•  26 Dec 2024
  •  ദീപം 57
  •  നാളം 42
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു  പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ വിവാഹത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും ഹൈറേഞ്ചില്‍ ചെന്നപ്പോഴാണ് വീണ്ടും കാണുന്നത്. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം  സിസിലിയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിനു നന്നേ ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി ജയേഷ്. എല്‍സയുടെ കാലിന്റെ മുടന്തു മാറ്റാനുള്ള സര്‍ജറിക്കു പണം കൊടുക്കാമെന്ന് ജയേഷ് അറിയിച്ചു. ഇതറിഞ്ഞ വര്‍ഷ കോപാകുലയായി. പണം തരില്ലെന്ന് എല്‍സയെ വിളിച്ചറിയിച്ചു. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി മുടന്തുമാറ്റി. സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. ഇതിനിടയില്‍ വര്‍ഷ ഗര്‍ഭിണിയായി. ജയേഷ് അറിയാതെ ഗര്‍ഭച്ഛിദ്രം നടത്തിയിട്ട് ബാത്‌റൂമില്‍ തെന്നിവീണ് അബോര്‍ഷനായീന്ന് കള്ളം പറഞ്ഞു. ഒരപകടത്തില്‍ സിസിലി മരിച്ചു. എല്‍സ ഒറ്റയ്ക്കായി. ഡോക്ടര്‍ മനു അവള്‍ക്ക് താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഒരു ജോലി ശരിയാക്കിക്കൊടുത്തു. എല്‍സയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന കാര്യം ഡോക്ടര്‍ മനു വീട്ടില്‍ പറഞ്ഞു. എല്‍സ ഡോക്ടറോടൊപ്പം രണ്ടുദിവസം അയാളുടെ വീട്ടില്‍ പോയി താമസിച്ചു. വീട്ടുകാര്‍ക്ക് എല്‍സയെ ഒരുപാട് ഇഷ്ടമായി. വര്‍ഷ ഗര്‍ഭച്ഛിദ്രം നടത്തിയ കാര്യം യാദൃച്ഛികമായി ജയേഷും സൂസമ്മയും അറിഞ്ഞു. ജയേഷ് വര്‍ഷയോട് ഇക്കാര്യം ചോദിച്ചെങ്കിലും അവള്‍ നിഷേധിച്ചു. നുണ പറഞ്ഞതില്‍ വര്‍ഷയ്ക്ക് പിന്നീട് കുറ്റബോധം തോന്നി. ഒരു ദിവസം ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ വര്‍ഷ ഓടിച്ച സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ വര്‍ഷയ്ക്ക് കാര്യമായ പരിക്കുപറ്റിയില്ലെങ്കിലും താന്‍ നുണ പറഞ്ഞതിന്റെ ദൈവശിക്ഷയാണോ  അപകടം എന്ന തോന്നല്‍ അവളിലുണ്ടായി. ജയേഷിനോട് എല്ലാം ഏറ്റുപറഞ്ഞ് അവള്‍ മാപ്പു ചോദിച്ചു. ജയേഷ് ക്ഷമിച്ചു. ആശുപത്രിയില്‍ കഴിയവേ ജയേഷിന്റെ സ്‌നഹം കണ്ടപ്പോള്‍ അവള്‍ക്കു മനസ്സിലായി ഭര്‍ത്താവിന്റെ സ്‌നേഹത്തിന്റെ ആഴം എത്ര അധികമായിരുന്നു എന്ന്. വര്‍ഷ ഒരു പുതിയ ജീവിതം തുടങ്ങി. എല്‍സയെ കണ്ടു ക്ഷമ ചോദിക്കണമെന്ന് അവള്‍ ജയേഷിനോടു പറഞ്ഞു.
(തുടര്‍ന്നു വായിക്കുക)
 
ഡോക്ടര്‍ മനുതോമസിന്റെ വീട്ടില്‍നിന്ന് കാറില്‍ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലേക്കു മടങ്ങുമ്പോള്‍ എല്‍സയുടെ മനസ്സില്‍ സന്തോഷം തിരതല്ലുകയായിരുന്നു. സ്വന്തം വീട്ടില്‍ സ്വന്തം പപ്പയുടെയും അമ്മയുടെയുംകൂടെ താമസിച്ചതുപോലുള്ള അനുഭവമായിരുന്നു അവള്‍ക്ക്.
