കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. ഇരുപതുവര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് അവര്‍ തമ്മില്‍ ബന്ധമൊന്നുമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും കാറില്‍ സിസിലി താമസിക്കുന്ന കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലെത്തി. സിസിലിയുടെ ഭര്‍ത്താവ് തോമസിനെ എട്ടുവര്‍ഷംമുമ്പ് ആന ചവിട്ടിക്കൊന്നു എന്ന സത്യം അപ്പോള്‍മാത്രമാണ് സൂസമ്മ അറിഞ്ഞത്. ഭര്‍ത്താവിന്റെ മരണശേഷം സിസിലിയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിനു നന്നേ ഇഷ്ടമായി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് കാലിനു സ്വാധീനക്കുറവ് വന്നതിനാല്‍ മുടന്തിയാണ് എല്‍സ നടന്നിരുന്നത്. ജയേഷിന്റെ കല്യാണം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയാണ്. അവള്‍ മദ്യപിക്കും എന്നു മനസ്സിലാക്കിയ ജയേഷ് അസ്വസ്ഥനായി. അതിന്റെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടായി. പിണങ്ങിയും ഇണങ്ങിയും ആ ദാമ്പത്യം മുമ്പോട്ടുപോയി. കുറുക്കന്‍കുന്ന് ഇടവകവികാരി ഫാ. മാത്യു കുരിശിങ്കലിന് എല്‍സയെ വലിയ ഇഷ്ടമാണ്. അച്ചന്റെ ഒരകന്ന ബന്ധുവായ യുവാവുമായി എല്‍സയ്ക്ക് അച്ചന്‍ കല്യാണം ആലോചിച്ചു.
(തുടര്‍ന്നു വായിക്കുക)
ഒരു ശനിയാഴ്ച.
അന്നാണ് എല്‍സയെ പെണ്ണുകാണാന്‍ വികാരിയച്ചന്‍ പറഞ്ഞ ചെക്കന്‍ വരുന്നത്. രാവിലെ കുളിച്ച് വേഷം മാറി പൗഡറിട്ട് സെന്റും പൂശി എല്‍സ കാത്തുനില്‍ക്കുകയാണ്. സിസിലിയും സാരിയുടുത്ത് പൗഡറിട്ട് ഇടയ്ക്കിടെ വഴിയിലേക്കു കണ്ണുംനട്ട് നില്‍ക്കുകയായിരുന്നു. പതിനൊന്നുമണിയായപ്പോള്‍ മുറ്റത്ത് ഒരു കാര്‍ വന്നുനിന്നു. കാറില്‍നിന്ന് ഒരു യുവാവും ഒരു മധ്യവയസ്‌കനും മധ്യവസയ്കയും ഇറങ്ങി. എല്‍സ ജനാലയിലൂടെ യുവാവിനെ കണ്ടു. ഒറ്റനോട്ടത്തിലേ അവള്‍ക്ക് ഇഷ്ടമായി. പ്രതീക്ഷിച്ചതിനേക്കാളേറെ സുന്ദരനാണ്.
സിസിലി വരാന്തയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സ്വീകരിച്ച് മുറിയിലേക്കു കയറ്റിയിരുത്തി. ഫാന്‍ ഓണ്‍ ചെയ്തിട്ട് അവര്‍ ചുവരിനോടു ചേര്‍ന്ന് ഒതുങ്ങിനിന്നു.
''അച്ചന്‍ പറഞ്ഞുകാണുമല്ലോ ഞങ്ങളിന്നു വരുന്ന കാര്യം.'' മധ്യവയസ്‌കന്‍ സിസിലിയെ നോക്കി ചോദിച്ചു.
''പറഞ്ഞു.'' സിസിലി തലയാട്ടി.
''ഇതാ ആള്.'' യുവാവിനെ ചൂണ്ടിക്കാണിച്ചിട്ടു തുടര്‍ന്നു: ''ഞാന്‍ ഇവന്റെ പപ്പയാ. ഇത് അമ്മ.''
