മേയ് 26 ശ്ലീഹാക്കാലം രണ്ടാം ഞായര്‍
പുറ 19:1-8 എസെ 2:1-7
1 തിമോ 1:12-19 യോഹ 11:1-16
ദൈവത്തോടൊപ്പം ചരിക്കുക എന്നതാണ് ഓരോ വിശ്വാസിയുടെയും ജീവിതപ്രമാണം. അവിടുത്തെ കൂടാതെയുള്ള സഞ്ചാരങ്ങള്‍ അപകടസാധ്യതകള്‍ നിറഞ്ഞവയാണുതാനും. എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് കര്‍ത്താവിന്റെകൂടെ പ്രയാണം നടത്താനും അതുവഴി രക്ഷ അനുഭവവേദ്യമാക്കാനുമാണ്. ശ്ലീഹാക്കാലം രണ്ടാം ഞായറിലെ വായനകളെല്ലാം ''കൂടെ നടക്കലിനെ''ക്കുറിച്ചാണു പ്രതിപാദിക്കുന്നത്. ദൈവമായ കര്‍ത്താവിന്റെകൂടെ നടക്കാന്‍ വിളിക്കപ്പെടുന്ന ഇസ്രയേല്‍ജനതയെയും ഈശോമിശിഹായോടൊത്തു ചരിക്കുന്ന ശിഷ്യന്മാരെയും നാം ഇവിടെ കണ്ടുമുട്ടുന്നു.
ഒന്നാം വായനയില്‍ (പുറ. 19:1-8), സീനായ് മരുഭൂമിയില്‍ എത്തിച്ചേര്‍ന്ന ജനത്തോട് ഉടമ്പടി പാലിച്ച് കര്‍ത്താവിനോടുകൂടെ ആയിരിക്കാന്‍ മോശയോടു കല്പിക്കുന്ന ദൈവത്തെക്കുറിച്ചും; രണ്ടാം വായനയില്‍ (എസെ. 2:1-7), ദൈവദര്‍ശനം ലഭിച്ച എസെക്കിയേല്‍ ആത്മാവില്‍ നിറഞ്ഞു വ്യാപരിക്കുന്നതിനെക്കുറിച്ചും; മൂന്നാം വായനയില്‍ (1 തിമോ. 1:12-19), ദൈവകൃപയാല്‍ ശക്തിപ്പെട്ട് ശുശ്രൂഷ ചെയ്തു മുന്നേറുന്ന പൗലോസ്ശ്ലീഹാ കര്‍ത്താവായ ഈശോമിശിഹായ്ക്കു നന്ദി പറയുന്നതിനെക്കുറിച്ചും; നാലാം വായനയില്‍ (യോഹ. 11:1-16), മിശിഹായുടെകൂടെ പോയി മരിക്കാന്‍ തയ്യാറായ തോമാശ്ലീഹായെക്കുറിച്ചും നാം ധ്യാനിക്കുന്നു. ദൈവത്തിന്റെകൂടെയുള്ള സഞ്ചാരമാണ് വായനകളുടെയെല്ലാം പ്രധാന പ്രമേയം.
പുറപ്പാട് 19:1-8: പഴയനിയമത്തിന്റെ, പ്രത്യേകിച്ച് പഞ്ചഗ്രന്ഥിയുടെ കേന്ദ്രം സീനായ് ഉടമ്പടിയാണ്. ഈ ഉടമ്പടിയിലൂടെയാണ് ഇസ്രായേലിനെ തന്റെ വിശുദ്ധജനതയായി ദൈവം പ്രഖ്യാപിച്ചത്. ദൈവമായ കര്‍ത്താവ് ഇസ്രായേല്‍ജനതയുമായി നടത്തിയ ഈ ഉടമ്പടിയില്‍ ഏറെ വാഗ്ദാനങ്ങളുണ്ട്. പ്രവാചകന്മാര്‍ ഈ ഉടമ്പടിയെക്കുറിച്ചു പലതവണ പരാമര്‍ശിച്ചിട്ടുണ്ട്. ഒന്നാം വായന ഈ ഉടമ്പടിയുടെ ഒരുക്കത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചുമാണു പങ്കുവയ്ക്കുന്നത്.
ഇസ്രയേല്‍ജനതയുമായി ദൈവം ഉടമ്പടി നടത്തുന്നത് സീനായ് ദേശത്താണ്. സീനായ് ഉപദ്വീപിന്റെ തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന മലയാണ് ഉടമ്പടിയുടെ കേന്ദ്രസ്ഥാനം. ഇതൊരു മരുപ്രദേശമാണ്. ഹീബ്രുഭാഷയിലെ 'മിദ്ബാര്‍' എന്ന പദത്തിനര്‍ഥം Wilderness എന്നാണ്. പഴയനിയമത്തില്‍ മരുഭൂമി എന്ന പദം ദൈവം വസിക്കുന്ന ഇടമായിട്ടാണ് പൊതുവെ സൂചിപ്പിക്കുന്നത്. 'ഹാര്‍' എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം മല (mountain) എന്നാണ്. ഇതും ദൈവിക ഇടത്തെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. സീനായ് പ്രദേശം ഇസ്രയേലിനെ സംബന്ധിച്ച് ദൈവത്തെ കണ്ടുമുട്ടുന്ന ഇടമാണ്.
