•  20 Jun 2024
  •  ദീപം 57
  •  നാളം 15
വചനനാളം

ദൈവികശുശ്രൂഷയ്ക്കായി അയയ്ക്കപ്പെടുന്നവര്‍

ജൂണ്‍ 2  ശ്ലീഹാക്കാലം  മൂന്നാം ഞായര്‍

പുറ 23:20-26    യോനാ 4:1-11
റോമാ 15:14-21    ലൂക്കാ 9:1-6

ദൈവമായ കര്‍ത്താവു തനിക്കുവേണ്ടി ദൂതന്മാരെ അയയ്ക്കാറുണ്ട്. കൂടാതെ, തന്റെ ശുശ്രൂഷയ്ക്കായി അനേകരെ പ്രത്യേകമായി വിളിക്കുകയും തിരഞ്ഞെടുക്കുകയും ദൗത്യം നല്‍കി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈശോമിശിഹായും തന്റെ  ശുശ്രൂഷകളുടെ നിര്‍വഹണത്തിനായി ശ്ലീഹന്മാരെ തിരഞ്ഞെടുത്ത് അയച്ചിട്ടുണ്ട്. ഈ ആഴ്ചയിലെ വായനകളെല്ലാം ദൗത്യവുമായുള്ള അയയ്ക്കലിനെക്കുറിച്ചാണു പ്രതിപാദിക്കുന്നത്.
ഒന്നാം വായനയില്‍ (പുറ. 23:20-26) ഇസ്രയേല്‍ജനത്തെ വാഗ്ദത്തഭൂമിയിലേക്കു നയിക്കുന്ന ദൈവത്തിന്റെ അയയ്ക്കപ്പെട്ട ദൂതനെക്കുറിച്ചും; രണ്ടാംവായനയില്‍ (യോനാ 4:1-11) പുതിയ ജീവിതയാത്രയ്ക്കായി യോനായെ ഒരുക്കുന്ന ദൈവത്തെക്കുറിച്ചും അവിടുത്തോടു സംഭാഷണം നടത്തുന്ന യോനായെക്കുറിച്ചും; മൂന്നാം വായനയില്‍ (റോമ. 15:14-21) ദൈവകൃപയാല്‍ വിജാതീയരുടെ അടുക്കലേക്കു സുവിശേഷം പ്രസംഗിക്കാന്‍ അയയ്ക്കപ്പെട്ട പൗലോസിനെക്കുറിച്ചും; നാലാം വായനയില്‍ (ലൂക്കാ 9:1-6) ദൈവരാജ്യം പ്രഘോഷിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി ഈശോ അയയ്ക്കുന്ന ശിഷ്യന്മാരെക്കുറിച്ചും നാം ധ്യാനിക്കുന്നു. അയയ്ക്കപ്പെടുന്നത് ദൈവഹിതം പ്രാവര്‍ത്തികമാക്കാനാണ്. എല്ലാ അയയ്ക്കപ്പെടലുകള്‍ക്കും ഒരു ദൗത്യമുണ്ട്. ഇതാണ് എല്ലാ വായനകളുടെയും പ്രധാന പ്രമേയം.