സിസിലി എല്ലാവരെയും മാറിമാറി നോക്കി. പയ്യനെ അവര്‍ക്കു നന്നേ ഇഷ്ടമായി.
കുശലാന്വേഷണങ്ങള്‍ക്കുശേഷം ചെക്കന്റെ പപ്പ പറഞ്ഞു:
''ഞങ്ങള്‍ക്കു പോകാനിത്തിരി തിടുക്കമുണ്ട്. കൊച്ചിനെ ഒന്നു വിളിക്കാമോ?''
''ഓ...'' സിസിലി അകത്തേക്കു കയറിപ്പോയി. വൈകാതെ ഒരു ട്രേയില്‍ കോഫിയുമായി എല്‍സ മുടന്തിമുടന്തി സ്വീകരണമുറിയിലേക്കു വന്നു. ചുരിദാറായിരുന്നു വേഷം. എല്ലാവര്‍ക്കും കോഫി കൊടുത്തിട്ട് അവള്‍ ട്രേ ടീപ്പോയില്‍ വച്ചിട്ട് പിന്നോട്ടു മാറി ചുവരിനോടു ചേര്‍ന്ന് ഒതുങ്ങിനിന്നു. എല്ലാ കണ്ണുകളും അവളെ ഉഴിയുകയായിരുന്നു. പപ്പയുടെയും അമ്മയുടെയും ചോദ്യങ്ങള്‍ക്കെല്ലാം അവള്‍ വ്യക്തമായും കൃത്യമായും മറുപടി പറഞ്ഞു. പൊയ്‌ക്കൊള്ളാന്‍ അനുമതി കിട്ടിയപ്പോഴാണ് ശ്വാസം നേരേ വീണത്.
ചെക്കന്റെ പപ്പ എണീറ്റിട്ട് സിസിലിയെ നോക്കി പറഞ്ഞു: ''ആലോചിച്ചിട്ട് തീരുമാനം ഞങ്ങള്‍ അച്ചനോടു പറഞ്ഞേക്കാം. അച്ചനറിയിക്കും.''
''ഓ...'' സിസിലി തലയാട്ടി.
''എന്നാ ഞങ്ങളിറങ്ങട്ടെ.''
യാത്ര പറഞ്ഞ് മൂന്നുപേരും ഇറങ്ങി കാറില്‍ കയറി. കാര്‍ കണ്ണില്‍നിന്നു മറയുന്നതുവരെ സിസിലിയും എല്‍സയും നോക്കിനിന്നു.
''അവരുടെ മുഖഭാവം കണ്ടിട്ട് ഇഷ്ടപ്പെട്ടൂന്നു തോന്നുന്നു.'' സിസിലി പറഞ്ഞു.
''ഇഷ്ടപ്പെട്ടില്ലെങ്കിലും എനിക്കു വിഷമമൊന്നും ഇല്ലമ്മേ. ഞാന്‍ അമ്മേടെകൂടെ ഇവിടെ നിന്നോളാം.''
''ഇതു നടക്കും മോളേ. എന്റെ മനസ്സു പറയുന്നു. നിനക്ക് ഇഷ്ടക്കുറവൊന്നുമില്ലല്ലോ അല്ലേ?''
''എനിക്ക് ഒരുപാട് സൗന്ദര്യമുള്ള ആളൊന്നും വേണമെന്നില്ലമ്മേ. സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു ഹൃദയമുണ്ടായിരുന്നാല്‍ മാത്രം മതി. ചേച്ചിക്കു പറ്റിയപോലെ സംഭവിക്കരുതെന്നേ പ്രാര്‍ഥനയുള്ളൂ.''
''ഇതു നടക്കും. എന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കും.'' സിസിലി അമിതപ്രതീക്ഷയിലായിരുന്നു. വികാരിയച്ചന്‍ കൊണ്ടുവന്ന ആലോചനയല്ലേ. അച്ചന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി സമ്മതിപ്പിക്കും എന്നവള്‍ വിശ്വസിച്ചു.
