കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ വിവാഹത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും ഹൈറേഞ്ചില്‍ ചെന്നപ്പോഴാണ് വീണ്ടും കാണുന്നത്. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം സിസിലിയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിനു നന്നേ ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി ജയേഷ്. എല്‍സയുടെ കാലിന്റെ മുടന്തുമാറ്റാനുള്ള സര്‍ജറിക്കു പണം കൊടുക്കാമെന്ന് ജയേഷ് അറിയിച്ചു. ഇതറിഞ്ഞ വര്‍ഷ കോപാകുലയായി. പണം തരില്ലെന്ന് അവള്‍ എല്‍സയെ വിളിച്ചറിയിച്ചു. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി മുടന്തുമാറ്റി. സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. ഇതിനിടയില്‍ വര്‍ഷ ഗര്‍ഭിണിയായി. ജയേഷ് അറിയാതെ ഗര്‍ഭച്ഛിദ്രം നടത്തിയിട്ട് ബാത്‌റൂമില്‍ തെന്നിവീണ് അബോര്‍ഷനായീന്ന് ജയേഷിനോടു കള്ളം പറഞ്ഞു. ഒരപകടത്തില്‍ സിസിലി മരിച്ചു. എല്‍സ ഒറ്റയ്ക്കായി. ഡോക്ടര്‍ മനു അവള്‍ക്ക് താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഒരു ജോലി സംഘടിപ്പിച്ചുകൊടുത്തു. എല്‍സയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന കാര്യം ഡോക്ടര്‍ മനു വീട്ടില്‍ പറഞ്ഞു. എല്‍സ ഡോക്ടറോടൊപ്പം രണ്ടുദിവസം അയാളുടെ വീട്ടില്‍ പോയി താമസിച്ചു. വീട്ടുകാര്‍ക്ക് എല്‍സയെ ഇഷ്ടമായി. വര്‍ഷ ഗര്‍ഭച്ഛിദ്രം നടത്തിയ കാര്യം യാദൃച്ഛികമായി ജയേഷും സൂസമ്മയും അറിഞ്ഞു. (തുടര്‍ന്നു വായിക്കുക)
അടുത്തദിവസം ഉച്ചയ്ക്കുമുമ്പേ ജയേഷിനെ ഡിസ്ചാര്‍ജ് ചെയ്തു. വൈറല്‍പനിയാണെന്നും രണ്ടുദിവസം കഴിയുമ്പോള്‍ മാറിക്കോളുമെന്നും പറഞ്ഞപ്പോള്‍ സമാധാനമായി.
വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ജയേഷ് പറഞ്ഞു:
''എന്റെ കുഞ്ഞിനെ മനഃപൂര്‍വം കൊന്നുകളഞ്ഞിട്ട് അബോര്‍ഷനായീന്ന് അവളെന്നോടു കള്ളം പറഞ്ഞല്ലോ അമ്മേ. അതിനു കൂട്ടുനിന്നല്ലോ അവളുടെ അമ്മയും. ഭര്‍ത്താവിനെ ഈ വിധം ചതിക്കുന്ന ഒരു സ്ത്രീക്ക് ഒരിക്കലും വിശ്വസ്തയായ ഒരു ഭാര്യയായിരിക്കാന്‍ കഴിയില്ലമ്മേ.''
''ഇന്നലെ രാത്രി മുഴുവന്‍ ഞാനിതോര്‍ത്തു കിടക്ക്വായിരുന്നു മോനേ. ഉറക്കം വന്നില്ല. അബോര്‍ഷനായീന്നു പറഞ്ഞുള്ള ആ തള്ളേടേം മോളുടേം കരച്ചിലും സങ്കടവും ഒന്നു കാണണമായിരുന്നു! എത്ര ഭംഗിയായി അഭിനയിച്ചു അവരു നമ്മുടെ മുമ്പില്‍!''
''സിസിലിയാന്റിയുടെ മകള്‍ എല്‍സ എത്ര നല്ല കുട്ടിയാ. അതുപോലൊരു പെണ്‍കുട്ടിയെയായിരുന്നു ഞാന്‍ കൊതിച്ചത്.''
''സിസിലി മരിച്ചതിനുശേഷം ആ കൊച്ചിന്റെ ജീവിതം എങ്ങനെയാണാവോ! ഫോണ്‍ വിളിക്കാന്‍ എനിക്കു മടിയാ. ഇങ്ങോട്ടു വല്ലതും പറഞ്ഞാല്‍ അതു കേള്‍ക്കാനുള്ള ശക്തിയില്ല.''