പുറപ്പാട് 23:20-26: ഇസ്രയേല്‍ജനത്തിന്റെ യാത്രയിലുടനീളം ദൈവത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിരുന്നു. അവരുമായി ഉടമ്പടി സ്ഥാപിച്ച ദൈവം ഉടമ്പടിയുടെ നിബന്ധനകളും അവരെ അറിയിച്ചു. ഉടമ്പടിയില്‍ വാഗ്ദാനങ്ങളും താക്കീതുകളുമുണ്ടായിരുന്നു. ഇന്നത്തെ വായനയില്‍ നാം ശ്രവിക്കുന്നത് ഉടമ്പടിയില്‍ ഏര്‍പ്പെട്ട ജനത്തോടുകൂടെ ദൈവത്തിന്റെ  സാന്നിധ്യം ഉണ്ടായിരിക്കുമെന്ന അറിയിപ്പും ഇസ്രയേല്‍ജനം നടക്കേണ്ട വഴികളെക്കുറിച്ചുള്ള നിര്‍ദേശങ്ങളുമാണ്. ഉടമ്പടിപ്രകാരം ഇസ്രയേല്‍ജനം വാഗ്ദത്തനാട്ടിലേക്കു യാത്രതിരിക്കുമ്പോള്‍ ജനത്തിനു സംരക്ഷണം നല്‍കാന്‍ ദൈവം അവിടുത്തെ ദൂതനെ അയയ്ക്കുന്നുണ്ട്. 'മാലാഖാ, ദൂതന്‍' എന്നര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ 'മലക്' എന്ന വാക്ക് ദൈവസാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. കര്‍ത്താവാണ് ഇസ്രയേല്‍ജനത്തെ നയിക്കുന്നതെന്ന സൂചനയാണിത്. ദൂതന്റെ ഉത്തരവാദിത്വം ജനത്തെ സംരക്ഷിക്കുകയെന്നതും അവരെ കര്‍ത്താവ് ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് എത്തിക്കുകയെന്നതുമാണ്. 'ഷമാര്‍' എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം '"guard’  എന്നാണ്. ദൂതന്‍ ഇവിടെ ഒരു "guard’ian ആണ്. സംരക്ഷണം നല്‍കുകയെന്നതാണ് ദൗത്യം. ഇസ്രയേല്‍ജനത്തിനായി ദൈവം ഒരുക്കിയിരിക്കുന്ന സ്ഥലം വാഗ്ദത്തഭൂമിയായ കാനാന്‍ദേശമാണ്.
എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് ദൈവം ജനത്തോടു സംസാരിക്കുന്നുണ്ട്. ഒന്നാമതായി, ജനം ദൈവദൂതന്റെ വാക്കുകള്‍ ശ്രവിക്കണം. അനുസരണത്തിന്റെ വഴികളെക്കുറിച്ചുള്ള  പ്രബോധനംതന്നെയാണിത്. ഹീബ്രുഭാഷയിലെ  'ഷമാ' എന്ന വാക്കിന്റെ അര്‍ഥം 'കേള്‍ക്കുക, അനുസരിക്കുക, മനസ്സിലാക്കുക' എന്നൊക്കെയാണ്. അനുസരണക്കേടു കാണിച്ച് ദൈവത്തിന്റെ ദൂതനെ പ്രകോപിപ്പിക്കരുതെന്ന് വളരെ പ്രത്യേകമായി ജനത്തെ കര്‍ത്താവ് ഓര്‍മിപ്പിക്കുന്നുണ്ട്. അനുസരിക്കുമ്പോഴാണ് അനുഗ്രഹമുണ്ടാകുന്നത്; അല്ലാത്തപക്ഷം ദൈവകോപത്തിനവന്‍ ഇരയാകും.
കാനാന്‍ദേശത്തെ ജനങ്ങളോടും അവരുടെ ആരാധനാരീതികളോടും എപ്രകാരമുള്ള നിലപാടു സ്വീകരിക്കണമെന്നതിനെക്കുറിച്ചു പറയുമ്പോള്‍ വളരെ പ്രത്യേകമായ ഒരു നിര്‍ദേശം നല്‍കുന്നുണ്ട്: നീ അവരുടെ ദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത് (23:24). 'ഷഹാഹ്' എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം  bow down, worship എന്നൊക്കെയാണ്. ആരാധന ദൈവമായ കര്‍ത്താവിനുമാത്രമുള്ളതാണ്. നാം കുമ്പിടേണ്ടതും ആരാധന അര്‍പ്പിക്കേണ്ടതും ദൈവമായ കര്‍ത്താവിനുമുമ്പില്‍ മാത്രമായിരിക്കണം.
