മേഘനാദന്റെ ഹമ്മോ എന്ന അലര്‍ച്ച കൊട്ടാരക്കെട്ടുകളെ പ്രകമ്പനം കൊള്ളിച്ചു. അതിഭീതിദമായ സ്വരത്തിന്റെ അലയൊലികള്‍ രാവിന്റെ യാമങ്ങളില്‍ വലിയ അപശ്രുതിയായി പടര്‍ന്നു. മേഘനാദന്റെ പതനം കണ്ടുനിന്നവരെയെല്ലാം പരിഭ്രാന്തരാക്കി. എല്ലാവരും അത്യുച്ചത്തില്‍ ന്റെമ്മോ യെന്നു നിലവിളിച്ചു.
കാര്യസ്ഥന്‍ താഴേക്കു പതിച്ച ആ നിമിഷംതന്നെ ചുറ്റും നിന്ന രാജകുമാരന്മാരും ഭടന്മാരും ചേര്‍ന്ന് ഇരുകൈകൊണ്ടും മേഘനാദനെ താങ്ങിപ്പിടിച്ചു. അല്ലായിരുന്നെങ്കില്‍ തറയില്‍ തലയിടിച്ച് കാര്യസ്ഥന്‍ പരിക്കേല്‍ക്കുകയോ മരണം പ്രാപിക്കുകയോ ചെയ്യുമായിരുന്നു.
എല്ലാവരും ചേര്‍ന്ന് മേഘനാദനെ താങ്ങിയെടുത്ത് ഒരു മേശപ്പുറത്തു കിടത്തി. അലറുന്ന സ്വരത്തില്‍ രാജകുമാരന്‍ പറഞ്ഞു:
''വേഗം ചെന്ന് കൊട്ടാരം വൈദ്യനെ വിളിച്ചുകൊണ്ടുവരൂ. അല്ലെങ്കില്‍ മേഘനാദന്‍ മരിച്ചുപോകും.''
''മേഘനാദാ. മേഘനാദാ...'' കാര്‍ഫിയൂസ് പരിഭ്രാന്തനായി വിളിച്ചു.
പക്ഷേ, അയാള്‍ തളര്‍ന്നു കിടക്കുകയാണ്. കണ്ണുകള്‍ തുറന്നിരുന്നു. എങ്കിലും ഒന്നും കാണുന്നുണ്ടായിരുന്നില്ല. മനസ്സിന്റെ താളം തെറ്റിയ പ്രതീതി. അബോധാവസ്ഥയിലായ പ്രതീതി. ശരീരമാകെ വിയര്‍ത്തൊലിക്കുകയാണ്.
എത്ര ശ്രമിച്ചിട്ടും മേഘനാദന്റെ തൊണ്ടയില്‍നിന്ന് ഒരു വാക്കുപോലും പുറത്തുവരുന്നില്ല. ചെറിയൊരു ഞരക്കം മാത്രം. ഭടന്മാര്‍ കൊട്ടാരവൈദ്യനെത്തേടി പാഞ്ഞു. അടുത്ത നിമിഷംതന്നെ ഒരു കുതിരവണ്ടിയില്‍ കൊട്ടാരവൈദ്യന്‍ പാഞ്ഞെത്തി. വൈദ്യന്‍ വേഗം മേഘനാഥനെ തിരിച്ചും മറിച്ചും പരിശോധിച്ചുകൊണ്ടു പറഞ്ഞു: ''ഇതു സാരമില്ല, അദ്ദേഹം ഒരിക്കലും മരിക്കില്ല. പക്ഷേ, എന്തോ കണ്ട് വല്ലാതെ ഭയന്നിരിക്കുന്നു. ആ കാഴ്ച അത്യന്തം ഭീകരമാണ്. അതാണ് ബോധമറ്റു വീഴാന്‍ കാരണം.''
''മേഘനാദനെ അകത്തേക്കു കിടത്തൂ.'' വൈദ്യന്‍ വീണ്ടും കല്പിച്ചു. അവര്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് ചിത്രപ്പണികളുള്ള അതിമനോഹരമായ ഒരു കട്ടിലില്‍ കിടത്തി.
''രണ്ടുപേര്‍ ഇവിടെ നിന്നാല്‍മതി. ബാക്കിയുള്ളവര്‍ക്കു പുറത്തുപോകാം.'' വൈദ്യന്‍ കല്പിച്ചു.