''വര്‍ഷ അങ്ങനെ പറഞ്ഞതിനുശേഷം ഞാനും വിളിച്ചിട്ടില്ലമ്മേ. എല്‍സ ഇങ്ങോട്ടും വിളിച്ചിട്ടില്ല.''
''പാവം! ചട്ടിച്ചട്ടിയുള്ള ആ നടപ്പു കാണുമ്പംതന്നെ സഹതാപം തോന്നുമായിരുന്നു.''
''നമ്മള്‍ അവിടെ ചെന്നപ്പോള്‍ സിസിലിയാന്റിയും എല്‍സയും നമ്മളോടു കാണിച്ച ആ സ്‌നേഹവും സല്‍ക്കാരവും മറക്കാന്‍ പറ്റുമോ? എല്‍സ എന്നെ ആ പാറപ്പുറത്തുകൊണ്ടുപോയി പ്രകൃതിദൃശ്യം കാണിച്ചു തന്നത് ഇപ്പഴും മനസില്‍ നിറഞ്ഞു നില്‍ക്കുവാ. അവളുടെ കാലിന്റെ ഓപ്പറേഷന് കൊടുക്കാന്നു പറഞ്ഞ കാശ് കൊടുക്കാന്‍ പറ്റാത്തതില്‍ എനിക്കൊരുപാട് കുറ്റബോധമുണ്ട്. വിശ്വാസവഞ്ചനയല്ലേ ഞാന്‍ കാണിച്ചത്! ദൈവം ക്ഷമിക്കുമോ അമ്മേ എന്നോട്?''
''ദൈവം അതൊക്കെ ക്ഷമിക്കും മോനേ. നിന്റെ മനസ് ദൈവത്തിന് അറിയാല്ലോ. ങ്ഹ... വര്‍ഷ വരുമ്പം നീ അവളോടൊന്നു ചോദിക്കണം എന്തിനാ നുണ പറഞ്ഞതെന്ന്.''
''ചോദിക്കാം അമ്മേ. അവളു സമ്മതിക്കുമെന്നു തോന്നുന്നില്ല. എന്നാലും ചോദിക്കാം. നമ്മള്‍ അറിഞ്ഞൂന്ന് അവളൊന്നറിയണമല്ലോ.''
''തീര്‍ച്ചയായും ചോദിക്കണം. ഇനീം ഇതുപോലെ നുണ പറയാന്‍ അവളുടെ നാവു പൊങ്ങരുത്.''
സൂസമ്മയ്ക്കും ദേഷ്യമായിരുന്നു.
രാത്രി എട്ടുമണിയായപ്പോള്‍ വര്‍ഷ വന്നു. കുളിയും അത്താഴവും കഴിഞ്ഞ് കിടപ്പുമുറിയിലേക്കു വന്നപ്പോള്‍ ജയേഷ് കസേരയില്‍ ചാരി ചിന്താമൂകനായി ഇരിക്കയായിരുന്നു. വര്‍ഷയ്ക്ക് പന്തികേട് തോന്നി.
''എന്താ ആലോചിച്ചിരിക്കുന്നേ?''
വര്‍ഷ വന്ന് ജയേഷിന്റെ തോളില്‍ കൈവച്ചുകൊണ്ടു ചോദിച്ചു.
''ഒന്നുമില്ല.''
''ഇന്നലെ ഞാനാശുപത്രീല്‍ നില്‍ക്കാത്തതുകൊണ്ടുള്ള വിഷമമാണോ? എനിക്കിവിടെ വന്നിട്ട് ഇത്തിരി വര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാട്ടോ. വിഷമിക്കണ്ട.''
വര്‍ഷ അവന്റെ കവിളില്‍ ഒരു മുത്തം നല്‍കി.
''ഇവിടിരുന്നേ.''
ജയേഷ് വര്‍ഷയെ പിടിച്ച് തൊട്ടടുത്ത് മറ്റൊരു കസേരയിലിരുത്തി. എന്നിട്ട് ആ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. പതിവില്ലാത്ത നോട്ടം കണ്ടപ്പോള്‍ അവള്‍ ഒന്നമ്പരന്നു. എന്തുപറ്റി ഈ മനുഷ്യന്?
''എന്തേ ഇങ്ങനെ നോക്കുന്നേ?''
''ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ?''
''എന്താ?'' വര്‍ഷയ്ക്ക് ഉത്കണ്ഠയായി.
