•  5 Dec 2024
  •  ദീപം 57
  •  നാളം 39
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹിച്ചുകഴിഞ്ഞിരുന്ന അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു  പോയി. പിന്നീട് തമ്മില്‍ കാണുന്നത് സൂസമ്മയുടെ മകന്‍ ജയേഷിന്റെ വിവാഹത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും ഹൈറേഞ്ചില്‍ ചെന്നപ്പോഴാണ്. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം  സിസിലിയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിനു നന്നേ ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി ജയേഷ്. എല്‍സയുടെ കാലിന്റെ മുടന്തു മാറ്റാനുള്ള സര്‍ജറിക്കു പണം കൊടുക്കാമെന്നു ജയേഷ് അറിയിച്ചു. ഇതറിഞ്ഞ വര്‍ഷ കോപാകുലയായി. പണം തരില്ലെന്ന് എല്‍സയെ വിളിച്ചറിയിച്ചു. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി മുടന്തുമാറ്റി. സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. ഇതിനിടയില്‍ വര്‍ഷ ഗര്‍ഭിണിയായി. ജയേഷ് സന്തോഷിച്ചു. എന്നാല്‍, ഭര്‍ത്താവറിയാതെ അവള്‍ ഗര്‍ഭച്ഛിദ്രം നടത്തി. ബാത്‌റൂമില്‍ വീണ് അബോര്‍ഷനായി എന്നവള്‍ ജയേഷിനോടു കള്ളം പറഞ്ഞു. ഒരു രാത്രി പെയ്ത മഴയില്‍ മരം വീണ് സിസിലി മരിച്ചു. എല്‍സ ഒറ്റപ്പെട്ടു. അവള്‍ക്ക് തന്റെ ആശുപത്രിയില്‍ ജോലി കൊടുത്തു മനു. ജയേഷും വര്‍ഷയും തമ്മിലുള്ള മാനസിക അകല്‍ച്ച കൂടിക്കൂടിവന്നു. 
     (തുടര്‍ന്നു വായിക്കുക)

 

ഒരു തിങ്കളാഴ്ച!
രാവിലെ പതിവിലേറെ വൈകിയാണ് ജയേഷ് ഉണര്‍ന്നത്. എണീറ്റപ്പോള്‍ ശരീരത്തിന് ഒരു തളര്‍ച്ചപോലെ. കിടക്കയിലേക്കു ചാഞ്ഞിട്ട് പുതപ്പെടുത്തു ദേഹമാസകലം മൂടി. വര്‍ഷ ബാത്‌റൂമില്‍ പോയിട്ട് മടങ്ങിവന്നപ്പോള്‍ കണ്ടത് മൂടിപ്പുതച്ചു കിടക്കുന്ന ഭര്‍ത്താവിനെയാണ്.
''എണീക്കുന്നില്ലേ? നേരം ഒരുപാടായി.'' 
പുതപ്പുമാറ്റി ദേഹത്തു തൊട്ടപ്പോള്‍ ചെറിയ ചൂടുള്ളതായി തോന്നി.
''പനിയുണ്ടോ? ചൂടുണ്ടല്ലോ!''
''നല്ല സുഖമില്ല.''
വര്‍ഷ തെര്‍മോമീറ്റര്‍ എടുത്ത് ടെമ്പറേച്ചന്‍ നോക്കി. നൂറു ഡിഗ്രി.
''പനിയുണ്ടല്ലോ! ഇന്ന് ഓഫെടുത്ത് വിശ്രമിക്ക് കേട്ടോ.''
''ഉം...'' ജയേഷ് മൂളിയതേയുള്ളൂ.''
''എനിക്കിന്നു പോകാതിരിക്കാന്‍ പറ്റില്ല. ഒരു ഒഫീഷ്യല്‍ മീറ്റിങ് ഉണ്ട്. നിര്‍ബന്ധമായും ഞാനുണ്ടാകണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട് ദീപക്. ചെന്നില്ലെങ്കില്‍ പ്രശ്‌നാകും.''
''പോകണ്ടാന്ന് ഞാന്‍ പറഞ്ഞോ?''
ജയേഷ് കട്ടിലില്‍ എണീറ്റിരുന്നിട്ട് വര്‍ഷയെ നോക്കി.
''അല്ല.... അതല്ല... ജയേഷിനു പനിയായിട്ടും ഞാനിട്ടിട്ടുപോയല്ലോന്ന് അമ്മ ഓര്‍ക്കുമല്ലോന്നു വിചാരിച്ചു പറഞ്ഞതാ. അമ്മയോടൊന്നു പറഞ്ഞേക്കണേ...''