ചുറ്റുംനിന്നവര്‍ പുറത്തേക്കിറങ്ങി. എന്തു ചെയ്യണമെന്നറിയാതെ അവര്‍ അത്യന്തം അസ്വസ്ഥരായി.
''ഇനി നമ്മളെന്തു ചെയ്യും? മഹാരാജാവു തിരുമനസ്സിന് എന്തു സംഭവിച്ചെന്ന് നാം എങ്ങനെ അറിയും? തിരുമനസ്സിനെ ഇനി നാമെങ്ങനെ രക്ഷിക്കും? ദൈവമേ, അദ്ദേഹത്തിന് ഒരാപത്തും വരുത്തല്ലേ.'' സമീപംനിന്ന മറ്റൊരു കാര്യസ്ഥന്‍ വേവലാതിയോടെ വിലപിച്ചു.
''താങ്കള്‍ പറഞ്ഞതു ശരിയാണെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കും തോന്നുന്നു. മേഘനാദന്‍ ശരിക്കും എന്തോ ഭീകരരംഗം കണ്ടു ഭയന്നിരിക്കുന്നു. തന്നിമിത്തമാണ് അയാള്‍ ബോധം കെട്ടുവീണത്.'' കാര്‍ഫിയൂസ് ഹൃദയം പൊട്ടുന്ന നൊമ്പരത്തോടെ പറഞ്ഞു.
''അച്ഛാ, എന്റെ അച്ഛാ, അച്ഛന്‍ ഞങ്ങളെ പിരിഞ്ഞുപോയോ? ദേവദത്തന്റെ ഇരുകണ്ണുകളും നിറഞ്ഞൊഴുകി. ആ രംഗം കണ്ട് കാര്‍ഫിയൂസ് നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു.
''കുമാരന്മാരേ, നിങ്ങള്‍ സമാധാനമായിരിക്ക്. മഹാരാജാവു തിരുമനസ്സിന് ഒന്നും സംഭവിച്ചിട്ടില്ല.'' രാജഭടന്‍ കുമാരന്മാരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
''എത്രയും വേഗം വാതില്‍ വെട്ടിപ്പൊളിക്ക്.'' ഒരു രാജഭടന്‍ വേഗം ഓടിച്ചെന്ന് വലിയൊരു കോടാലി കൊണ്ടുവന്നു.
പെട്ടെന്ന് രാജപുത്രന്‍ ദേവദത്തന്‍ ഭടനെ തടഞ്ഞു പറഞ്ഞു: ''നില്‍ക്കൂ... വാതില്‍ പൊളിക്കരുത്. മുറിക്കുള്ളില്‍ എന്താണെന്നറിയാതെ തുറക്കരുത്. വല്ല ഭീകരജീവികളും ഉള്ളിലുണ്ടെങ്കില്‍ വാതില്‍ തുറക്കുമ്പോള്‍ പുറത്തുചാടി നമ്മളെ ഒന്നടങ്കം ആക്രമിച്ചാലെന്തു ചെയ്യും?''
''കൊട്ടാരത്തിലെ ഏറ്റവും പ്രധാനഭാഗത്തുള്ള തിരുമേനിയുടെ മുറിയില്‍ എങ്ങനെ ഒരു ഭീകരജീവിക്കു കടക്കാന്‍ കഴിയും?'' കാര്‍ഫിയൂസ് സംശയം പ്രകടിപ്പിച്ചു.
''അങ്ങനെയൊന്നും ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷേ, ആ പള്ളിയറയ്ക്കുള്ളില്‍ എന്തോ ഭീകരതയുണ്ട്. ചിലപ്പോള്‍ വല്ല പ്രേതങ്ങളോ പിശാചുക്കളോ കടന്നുകയറിയിട്ടുണ്ടാവും. അല്ലെങ്കില്‍ പിതാവ് ഒരിക്കലും ഇത്രയേറെ ഉച്ചത്തില്‍ ഭയന്നുനിലവിളിക്കില്ല. എന്തായാലും വാതില്‍ തുറക്കുന്നതു ബുദ്ധിയല്ല.'' ദേവദത്തകുമാരന്‍ വീണ്ടും പറഞ്ഞു.
അതുകേട്ട് എന്തു ചെയ്യണമെന്നറിയാതെ അവര്‍ പരസ്പരം നോക്കി നിസ്സഹായതയോടെ നിന്നു.