''ബാത്‌റൂമില്‍ വീണ് അബോര്‍ഷനായീന്നല്ലേ വര്‍ഷ എന്നോടു പറഞ്ഞത്?''
''അതെ.'' അവളുടെ നെഞ്ചിലൊരു മിന്നല്‍.
''എന്തിനാ എന്നോടു നുണ പറഞ്ഞത്?''
''നുണയോ? ആരു പറഞ്ഞു നുണയാന്ന്.''
വര്‍ഷയുടെ നെഞ്ചിടിപ്പുകൂടി.
''അബോര്‍ഷന്‍ നടത്തിയ ഡോക്ടര്‍ പറഞ്ഞു. ഞാനിന്നലെ ആശുപത്രിയില്‍വച്ച് ആ ഡോക്ടറെ കണ്ടു.''
ജയേഷ് ഒരു സൂത്രം പ്രയോഗിച്ചു.
''ഡോക്ടറു നുണ പറഞ്ഞതാ. സത്യായിട്ടും ബാത്‌റൂമില്‍ വീണ് അബോര്‍ഷനായതാ. ജയേഷിനെന്നെ വിശ്വാസമില്ലേ?''
''എങ്കില്‍ നാളെ നമുക്ക് ആ ഡോക്ടറുടെ അടുത്തൊന്നു പോയാലോ? എന്തിനാ ഡോക്ടര്‍ നുണ പറഞ്ഞതെന്ന് ഒന്നറിയണമല്ലോ.'' ജയേഷ് ഒരടവു പ്രയോഗിച്ചു.
''എന്നെ വിശ്വാസമില്ലാത്തതുകൊണ്ടല്ലേ പോകണമെന്നു പറയുന്നത്? കഷ്ടം ഒണ്ട് കേട്ടോ.'' വര്‍ഷ കരയാന്‍ തുടങ്ങി. ''ഞാനിത്രയേറെ സ്‌നേഹിച്ചിട്ടും എന്നെ വിശ്വാസമില്ലല്ലോ. സങ്കടം ഒണ്ട് കേട്ടോ.''
വര്‍ഷ കരയുന്നതു കണ്ടപ്പോള്‍ ജയേഷിന്റെ മനസ്സലിഞ്ഞു. ആദ്യായിട്ടായിരുന്നു വര്‍ഷ കരയുന്നതു കാണുന്നത്.
''സാരമില്ല.'' വര്‍ഷയെ ചേര്‍ത്തു പിടിച്ചു കവിളില്‍ തലോടി ആശ്വസിപ്പിച്ചുകൊണ്ട് ജയേഷ് തുടര്‍ന്നു.
''ഡോക്ടര്‍ നുണ പറഞ്ഞതാന്നും നീ പറഞ്ഞതാ സത്യമെന്നും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. പോരെ? ഇനി അഥവാ നീയാ നുണ പറഞ്ഞതെങ്കില്‍പ്പോലും എനിക്കു നിന്നോട് ഇഷ്ടക്കുറവൊന്നുമില്ല. നീ എന്റെ വൈഫ് അല്ലേ. ഇനിയുള്ള ജീവിതം മുഴുവന്‍ നമ്മള്‍ ഒന്നിച്ചുകഴിയേണ്ടവരല്ലേ. രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും തെറ്റുകുറ്റങ്ങളുണ്ടാകും. പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തുമൊക്കെ പോയെങ്കിലേ കുടുംബജീവിതം സന്തോഷകരമായി പോകൂ.''
''എന്നെ വിശ്വസിക്ക് ജയേഷ്. ഞാന്‍ ജയേഷിനെ വഞ്ചിച്ചിട്ടില്ല.''
''വിശ്വസിച്ചെന്നു പറഞ്ഞല്ലോ! വര്‍ഷയ്ക്ക് എന്നോട് ഒരുപാടു സ്‌നേഹമുണ്ടെന്ന് എനിക്കറിയാം. അതിനേക്കാളേറെ സ്‌നേഹം എനിക്കങ്ങോട്ടുമുണ്ട്. അതു പ്രകടിപ്പിക്കുന്നതില്‍ ചിലപ്പോഴൊക്കെ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടാവാം. എന്റെ നേച്ചര്‍ അങ്ങനെയായിപ്പോയി. ക്ഷമിക്ക്. എനിക്ക് താനില്ലാതെ ഇനി ഒരു ജീവിതമില്ല.'' ജയേഷ് ഭാര്യയെ ചേര്‍ത്തുപിടിച്ച് ഒരുമ്മ കൊടുത്തു.
