മേയ് 5 ഉയിര്‍പ്പുകാലം ആറാം ഞായര്‍
ഉത്പ 9:8-17 2 രാജാ 2:1-15
റോമാ 8:1-11 യോഹ 5:19-29
ശരീരങ്ങളുടെ ഉയിര്‍പ്പാണ് ഉത്ഥാനകാലത്തെ വിചിന്തനവിഷയങ്ങള്‍. ഉത്ഥാനമുണ്ടോ? ഉത്ഥിതശരീരങ്ങള്‍ എപ്രകാരമായിരിക്കും? ആരാണ് ഉയിര്‍പ്പിക്കപ്പെടുന്നത്? തുടങ്ങിയ ചോദ്യങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. ഉയിര്‍പ്പുകാലം ആറാം ഞായറിലെ വചനവായനകളെല്ലാം ഉത്ഥാനവുമായി ബന്ധപ്പെട്ട ദര്‍ശനങ്ങളാണു ശ്രോതാക്കള്‍ക്കു പ്രദാനം ചെയ്യുന്നത്. ഒന്നാം വായനയില്‍ (ഉത്പ. 9:8-17) ജലപ്രളയദുരിതത്തിന്റെ നാശത്തില്‍നിന്നു പുതിയ ഒരു ജീവിതത്തിലേക്കു ജനത്തെ കൊണ്ടുവരുന്ന പുതിയ ഒരു ഉടമ്പടിയുടെ അടയാളത്തെക്കുറിച്ചും, രണ്ടാം വായനയില്‍ (2 രാജാ. 2:1-15) സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുന്ന ഏലിയാപ്രവാചകനെക്കുറിച്ചും, മൂന്നാം വായനയില്‍ (റോമാ. 8:1-11) ശരീരങ്ങളുടെ ഉയിര്‍പ്പിനെക്കുറിച്ചുള്ള പൗലോസ് ശ്ലീഹായുടെ പ്രബോധനത്തെക്കുറിച്ചും; നാലാം വായനയില്‍ (യോഹ. 5:19-29) വചനം കേള്‍ക്കുകയും വചനമായ ഈശോയില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു ലഭിക്കുന്ന നിത്യജീവനെക്കുറിച്ചും നാം ശ്രവിക്കുന്നു. മരണത്തില്‍നിന്നു പുതുജീവനിലേക്കുള്ള ഒരു പ്രയാണമാണ് എല്ലാ വായനകളുടെയും മുഖ്യപ്രമേയം.
ഉത്പത്തി 9:8-17: പഴയനിയമത്തില്‍ ദൈവജനവുമായി ഉടമ്പടിയില്‍ ഏര്‍പ്പെടുന്ന ദൈവത്തെ നാം കണ്ടുമുട്ടുന്നുണ്ട്. വ്യക്തികള്‍ തമ്മിലോ സമൂഹങ്ങള്‍ തമ്മിലോ ഉള്ള ബന്ധങ്ങളെ ക്രമീകരിക്കുന്നതിനായി ഇരുകൂട്ടരും തമ്മില്‍ നടത്തുന്ന കരാറിനെയാണ് സാധാരണമായി ഉടമ്പടി എന്ന പദംകൊണ്ടര്‍ഥമാക്കുന്നത്. ഹീബ്രുഭാഷയില്‍ ബെറിത് എന്ന വാക്കു പ്രധാനമായും ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയെ സൂചിപ്പിക്കുന്നതിനാണുപയോഗിക്കുന്നത്. ഉടമ്പടി ഉറപ്പിക്കുമ്പോള്‍ മുന്‍കൈയെടുക്കുന്നതു ദൈവമാണ്. ഉടമ്പടിയുടെ നിബന്ധനകള്‍ വയ്ക്കുന്നതും ദൈവമാണ്. ഉടമ്പടികളിലെല്ലാം അവകാശങ്ങളും കടമകളുമുണ്ട്. ഉടമ്പടിനിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് അനുഗ്രഹങ്ങളും, അതു ലംഘിക്കുന്നവര്‍ക്കു ശാപവും ഉണ്ടാകും. ഉടമ്പടിയിലെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയെന്നതാണ് ദൈവജനത്തിന്റെ ദൗത്യം.
