•  4 Jul 2024
  •  ദീപം 57
  •  നാളം 17
വചനനാളം

ഭയപ്പെടാതെ സാക്ഷ്യം നല്‍കുവിന്‍

ജൂണ്‍ 16     ശ്ലീഹാക്കാലം  അഞ്ചാം ഞായര്‍

പുറ 7:1-6  ജറെ 11:18-23   2 കോറി 4:7-18  മത്താ 10:16-33

''കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ; ചെറുപ്പംമുതല്‍ അങ്ങാണ് എന്റെ ആശ്രയം'' (സങ്കീ. 71:5). ''ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്റെ നാമത്തിലാണ് നമ്മുടെ ആശ്രയം'' (സങ്കീ. 124:8). പ്രതിസന്ധികളിലും പ്രയാസങ്ങളിലും പീഡനങ്ങളിലുമെല്ലാം നമുക്ക് അഭയവും ആശ്രയവും ദൈവമാണ്. ശ്ലീഹാക്കാലം അഞ്ചാം ഞായറിലെ വായനകളുടെയെല്ലാം മുഖ്യപ്രമേയം ''ഞെരുക്കങ്ങളില്‍ കര്‍ത്താവില്‍ ആശ്രയം വയ്ക്കുക'' എന്നതാണ്.
ഒന്നാം വായനയില്‍ (പുറ. 7:1-6) കഠിനഹൃദയനായ ഫറവോയ്ക്കുമുമ്പില്‍ ദൈവഹിതാനുസരണം പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെടുന്ന അഹറോനെയും മോശയെയുംകുറിച്ചും; രണ്ടാം വായനയില്‍ (ജറെ. 11:18-23) തനിക്കു നേരേയുണ്ടായ ഗൂഢാലോചനകളില്‍ ദൈവത്തില്‍ ആശ്രയം വയ്ക്കുന്ന ജറെമിയാപ്രവാചകനെക്കുറിച്ചും; മൂന്നാം വായനയില്‍ (2 കൊറി. 4:7-18) ഞെരുക്കങ്ങളില്‍ ഭഗ്നാശനാകാതെ ഈശോയില്‍ അഭയം കണ്ടെത്തുന്ന പൗലോസിനെക്കുറിച്ചും; നാലാം വായനയില്‍ (മത്താ. 10:16-33) പീഡകളുടെ കാലങ്ങളില്‍ നിര്‍ഭയം സാക്ഷ്യം നല്‍കാന്‍ ശ്ലീഹന്മാരെ ആഹ്വാനം ചെയ്യുന്ന ഈശോയെക്കുറിച്ചും നാം ശ്രവിക്കുന്നു.
പുറപ്പാട് 7:1-6: ഇസ്രയേല്‍ജനത്തെ വിമോചിപ്പിക്കാന്‍വേണ്ടിയാണ് മോശയും അഹറോനും ദൈവമായ കര്‍ത്താവിനാല്‍ അയയ്ക്കപ്പെടുന്നത്. അവര്‍ക്കുമുമ്പില്‍ പ്രതിബന്ധങ്ങള്‍ പലതുമുണ്ട്. എങ്കിലും ദൈവദൗത്യം നിറവേറ്റാന്‍, അവിടുത്തെ കല്പനകള്‍ പാലിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്.
ഒന്നാമത്തെ വായനയില്‍ മോശയോടു കര്‍ത്താവു പറയുന്നുണ്ട്: ''ഇതാ, ഞാന്‍ ഫറവോയ്ക്ക് നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു'' (7:1). ഇതൊരു ഐറണിക്കല്‍ പ്രസ്താവനയാണ്. സ്വയം ദൈവമായി കരുതിയിരുന്ന വ്യക്തിയാണ് ഫറവോ. ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ മോശ കര്‍ത്താവിന്റെ സ്വരംതന്നെയാണ്. 'ദൈവം' എന്നര്‍ഥം വരുന്ന 'എലോഹിം' എന്ന ഹീബ്രുപദമാണ് മോശയ്ക്കായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. I have made you as God. മോശയുടെ സാന്നിധ്യം ദൈവികംതന്നെയാണ്. മോശയ്ക്കു നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ ദൈവദത്തമാണ്. സ്വയം ദൈവമായി കരുതുന്ന ഫറവോയ്ക്കു ദൈവത്താല്‍ നിയോഗിക്കപ്പെട്ട മോശ പ്രതിബന്ധംതന്നെയാണ്. മോശ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലേക്കും ഇതു വിരല്‍ചൂണ്ടുന്നുണ്ട്.