കുറ്റബോധത്താല്‍ വര്‍ഷയുടെ ഹൃദയം വെന്തുനീറി. ജയേഷിന് തന്നോടുള്ള സ്‌നേഹത്തിന്റെ ആഴം അന്ന് അവള്‍ തിരിച്ചറിഞ്ഞു. അബോര്‍ഷന്‍ നടത്തി എന്നു ബോധ്യപ്പെട്ടിട്ടും തന്നെ ഇത്രയേറെ സ്‌നേഹിക്കുന്നല്ലോ തന്റെ ഹസ്ബന്‍ഡ്! താന്‍ പറഞ്ഞതു കള്ളമാണെന്നു മനസ്സിലായിട്ടും തന്നെ ചേര്‍ത്തു പിടിക്കുന്നല്ലോ! എത്ര വിശാലഹൃദയനാണീ മനുഷ്യന്‍! അവള്‍ ഓര്‍ത്തു.
''നമുക്കു കിടക്കാം.''
ലൈറ്റ് ഓഫ് ചെയ്തിട്ട് ജയേഷ് വര്‍ഷയെ കിടക്കയിലേക്കു ചായ്ച്ചു. ഭാര്യയെ നെഞ്ചോടു ചേര്‍ത്തു കെട്ടിപ്പിടിച്ച് അയാള്‍ കിടന്നു. ഓഫീസിലെ വിശേഷങ്ങളും സഹപ്രവര്‍ത്തകരുടെ കാര്യങ്ങളുമൊക്കെ അയാള്‍ ചോദിച്ചു. പതിവിലേറെ സ്‌നേഹം പ്രകടിപ്പിക്കുന്നതു കണ്ടപ്പോള്‍ വര്‍ഷയ്ക്ക് ഒരു കാര്യം ബോധ്യമായി. ജയേഷിന്റെ ഉള്ളില്‍ തന്നോട് ഒരുപാട് സ്‌നേഹമുണ്ട്.
ഓരോന്നു സംസാരിച്ചു കിടന്ന് ജയേഷ് സാവധാനം ഉറക്കത്തിലേക്കു വീണു. വര്‍ഷയ്ക്ക് ഉറക്കം വന്നില്ല. അവള്‍ ഓര്‍ക്കുകയായിരുന്നു. താന്‍ ചെയ്ത തെറ്റ് ജയേഷ് അറിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു തെറ്റും എല്ലാക്കാലത്തും മൂടിവയ്ക്കാന്‍ പറ്റില്ലെന്ന് ഇപ്പോള്‍ മനസ്സിലായി. ഏതെങ്കിലും ഘട്ടത്തില്‍ അതു പുറത്തുവരും.
തിരിഞ്ഞും മറിഞ്ഞും കിടന്ന് അവള്‍ ഒരുവിധം നേരം വെളുപ്പിച്ചു.
രാവിലെ എണീറ്റപ്പോള്‍ നല്ല ഉറക്കക്ഷീണമുണ്ടായിരുന്നു മുഖത്ത്. ജയേഷ് അതു തിരിച്ചറിഞ്ഞു.
''മുഖം വല്ലാണ്ടിരിക്കുന്നല്ലോ. ഇന്നലെ രാത്രി ഉറങ്ങിയില്ലേ?''
''ഉറങ്ങി.''
''ഞാന്‍ വര്‍ഷയെ അവിശ്വസിച്ചിട്ടൊന്നുമില്ല കേട്ടോ. ഇന്നലെ ഞാന്‍ പറഞ്ഞതെല്ലാം മനസ്സീന്നു മാച്ചുകളഞ്ഞേരെ. അതോര്‍ത്ത് ഒരു വിഷമം വേണ്ട.''
''ഏയ്... അങ്ങനൊരു വിഷമമൊന്നുമില്ല.''
അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.
''പോയി കുളിച്ചിട്ടു വാ. മുഖത്തെ ആ ക്ഷീണമൊക്കെ ഒന്നു മാറട്ടെ.''
ബാത്‌റൂമില്‍ ഷവറിനു കീഴില്‍ നില്‍ക്കുമ്പോള്‍ വര്‍ഷയുടെ മനസ്സ് വല്ലാതെ നീറുകയായിരുന്നു. കുറ്റബോധം ആ ഹൃദയത്തെ കുത്തിനോവിച്ചു. തന്നെ ജയേഷ് ഇത്രയേറെ സ്‌നേഹിക്കുണ്ടെന്ന സത്യം തിരിച്ചറിയാന്‍ താന്‍ വൈകിപ്പോയല്ലോ എന്നവള്‍ സങ്കടപ്പെട്ടു.