രണ്ടുദിവസം കഴിഞ്ഞിട്ടും അച്ചന്റെ വിളിയൊന്നും വന്നില്ല. മൂന്നാം ദിവസം രാവിലെ സിസിലി എല്‍സയോടു പറയാതെ കുര്‍ബാന കഴിഞ്ഞ് പള്ളിമുറിയിലേക്കു കയറിച്ചെന്നു. സിസിലിയെ കണ്ടതും അച്ചന്റെ മുഖം വല്ലാതായി. സിസിലി അതു തിരിച്ചറിഞ്ഞില്ല. മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല അപ്പോള്‍.
''ഇരിക്ക്.''
അച്ചന്‍ കസേരയിലേക്കു കൈചൂണ്ടി. സിസിലി അഭിമുഖമായി കസേരയില്‍ ഇരുന്നു.
''ആ കല്യാണപ്പാര്‍ട്ടിക്കാര് മറുപടി വല്ലോം പറഞ്ഞായിരുന്നോ അച്ചോ?''
എന്തു പറയണമെന്നറിയാതെ തെല്ലുനേരം അച്ചന്‍ മൗനമായി ഇരുന്നു. പിന്നെ കസേരയിലേക്കു ചാരി ഇരുന്നിട്ട് അച്ചന്‍ പറഞ്ഞു:
''അത്... അവര്‍ക്കത്ര തൃപ്തികരമായി തോന്നിയില്ല. ചെക്കന് ഇഷ്ടക്കുറവൊന്നുമില്ല. അമ്മയ്ക്കാ പ്രശ്‌നം. അവരു പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ചട്ട് പെണ്ണിനുണ്ടെന്നാണ് അമ്മ പറയുന്നത്. ചട്ട് ഒരു പ്രശ്‌നമല്ലെന്നും പിന്നെ ഓപ്പറേഷന്‍ നടത്തി അതു മാറ്റിയെടുക്കാമെന്നും ഇത്രയും നല്ല സ്വഭാവമുള്ള ഒരു പെണ്ണിനെ വേറേ കിട്ടുകേലെന്നുമൊക്കെ ഞാന്‍ പറഞ്ഞുനോക്കി. പക്ഷേ, അങ്ങോട്ട് അടുക്കുന്നില്ല. ഈ ചട്ടുകാലിയേ കിട്ടിയൊള്ളോന്നു നാട്ടുകാരും ബന്ധുക്കളുമൊക്കെ ചോദിക്കുമെന്നാണ് അമ്മയുടെ ഉത്കണ്ഠ. എനിക്കൊരുപാടങ്ങു നിര്‍ബന്ധിക്കാനും പറ്റില്ലല്ലോ. കല്യാണക്കാര്യമല്ലേ. പിന്നീടൊരു പ്രശ്‌നമുണ്ടായാല്‍ എല്ലാരുംകൂടി എന്റെ നേരേ വരുമല്ലോ. ഒരു കണക്കിന് ഇതു പോയത് നന്നായീന്നു കരുതിയാ മതി. ഇതിനേക്കാള്‍ നല്ലതായിരിക്കും അവള്‍ക്കു ദൈവം കരുതിവച്ചിരിക്കുന്നത്.''
അച്ചന്‍ തന്നെ സമാധാനിപ്പിക്കാന്‍ പറഞ്ഞതാണെന്ന് സിസിലിക്കു മനസ്സിലായി.
''സാരമില്ലച്ചോ. ദൈവം വിധിച്ചതേ നടക്കൂന്നു വിശ്വസിക്കുന്ന കൂട്ടത്തിലാ ഞാന്‍. അവള്‍ക്കും സങ്കടമൊന്നുമില്ല. പ്രായം ഒരുപാടൊന്നും കടന്നുപോയിട്ടില്ലല്ലോ.''
''ചട്ടിന്റെ പേരിലാ വേണ്ടാന്നു വച്ചതെന്ന് എല്‍സയോടു പറയണ്ട. അതവള്‍ക്കു വിഷമമാകും. സ്ത്രീധനമായിട്ട് കാശ് ഒരുപാട് ചോദിച്ചൂന്നും അതുകൊടുക്കാന്‍ പറ്റില്ലെന്നു ഞാന്‍ പറഞ്ഞപ്പം അവരു പിന്മാറീന്നും പറഞ്ഞാ മതി.''