മോശയുടെ സഹോദരനായ അഹറോന്‍ തന്റെ ദൗത്യനിര്‍വഹണത്തില്‍ എപ്രകാരമായിരിക്കും പ്രവര്‍ത്തിക്കുക എന്നതിനെക്കുറിച്ചും കര്‍ത്താവ് അറിയിക്കുന്നുണ്ട്. അഹറോന്‍ മോശയുടെ പ്രവാചകനായിരിക്കും. ഹീബ്രുഭാഷയിലെ നബി (nabi) എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിന്റെ വക്താക്കളാണ് 'നബി'മാര്‍. അവര്‍ ദൈവഹിതം നിറവേറ്റാന്‍ വിളിക്കപ്പെട്ടവരും അയയ്ക്കപ്പെട്ടവരുമാണ്. ദൈവത്തിന്റെ സ്വന്തം ജനത്തിനുവേണ്ടി ഫറവോയോടു സംസാരിക്കാന്‍ നിയോഗിക്കപ്പെട്ടവനാണ് 'നബി'യായ അഹറോന്‍.
ദൈവമായ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കാനിറങ്ങുന്നവര്‍ക്കുമുമ്പില്‍ കഠിനമായ ഹൃദയങ്ങളുള്ള വ്യക്തികളുണ്ടാവും. ഫറവോയുടെ ഹൃദയം കാഠിന്യമുള്ളതാണ്. ഹീബ്രുഭാഷയിലെ ഖഷാഹ് (qashah)  എന്ന പദത്തിന്റെ അര്‍ഥം hard, stubborn എന്നാണ്. കരിങ്കല്ലുപോലെ കാഠിന്യമുള്ളതാണ് ഫറവോയുടെ ഹൃദയം. ഇത്തരം സാഹചര്യങ്ങളിലും ദൈവമായ കര്‍ത്താവില്‍ ആശ്രയിച്ചുവേണം ദൈവത്തിന്റെ വക്താക്കള്‍ പ്രവര്‍ത്തിക്കാന്‍.
മോശയും അഹറോനും കര്‍ത്താവു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു (7:6). ദൈവത്തിന്റെ വാക്കുകള്‍ 'അനുസരിച്ച'വരാണ് അഹറോനും മോശയും. (They did as the Lord commanded.)ദൈവകല്പനകള്‍ പാലിക്കാനുള്ളവയാണ്. അതു ദൈവത്തോടുള്ള ഒരാളുടെ ബന്ധത്തിന്റെ അടയാളംകൂടിയാണ്.
ജറെമിയ  11:18-33: ജറെമിയായുടെ ആറു പരിദേവനങ്ങളില്‍ ഒന്നിന്റെ ഭാഗമാണ് ഇന്നത്തെ രണ്ടാം വായന. ജറെമിയായ്ക്കുനേരേ ആളുകള്‍ ഗൂഢാലോചന നടത്തുമ്പോള്‍ അതില്‍ ദുഃഖിതനാകുന്ന ജറെമിയാ ദൈവത്തില്‍ ആശ്രയംവച്ചുകൊണ്ട് തന്റെ പ്രയാസങ്ങള്‍ ഏറ്റുപറയുകയാണിവിടെ.
പ്രതികൂലസാഹചര്യങ്ങളില്‍ തന്റെ അവസ്ഥ എപ്രകാരമാണെന്ന് ജറെമിയാ കുറിക്കുന്നുണ്ട്: ''കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാന്‍'' (11:19). അദ്ദേഹം തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് '"docile lamb/’ എന്നാണ്. ഈ ആടിനെക്കുറിച്ച് പറയാന്‍ ഗ്രീക്കുബൈബിളില്‍ ഉപയോഗിച്ചിരിക്കുന്ന പദം 'അകാകോന്‍'(akakon) എന്നാണ്. ഇതിന്റെ അര്‍ഥം gentle, innocent, upright, blameless  എന്നൊക്കെയാണ്. ദൈവത്തിന്റെ ദാസന്‍ എങ്ങനെയായിരിക്കണമെന്ന സൂചന ഇതിലുണ്ട്. പുതിയ നിയമത്തില്‍ ഈശോയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദവും ഇതുതന്നെയാണ് (ഏശ. 53:7; 1 പത്രോ. 1:19).