യോനാ 4:1-11: പ്രേഷിതദൗത്യത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചെങ്കിലും യോനാ ദൈവഹിതത്തിനു വിധേയപ്പെട്ടു പ്രേഷിതദൗത്യം നിര്‍വഹിച്ചു. പശ്ചാത്തപിച്ച നിനവേജനതയോട് ദൈവം കരുണ കാണിച്ചപ്പോള്‍ യോനാ അതില്‍ കുപിതനായി. അസംതൃപ്തി നിറഞ്ഞ യോനായെ  തന്റെ യഥാര്‍ഥ പ്രേഷിതദൗത്യമെന്തായിരുന്നുവെന്നും ദൈവം എപ്രകാരമാണ് പ്രവര്‍ത്തിക്കുകയെന്നും പഠിപ്പിക്കുകയാണിവിടെ.
എന്താണ് യോനായുടെ രോഷത്തിനു കാരണം? തന്റെ ശത്രുദേശമായ നിനവേക്കാര്‍ക്കു ദൈവകാരുണ്യം  ലഭിച്ചു; അവര്‍ ദൈവശിക്ഷയില്‍നിന്നു വിമോചിതരായി. തന്റെ യഥാര്‍ഥ പ്രേഷിതദൗത്യം എന്താണെന്ന് യോനാ പൂര്‍ണമായി തിരിച്ചറിയാത്തതിനാലാണ് അദ്ദേഹം ഇത്രമാത്രം കോപിഷ്ഠനായത്. അയയ്ക്കപ്പെട്ട യോനായുടെ ദൗത്യം നിനവേക്കാരുടെ മാനസാന്തരമായിരുന്നു. എന്നാല്‍, യോനായുടെ ആഗ്രഹം അവരുടെ നാശമായിരുന്നു. അയയ്ക്കപ്പെട്ട ഏവരും ദൈവഹിതത്തിനു വിധേയപ്പെട്ടു  ശുശ്രൂഷ ചെയ്യണം. ഓരോരുത്തരുടെയും വ്യക്തിപരമായ സ്ഥാപിതതാത്പര്യങ്ങളല്ല വിജയിക്കേണ്ടത്; മറിച്ച്, ദൈവഹിതമാണ്.
ദൈവം യഥാര്‍ഥത്തില്‍ ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹനിധിയും ശിക്ഷിക്കുന്നതില്‍ വിമുഖനുമാണ് (4:2). യോനായുടെ സ്വഭാവരീതിയും ദൈവത്തിന്റെ പ്രകൃതിയും വിഭിന്നങ്ങളാണ്. യോനാ തന്റെ ബദ്ധശത്രുവിന്റെ പതനം ആഗ്രഹിക്കുമ്പോള്‍, ദൈവം ആഗ്രഹിക്കുന്നത് മാനസാന്തരപ്പെട്ടുവന്നവന്റെ രക്ഷയാണ്. യോനാ ഇടുങ്ങിയ മനസ്സിന്റെ ഉടമയാണ്. അയയ്ക്കപ്പെടുന്ന എല്ലാവരും മറ്റുള്ളവരുടെ രക്ഷയും നന്മയും  ആഗ്രഹിക്കുന്നവരാകണമെന്ന ഒരു ഓര്‍മപ്പെടുത്തല്‍ ഇവിടെ കാണുന്നുണ്ട്. ഇടുങ്ങിയ ചിന്താഗതിയില്‍നിന്നു വിശാലമായിട്ടുള്ള ജീവിതശൈലിയിലേക്കും ഹൃദയഭാവത്തിലേക്കും കടന്നുവരേണ്ടവരാണ് അയയ്ക്കപ്പെടുന്ന ഓരോ വ്യക്തിയും.