''നിനക്കങ്ങു പറഞ്ഞൂടേ?''
''ഓ... ഞാനൊന്നും പറയാന്‍ പോണില്ല.'' ഒന്നു നിറുത്തിയിട്ട് വര്‍ഷ തുടര്‍ന്നു: ''അമ്മേടെ ചിലപ്പഴത്തെ സംസാരോം പെരുമാറ്റോം എനിക്കൊട്ടും പിടിക്കുന്നില്ല. ഞാനിങ്ങോട്ട് വലിഞ്ഞു കേറി വന്നതാന്ന രീതീലാ സംസാരം. കുത്തിക്കുത്തി ഓരോന്നു പറയുന്നതു കേള്‍ക്കുമ്പം ഇവിടുന്ന് താമസം മാറ്റിയാലോന്നു ചിന്തിച്ചിട്ടുണ്ട്. ഈ രീതിയിലാണു പോക്കെങ്കില്‍ അതുവേണ്ടിവരും.'
''എന്തായാലും ഞാന്‍ അമ്മയെയും പപ്പയെയും ഇവിടെ തനിച്ചാക്കിയിട്ട് എങ്ങും പോകില്ല.''
''അതെനിക്കറിയാം, എന്നോടുള്ളതിനേക്കാള്‍ സ്‌നേഹം അമ്മയോടാണെന്ന്. ഞാനതെന്നും കാണുന്നതല്ലേ. എന്നും അമ്മയുടെ ചിറകിനടിയില്‍ ഇങ്ങനെ ഇരുന്നാല്‍ മതിയോ? തനിയെ ഒന്നു പറക്കാന്‍ നോക്ക്.''
''നമ്മള്‍ തമ്മില്‍ വീണ്ടും അകന്നകന്നു പോകുകയാണല്ലോ വര്‍ഷേ? എപ്പോഴും എന്നെ കുറ്റപ്പെടുത്താനല്ലേ നിനക്കു നേരമുള്ളൂ. നീ ദീപക്കിനോടു സംസാരിക്കുമ്പം കാണിക്കുന്ന സ്‌നേഹത്തിന്റെ നാലിലൊന്നെങ്കിലും എന്നോടു കാണിച്ചുകൂടേ?''
''അതിങ്ങോട്ടുമാകാം.''
''ഞാനെന്തു സ്‌നേഹക്കുറവു കാണിച്ചെന്നാ?''
''എല്‍സയോടു കാണിക്കുന്ന സ്‌നേഹത്തിന്റെ പത്തിലൊന്നെങ്കിലും ഇങ്ങോട്ടു കാണിച്ചുകൂടേ?''
''എല്‍സയുമായിട്ട് ഇപ്പം എനിക്ക് ഒരു കോണ്‍ടാക്ടുമില്ല. സര്‍ജറിക്ക് കാശു കൊടുക്കില്ലെന്നു പറഞ്ഞതിശേഷം ഞാന്‍ അവളെയോ അവള്‍ എന്നെയോ വിളിച്ചിട്ടില്ല. ആ ബന്ധം അന്നു തീര്‍ന്നു.''
''ആര്‍ക്കറിയാം.''
ജയേഷ് പിന്നീടൊന്നും മിണ്ടിയില്ല. വര്‍ഷയും മൗനമായിരുന്നു. ഡ്രസ് മാറി അവള്‍ താഴേക്കു ചെന്നപ്പോള്‍ സൂസമ്മ അപ്പവും മുട്ടക്കറിയും എടുത്ത് ഡൈനിങ് ടേബിളില്‍ വച്ചിട്ടുണ്ടായിരുന്നു. ഒരു പ്ലേറ്റിലേക്ക് അപ്പവും മുട്ടക്കറിയും വിളമ്പി തനിയെ ഇരുന്ന് അവള്‍ കഴിക്കുന്നതു കണ്ടപ്പോള്‍ സൂസമ്മ ചോദിച്ചു:
''അവനെന്തിയേ മോളേ?''
''എണീറ്റില്ല. ചെറിയ പനിക്കോളുണ്ടെന്നു തോന്നുന്നു.''
''പനിയോ?''
''ചെറിയ ഒരു ചൂട്. പേടിക്കാനൊന്നുമില്ലമ്മേ.'' മുഖത്തേക്കു നോക്കാതെയായിരുന്നു മറുപടി.