ദൈവമായ കര്‍ത്താവിനെക്കുറിച്ചും ജറെമിയാ ഇവിടെ വിവരിക്കുന്നുണ്ട്. മൂന്നു വിശേഷണങ്ങളാണ് ദൈവത്തിനു നല്‍കിയിരിക്കുന്നത്: നീതിയായി വിധിക്കുന്നവന്‍, ഹൃദയവും മനസ്സും പരിശോധിക്കുന്നവന്‍, സൈന്യങ്ങളുടെ കര്‍ത്താവ് (11:20). താന്‍ ആശ്രയം വയ്ക്കുന്നത് ഈ ദൈവത്തിലാണ് എന്നാണ് ജറെമിയാ പറയുന്നത്: ''അവിടുന്നാണല്ലോ എന്റെ ആശ്രയം.'' തനിക്കുള്ളതു ദൈവമായ കര്‍ത്താവുമാത്രമാണെന്ന ചിന്തയില്‍നിന്നാണ് ജറെമിയാ പറയുന്നത്: To you I have committed my cause:  തനിക്ക് ആശ്രയം ദൈവംമാത്രം.
2 കോറിന്തോസ് 4:7-18: തന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം ഈശോമിശിഹായാണെന്നും, അവിടുന്നു പ്രദാനം ചെയ്യുന്ന കൃപയിലൂടെയാണ് താന്‍ എല്ലാം നിര്‍വഹിക്കുന്നതെന്നും, പീഡനങ്ങളുടെ നടുവിലും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് മരണത്തിനപ്പുറമൊരു ജീവിതമുണ്ടെന്ന വിശ്വാസമാണെന്നും, ദൈവത്തിലാശ്രയം വയ്ക്കുന്നവന്‍ പരിത്യക്തനും ഭഗ്നാശനുമാകുന്നില്ലായെന്നും പൗലോസ് ശ്ലീഹാ ഇവിടെ പങ്കുവയ്ക്കുന്നു.
''പരമമായ ശക്തി ദൈവത്തിന്റേതാണ്'' (4:7). ഗ്രീക്കുഭാഷയിലെ 'ദ്യുനാമിസ്' (dunamis)  എന്ന പദമാണ് ദൈവികശക്തിയെ കുറിക്കാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ അര്‍ഥം power, might എന്നൊക്കെയാണ്. ദൈവമാണ് തന്റെ ജീവിതത്തിന്റെ ഊര്‍ജമെന്ന് ശ്ലീഹാ വ്യക്തമാക്കുന്നു. ഒന്നും തന്റെ കഴിവല്ല. പൊട്ടിപ്പോകാവുന്ന ഒരു മണ്‍പാത്രംമാത്രമാണ് താന്‍ എന്നാണ് ശ്ലീഹാ പറയുന്നത്. 'മണ്‍പാത്രത്തിലെ നിധി' (treasure in earthern vessels) എന്നത് ഒരു പ്രതീകമാണ്. ഇതിനൊരു പ്രതീകാത്മകമായ അര്‍ഥമാണുള്ളത്. ദൈവശക്തിയില്ലെങ്കില്‍ താന്‍ വെറും മണ്ണുമാത്രമാണെന്നും; ഈ മണ്‍പാത്രം ഉടയാമെന്നും, ഉടഞ്ഞാല്‍ അത് ഉപേക്ഷിക്കപ്പെടുമെന്നും ഇത് അര്‍ഥമാക്കുന്നു.
തന്റെ പ്രതിസന്ധികളിലെല്ലാം പൗലോസ് ആശ്രയിക്കുന്നത് ദൈവകൃപയിലാണ്. കൃപ സമൃദ്ധമാകാന്‍വേണ്ടിയാണ് ശ്ലീഹാ ദൈവമഹത്ത്വത്തിനു കൃതജ്ഞതയര്‍പ്പിക്കുന്നത്. ഗ്രീക്കുഭാഷയില്‍ 'ഖാരിസ്' (charis) എന്ന പദമാണ് 'കൃപ' യെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.  കൃപയെന്നത്providence of God  ആണ്. തന്റെ കഴിവിന്റെ പരിമിതിയെക്കുറിച്ചും തനിക്കുള്ള പരിധികളെക്കുറിച്ചും ബോധ്യമുള്ള വ്യക്തി സര്‍വത്തെയും അതിശയിക്കുന്ന ശക്തിയുള്ള ദൈവത്തില്‍ ആശ്രയം വയ്ക്കുന്നതാണിത്. 