റോമാ 15:14-21: റോമാ സന്ദര്‍ശിക്കുന്നതിനുമുമ്പേ പൗലോസ്ശ്ലീഹാ റോമന്‍സഭയിലെ അംഗങ്ങളുമായി സംവദിക്കുകയാണ് റോമാലേഖനത്തില്‍. ദൈവശാസ്ത്രപരവും പ്രായോഗികവുമായ ദര്‍ശനങ്ങള്‍ പൗലോസ് ഇവിടെ പങ്കുവയ്ക്കുന്നുണ്ട്. ഇന്നത്തെ വായനയില്‍ തന്റെ യാത്രകളെക്കുറിച്ച്, തന്റെ ശുശ്രൂഷയെക്കുറിച്ച് പൗലോസ് റോമാനിവാസികളോടു വിവരിക്കുകയാണ്. ഇതൊരു ഓര്‍മപ്പെടുത്തലാണ് (14:15). 'ഓര്‍മ പുതുക്കുക, വീണ്ടും ചിന്തിക്കുക' എന്നര്‍ഥം വരുന്ന ഗ്രീക്കുഭാഷയിലെ 'എപ്പനാമിമ്‌നെസ്‌കോ' (epanami-mnesko)  എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. റോമായിലെ വിശ്വാസികള്‍ക്കുള്ള ശ്ലീഹായുടെ ഒരു ഓര്‍മപ്പെടുത്തലാണ് ഈ വാക്കുകള്‍.
വിജാതീയര്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യാന്‍ ദൈവകൃപയാല്‍ താന്‍ അയയ്ക്കപ്പെട്ടിരിക്കുകയാണെന്ന് ശ്ലീഹാ ഇവിടെ സമര്‍ഥിക്കുന്നുണ്ട് (14:16). ഗ്രീക്കുഭാഷയിലെ 'ലൈത്തുര്‍ഗോസ്' (leitourgos) എന്ന പദത്തിന്റെ ഉപയോഗത്തിലൂടെ താന്‍ ഒരു 'ശുശ്രൂഷകന്‍' ആണെന്നാണ് പൗലോസ് പറയുന്നത്. തന്റെ ശുശ്രൂഷയുടെ ഉദ്ദേശ്യം വിജാതീയരുടെ പവിത്രീകരണമാണ്.
പൗലോസിന്റെ അപ്പസ്‌തോലികശുശ്രൂഷയെ അദ്ദേഹം വിളിക്കുന്നത് 'പുരോഹിതശുശ്രൂഷ' എന്നാണ്. ഗ്രീക്കുഭാഷയിലെ 'ഹിയെദൂര്‍ഗെയോ' (hierou-rgeo) എന്ന പദത്തിന്റെ  അര്‍ഥം "minister in sacred service’ എന്നാണ്. ഇതു ദൈവശുശ്രൂഷയാണ് എന്ന ബോധ്യം പൗലോസിനുണ്ടായിരുന്നു. ഈ ദൈവികശുശ്രൂഷയിലാണ് പൗലോസ് അഭിമാനം കണ്ടെത്തുന്നതും. ഗ്രീക്കുഭാഷയിലെ 'കൗകെസിസ്' (kauchesis)എന്ന പദത്തിന്റെ ഉപയോഗം ഭാവാത്മകമായ അര്‍ഥത്തിലാണ്. 'അഹങ്കാരം' എന്നതിനപ്പുറത്ത് 'അഭിമാനം' എന്നാണ് ഇത് അര്‍ഥമാക്കുന്നത്.
താന്‍ അയയ്ക്കപ്പെട്ട വഴികളെക്കുറിച്ച് പൗലോസ് പങ്കുവയ്ക്കുന്നുണ്ട്: ജറുസലെം തുടങ്ങി ഇല്ലിറിക്കോണ്‍വരെ ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിന്റെ സുവിശേഷം പൂര്‍ത്തിയാക്കി. ഇസ്രയേല്‍ദേശംമുതല്‍ ഇറ്റലിവരെയുള്ള നീണ്ട ഒരു യാത്രയെക്കുറിച്ചുള്ള സൂചനയാണിത്. പൗലോസിന്റേത് ഒരു extended mission ആയിരുന്നു, പ്രത്യേകിച്ച് വിജാതീയദേശങ്ങളിലേക്ക്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു മിഷന്‍ശുശ്രൂഷയായിരുന്നു പൗലോസിന്റേത്.