''മോളേ...'' സൂസമ്മ കുറച്ചുകൂടി ചേര്‍ന്നുനിന്നിട്ടു തുടര്‍ന്നു. ''മോളു കുറച്ചുകൂടിയൊക്കെ സ്‌നേഹത്തോടെ അവനോടു സംസാരിക്കണം കേട്ടോ. അവനൊരു പാവമാ മോളേ. സ്‌നേഹിക്കാന്‍മാത്രം അറിയാവുന്ന ഒരു കൊച്ച്. നിന്നോട് അവന് ഒരുപാടു സ്‌നേഹമുണ്ട്. നീ അവനെയും അതുപോലെ സ്‌നേഹിക്കണം കേട്ടോ മോളേ. ഒരമ്മയുടെ അപേക്ഷയാണിത്.'' പറഞ്ഞുതീര്‍ന്നപ്പോഴേക്കും സൂസമ്മയുടെ ശബ്ദം ഇടറിയിരുന്നു.
''ഞാനെന്തു സ്‌നേഹക്കുറവ് കാണിച്ചെന്നാ അമ്മ പറയുന്നത്?''
വര്‍ഷ സൂസമ്മയുടെ മുഖത്തേക്കു തുറിച്ചു നോക്കി.
''അവനൊരു പഴഞ്ചന്‍രീതിക്കാരനാ മോളേ. ഞങ്ങള്‍ അങ്ങനെയാ അവനെ വളര്‍ത്തിക്കൊണ്ടു വന്നത്. അതിന്റേതായ കുറ്റങ്ങളും കുറവുകളും ഒണ്ടാകും. മോള് വളര്‍ന്നുവന്ന സാഹചര്യം വേറേയാണല്ലോ! മോളുടെ രീതിയോട് അവനു ചേര്‍ന്നുപോകാന്‍ പ്രയാസമുണ്ടെന്നു ഞങ്ങള്‍ക്കറിയാം. കുറച്ചൊക്കെ ക്ഷമിച്ചും സഹിച്ചും സ്‌നേഹത്തോടെ പോകാന്‍ നോക്ക് മോളേ. ഒരു കുഞ്ഞുണ്ടാകാന്‍ പോകൂന്നൂന്നു കേട്ടപ്പം ഞങ്ങള്‍ ഒരുപാട് സന്തോഷിച്ചതാ. അതബോര്‍ഷനായീന്നു കേട്ടപ്പം അവന്‍ ഒരുപാട് കരഞ്ഞു.  ഇപ്പഴും ആ വിഷമം അവന്റെ മനസ്സീന്നു മാറീട്ടില്ല. ഇപ്പഴത്തെ കാലത്ത് ഇങ്ങനത്തെ ആണുങ്ങളുണ്ടോന്നു മോള്‍ക്കു തോന്നിയേക്കാം. പക്ഷേ, എനിക്കറിയാം അവന്റെ മനസ്സ്. അവനങ്ങനാ.'' 
''അമ്മ ഇങ്ങനെ ചിറകിനടീല്‍വച്ചു വളര്‍ത്തിയതുകൊണ്ടാ ജയേഷ് ഒരു വാഴപ്പിണ്ടിയായിപ്പോയത്.''
''മോള് കല്യാണം കഴിഞ്ഞ് ഇവിടെ വന്ന ദിവസങ്ങളില്‍ എത്ര സ്‌നേഹത്തോടെയാ ഞങ്ങളോടു സംസാരിച്ചത്. അന്നു ഞാന്‍ ഓര്‍ത്തു നല്ലൊരു കൊച്ചിനെയാണല്ലോ ദൈവം ഞങ്ങള്‍ക്കു തന്നതെന്ന്. ഇങ്ങനെ മാറിപ്പോകാന്‍മാത്രം എന്താ മോളേ ഉണ്ടായത്? ജയേഷ് നിന്നെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചോ? ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞോ?''
''ജയേഷ് കുറച്ചുകൂടിയൊക്കെ മോഡേണ്‍ ആവണം അമ്മേ. വല്ലപ്പോഴും ഒരുല്ലാസയാത്രയ്ക്കു പോകാനോ, പുറത്തുപോയി നല്ല ഫുഡ് കഴിക്കാനോ ഇന്നുവരെ വന്നിട്ടുണ്ടോ ജയേഷ്? അതെങ്ങനാ ഈ വീടിനകത്തുനിന്നു പുറത്തേക്കിറങ്ങില്ലല്ലോ! എന്റെകൂടെ പഠിച്ചവരും കൂടെ ജോലിചെയ്യുന്നവരുമൊക്കെ എത്ര അടിച്ചുപൊളിച്ചാ ജീവിക്കുന്നേന്ന് അറിയാമോ? എനിക്കുമുണ്ട് അങ്ങനെ ജീവിക്കാന്‍ ആഗ്രഹം.''