ജലപ്രളയത്തിനുമുമ്പു ദൈവം നോഹയുമായി ഒരു ഉടമ്പടി ചെയ്തു: ''എന്നാല്‍ നീയുമായി ഞാനെന്റെ ഉടമ്പടി ഉറപ്പിക്കും'' (ഉത്പ. 6:18). ദൈവം നോഹയ്ക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയാക്കുന്നതാണ് ഒന്നാമത്തെ വായനയില്‍ നാം ശ്രവിക്കുന്നത് (9:8-17). ദൈവത്തിന്റെ നിബന്ധനകളോടു വിശ്വസ്തത പാലിച്ച നോഹയെ ദൈവം അനുഗ്രഹിച്ചു (9:1). ജലപ്രളയത്തിന്റെ കെടുതികളില്‍നിന്നു രക്ഷപ്പെട്ടു പുറത്തുവന്ന നോഹയ്ക്കും പുത്രന്മാര്‍ക്കും സകല ജീവജാലങ്ങള്‍ക്കും ദൈവം നല്‍കുന്നതു ജീവനാണ്. ഈ വാഗ്ദാനം പ്രത്യാശ നല്കുന്നതാണ്. ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവന്ന, ഭൂമിയെത്തന്നെ നശിപ്പിച്ച ജലപ്രളയത്തിന്റെ ഭീതിയില്‍നിന്നു മാറിയുള്ള ഒരു പുതിയ അവസ്ഥയാണു ദൈവം വാഗ്ദാനം ചെയ്യുന്നത്. അസ്തിത്വഭീതിയില്‍ കഴിയുന്ന മനുഷ്യനു ധൈര്യവും പ്രത്യാശയും പ്രതീക്ഷയും പ്രദാനം ചെയ്യുന്നതാണ് ഈ വാഗ്ദാനം.
ഈ ഉടമ്പടിയുടെ അടയാളം ശ്രദ്ധേയമാണ്: ''ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെ വില്ല് ഞാന്‍ സ്ഥാപിക്കുന്നു. ഞാന്‍ ഭൂമിക്കു മേലേ മേഘത്തെ അയയ്ക്കുമ്പോള്‍ അതില്‍ മഴവില്ല് പ്രത്യക്ഷപ്പെടും'' (9:14). ദൈവം അടയാളമായി നല്‍കുന്ന മഴവില്ല് ഉടമ്പടിയുടെ സാര്‍വത്രികമാനം എടുത്തുകാട്ടുന്നതാണ്. എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണിത്. ഇത് ആരെയും ഒഴിവാക്കുന്നില്ല. സൃഷ്ടപ്രപഞ്ചം മുഴുവനുമായി ദൈവം ഉറപ്പിച്ച ഒരു സാര്‍വത്രികഉടമ്പടിയാണിത്. പന്ത്രണ്ടാം വാക്യത്തിലെ 'ലെദോറോത്ത് ഓലാം' എന്ന ഹീബ്രുപ്രയോഗത്തിന്റെ അര്‍ഥം for perpetual generations എന്നാണ്. എല്ലാ തലമുറകള്‍ക്കുംവേണ്ടിയുള്ളതാണിത്. നാശത്തില്‍നിന്ന് എല്ലാവര്‍ക്കും ദൈവം ഒരു ഉയിര്‍പ്പു നല്‍കും.
2 രാജാക്കന്മാര്‍ 2:1-15: കര്‍ത്താവിനെപ്രതിയുള്ള തീക്ഷ്ണതയാല്‍ ജ്വലിച്ചുനിന്നിരുന്ന ഏലിയായെ കര്‍ത്താവ് സ്വര്‍ഗത്തിലേക്ക് എടുക്കുന്നതാണ് രണ്ടാമത്തെ വായനയില്‍ നാം ശ്രവിക്കുന്നത്. ഏലിയായും ഏലീഷായും ഗില്‍ഗാലില്‍നിന്നു മരുഭൂമിയിലേക്കു നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ഈ സംഭവം നടക്കുന്നത്. ദൈവം ഏല്പിച്ച ദൗത്യങ്ങളെല്ലാം വിശ്വസ്തതയോടെ നിര്‍വഹിച്ച ഏലിയാ, കര്‍ത്താവിനു തന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ച ഏലിയ സന്തോഷപൂര്‍വം തന്നെ അയച്ചവന്റെ അടുക്കലേക്കു യാത്രയാകുന്നതാണ് ഈ വചനത്തിന്റെ പ്രമേയം. പുതിയ ജീവനിലേക്കുള്ള ഒരു യാത്രയാണിത്.
