തന്റെ പിതൃസഹോദരപുത്രന്‍ മോഷ്ടിച്ച്,  അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ആര്‍ക്കോ നല്കി. അങ്ങനെ അതു കാണാതായി. 
ഡോറിനാന്റി തനിക്കു തന്ന, തലയില്‍വയ്ക്കുന്ന, താന്‍ വളച്ചുവാതിലെന്നു വിളിക്കുന്ന പിരിയന്‍ നീലവില്ലും മേഴ്‌സിച്ചേച്ചിയുടെ കാതിലെ ഒട്ടുകമ്മലുമൊക്കെ അവന്‍ പിന്നീട് പല പ്രാവശ്യമായി മോഷ്ടിച്ചുകൊണ്ടുപോയി കൂടുതല്‍ ഇഷ്ടമുള്ള കസിന്‍സിനു കൊടുത്തു. 
ഡോറിനാന്റി കാണാത്ത രാജ്യങ്ങളും കാഴ്ചകളും കുറവാണ്. ഭാരത് പെട്രോളിയത്തിന്റെ തലപ്പത്ത് ഉന്നതസ്ഥാനം വഹിച്ചിരുന്ന മാത്തൂട്ടിപ്പാപ്പന്‍ ഓസ്‌ട്രേലിയയില്‍ പോയി സ്ഥിരതാമസമാക്കിയത് വല്യപ്പച്ചന് അത്ര ഇഷ്ടമായില്ല. എങ്കിലും മാത്തുക്കുട്ടിയുടെ സ്വാതന്ത്ര്യത്തിന് അവന്‍ പറന്നുനടക്കട്ടെ എന്ന് മൗനാനുവാദം നല്കുകയാണുണ്ടായത്.
സ്‌കൂള്‍ അവധിക്കാലത്ത് ഭാര്യയെയും മക്കളെയും കൂട്ടി ഗള്‍ഫ് രാഷ്ട്രങ്ങള്‍, യൂറോപ്യന്‍ കണ്‍ട്രീസ്, യേശുക്രിസ്തു മനുഷ്യാവതാരം ചെയ്ത്ജനിച്ചു വളര്‍ന്ന്, സുവിശേഷം ഘോഷിച്ച്, അദ്ഭുതപ്രവൃത്തികള്‍ ചെയ്ത്,  ക്രൂശുമരണം പ്രാപിച്ച്, ഉയിര്‍ത്തെഴുന്നേറ്റ്, ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട്, സ്വര്‍ഗാരോഹണം ചെയ്ത വിശുദ്ധനാടുകള്‍, ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങള്‍ എല്ലാം കൊണ്ടുപോയി കാണിക്കുക പതിവാണ്. ക്രിസ്തുഭക്തയായ ഡോറിന് വിശുദ്ധനാടുകള്‍ കണ്ടാലും കണ്ടാലും മതിവരില്ലത്രേ! ഇനി അപ്പസ്‌തോലപ്രവൃത്തികളുടെ നാടുകള്‍കൂടി കാണാനിരിക്കുകയാണത്രേ! 
ഡോറിന്റെ വീട്ടുകാര്‍ വലിയ സ്വത്തുകാരാണെന്നാണ് എല്ലാവരും പറയുന്നത്. പിന്നെ അപ്പാപ്പനു കിട്ടുന്ന വലിയ സാലറിയും ആനുകൂല്യങ്ങളും. എന്നാല്‍, വല്യപ്പച്ചനോടും സ്വസഹോദരങ്ങളോടുമുള്ള കടപ്പാടും കടമകളും നിറവേറ്റുന്നുമുണ്ട്.