''മോളുടെ ആഗ്രഹം ഞാന്‍ അവനോടു പറയാം മോളേ! നിങ്ങളു സ്‌നേഹത്തോടെ ജീവിക്കാന്‍ നോക്ക്.''
വര്‍ഷ പിന്നൊന്നും മിണ്ടിയില്ല. ഭക്ഷണം കഴിച്ച് എണീറ്റ് കൈകഴുകിയിട്ട് പുറത്തേക്കിറങ്ങി സ്‌കൂട്ടറില്‍ കയറിപ്പോയി. 
സൂസമ്മ സ്റ്റെയര്‍കേസ് കയറി മുകളിലത്തെ നിലയിലേക്കു ചെന്നു. ജയേഷ് മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്നു. പുതപ്പു മാറ്റി ദേഹത്തു തൊട്ടു നോക്കിയപ്പോള്‍ നല്ല പനി. 
''നന്നായിട്ടു പനിക്കുന്നുണ്ടല്ലോ മോനേ. എണീറ്റേ... ഭക്ഷണം കഴിച്ചിട്ട് നമുക്ക് ആശുപത്രീല്‍ പോകാം.''
''വേണ്ടമ്മേ... അതിനുമാത്രമുള്ള പനിയൊന്നുമില്ല.''
''അമ്മ പറയുന്നതനുസരിക്ക്. എണീറ്റു വാ.''
സൂസമ്മ മകനെ പിടിച്ചെഴുന്നേല്പിച്ചു. പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ചിട്ട് അമ്മയോടൊപ്പം ജയേഷ് താഴേക്കു പോയി. സൂസമ്മ ഭക്ഷണം വിളമ്പിക്കൊടുത്തു.
''പോയി ഡ്രസു മാറീട്ടു വാ. നമുക്ക് ആശുപത്രീല്‍ പോകാം.''
ഭക്ഷണം കഴിച്ചിട്ട് ജയേഷ് കൈകഴുകുന്നതിനിടയില്‍ സൂസമ്മ പറഞ്ഞു. കൈകഴുകിയിട്ട് ജയേഷ് മുറിയില്‍ പോയി ഡ്രസ് മാറി താഴേക്കു വന്നു. ഒരു ഓട്ടോ വിളിച്ചുവരുത്തി രണ്ടുപേരും അതില്‍ കയറി ആശുപത്രിയിലേക്കു പോയി.
ആശുപത്രിയില്‍ എത്തിയപ്പോഴേക്കും പനി ഒരുപാട് കൂടിയിരുന്നു. പരിശോധിച്ചശേഷം ഡോക്ടര്‍ ചോദിച്ചു:
''ഇന്‍ഷുറന്‍സ് ഉണ്ടോ?''
''ഉണ്ട്.''
''ഒരു കാര്യം ചെയ്യാം. അഡ്മിറ്റാക്കാം. ബ്ലഡും യൂറിനുമൊക്കെ ഒന്നു ടെസ്റ്റ് ചെയ്യണം. ഒരു ദിവസം കിടക്ക്വാണെങ്കില്‍ ഇന്‍ഷുറന്‍സിന് ആ കാശുകിട്ടും. അഡ്മിറ്റാക്കട്ടെ.''
സൂസമ്മ ജയേഷിനെ നോക്കി. അവന്‍ തലകുലുക്കി. ഡോക്ടര്‍ അഡ്മിഷനു കുറിച്ചിട്ട് ഫയല്‍ നഴ്‌സിനു കൈമാറി.
ആശുപത്രിയിലെ ഏസിറൂമില്‍ കിടക്കുമ്പോള്‍ ജയേഷും അമ്മയും സംസാരിച്ചത് വര്‍ഷയെക്കുറിച്ചായിരുന്നു. രാവിലെ അവള്‍ പറഞ്ഞ കാര്യങ്ങള്‍ സൂസമ്മ ജയേഷിനോടു പറഞ്ഞു.
''പൊരുത്തപ്പെട്ടു പോകാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ടമ്മേ! സാധിക്കുന്നില്ല.''