എത്ര സ്‌നേഹമുള്ള അമ്മയാണ്! നിഖിലയാണെങ്കില്‍ സ്വന്തം ചേച്ചിയോടെന്നപോലെയാണ് തന്നോട് ഇടപെട്ടത്. പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് ഇറങ്ങിയപ്പോള്‍, താന്‍ ആരാണെന്നു സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ ഒരു സ്വന്തക്കാരിയാണെന്നു പറയാന്‍ കാണിച്ച ആ നല്ല മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവുമോ?
''എങ്ങനുണ്ട് എന്റെ വീട്?''
കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഡോക്ടര്‍ മനു ചോദിച്ചു.
''ഒരുപാട് ഇഷ്ടമായി. എന്റെ സ്വന്തം വീട്ടില്‍ വന്നുനിന്നപോലുള്ള അനുഭവമായിരുന്നു. എത്ര സ്‌നേഹമുള്ള അമ്മയും പപ്പയുമാ. തിരിച്ചുപോരുമ്പം സങ്കടമായിരുന്നു.''
''എന്നാ അവിടങ്ങു സ്ഥിരതാമസമാക്കിയാലോ?'' ചിരിച്ചുകൊണ്ട് മനു പറഞ്ഞു.
''കളിയാക്കിയതാണല്ലേ?''
''അങ്ങനെ തോന്നിയോ?''
''ഉം.''
''സത്യത്തില്‍ എല്‍സയെ ഞാനെന്റെ വീട്ടില്‍ കൊണ്ടുപോയത് വെറും ഒരു സന്ദര്‍ശനത്തിനുവേണ്ടിമാത്രമല്ല. ഞാനെന്റെ ഒരാഗ്രഹം അമ്മയോടു പറഞ്ഞു. അപ്പം അമ്മ പറഞ്ഞു എല്‍സയെ ഒന്നു കാണണമെന്ന്. അങ്ങനെ കൂട്ടിക്കൊണ്ടു പോയതാ.''
''എന്താഗ്രഹമാ?''
''പറയട്ടേ?''
''ഉം.''
''വരുന്നോ, എന്റെ ജീവിതപങ്കാളിയായി എന്നോടൊപ്പം ഒരുമിച്ചു ജീവിക്കാന്‍.''
അപ്രതീക്ഷിതമായി ആ ക്ഷണം കേട്ട്  ശ്വാസം നിലച്ചപോലെ ഇരുന്നുപോയി എല്‍സ. ഇങ്ങനെയൊരു വിളി പ്രതീക്ഷിച്ചതേയില്ല. ദൈവമേ, താന്‍ എന്താണീ കേള്‍ക്കുന്നത്. മറുപടി കേള്‍ക്കാഞ്ഞപ്പോള്‍ മനു ചോദിച്ചു:
''ഇഷ്ടപ്പെട്ടില്ലേ എന്റെ ചോദ്യം?''
''ഒരുപാട് ഒരുപാട് ഇഷ്ടമായി. സന്തോഷംകൊണ്ടു മിണ്ടാന്‍ പറ്റാതെ ഇരുന്നുപോയതാ. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു ക്ഷണം.''
''അമ്മയ്ക്കും പപ്പയ്ക്കും അനിയത്തിക്കും എല്‍സയെ ഒരുപാട് ഇഷ്ടമായി. അതുകൊണ്ടാ ഞാനീ ആഗ്രഹം ഇപ്പം തുറന്നു പറഞ്ഞത്.''
''ഡോക്ടറെ എന്റെ ജീവിതപങ്കാളിയായി ഞാന്‍ ഒരിക്കല്‍പ്പോലും മനസ്സില്‍ സങ്കല്പിച്ചിട്ടുണ്ടായിരുന്നില്ല. അതിനുള്ള യോഗ്യത എനിക്കില്ലെന്ന് അറിയാമായിരുന്നു. ഇപ്പോ ഇങ്ങനൊരാഗ്രഹം ഡോക്ടര്‍ തുറന്നുപറഞ്ഞപ്പോള്‍ ഞാന്‍ വിചാരിക്കുന്നത് ദൈവം എന്റെ ഹൃദയം കണ്ടിട്ട് എനിക്ക് വലിയ ഒരു സമ്മാനം തന്നു എന്നാണ്.''