ലിസിയുടെ അപ്പനും പതിവായി ഓണത്തിനും ക്രിസ്മസിനുമുള്ള ചെറിയ ഒരു തുക പതിവായി നല്കാറുണ്ട്. നാട്ടില്‍വന്നുപോകുമ്പോള്‍ അപ്പനു കൊടുക്കുന്നതോടൊപ്പം അമ്മയുടെ കൈയിലും ഒരു കുഞ്ഞുതുക കൊടുക്കാറുണ്ട്. അതുപോലെ മറ്റു സഹോദരങ്ങള്‍ക്കും ഉള്ളവനും ഇല്ലാത്തവനും കൊടുക്കും.
മുഴുവന്‍ അടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മറിയക്കുട്ടിക്കൊച്ചമ്മ പുതിയ പുതിയ കഥകള്‍ മെനഞ്ഞുണ്ടാക്കി ഡോറിനെ തെറ്റിദ്ധരിപ്പിക്കുന്നത്. 
കുചേലന്റെ അവല്‍ കഴിച്ചപ്പോള്‍, മുഴുവന്‍ കഴിക്കാന്‍ സമ്മതിക്കാതെ തടസ്സം നിന്ന രുഗ്മിണിയെപ്പോലെയാണ് മറിയക്കുട്ടി പെരുമാറിയത്. ഒരു വല്ലാത്ത തടസ്സം പിടിക്കലായിപ്പോയി. അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡിന്റെ അന്തരമൊന്നും നോക്കാതെ തികഞ്ഞ സാഹോദര്യത്തോടെയാണ് മാത്തൂട്ടിപ്പാപ്പന്റെ കുടുംബം തങ്ങളെ ചേര്‍ത്തു നിര്‍ത്തി സഹായിച്ചത്. 
''മറിയക്കുട്ടീ, നിന്റെ കുബുദ്ധി അപാരം തന്നെ, മറിയക്കുട്ടീ നിനക്കു ഹാ കഷ്ടം! നീ കൊതുകിനെ അരിച്ചുകളയുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നു''
ലിസിയും മേഴ്‌സിയും പല തവണ കൊച്ചുപ്പാപ്പന്റെ ഭാര്യയെ മനസ്സാ ശപിച്ചു. 
മാത്തുക്കുട്ടിപ്പാപ്പനും കുടുംബവും തിരിച്ചുപോകാന്‍നേരം അപ്പനു കൊടുത്തതുകൂടാതെ അമ്മയ്ക്കും ഒരുപിടി നോട്ടുകള്‍ കൊടുത്തു. ഡോറിനാന്റി ലിസിയെ ആലിംഗനം ചെയ്ത് കവിളില്‍ ഒരു ചുടുചുംബനം നല്കി. ലിപ്സ്റ്റിക്കിന്റെ പാടുകാട്ടി പിതൃസഹോദരപുത്രന്‍ തമ്പിച്ചാച്ചന്‍ കളിയാക്കി. എല്ലാരും ചിരിച്ചു. കുക്കിയും കാറിലിരുന്ന് റ്റാറ്റാ പറഞ്ഞ് കൈവീശിക്കാണിച്ചു. കാറിന്റെ ചക്രങ്ങള്‍ അതിവേഗം ഉരുണ്ടു. ഒരു യുഗം അവസാനിച്ചതുപോലെ ലിസിക്കു തോന്നി. 
ലിസിമാത്രം നിന്നിടത്തുനിന്ന് അനങ്ങിയില്ല, വലിയ നഷ്ടബോധം. ജാക്‌സണ്‍ കളിയാക്കി: എടീ കേറിപ്പോരെടീ, അവരവിടെ ചെമ്പൂര് എത്തിക്കാണും. 
സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ആ ആന്റിയെയും കുടുംബത്തെയുമാണ് ഇവര്‍ ഇത്രമാത്രം തങ്ങളില്‍നിന്നകറ്റിയത്. 
അവര്‍ നാലുപേരും ഒന്നിനൊന്നു മികച്ച നല്ല മനുഷ്യരാണ്. അവളുടെ അന്തരംഗം ഉരുവിട്ടു: ''ദ്രോഹിയായ മറിയക്കുട്ടീ നിനക്കു ഹാ കഷ്ടം!''
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)