ലൂക്കാ 9:1-6: താന്‍ തിരഞ്ഞെടുത്ത തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും പ്രേഷിതദൗത്യവുമായി ഈശോ അയയ്ക്കുന്നതാണ് വായനയുടെ പശ്ചാത്തലം. പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കുവേണ്ടിയാണ് ശിഷ്യന്മാരെ അയയ്ക്കുന്നത്: 1) ദൈവരാജ്യം പ്രസംഗിക്കുക; 2) രോഗികളെ സുഖപ്പെടുത്തുക (9:2). 'കെറുസോ' (kerusso) എന്ന ഗ്രീക്കുക്രിയാപദത്തിന്റെ അര്‍ഥം പ്രഘോഷിക്കുക, പ്രഖ്യാപിക്കുക, ഉറക്കെപ്പറയുക എന്നൊക്കെയാണ്. 'ദൈവരാജ്യം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മിശിഹായെയും അവിടുത്തെ വചനങ്ങളെയുമാണ്. മിശിഹായെ ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് ഒന്നാമത്തെ ദൗത്യം. 'ഇയോമായ്'(iaomai) എന്ന വാക്കിന്റെ അര്‍ഥം 'വീണ്ടെടുക്കുക, സുഖപ്പെടുത്തുക, പുതുതാക്കുക, വിമോചിപ്പിക്കുക' എന്നൊക്കെയാണ്. രോഗത്തില്‍നിന്നും വിവിധ ബന്ധനങ്ങളില്‍നിന്നും ജനത്തെ വിമോചിപ്പിക്കുകയാണ് ശ്ലീഹന്മാരുടെ രണ്ടാമത്തെ ദൗത്യം.
ഈ ശുശ്രൂഷകളുടെ നിര്‍വഹണത്തിനു പോകുമ്പോള്‍ ഈശോ അവര്‍ക്കു പ്രത്യേകമായി നല്‍കുന്നത് 'പിശാചുക്കളുടെമേലുള്ള അധികാരവും ശക്തി'യുമാണ് (9:1). ദൈയ്‌മോണിയോന്‍ daimonion) എന്നത് evil spirit ആണ്. അതു ദൈവത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ശക്തിയാണ്. ദൈവരാജ്യപ്രഘോഷണത്തിനു തടസ്സം നില്‍ക്കുന്ന വ്യക്തിയാണു പിശാച്. അവയെ നിര്‍മാര്‍ജനം ചെയ്യാന്‍വേണ്ടിയാണ് ശിഷ്യന്മാര്‍ക്കു ശക്തിയും power അധികാരവും (authority)  നല്‍കിയത്. ശിഷ്യന്മാരുടെ പ്രവര്‍ത്തനം ദൈവശക്തിയാലും ദൈവികാധികാരത്താലുമുള്ളതാണ്. ഇതു വെറും മാനുഷികമല്ല.
ശിഷ്യന്മാര്‍ എപ്പോഴും യാത്ര ചെയ്യേണ്ടത് ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടാണ്. അക്കാരണത്താലാണ് ഈശോ ശിഷ്യന്മാര്‍ക്കു ചില പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കുന്നത്: യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത് (9:3). യാത്ര സുരക്ഷിതമാക്കാന്‍ സാധാരണമായി കൈയില്‍ കരുതുന്ന ഒന്നും എടുക്കേണ്ടതില്ല എന്നതിന്റെ അര്‍ഥം ദൈവം തുണയ്ക്കും എന്നുള്ളതാണ്. ദൈവകൃപയില്‍ ആശ്രയിക്കുന്നവന് ഒന്നിനെക്കുറിച്ചും ആവലാതി വേണ്ടതില്ല.

Login log record inserted successfully!