''എല്‍സയെ വിവാഹം കഴിക്കണമെന്ന് ഞാനും ചിന്തിച്ചിരുന്നില്ല. രണ്ടാഴ്ചമുമ്പ് പൂച്ചപ്പാറപ്പള്ളിയില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് ഉണ്ടായിരുന്നു. അന്ന് അവിടുത്തെ വികാരി ഫാദര്‍ മാത്യു കുരിശിങ്കലിനെ ഞാന്‍ പരിചയപ്പെട്ടു. എല്‍സയുടെ അമ്മയുടെ മൃതസംസ്‌കാരത്തില്‍ അച്ചനായിരുന്നല്ലോ ചരമപ്രസംഗം നടത്തിയത്. പലതും സംസാരിച്ച കൂട്ടത്തില്‍ എല്‍സയെപ്പറ്റി ഞാന്‍ അച്ചനോടു ചോദിച്ചു. അച്ചന്‍ പറഞ്ഞത് ഇത്രയും നല്ലൊരു കുട്ടിയെ അച്ചന്റെ വൈദികജീവിതത്തില്‍ വേറേ കണ്ടിട്ടില്ലെന്നാണ്. നൂറു നാവായിരുന്നു എല്‍സയെപ്പറ്റി പറഞ്ഞപ്പം അച്ചന്. അപ്പഴാ എനിക്കു തോന്നിയത് എല്‍സയെ എന്റെ ജീവിതപങ്കാളിയാക്കിയാലോന്ന്.''
''എന്റെ ഭാഗ്യം.''
''വീട്ടില്‍ പറഞ്ഞപ്പോ, അപ്പനും അമ്മയുമില്ലാത്ത കുട്ടിയല്ലേ, വേണ്ട എന്നുപറഞ്ഞ് അമ്മ എന്നെ നിരുത്സാഹപ്പെടുത്തിയതാ. ഞാന്‍ പറഞ്ഞു കുരിശിങ്കലച്ചനെ വിളിച്ചൊന്നു ചോദിക്കാന്‍. എന്റെ നിര്‍ബന്ധംകൊണ്ട് അമ്മ കുരിശിങ്കലച്ചനെ വിളിച്ച് അഭിപ്രായം ചോദിച്ചു. അച്ചന്റെ അഭിപ്രായം കേട്ടപ്പോള്‍ അമ്മയുടെ മനസ്സുമാറി. എല്‍സയെ നേരിട്ടുകണ്ടു സംസാരിച്ചിട്ടു തീരുമാനം പറയാമെന്ന് അമ്മ പറഞ്ഞു. അതു മതിയെന്നു ഞാനും പറഞ്ഞു. അമ്മയ്ക്കിഷ്ടമായില്ലെങ്കില്‍ അതു ഡ്രോപ്പ് ചെയ്യാമെന്ന് ഞാന്‍  വാക്കുകൊടുത്തു. അതുകൊണ്ടാ എല്‍സയെ ഞാന്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടു ചെന്നത്.''
''അമ്മ എന്നെപ്പറ്റി എന്തു പറഞ്ഞു?'' 
''എല്‍സയെ ഒരുപാട് ഇഷ്ടമായി. അമ്മയ്ക്കു മാത്രമല്ല, പപ്പയ്ക്കും അനിയത്തിക്കും. സന്ധ്യാപ്രാര്‍ഥനയില്‍ എല്‍സ ഭക്തിപൂര്‍വം പ്രാര്‍ഥന ചൊല്ലുന്ന കേട്ടപ്പം അമ്മ അതിശയത്തോടെ നോക്കിയിരുന്നു പോയീന്നു പറഞ്ഞു.
തന്നത്താന്‍ പ്രാര്‍ഥന ഉണ്ടാക്കി ചൊല്ലാനൊക്കെ ആരാ പഠിപ്പിച്ചെ?'' 
''പപ്പയും  അമ്മയും നന്നായി പ്രാര്‍ഥിക്കുമായിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ ഞങ്ങളെ പ്രാര്‍ഥിക്കാനും ശീലിപ്പിച്ചു. വായിക്കാന്‍ പഠിച്ചതുമുതല്‍ എന്നും ബൈബിള്‍ വായിക്കുന്നുണ്ട്.''
''വെരിഗുഡ്. വിശ്വാസത്തില്‍ വളര്‍ന്നതുകൊണ്ടാണ് നന്മയുള്ള ഒരു ഹൃദയം ദൈവം എല്‍സയ്ക്കു സമ്മാനിച്ചത്.''