ഉടമ്പടിയില്‍ പങ്കുചേരാന്‍ ദൈവം ഇസ്രയേല്‍ജനതയെ വളരെ പ്രത്യേകമായി ക്ഷണിക്കുകയാണ്. രണ്ടുപേര്‍ തമ്മിലുള്ള ഒരു കരാര്‍ ആണിത്. ജനം ഈ ക്ഷണം സ്വീകരിക്കുമ്പോഴാണ് ഉടമ്പടി ആരംഭിക്കുന്നത്. കൂടാതെ, ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കുമ്പോഴും ഉടമ്പടി പാലിക്കുമ്പോഴുമാണ് ഇസ്രയേല്‍ജനത, ദൈവത്തിനു പ്രിയപ്പെട്ട ജനമാകുന്നത്. 'സ്വരം ശ്രവിക്കുക' എന്നതിന്റെ അര്‍ഥം 'അനുസരിക്കുക' എന്നാണ്. ഹീബ്രുഭാഷയിലെ 'സെഗുല്ലാ' (segu-llah)എന്ന വാക്കിന്റെ അര്‍ഥം നിധി (treasure) എന്നും നിധിപോലെ സ്വന്തമായത് എന്നുമാണ്. നിധി മൂല്യമുള്ളതും വിലപ്പിടിപ്പുള്ളതുമാണ്. ദൈവമായ കര്‍ത്താവിന്റെ വാക്കുകള്‍ അനുസരിക്കുമ്പോഴും ഉടമ്പടിയുടെ നിയമങ്ങള്‍ പാലിക്കുമ്പോഴുമാണ് നാം ദൈവസന്നിധിയില്‍ വിലയുള്ളവരായിത്തീരുന്നത്. അനുസരിക്കുന്നവരാണ് ദൈവത്തിനു പ്രിയപ്പെട്ടവര്‍, അവര്‍ ദൈവത്തിന്റെ സ്വന്തമാണ്; ദൈവം അവരുടെ സ്വന്തവും.
ദൈവത്തിന്റെ വാക്കുകള്‍ മോശ ജനത്തെ അറിയിച്ചപ്പോള്‍ അവരുടെ പ്രതികരണം ഭാവാത്മകമായിരുന്നു: ''ജനം ഏകസ്വരത്തില്‍ പറഞ്ഞു; കര്‍ത്താവു കല്പിച്ചതെല്ലാം ഞങ്ങള്‍ ചെയ്തുകൊള്ളാം. ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നവര്‍ക്ക് ഒരേ സ്വരമാണ്; കാരണം, അവര്‍ ഒന്നാണ്. ദൈവനാമത്തില്‍ ഒരുമിച്ചായിരിക്കുന്നവര്‍ക്കു ഭിന്നസ്വരങ്ങളില്ല.
എസെക്കിയേല്‍ 2:1-7: ദൈവതിരുമുമ്പിലുള്ള എസെക്കിയേല്‍ പ്രവാചകന്റെ ഭാവത്തെക്കുറിച്ചാണ് ആദ്യവചനങ്ങള്‍ പരാമര്‍ശിക്കുന്നത്. തന്നോടു ദൈവത്തിന് എന്തോ സംസാരിക്കാനുണ്ടെന്നു തിരിച്ചറിയുന്ന പ്രവാചകന്‍ ദൈവമഹത്ത്വത്തിനുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചാണ് ആരാധിക്കുന്നത് (1:28). ദൈവസ്വരം കേള്‍ക്കുന്ന എസെക്കിയേല്‍പ്രവാചകനില്‍ ആത്മാവു നിറഞ്ഞു. അവന്‍ ശക്തിയുള്ളവനായിത്തീര്‍ന്നു (2:2). ഹീബ്രുഭാഷയിലെ 'റൂവാഹ്' എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതു ദൈവത്തിന്റെ ആത്മാവിനെയാണു സൂചിപ്പിക്കുന്നത്. പ്രവാചകന്‍ ശക്തിനിറഞ്ഞവനായത് റൂഹായുടെ അഭിഷേകത്താലാണ്. ''എന്നെ കാലില്‍ ഉറപ്പിച്ചുനിര്‍ത്തി'' എന്നതിന്റെ അര്‍ഥം റൂഹാ ബലപ്പെടുത്തി എന്നാണ്.