''ഉം. സിസിലി തലയാട്ടി.
''എന്നാ പൊയ്‌ക്കോ.''
സങ്കടം നിറഞ്ഞ മനസ്സോടെയാണ് സിസിലി പള്ളിമേടയില്‍നിന്നിറങ്ങിയത്. വീട്ടില്‍ ചെന്ന് അവര്‍ എല്‍സയോട് കാര്യം പറഞ്ഞു:
''സ്ത്രീധനത്തിന്റെ കാര്യത്തിലൊന്നും ആയിരിക്കില്ലമ്മേ അവരു പിന്മാറിയത്. ഞാന്‍ ചട്ടിച്ചട്ടി ചെല്ലുന്നതു കണ്ടതേ ആ അമ്മയുടെ മുഖം മാറിയിരുന്നു. ഞാനതു ശ്രദ്ധിച്ചതാ.''
''എന്തേലുമാട്ടെ. അതിനെക്കുറിച്ചിനി ഓര്‍ക്കണ്ട.''
''അതെപ്പഴേ ഞാന്‍ മനസ്സീന്നു കളഞ്ഞു.''
മുടന്തിമുടന്തി അവള്‍ അടുക്കളയിലേക്കു പോയി. അതുകണ്ട് സിസിലി കണ്ണുതുടച്ചു.
* * *
~ഒരു ശനിയാഴ്ച പത്തുമണിനേരം.
സിസിലിയും എല്‍സയും പിന്നാമ്പുറത്ത് പറമ്പില്‍ ഒരു വാഴ നട്ടുകൊണ്ടിരിക്കുമ്പോഴാണ് മുറ്റത്ത് ഒരു കാര്‍ വന്ന ശബ്ദം കേട്ടത്. പണി നിറുത്തിയിട്ട് എല്‍സ വേഗം മുന്‍വശത്തേക്കു വന്നു നോക്കി. ജയേഷും വര്‍ഷയും കാറില്‍നിന്നിറങ്ങുകയായിരുന്നു അപ്പോള്‍.
''അമ്മേ... ജയേഷും വൈഫുമാ.''
എല്‍സ ഉറക്കെ വിളിച്ചുപറഞ്ഞു.
പണിനിറുത്തി കൈകഴുകിയിട്ട് സിസിലി മുന്‍വശത്തേക്കു വന്നു. വരാന്തയില്‍നിന്ന് എല്‍സയോടു സംസാരിക്കുകയായിരുന്നു ജയേഷും വര്‍ഷയും.
''നീ അകത്തുകേറ്റി ഇരുത്താന്‍മേലായിരുന്നോ മോളേ...''
സിസിലി വന്ന് രണ്ടുപേരെയും വിളിച്ചു സ്വീകരണമുറിയില്‍ കയറ്റി ഇരുത്തി.
''വിളിച്ചിട്ടു വരാന്‍ മേലായിരുന്നോ മോനെ? ങ്ഹാ സാരമില്ല. ഇന്ന് ഇവിടെ താമസിച്ച് നാളെ പോയാ മതീട്ടോ. വര്‍ഷമോള് ഈ പ്രദേശത്തേക്കു വന്നിട്ടുണ്ടോ?''
''ഇല്ല. ആന്റി... ഞാന്‍ ഹൈറേഞ്ചിലേക്ക് ഇതാദ്യാ. സമ്മതിക്കണം ഈ നാട്ടിലൊക്കെ താമസിക്കുന്നോരെ. ഹൊ! എന്തൊരു മലയാ.''
സിസിലി കുടിക്കാന്‍ നാരങ്ങാവെള്ളം എടുക്കാനായി അടുക്കളയിലേക്കു പോയി. ജയേഷും വര്‍ഷയും എല്‍സയോടു വര്‍ത്തമാനം പറഞ്ഞ് സ്വീകരണമുറിയിലിരുന്നു. മോഡേണ്‍ ഡ്രസ് ധരിച്ച്, ചുണ്ടില്‍ ലിപ്സ്റ്റിക്കിട്ട് സുന്ദരിയായാണ് വര്‍ഷ വന്നിരിക്കുന്നത്. എല്‍സ തെല്ല് അസൂയയോടെ നോക്കിയിരുന്നുപോയി.