കുളി കഴിഞ്ഞുവന്നു മുടി ഉണക്കിക്കൊണ്ടിരിക്കുമ്പോള്‍ ജയേഷ് പറഞ്ഞു:
''കുറച്ചുദിവസം ലീവ് എടുക്കാന്‍ പറ്റുമെങ്കില്‍ നമുക്കു രണ്ടുപേര്‍ക്കുംകൂടി ഒരുല്ലാസയാത്ര പോകാം.''
''എന്തുപറ്റി ഇപ്പം ഇങ്ങനെയൊരു തോന്നല്‍?'' അതിശയത്തോടെ അവള്‍ തിരിഞ്ഞ് ജയേഷിനെ നോക്കി.
''കല്യാണം കഴിഞ്ഞ് നമ്മള്‍ ഹണിമൂണിന് ദൂരെയെങ്ങും പോയില്ലല്ലോ.''
''ഇങ്ങനെയൊരു വാക്കുകേള്‍ക്കാന്‍ ഞാനെത്രനാളായി കൊതിക്കുന്നൂന്ന് അറിയാമോ? ഇപ്പഴാ ജയേഷ് ഒരു നല്ല ഹസ്ബന്റ് ആയത്. കല്യാണം കഴിഞ്ഞ പിറ്റേന്നു മുതല്‍ ഞാന്‍ പറയുന്നതല്ലേ നമുക്കു ദൂരെയെവിടെയെങ്കിലും പോയി കുറേ ദിവസം അടിച്ചുപൊളിച്ചു ജീവിക്കാന്ന്. അപ്പോ ഓരോരോ കാരണം പറഞ്ഞു ജയേഷ് ഒഴിവാകുകയായിരുന്നു.''
''ശരിയാ. നിന്റെ ഇഷ്ടംകൂടി നോക്കി ഞാന്‍ ജീവിക്കണമായിരുന്നു. എന്റെ ഭാഗത്തും തെറ്റുണ്ട്. ങ്ഹ... കഴിഞ്ഞതൊക്കെ നമുക്കു മറക്കാം. ഇനിമുതല്‍ നമുക്ക് ഒരു മനസ്സോടെ മുമ്പോട്ടു പോകാം. എന്തേ?''
''ഞാന്‍ റെഡി.''
വര്‍ഷ വന്ന് ജയേഷിനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. ആ ചുംബനത്തിന് മുമ്പ് അവള്‍ തന്നിട്ടുള്ള ചുംബനത്തേക്കാള്‍ പത്തിരട്ടി മാധുര്യം ഉള്ളതായി ജയേഷിനു തോന്നി.
''എങ്ങോട്ടാ ടൂറ്?'' വര്‍ഷ ആരാഞ്ഞു.
''തായ്‌ലന്‍ഡിന് ആയാലോ?''
''ഞാന്‍ ആഗ്രഹിച്ചതും അതാ. കണ്ടോ ഇപ്പം നമ്മുടെ മനസ്സ് ചേര്‍ന്നുചേര്‍ന്നു പോകുന്നതുകണ്ടോ?''
''സന്തോഷത്തോടെ ഇന്നു ജോലിക്കു പൊയ്‌ക്കോ. ബാക്കി കാര്യങ്ങള്‍ രാത്രി ഡിസ്‌കസ് ചെയ്യാം.''
പതിവിലേറെ സന്തോഷത്തോടെയാണ് വര്‍ഷ ജോലിക്കു പോകാനായി വേഷം മാറിയത്. ഏതു ഡ്രസ് ധരിക്കണമെന്ന് അവള്‍ ഹസ്ബന്‍ഡിനോട് അഭിപ്രായം ചോദിച്ചു. ജയേഷിന്റെ ഇഷ്ടത്തിനൊത്ത് ഡ്രസ് ധരിക്കാനും മേക്കപ്പിടാനും അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. അതു കണ്ടപ്പോള്‍ ജയേഷിനും ഒരുപാടു സന്തോഷമായി.
വര്‍ഷ ജോലിക്കു പോയി കഴിഞ്ഞപ്പോള്‍ സൂസമ്മ മുറിയിലേക്കു വന്നു.