''നല്ല വാക്കുകള്‍ക്കു നന്ദി.''
''അമ്മ ഇന്ന് പച്ചക്കൊടി കാട്ടിയതുകൊണ്ടാ ഞാനെന്റെ ആഗ്രഹം ഇപ്പം തുറന്നു പറഞ്ഞത്. എല്‍സയ്ക്ക് എതിര്‍പ്പൊന്നുമില്ലല്ലോ അല്ലേ?''
''എതിര്‍പ്പോ? ആരോരുമില്ലാത്ത ഒരു പെണ്ണിന് സ്‌നേഹനിധിയായ ഒരു പുരുഷന്‍ താങ്ങും തണലുമായി വരാമെന്നു പറയുമ്പോള്‍ വേണ്ടാന്നു പറയുമോ ഡോക്ടര്‍ ആരെങ്കിലും? നൂറുവട്ടം ഇഷ്ടമാണ് എനിക്ക്.''
''സന്തോഷമായി. ങ്ഹ, പിന്നൊരു കാര്യം. ഞാനും എല്‍സയുംമാത്രം തല്‍ക്കാലം ഇതറിഞ്ഞാല്‍ മതി. കുരിശിങ്കലച്ചന്‍ ചോദിച്ചാല്‍ അച്ചനോടും പറഞ്ഞോ. വേറാരോടും പറയണ്ട. കല്യാണം ഫിക്‌സ് ചെയ്തു കഴിഞ്ഞിട്ട് മറ്റുള്ളവരറിഞ്ഞാല്‍ മതി.''
''ഉം.''
''ഒരു കാര്യംകൂടി. ഞാനൊരു ഡോക്ടറാണ്. സമയത്തും കാലത്തുമൊന്നും വീട്ടിലെത്താന്‍ പറ്റിയെന്നു വരില്ല. കറങ്ങിനടക്കാന്‍ ഒരുപാട് സമയം കിട്ടിയെന്നും വരില്ല. അതൊക്കെ ചിന്തിച്ചുവേണം എന്നോടൊപ്പം വരാന്‍.''
''ഒരു ഡോക്ടറുടെ ജോലി എന്താന്ന് എനിക്കറിയാവുന്നതല്ലേ! പൊരുത്തപ്പെട്ടുപോകാന്‍ പറ്റുന്ന ഒരു മനസ്സ് എനിക്കുണ്ട് ഡോക്ടര്‍. ഒന്നുമില്ലെങ്കിലും സ്‌നേഹനിധിയായ ഒരു പപ്പയുടേം അമ്മയുടേം കൂടെ ജീവിക്കാല്ലോ.''
ഓരോന്നു പറഞ്ഞും ചിരിച്ചും അവര്‍ യാത്ര തുടര്‍ന്നു.
രാത്രി ഹോസ്റ്റല്‍മുറിയിലിരുന്നു ബൈബിള്‍ വായിക്കുമ്പോള്‍ എല്‍സയുടെ ഫോണ്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ കുരിശിങ്കലച്ചനാണ്. ഫോണുമായി അവള്‍ വരാന്തയിലേക്കിറങ്ങി. സംസാരിക്കുന്നത് റൂംമേറ്റ് കേള്‍ക്കേണ്ടന്നവള്‍ ചിന്തിച്ചു.
''ഹലോ...''
''കിടന്നായിരുന്നോ?''
''ഇല്ലച്ചോ. ബൈബിള്‍ വായിച്ചോണ്ടിരിക്ക്വായിരുന്നു.''
''വെരി ഗുഡ്. എന്തുണ്ട് വിശേഷം? ജോലിയൊക്കെ സുഖാണോ?''
''ഉം...''
''വീട്ടില്‍ പോകാറുണ്ടോ?''
''ഇടയ്ക്കു പോകാറുണ്ട്.''
''കല്യാണം ഒന്നും ആയില്ലല്ലോ അല്ലേ?''
''ഒരു പ്രപ്പോസല്‍ വന്നിട്ടുണ്ട്. അച്ചന്‍ ആളെ അറിയും. ഡോക്ടര്‍ മനു തോമസ്.''