സിസിലി നാരങ്ങാവെള്ളവുമായി എത്തി. വെള്ളം കുടിക്കുന്നതിനിടയില്‍ സിസിലി പറഞ്ഞു:
''വിളിച്ചിട്ടു വന്നായിരുന്നെങ്കില്‍ ഞാനൊരു സദ്യ ഒരുക്കിവച്ചേനെ. ഇതിപ്പം തരാന്‍ സ്‌പെഷ്യലായിട്ട് ഒന്നുമില്ല.''
''സദ്യ കഴിച്ചു മടുത്തു ആന്റി. അതുകൊണ്ടാ മിണ്ടാതെ പോന്നത്. ഞങ്ങള്‍ക്കു പ്രത്യേകിച്ചായിട്ട് ഒന്നും ഒണ്ടാക്കണ്ട. ആന്റിയും എല്‍സയും കഴിക്കുന്നതു തന്നാ മതി.''
''എന്നാലും അതല്ലല്ലോ.'' സിസിലി എല്‍സയെ നോക്കി പറഞ്ഞു:
''മോളേ, നീ വേഗം പോയി കുറുക്കന്‍കവലേല്‍ ചെന്ന് ഇച്ചിരി മീന്‍ മേടിച്ചോണ്ടു വന്നേ. പച്ചമീനില്ലെങ്കില്‍ ഉണക്കമീനായാലും മതി.''
''വേണ്ടാന്റീ. ഞങ്ങള്‍ക്കൊരുപാട് കറികളൊന്നും വേണ്ട.''
ജയേഷ് തടഞ്ഞെങ്കിലും സിസിലി സമ്മതിച്ചില്ല. എല്‍സയെ അവള്‍ കുറുക്കന്‍കവലയിലേക്കു പറഞ്ഞുവിട്ടു. മുടന്തി മുടന്തി അവള്‍ നടന്നുപോകുന്നത് വര്‍ഷ മുഖം തിരിച്ചു നോക്കി.
പച്ചമീന്‍ കിട്ടിയില്ല. ഉണക്ക അയലയുമായാണ് എല്‍സ തിരിച്ചെത്തിയത്. മീന്‍ വറുത്ത്, പപ്പടം പൊള്ളിച്ച്, മുട്ട പൊരിച്ച് ചമ്മന്തി അരച്ച് നാലഞ്ചുകൂട്ടം കറികളുമായി ഉച്ചയായപ്പോഴേക്കും ഊണു റെഡി. സിസിലി രണ്ടുപേരെയും ഊണുകഴിക്കാന്‍ ക്ഷണിച്ചു.
കൈകഴുകിയിട്ട് എല്‍സയും അവരോടൊപ്പം ഊണു കഴിക്കാനിരുന്നു. ജയേഷിന് കറികളെല്ലാം ഇഷ്ടമായി. ഉണക്കമീന്‍ വറുത്തത് നന്നേ പിടിച്ചു. വര്‍ഷ അത് തൊട്ടുനോക്കിയതേയില്ല. ഉണക്കമീനാണെന്നു കേട്ടപ്പോള്‍ തൊടാനേ തോന്നിയില്ല.
''ഞങ്ങള് ഹൈറേഞ്ചുകാരുടെ സ്‌പെഷ്യലാ ഒണക്കമീന്‍. കൂട്ടി നോക്കിക്കേ.''
സിസിലി കറിപ്പാത്രം അവളുടെ അടുത്തേക്കു നീക്കി വച്ചു. വര്‍ഷ ഒരല്പം എടുത്തു രുചിച്ചു നോക്കി. ഇഷ്ടപ്പെട്ടില്ല.
''വേണ്ട ആന്റീ.'' പാത്രം അവള്‍ നീക്കിവച്ചു.