''ഇടയ്ക്കിടെ പുറത്തുപോയി ഒരുമിച്ചിരുന്ന് ഇത്തിരി ഭക്ഷണം കഴിക്കുകയോ, വല്ലപ്പോഴും ഒരു ടൂറു പോകുകയോ സിനിമയ്ക്കു പോകുകയോ ഒക്കെ ചെയ്യ്! അവള്‍ക്കതൊക്കെ ഒരു സന്തോഷമാകും.''
''ഉം.'' ജയേഷ് മൂളിയതേയുള്ളൂ.
സൂസമ്മ വര്‍ഷയെ ഫോണില്‍ വിളിച്ച് ജയേഷ് ആശുപത്രിയിലാണെന്ന കാര്യം അറിയിച്ചു. നേരത്തേ എത്താമെന്നു പറഞ്ഞിട്ട് വര്‍ഷ ഫോണ്‍ വച്ചു.
വൈകുന്നേരം ആറുമണിയായപ്പോള്‍ വര്‍ഷ എത്തി. മുറിയിലേക്കു കയറിപാടേ പറഞ്ഞു:
''എന്തൊരു ബ്ലോക്കായിരുന്നു. ഇവിടെവരെ എത്താന്‍ ഞാന്‍ പെട്ട പാട്. ങ്ഹ... പനി കുറഞ്ഞോ?'' അവള്‍ നെറ്റിയില്‍ കൈവച്ചു നോക്കി. 
''നല്ല ചൂടുണ്ടല്ലോ.''
''ഇപ്പം ഇത്തിരി കുറഞ്ഞതാ. നേരത്തേ നല്ല പനിയുണ്ടായിരുന്നു.'' സൂസമ്മ പറഞ്ഞു.
''ഏതായാലും അഡ്മിറ്റായതു നന്നായി. രാത്രി പനി കൂടിയാല്‍ നോക്കാനാളുണ്ടല്ലോ.'' 
വര്‍ഷ സംസാരിച്ചിരിക്കുമ്പോള്‍ ടെമ്പറേച്ചര്‍ നോക്കാനായി നേഴ്‌സ് വന്നു. വര്‍ഷയെ കണ്ടതും നേഴ്‌സ് സംശയത്തോടെ നോക്കി.
''വര്‍ഷയെന്നാണോ പേര്?''
''അതെ.''
'എലിസബത്തു ഡോക്ടറുടെ ആശുപത്രീല്‍ മുമ്പ് ട്രീറ്റ്‌മെന്റിനു വന്നിട്ടുണ്ടോ?''
''ഉവ്വ്.''
''ഒരബോര്‍ഷന്‍കേസ്?''
''അതെ.''
''എന്നെ ഓര്‍മയില്ലേ? അന്ന് ഞാനാ ഹോസ്പിറ്റലിലുണ്ടായിരുന്നു.''
''ഓ ഇപ്പം ഓര്‍ക്കുന്നു.''
അതിനെപ്പറ്റി നഴ്‌സ് കൂടുതലൊന്നും ചോദിക്കാതിരിക്കാന്‍ വര്‍ഷ എണീറ്റ് വേഗം പുറത്തേക്കിറങ്ങി. അതു കണ്ടപ്പോള്‍ സൂസമ്മയുടെ നെറ്റി ചുളിഞ്ഞു. എന്തോ കള്ളത്തരമില്ലേ? നേഴ്‌സ് പോയി കഴിഞ്ഞിട്ടാണ് വര്‍ഷ തിരികെ മുറിയിലേക്കു വന്നത്.
''അമ്മേ... ഞാനങ്ങു പൊക്കോട്ടെ? ചെന്നിട്ട് ഇത്തിരി പണിയുണ്ട്. അമ്മ ഇന്നിവിടെ തങ്ങുവല്ലേ?''
''പൊയ്‌ക്കോ മോളേ. ഞാന്‍ നോക്കിക്കോളാം. കാന്റീനില്‍ പോയി ഫുഡ് കഴിച്ചിട്ടു പൊക്കോ. വീട്ടിലൊന്നും ഇരിപ്പില്ല.''
''ഞാന്‍ വാങ്ങിച്ചോണ്ടു പൊയ്‌ക്കോളാം അമ്മേ.''
ജയേഷിനോടു യാത്ര പറഞ്ഞിട്ട് അവള്‍ പുറത്തേക്കിറങ്ങി.
''നഴ്‌സ് അബോര്‍ഷന്റെ കാര്യം പറഞ്ഞപ്പോള്‍ വര്‍ഷ പെട്ടെന്ന് ഇറങ്ങിപ്പോയത് അമ്മ ശ്രദ്ധിച്ചായിരുന്നോ?'' ജയേഷ് ചോദിച്ചു.