''ങ്ഹ. അതറിയാനാ ഞാനിപ്പം വിളിച്ചത്. ഡോക്ടറുടെ അമ്മ കുറച്ചുദിവസം മുമ്പ് എന്നെ വിളിച്ച് നിന്നെപ്പറ്റി അഭിപ്രായം ചോദിച്ചിരുന്നു. അതിന്റെ തീരുമാനം വല്ലോം ആയോന്നറിയാനാ ഞാനിപ്പം വിളിച്ചത്.'' 
എല്‍സ എല്ലാക്കാര്യങ്ങളും അച്ചനോടു പറഞ്ഞു. മനുവിനോടൊപ്പം വീട്ടില്‍ പോയി രണ്ടു ദിവസം തങ്ങിയതും തിരിച്ചുപോരുമ്പോള്‍ മനു വിവാഹക്കാര്യം പറഞ്ഞതുമെല്ലാം കേട്ടപ്പോള്‍ അച്ചന് ഒരുപാട് സന്തോഷമായി.
''അച്ചനിത് ആരോടും പറയണ്ട. ഫിക്‌സ് ചെയ്തു കഴിഞ്ഞ് എല്ലാരും അറിഞ്ഞാല്‍ മതീന്നു ഡോക്ടര്‍ പറഞ്ഞു.''
''ഇതു ഞാന്‍ നിന്നോടു പറയാന്‍ തുടങ്ങ്വായിരുന്നു. നീ നന്നായിട്ടു പ്രാര്‍ഥിച്ചോ? ഇനി മുതല്‍ നിനക്കു ദൈവം തരാന്‍ പോകുന്നത് സന്തോഷകരമായ ഒരു ജീവിതമായിരിക്കും. നിനക്കുവേണ്ടി ഞാന്‍ എന്നും പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു.''
''താങ്ക് യു ഫാദര്‍.'' 
''ചേച്ചിക്കു സുഖമല്ലേ?''
''ചേച്ചിയുടെ സുഖം അച്ചന്‍ കണ്ടതല്ലേ? കരഞ്ഞും പിഴിഞ്ഞും ഓരോ ദിവസവും തള്ളി നീക്കിക്കൊണ്ടിരിക്കുന്നു.''
''അവള്‍ക്കുവേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട്. എല്ലാം ശരിയാകും.''
കുറച്ചുനേരംകൂടി ഓരോന്നു ചോദിച്ചിട്ട് അച്ചന്‍ ഫോണ്‍ കട്ട് ചെയ്തു. എല്‍സ അകത്തേക്കു കയറി വാതില്‍ ബന്ധിച്ചു.
 *     *      *
കുത്തനെയുള്ള കയറ്റം. വളഞ്ഞും പുളഞ്ഞുമുള്ള റോഡിലൂടെ കാര്‍ സാവധാനമാണ് ഓടിക്കൊണ്ടിരുന്നത്. ജയേഷാണ് കാര്‍ ഓടിച്ചിരുന്നത്.
''നമ്മള്‍ അവിടെ ചെല്ലുമ്പോള്‍ എല്‍സ അവിടെ ഉണ്ടായിരിക്കുമോ?''
വര്‍ഷ സംശയം പ്രകടിപ്പിച്ചു.
''ഇല്ലാണ്ട് എവിടെപ്പോകാന്‍? പോയാലും അയല്‍ക്കാരോടു ചോദിച്ചാലറിയാല്ലോ?''
''നമ്മുടെ രണ്ടുപേരുടേം ഫോണില്‍നിന്ന് മാറിമാറി വിളിച്ചിട്ട് എല്‍സ കോള്‍ അറ്റന്‍ഡ് ചെയ്തില്ലല്ലോ.''
''വാട്‌സ് ആപ്പില്‍ മെസേജ് ഇട്ടിട്ടും റെസ്‌പോണ്ട് ചെയ്തില്ല. അത്രയേറെ ദേഷ്യം കാണും.''
''ഇരന്നു തിന്നാതെ പണിയെടുത്തു ജീവിക്കാന്‍ പറഞ്ഞാല്‍ ആര്‍ക്കാണെങ്കിലും വിഷമം തോന്നില്ലേ? ഞാന്‍ എങ്ങനെ അവളെ ഫേസ് ചെയ്യുമെന്നാ ഇപ്പം ഓര്‍ക്കുന്നേ...'' വര്‍ഷ പറഞ്ഞു.