എസെക്കിയേലിന്റെ ദൗത്യം ദൈവികമാണ്. ദൈവനിയുക്തമായ പ്രവാചകദൗത്യമാണ് എസെക്കിയേലിനു ലഭിക്കുന്നത്. 'ഞാന്‍ നിന്നെ അയയ്ക്കുന്നു' (2:3) എന്ന പ്രസ്താവന പ്രവാചകന്റെ ദൗത്യത്തിന്റെ ശ്രേഷ്ഠതയെ കാണിക്കുന്നു. 'ഷലാഖ്' (Shalach) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം 'അയയ്ക്കുക' എന്നാണ്. ദൗത്യനിര്‍വഹണത്തിനായി അദ്ദേഹത്തെ പറഞ്ഞയയ്ക്കുന്നതു ദൈവമാണ്. ഇസ്രയേല്‍ജനത്തിന്റെ അടുക്കലേക്കാണ് പ്രവാചകനെ ദൈവം അയയ്ക്കുന്നത്. ഈ ജനത്തെ നവീകരിക്കാന്‍ അത്ര എളുപ്പമല്ല. കാരണം, അവരുടെ സ്വഭാവസവിശേഷതയെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്: ധിക്കാരികള്‍, മര്‍ക്കടമുഷ്ടികള്‍, കഠിനഹൃദയര്‍, കേള്‍ക്കാന്‍ വിസമ്മതിക്കുന്നവര്‍ (2:4-5). പ്രവാചകന്റെ ദൗത്യം കഠിനമാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
1 തിമോത്തേയോസ് 1:12-19: അജപാലനലേഖനമായ ഈ കത്തില്‍ പൗലോസ് ശ്ലീഹാ, തിമോത്തേയോസിലെ സഭയ്ക്ക് ആവശ്യമായ പ്രായോഗികനിര്‍ദേശങ്ങള്‍ നല്‍കുകയാണ്. ഈ നിര്‍ദേശങ്ങള്‍ കുറിക്കുന്നതിനിടയില്‍ ശ്ലീഹാ ഒരു 'നന്ദിപ്രകാശനം'കൂടി നടത്തുകയാണ് ഇന്നത്തെ വചനഭാഗത്ത്. പൗലോസിന്റെ എല്ലാ ലേഖനങ്ങളുടെയും പ്രത്യേകതയാണ് നന്ദിപ്രകാശനം. വിവിധ കാര്യങ്ങള്‍ക്കു ലേഖനാരംഭത്തില്‍ത്തന്നെ 'കൃതജ്ഞതാപ്രകാശനം' നടത്തുകയെന്നത് ഒരു പൗലോസ്‌ശൈലിയാണ്.
തന്റെ ജീവിതത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും വിവിധ ശൂശ്രൂഷകളുടെയുമെല്ലാം ശക്തികേന്ദ്രം കര്‍ത്താവായ ഈശോമിശിഹായാണെന്ന യാഥാര്‍ഥ്യം പൗലോസ് ഇവിടെ പ്രഘോഷിക്കുകയുമാണ്. ഗ്രീക്കുഭാഷയിലെ 'എന്‍ദ്യുനാമു' (endunamoo) എന്ന വാക്കിന്റെ അര്‍ഥം 'ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, വളര്‍ത്തുക' എന്നൊക്കെയാണ്. തന്റെ ബലം ഈശോമിശിഹായാണ്. തന്നെ ശക്തിപ്പെടുത്തിയ മിശിഹാതന്നെയാണ് അവിടുത്തെ ശുശ്രൂഷയ്ക്കായി തന്നെ നിയമിച്ചത് എന്നുള്ള കാര്യം ശ്ലീഹാ വ്യക്തമാക്കുന്നു.
തന്റെ പഴയ ജീവിതാവസ്ഥയില്‍നിന്ന് 'മിശിഹായിലുള്ള ജീവിതത്തിലേക്ക്'- Life in Christ - താന്‍ കടന്നുവന്നത് അവിടുത്തെ കരുണയാലും കൃപയാലുമാണ് എന്നും ശ്ലീഹാ പറയുന്നു. പൗലോസ് ശ്ലീഹാ ഇവിടെ രണ്ടു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ക്രിയാപദം (1:13,16) 'എലെത്തെന്‍' (elee-then) എന്നാണ്. I was shown mercy 'എനിക്കു കരുണ ലഭിച്ചു' എന്ന പൗലോസിന്റെ വാക്കുകള്‍ മിശിഹായുടെ കാരുണ്യത്തിന്റെ ഭാവത്തെയും വര്‍ണിക്കുന്നുണ്ട്. ഈശോ കരുണയുള്ളവനും ബലപ്പെടുത്തുന്നവനുമാണ്.