കാര്‍ഫിയൂസ് തുടര്‍ന്നു: ''വാതില്‍ തുറക്കാതെ എങ്ങനെ നമ്മുടെ പിതാവിനെ രക്ഷിക്കും?''
''എന്നു കരുതി വാതില്‍ തുറക്കരുത്, എന്തോ ഭീകരമായ കാഴ്ച കണ്ടാണ് മേഘനാദന്റെ ശരീരം തളര്‍ന്നതും മോഹാലസ്യപ്പെട്ടു വീണതുമൊക്കെ.''
''ദൈവമേ, എന്തൊരു പരീക്ഷണമാണിത്? എല്ലാവരും മാറിക്കോ. ഞാന്‍ ഒറ്റയ്ക്ക് വാതില്‍വെട്ടിപ്പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.''
കോടാലിയുമായി നിന്ന ഭടന്‍ അലറിപ്പറഞ്ഞു: ''മഹാരാജാവു തിരുമനസ്സിനുവേണ്ടി അടിയന്‍ മരിക്കാനും സന്നദ്ധനാണ്.''
''അയ്യോ വേണ്ട. സ്വന്തം പിതാവിനുവേണ്ടി ഞങ്ങള്‍ മരിച്ചുകൊള്ളാം.'' കാര്‍ഫിയൂസും ദേവദത്തനും ഒരേ സ്വരത്തില്‍
പറഞ്ഞു. ''ഞാന്‍ ഒരു വഴി കണ്ടെത്തി. നിങ്ങളില്‍ ആര്‍ക്കെങ്കിലും മേഘനാദന്‍ നോക്കിയ ആ ദ്വാരത്തിലൂടെ നോക്കാന്‍ ധൈര്യമുണ്ടോ? അവിടെ കാണുന്ന കാഴ്ച നേരിടാന്‍ കരുത്തുള്ള ആരെങ്കിലും മുന്നോട്ടു വരൂ...'' ദേവദത്തന്‍ പറഞ്ഞു. അതുകേട്ടതേ എല്ലാവരും ഭയന്നു. കോടാലിയുമായി വീമ്പിളക്കിയ ഭടന്മാരും ഭയന്നുവിറച്ചു.
''രാജകുമാരാ... ഞങ്ങള്‍ക്കെല്ലാം ഭയമാണ്.''
ദേവദത്തന്‍ അലറുന്ന സ്വരത്തില്‍ പറഞ്ഞു: ''എങ്കില്‍ നമ്മുടെ സര്‍വസൈന്യാധിപനെ വിളിക്കൂ. പടയാളികളിലെ ഏറ്റവും ധൈര്യശൈലിയാണയാള്‍. ശത്രുക്കളെ അരിഞ്ഞുവീഴ്ത്താന്‍ ചങ്കുറപ്പുള്ള പോരാളിയാണ് അഡോക്കിയാസ്...''
രാജഭടന്‍ ഓടിപ്പോയി. നിമിഷങ്ങള്‍ക്കകം അഡോക്കിയാസ് പാഞ്ഞെത്തി. അരപ്പട്ടയില്‍ രണ്ടുവാളുകള്‍ തിരുകിയിരിക്കുന്നു.
അയാള്‍ ഒറ്റച്ചാട്ടത്തിനു കുതിരപ്പുറത്തു കയറി മുകളിലെ ദ്വാരത്തിലൂടെ അകത്തേക്കു നോക്കി.
''ന്റെമ്മോ!'' അയാള്‍ അലറി. അതുകേട്ട് താഴെനിന്നവരുടെ പാതി ജീവന്‍ ഭയംകൊണ്ടു പറന്നുപോയി.
''മഹാരാജാവിനെ ഭീമാകാരനായ ഒരു സര്‍പ്പം ചുറ്റി വരിഞ്ഞ് ദംശിച്ചു നാടുനീക്കിയിരിക്കുന്നു!'' സേനാധിപന്‍ അലറിക്കരഞ്ഞുകൊണ്ടു പറഞ്ഞു.
തല്‍ക്ഷണം എല്ലാവരുടെയും കൂട്ടനിലവിളി ഉയര്‍ന്നു. എങ്ങും ഹൃദയംപൊട്ടുന്ന വിലാപങ്ങള്‍മാത്രം...
(തുടരും)