''എനിക്കും അതാ വിഷമം. എങ്ങനെ ഫേസ് ചെയ്യും? കാശുകൊടുക്കാന്നു പറഞ്ഞു പറ്റിച്ചതല്ലേ.''
ദീര്‍ഘദൂരം ഓടി, കാര്‍ കുറുക്കന്‍കുന്നു കവലയിലെത്തി. അവിടെനിന്ന് കുറച്ചുദൂരം മുമ്പോട്ടുപോയി വലത്തോട്ടു തിരിഞ്ഞു.
വീട്ടുമുറ്റത്ത് കാര്‍ വന്നു നിന്നപ്പോള്‍ ജയേഷ് അദ്ഭുതം കൂറി. വീടു പൂട്ടിക്കിടന്നു. മുറ്റം നിറയെ പുല്ലു വളര്‍ന്നിട്ടുണ്ട്. ദീര്‍ഘനാളായി ആള്‍ത്താമസമില്ലാതെ കിടക്കുന്ന വീടാണെന്ന് ഒറ്റനോട്ടത്തില്‍ അറിയാം.
''ഇവിടെ ആരുമില്ലല്ലോ.'' 
ജയേഷ് വര്‍ഷയെ നോക്കി പറഞ്ഞു. അയാള്‍ വീടിനു ചുറ്റും നടന്നുനോക്കി. തെല്ലകലെ ഒരാള്‍ പശുവിനെ തീറ്റുന്നതു കണ്ടു. ജയേഷ് കൈകൊട്ടി വിളിച്ചിട്ടു ചോദിച്ചു: 
''ഇവിടെ താമസിച്ചിരുന്ന എല്‍സ എങ്ങോട്ടു പോയീന്നറിയാമോ?''
''അവള് കട്ടപ്പനേല്‍ ഒരാശുപത്രീല്‍ ജോലി ചെയ്യുവാ. അവിടെ ഹോസ്റ്റലിലാ താമസം.''
''ഏത് ആശുപത്രീലാ?''
അയാള്‍ ഹോസ്പിറ്റലിന്റെ പേരു പറഞ്ഞു.
''എത്രനാളായി പോയിട്ട്?''
''അമ്മ മരിച്ച ഉടനെ പോയതാ.'' 
കൂടുതലൊന്നും ചോദിക്കാതെ ജയേഷ് വര്‍ഷയെയും കൂട്ടി കാറില്‍ കയറി. കാര്‍ വന്ന വഴിയേ തിരിച്ചുപോയി.
''ആശുപത്രീല്‍ പോയി അവളെ കാണണോ?'' ജയേഷ് ചോദിച്ചു.
''കാണണം. കണ്ടു ക്ഷമ ചോദിച്ചില്ലെങ്കില്‍ എനിക്കു മനഃസമാധാനം ഉണ്ടാകില്ല.''
''അവിടെവച്ച് പരുഷമായി വല്ലതും പറഞ്ഞാല്‍ എല്ലാരും കേള്‍ക്കും.''
''ഏയ് അങ്ങനൊന്നും ഒണ്ടാവില്ല. അവളൊരു പെണ്ണല്ലേ. നമ്മള്‍ അന്വേഷിച്ച് അങ്ങോട്ടു ചെല്ലുമ്പം പൊട്ടിത്തെറിക്കുവൊന്നും ഇല്ല.''
ഏറെ ദൂരം ഓടിയിട്ട് ആശുപത്രിവളപ്പില്‍ ആ കാര്‍ വന്നുനിന്നു. ജയേഷും വര്‍ഷയും കാറില്‍നിന്നിറങ്ങി എന്‍ക്വയറി കൗണ്ടറിലേക്കു നടന്നു.
''എല്‍സ എന്നൊരു പെണ്‍കുട്ടി ഇവിടെ ജോലി ചെയ്യുന്നുണ്ടോ?''
''എല്‍സ തോമസ്.''
''അതെ.''
''ബില്ലിങ് സെക്ഷനിലാ. ഇവിടുന്നു റൈറ്റ് പോയിട്ട് ലെഫ്റ്റിലോട്ടു തിരിഞ്ഞിട്ട് മൂന്നാമത്തെ റൂം.''
എന്‍ക്വയറിയിലിരുന്ന പെണ്‍കുട്ടി ചൂണ്ടിക്കാണിച്ച വഴിയേ ജയേഷും വര്‍ഷയും നടന്നു. അവരുടെ ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു. 
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)