യോഹന്നാന്‍ 11:1-16: ഈ സുവിശേഷവായനയുടെ പശ്ചാത്തലമെന്നത് ബഥാനിയായിലെ ലാസറിനു രോഗമാണെന്നറിഞ്ഞ് അവനെ സന്ദര്‍ശിക്കാന്‍ ഈശോ പുറപ്പെടുമ്പോള്‍ ശിഷ്യന്മാര്‍ നടത്തുന്ന വിവിധ പ്രതികരണങ്ങളാണ്. ഇന്നത്തെ വചനവായനയുടെ ആദ്യഭാഗത്ത് (11:1-7) ലാസറിന്റെ രോഗവിവരണവും, രണ്ടാം ഭാഗത്ത് (11:8-16) ശ്ലീഹന്മാരുടെ പ്രതികരണങ്ങളുമാണു നാം ശ്രവിക്കുന്നത്. തോമാശ്ലീഹായുടെ മറുപടിയാണ് ഇവിടെ പ്രധാനം. 'ലാസര്‍' എന്ന പദത്തിന്റെയര്‍ഥം 'ദൈവം സഹായിക്കുന്നവന്‍' എന്നാണ്. ''കര്‍ത്താവേ, ഇതാ അങ്ങു സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു'' (11:3). സഹോദരിമാരായ മര്‍ത്തായും മറിയവും തങ്ങളുടെ ലാസറിനെക്കുറിച്ചു പറയുന്നത്; 'ഈശോ സ്‌നേഹിക്കുന്നവന്‍' ആണ് തങ്ങളുടെ സഹോദരന്‍ എന്നാണ്. ഗ്രീക്കുഭാഷയിലെ ഫിലെയോ (phileo) എന്ന ക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സുഹൃദ്ബന്ധത്തെ കുറിക്കുന്നതാണ് ഈ വാക്ക്. ലാസറും ഈശോയും തമ്മിലുള്ള മാനുഷികമായ സ്‌നേഹബന്ധത്തിന്റെ ശൈലിയാണിതു സൂചിപ്പിക്കുന്നത്. ഈ അടുപ്പമാണ് തങ്ങളുടെ ജീവിതത്തിന്റെ പ്രതിസന്ധിയില്‍ ഈശോയെ സമീപിക്കാന്‍ അവര്‍ക്കു പ്രചോദനം നല്‍കുന്നതും. ഈശോ എല്ലാവരെയും സ്‌നേഹിക്കുന്നുവെന്നും എല്ലാവര്‍ക്കും ഈശോയുടെ അടുക്കലേക്കു വരാമെന്നും ഇതു നമ്മെ പഠിപ്പിക്കുന്നുണ്ട്.
'ഈശോ മര്‍ത്തായെയും സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു' (11:5) എന്ന് യോഹന്നാന്‍ ശ്ലീഹാ കുറിക്കുമ്പോള്‍ സ്‌നേഹത്തിന്റെ മറ്റൊരു തലത്തെയും ഇവിടെ അവതരിപ്പിക്കുന്നുണ്ട്. സ്‌നേഹത്തെ കുറിക്കാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഗ്രീക്കുഭാഷയിലെ 'അഗാപാഓ'(agapao) എന്ന പദമാണ്. ഇതു ദൈവസ്‌നേഹത്തെ കുറിക്കുന്ന പദമാണ്. ഈശോയ്ക്ക് അവരോടുണ്ടായിരുന്ന സ്‌നേഹം മാനുഷികസ്‌നേഹത്തിനപ്പുറത്തെ ദൈവികസ്‌നേഹമാണെന്ന സത്യം ഈ വചനം നമ്മെ ഓര്‍മിപ്പിക്കുന്നു.
ബഥാനിയായിലേക്കു പോകാമെന്ന് ഈശോ പറഞ്ഞപ്പോള്‍ യഹൂദരെ ഭയപ്പെട്ടു പിന്മാറുന്ന ശിഷ്യന്മാര്‍ക്കുമുമ്പില്‍ തോമാശ്ലീഹാ പറയുന്നത് 'അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം' (11:16) എന്നാണ്. ഇതു തോമായുടെ ആഴമായ വിശ്വാസത്തിന്റെ പ്രത്യുത്തരം തന്നെയാണ്. തോമാ ആഗ്രഹിക്കുന്നത് മറ്റാരോടുമൊപ്പം പോകാനല്ല; മറിച്ച്, ഈശോയോടൊത്തു സഞ്ചരിക്കാനാണ്. ജീവിച്ചാലും ഈശോയോടൊത്ത്; മരിച്ചാലും അവിടുത്തോടൊപ്പം. 'ഈശോയോടുകൂടെ' (with Jesus) രക്തസാക്ഷിത്വം വരിക്കാന്‍പോലുമുള്ള തോമായുടെ മനസ്സാണിതു കാണിക്കുന്നത്.