സിസിലിക്കു സങ്കടം വന്നു. ആദ്യമായി വന്നപ്പോള്‍ ഉണ്ടാക്കിക്കൊടുത്ത സ്‌പെഷ്യലാ. ഇഷ്ടപ്പെട്ടില്ലല്ലോ. വലിയ വീട്ടിലെ പെണ്ണല്ലേ. ഗ്രാമീണഭക്ഷണമൊന്നും ഇഷ്ടമാവില്ല.
വര്‍ഷ ഇത്തിരി ചോറേ ഉണ്ടുള്ളൂ. കറികളൊന്നും അവള്‍ക്കിഷ്ടമായില്ല. വേഗം എണീറ്റ് കൈകഴുകിയിട്ട് ടര്‍ക്കിടവ്വല്‍ എടുത്തു മുഖംതുടച്ചു.
''ഇന്ന് ഇവിടെയെല്ലാം കറങ്ങി സ്ഥലങ്ങളെല്ലാം കണ്ടിട്ട് നാളെ പോയാ മതീട്ടോ. എല്‍സ കൊണ്ടെ കാണിക്കും.'' സിസിലി ജയേഷിനെ നോക്കി പറഞ്ഞു.
''അങ്ങനെ പ്ലാന്‍ ചെയ്താ ആന്റീ വന്നത്.''
ഊണു കഴിഞ്ഞു കുറേനേരം വര്‍ത്തമാനംപറഞ്ഞിരുന്നു. നാലുമണിയാകുമ്പോള്‍ പാറപ്പുറത്തേക്കു പോയി പ്രകൃതിദൃശ്യം കാണാനായിരുന്നു പ്ലാന്‍. വര്‍ഷ കണ്ടിട്ടില്ലല്ലോ. അവളെ കാണിച്ചുകൊടുക്കണം. എല്‍സ ഉത്സാഹത്തിലായിരുന്നു.
വര്‍ഷയ്ക്കു പക്ഷേ, ബോറടി ച്ചു. ഈ കുഗ്രാമത്തില്‍ എങ്ങനെയാണ് ഓരോ നിമിഷവും തള്ളിനീക്കുക? ഈ ചെറിയ വീട്ടില്‍ എങ്ങനെയാണ് നേരം വെളുപ്പിക്കുക?
ജയേഷിനെ വിളിച്ചു മാറ്റിനിറുത്തിയിട്ട് വര്‍ഷ പറഞ്ഞു:
''ഈ കുടിലില്‍ രാത്രി കഴിയാന്‍ എനിക്കു വയ്യ. നമുക്കുടനെ പോകാം. ടൗണില്‍ ഏതെങ്കിലും ഹോട്ടലില്‍ റൂമെടുത്തു താമസിക്കാം. ആ റൂം കാണുമ്പം തന്നെ ശ്വാസം മുട്ടും. എന്തോരം ചെറിയ മുറിയാ. ഒട്ടും ഭംഗിയുമില്ല.''
''നാളെയേ പോകുന്നുള്ളൂന്നു നമ്മള് പറഞ്ഞ സ്ഥിതിക്ക്?''
''ഞാന്‍ പറഞ്ഞില്ലല്ലോ? ജയേഷല്ലേ പറഞ്ഞത്? എനിക്കിഷ്ടമല്ലാത്തതുകൊണ്ട് പോക്വാന്നു പറഞ്ഞോ. എന്റെ ആരുമല്ലല്ലോ ഈ സ്ത്രീ. ഞാനെന്തിനാ സഫര്‍ ചെയ്യുന്നേ.'' വര്‍ഷ ദേഷ്യത്തിലായിരുന്നു. ജയേഷ് എത്ര നിര്‍ബന്ധിച്ചിട്ടും മനസ്സു മാറ്റാന്‍ അവള്‍ തയ്യാറായില്ല. ഒടുവില്‍ ഭാര്യയുടെ ഇഷ്ടത്തിനു കീഴടങ്ങി.