''ഞാനിതിപ്പം നിന്നോടു പറയാന്‍ തുടങ്ങ്വായിരുന്നു. അബോര്‍ഷന്‍ കേസ് എന്നു കേട്ടപ്പം അവളുടെ മുഖത്ത് പെട്ടെന്ന് ഒരു ഭാവമാറ്റം വന്നതും തിടുക്കപ്പെട്ട് ഇറങ്ങിപ്പോയതും ഞാന്‍ ശ്രദ്ധിച്ചു. അതിനെപ്പറ്റി നേഴ്‌സ് വല്ലതും ചോദിച്ചേക്കുമോന്നു ഭയന്നാ അവളിറങ്ങിപ്പോയത്.''
''ബാത്‌റൂമില്‍ കാലുതെന്നി വീണ് അബോര്‍ട്ട് ആയതാന്നു ഞാനിപ്പം വിശ്വസിക്കുന്നില്ലമ്മേ. അത് അവളും അമ്മയുംകൂടി നമ്മളെ തെറ്റിദ്ധരിപ്പിച്ചതാ.''
''എനിക്കും ഇപ്പം അങ്ങനെ തോന്നുന്നു.''
''ഇനി നഴ്‌സ് വരുമ്പോള്‍ അമ്മ സൂത്രത്തില്‍ ഇക്കാര്യമൊന്നു ചോദിക്കണം.''
''അവരു പറയ്വോ മോനേ?''
''വര്‍ഷ എന്റെ ഭാര്യയാന്നു പറയണ്ട. എന്നെ കാണാന്‍ വന്ന ഒരു ഫ്രണ്ടാന്നു പറഞ്ഞാല്‍ മതി. അമ്മ തഞ്ചത്തില്‍ ഒന്നു ചോദിക്കണം. സത്യം നമുക്കറിയണം അമ്മേ.''
''ചോദിക്കാം മോനേ...''
രാത്രി എട്ടുമണിക്ക് പ്രഷര്‍ നോക്കാനായി നഴ്‌സ് വീണ്ടും വന്നു. നഴ്‌സിനോടു കുശലാന്വേഷണം നടത്തിയിട്ട് സൂസമ്മ ചോദിച്ചു:
''സന്ധ്യയ്ക്ക് മോളിവിടെ വന്നപ്പം കണ്ട വര്‍ഷയെ എവിടെ വച്ചാ മോള്‍ക്കു പരിചയം?''
''എലിസബത്തു ഡോക്ടറുടെ ആശുപത്രീല്‍. അത് ആന്റിയുടെ ആരാ?''
''എന്റെ ആരുമല്ല. ഇവന്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണാ. അവള് അബോര്‍ഷന്‍ നടത്താന്‍വേണ്ടി വന്നതായിരുന്നു അല്ലേ?''
''അതെ.''
''അവളുടെ ഹസ്ബന്റ് അറിയാതെ രഹസ്യമായി ചെയ്തതാ. അതുകൊണ്ടാ കൂടുതലൊന്നും പറയാതെ പെട്ടെന്ന് ഇറങ്ങിപ്പോയത്.''
''ആണോ?'' 
ഡോക്ടര്‍ ഒരുപാട് പറഞ്ഞതാ അബോര്‍ട്ട് ചെയ്യണ്ടാന്ന്. ഒരു കുഞ്ഞല്ലേ അതിന്റെ ജീവന്‍ എടുക്കാന്‍ ഡോക്ടര്‍ക്കു വിഷമമായിരുന്നു. അമ്മയും മകളും കൂടി നിര്‍ബന്ധിച്ചിട്ടാ ഡോക്ടര്‍ അതു ചെയ്തത്. ഞാനിതു പറഞ്ഞൂന്ന് ആ പെണ്ണിനോട് പറഞ്ഞേക്കരുതേ.''
''ഒരിക്കലുമില്ല.'' 
നേഴ്‌സ് പോയിക്കഴിഞ്ഞപ്പോള്‍ സൂസമ്മയും ജയേഷും മുഖത്തോടു മുഖം നോക്കി. 
''അവളു നമ്മളെ വഞ്ചിച്ചല്ലോ അമ്മേ. എന്തുമാത്രം നുണ പറഞ്ഞു നമ്മളോട്.'' 
സൂസമ്മ മനസ്സു മരവിച്ചിരുന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.''  

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)