''അബോര്‍ഷന്‍ നടത്തിയ കാര്യം മോന്‍ അവളോടു ചോദിച്ചോ?''
''ചോദിച്ചമ്മേ! അവള്‍ക്കു തെറ്റുപറ്റിയെന്നു പറഞ്ഞ് എന്നോടു മാപ്പു ചോദിച്ചു. അവള്‍ക്കിപ്പോള്‍ കുറ്റബോധമുണ്ട്. അമ്മ ഇനി അതേപ്പറ്റിയൊന്നും അവളോടു ചോദിച്ച് പ്രശ്‌നമാക്കണ്ട. അമ്മ ഒന്നും അറിഞ്ഞിട്ടില്ലെന്നാ ഞാന്‍ പറഞ്ഞത്.''
''എന്നാലും അവളു നമ്മളെ ചതിച്ചല്ലോ മോനേ...''
''അതു മറന്നേക്ക് അമ്മേ. ഇന്നുമുതല്‍ വര്‍ഷ ഒരു പുതിയ പെണ്ണായി മാറിക്കഴിഞ്ഞു. അവളുടെ പെരുമാറ്റത്തില്‍ ആ മാറ്റം അമ്മയ്ക്ക് ഇനി കാണാനാവും.''
''എനിക്കു പ്രതീക്ഷയില്ല.''
''ഒരാളുടെ മനസ്സ് മാറാന്‍ ഒരുപാടു സമയമൊന്നും വേണ്ടമ്മേ.''
സൂസമ്മ പിന്നീടൊന്നും മിണ്ടിയില്ല. എണീറ്റു മുറിയില്‍ നിന്നിറങ്ങി താഴേക്കു പോയി.
പതിവിലേറെ സന്തോഷത്തോടെയാണ് വര്‍ഷ അന്ന് ഓഫീസിലിരുന്നു ജോലി ചെയ്തത്. ഉച്ചയ്ക്കു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വിടലച്ചിരിയുമായി ദീപക് അടുത്തുവന്നു.
''ഹായ് വര്‍ഷ.''
ദീപക്കിനെ കണ്ടതും വര്‍ഷ മുഖത്ത് ഒരു കൃത്രിമച്ചിരി വരുത്തി.
''ഇതെന്തൊരു ഡ്രസാ. ഈ ഡ്രസ് വര്‍ഷയ്ക്ക് ഒട്ടും ചേരുന്നില്ലാട്ടോ. ബോഡിഷേപ്പൊന്നും എടുത്തു കാണിക്കുന്നില്ല.
ദീപക് അവളുടെ സമീപം കസേരയിലിരുന്നു.
''സാരമില്ല. എന്റെ ഹസിന് ഇത് ഇഷ്ടപ്പെട്ടു. എനിക്കതുമതി.''
''ഹസിനോട് അഭിപ്രായമൊക്കെ ചോദിക്കാന്‍ തുടങ്ങിയോ?''
''പിന്നാരോടാ ഞാന്‍ ചോദിക്കണ്ടേ?''
ആ മറുപടികേട്ട് ദീപക് വല്ലാതായി.
''സോറി.'' അയാള്‍ എണീറ്റു.
''പിന്നെ കാണാം.'' അതു പറഞ്ഞിട്ട് ദീപക് വേഗം സ്ഥലം വിട്ടു. വര്‍ഷയ്ക്ക് സമാധാനമായി. അയാള്‍ അകന്നുപോയല്ലോ! ആ ബന്ധം ഇനി വേണ്ട.
വൈകുന്നേരം ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ വര്‍ഷയുടെ മനസ്സില്‍ ജയേഷുമൊത്ത് തായ്‌ലന്‍ഡിലേക്ക് ഉല്ലാസയാത്ര പോകുന്ന സന്തോഷചിത്രങ്ങളായിരുന്നു. എന്നു പോകണം? എത്ര ദിവസം തങ്ങണം? കൂടുതല്‍ ദിവസത്തേക്കു ലീവ് കിട്ടുമോ?
എത്രയും വേഗം വീട്ടിലെത്തണമെന്ന ആവേശത്തോടെ അവള്‍ സ്‌കൂട്ടറിന്റെ സ്പീഡ് കൂട്ടി. ഒരു വളവു തിരിഞ്ഞതും എതിരേ വന്ന കാര്‍ അവളുടെ സ്‌കൂട്ടറില്‍ ഇടിച്ചു. വര്‍ഷ തെറിച്ച് ദൂരേക്കുവീണു.
(തുടരും)