ജയേഷ് സിസിലിയുടെ അടുത്തേക്കു ചെന്ന് സങ്കടത്തോടെ കാര്യം പറഞ്ഞു:
''വെഷമിക്കണ്ട മോനെ. പൊയ്‌ക്കോ. എനിക്കു സങ്കടമില്ല. വര്‍ഷ വല്യവീട്ടിലെ കൊച്ചല്ലേ. ഇവിടുത്തെ ചുറ്റുപാടൊന്നും ഇഷ്ടാവില്ല. നിര്‍ബന്ധിച്ച് അവളെ ഇവിടെ നിറുത്തണ്ട. ഇനിയും എത്രയോ കാലം നിങ്ങള്‍ ഒരുമിച്ചുജീവിക്കേണ്ടതാ. പിണക്കണ്ട. പൊയ്‌ക്കോ.'' സിസിലി അങ്ങനെ പറഞ്ഞെങ്കിലും ഉള്ളില്‍ ഒരുപാട് വിഷമമുണ്ടായിരുന്നു. കേട്ടപ്പോള്‍ എല്‍സയ്ക്കും സങ്കടമായി. നഗരവും നാട്ടില്‍പുറവും തമ്മിലുള്ള വ്യത്യാസം എത്ര വലുതാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. നാട്ടിന്‍പുറത്തിന്റെ നിഷ്‌കളങ്കതയൊന്നും നഗരത്തിനില്ലല്ലോ.
യാത്ര പറയുമ്പോള്‍ എല്‍സയുടെയും സിസിലിയുടെയും കണ്ണുകള്‍ നിറഞ്ഞു. കൈവീശി അവര്‍ മംഗളം നേര്‍ന്നു. കാര്‍ മെയിന്റോഡിലേക്കു കയറിയപ്പോള്‍ വര്‍ഷ പറഞ്ഞു:
''ഹൊ! ഇപ്പഴാ ഞാനൊന്നു നേരേ ശ്വാസം വിട്ടത്. എന്തൊരു സഫോക്കേഷനായിരുന്നു അവിടെ. ഈ രാത്രി അവിടെ തങ്ങിയിരുന്നെങ്കില്‍ ഞാന്‍ മരിച്ചുപോയേനെ.'
ജയേഷ് ഒന്നും മിണ്ടിയില്ല.
''ആ ചട്ടുകാലിപ്പെണ്ണിന്റെ നടപ്പുകാണുമ്പഴേ ഓക്കാനം വരും. എന്തൊരു സ്വാതന്ത്ര്യത്തോടെയാ അവളു ജയേഷിനോടു സംസാരിക്കുന്നത്? നിങ്ങളു തമ്മില്‍ നേരത്തേ വലിയ അടുപ്പമായിരുന്നോ?''
ആ ചോദ്യത്തിലെ ദുരര്‍ഥം ജയേഷിനു പിടികിട്ടി.
''ഏയ്, കല്യാണത്തിനു ക്ഷണിക്കാന്‍ വന്നപ്പഴാ ഞാനാദ്യായിട്ടു സംസാരിക്കുന്നതുതന്നെ.''
''എന്നിട്ടും ഇത്രയും സ്വാതന്ത്ര്യമോ? അവിടെ കിടക്കാതെ പോന്നതു നന്നായി. ആ പെണ്ണ് ഒട്ടും ശരിയല്ല. ചുമ്മാതല്ല ചട്ടുകാലിയായി പോയത്.''
ജയേഷിനു വല്ലാതെ ദേഷ്യം വന്നെങ്കിലും പാടുപെട്ട് നിയന്ത്രിച്ചു. രണ്ടുകൈയും കൂട്ടി അടിച്ചാലല്ലേ ശബ്ദമുണ്ടാകൂ. വര്‍ഷ എന്തെങ്കിലും പറയട്ടെ. മൗനമായി ഇരുന്നാല്‍ മതി. സന്തോഷകരമായ കുടുംബജീവിതത്തിന് മൗനം വലിയ ഔഷധമാണ്. അങ്ങനെ ചിന്തിച്ച് അവന്‍ മിണ്ടാതെ ഇരുന്നു. വര്‍ഷ പിന്നെയും ഓരോന്നു പുലമ്പിക്കൊണ്ടിരുന്നു.
(തുടരും)