മത്തായി 10:16-33: ദൈവരാജ്യപ്രഘോഷണത്തിനായി അയയ്ക്കപ്പെടുന്നവര്‍ നേരിടേണ്ടിവരുന്നത് എതിര്‍പ്പുകളും വിമര്‍ശനങ്ങളും പീഡനങ്ങളുമാണ്. അത്തരത്തിലുള്ള സാഹചര്യങ്ങളില്‍ എപ്രകാരം അവര്‍ പ്രവര്‍ത്തിക്കണമെന്നും ഏതു തരത്തിലുള്ള നിലപാടുകളാണ് അവര്‍ സ്വീകരിക്കേണ്ടതെന്നും ഈ വചനഭാഗങ്ങള്‍ വ്യക്തമാക്കുന്നു.
ഈശോമിശിഹായുടെ ശിഷ്യരും അവര്‍ക്കു നേരിടേണ്ടിവരുന്ന വ്യക്തികളും ഒരു പ്രതീകത്തിലൂടെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്: കുഞ്ഞാടും ചെന്നായും (10:16). 'പ്രൊബാത്തോന്‍' (probaton) എന്ന ഗ്രീക്കുപദം കുഞ്ഞാടിനെ സൂചിപ്പിക്കുന്നതാണ്. ദൈവത്തിന്റെ ജനത്തെ കുറിക്കുന്ന പദമാണിത്. നിഷ്‌കളങ്കതയുടെ പ്രതീകമാണിത്. 'ലൂക്കോസ്' (Lukos)  എന്ന പദമാണ് 'ചെന്നായ്' (wolf) എന്നതിനെ കുറിക്കുന്നത്. ഇതു കപടത കാണിക്കുന്നവരെയും വ്യാജപ്രബോധകരെയും തിന്മ നിരൂപിക്കുന്നവരെയും കുറിക്കുന്ന പദമാണ്.
ഇത്തരത്തിലുള്ള തിന്മയുടെ സാഹചര്യത്തില്‍ അയയ്ക്കപ്പെട്ടവര്‍ എപ്രകാരമായിരിക്കണമെന്നു വചനം പറയുന്നുണ്ട്: സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. അയയ്ക്കപ്പെടുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടത് വിവേകമാണ്. അവര്‍ ബോധമില്ലാത്തവരായി പെരുമാറാന്‍ പാടില്ല. അറിവുള്ളവരാകണം. അതോടൊപ്പം അവര്‍ നിഷ്‌കളങ്കര്‍ ആയിരിക്കണം. ദൈവത്തില്‍ ആശ്രയം വയ്ക്കുന്നവരുടെ ഭാവമാണ് നിഷ്‌കളങ്കത. അവരുടെ മുഖത്തു കാപട്യമില്ല.
പ്രശ്‌നകലുഷിതമായ സാഹചര്യങ്ങളില്‍ സാക്ഷ്യം നല്‍കാനാണ് ശിഷ്യന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നത് (10:18). 'മര്‍ത്തുറിയോണ്‍' (marturion) എന്ന പദത്തിന്റെ അര്‍ഥം സാക്ഷ്യം എന്നാണ്. അയയ്ക്കപ്പെട്ടവര്‍ സാക്ഷ്യംനല്‍കേണ്ടവരാണ്. ഈശോയ്ക്കാണ് അവര്‍ സാക്ഷ്യം നല്‍കേണ്ടത്. ജീവന്‍ കൊടുത്തുപോലും അവിടുത്തേക്ക് അവര്‍ സാക്ഷ്യം വഹിക്കണം. അപ്പോഴാണ് അവര്‍ യഥാര്‍ഥത്തിലുള്ള രക്തസാക്ഷി ആകുന്നതും നിത്യജീവന്‍ കരഗതമാക്കുന്നതും.

 

Login log record inserted successfully!