ഏലിയായും ഏലീഷായും ഒരുമിച്ചു യാത്ര ചെയ്യുകയാണ്. ഏലീഷായെ വിട്ടുപോകാന്‍ ഏലിയ പലപ്പോഴും താത്പര്യം പ്രകടിപ്പിക്കുന്നുണ്ട് (2:2). എന്നാല്‍, തന്റെ ഗുരുവിനെ ഉപേക്ഷിക്കാന്‍ തയ്യാറല്ലാതെ, ഗുരുവിന്റെകൂടെ ചരിക്കാന്‍ ഏലീഷാ ഇഷ്ടപ്പെട്ടു. യഥാര്‍ഥശിഷ്യത്വത്തിന്റെ മാതൃകയാണിത്: ഗുരുവിന്റെ കൂടെ ചരിക്കുക; ഗുരുവിനെ അനുഗമിക്കുക. ഏലീഷായുടെ വാക്കുകള്‍ ശ്രദ്ധേയമാണ്: ക ംശഹഹ ിീ േഹലമ്‌ല ്യീൗ. ഗുരുക്കന്മാരെ നിര്‍ദയം തഴയുന്ന, ആദരിക്കാത്ത ഒരു കാലഘട്ടത്തില്‍ ഏലീഷാ ഒരു മാതൃകയാണ്. ഗുരുവിനെ തള്ളിപ്പറയാത്ത, ഗുരുവിനെ ഉപേക്ഷിക്കാത്ത ഒരു ശിഷ്യന്‍. മൂന്നു പ്രാവശ്യം ഏലീഷാ 'ഞാന്‍ അങ്ങയെ വിട്ടുമാറില്ല' എന്ന് ഏലിയായോടു പറയുന്നുണ്ട് (2:2,4,6). ഉറച്ചതും യഥാര്‍ഥവുമായ ഒരു ശിഷ്യത്വമാണിത്.
ഏലിയായോടുകൂടെ നടന്ന ഏലീഷായോടു പ്രവാചകന്‍ അവസാനമായി ഒരു ചോദ്യം ചോദിക്കുന്നുണ്ട്: ''നിന്നില്‍നിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാന്‍ എന്താണു ചെയ്തുതരേണ്ടത്?'' (2:9). ഗുരുവിന്റെ കരുതലുള്ള ചോദ്യമാണിത്. ശിഷ്യനെ സ്‌നേഹിക്കുന്ന ഗുരുവിനുമാത്രമേ ഇപ്രകാരം ചോദിക്കാന്‍ സാധിക്കുകയുള്ളൂ. ശിഷ്യന്റെ നന്മയും ഉന്നതിയും ആഗ്രഹിക്കുന്ന ഗുരുനാഥനാണിത്.
ഏലിയായുടെ ചോദ്യത്തിനുള്ള ഏലീഷായുടെ മറുപടി തീവ്രത നിറഞ്ഞതാണ്: ''അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് എനിക്കു ലഭിക്കട്ടെ'' (2:9). A double portion of your spirit എന്ന ഏലീഷായുടെ ആവശ്യം ഭൗതികമായുള്ള ശക്തിയെയല്ല സൂചിപ്പിക്കുന്നത്; മറിച്ച്, തന്റെ ശുശ്രൂഷകള്‍ നിര്‍വഹിക്കാനുള്ള ഇരട്ടികൃപയാണ്. ഏലിയാ ദൈവത്താല്‍ നയിക്കപ്പെട്ടവനായിരുന്നതിനാല്‍ താനും ഇരട്ടി ദൈവകൃപയാല്‍ നിറയണമെന്ന ശുദ്ധമായ ആഗ്രഹമാണിത്. ശിഷ്യന്മാര്‍ എല്ലാവര്‍ക്കും ഉണ്ടാകേണ്ട ഭാവവും ഇതുതന്നെയാണ്.
അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏലിയാ സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. ആലങ്കാരികഭാഷയിലാണ് ഈ സ്വര്‍ഗാരോപണം ഇവിടെ അവതരിപ്പിക്കുന്നത്. ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളാണ്. തന്റെ ശുശ്രൂഷകള്‍ ദൈവഹിതാനുസരണം നിര്‍വഹിച്ച ഏലിയായെ ദൈവം എടുത്തു. അവന്‍ സ്വര്‍ഗസമ്മാനത്തിനര്‍ഹനായി.
റോമാ 8:1-11: ദൈവവുമായുള്ള ബന്ധം മനുഷ്യനു നഷ്ടപ്പെടുന്നത് അവന്റെ പാപംവഴിയാണ്. ദൈവബന്ധത്തില്‍നിന്നകന്നുപോയ മനുഷ്യവര്‍ഗത്തെ ദൈവത്തിങ്കലേക്കു തിരികെക്കൊണ്ടുവരുന്നത് ഈശോമിശിഹായാണ്. അവിടുത്തെ കുരിശുമരണത്തിലൂടെ അവിടുന്നു മനുഷ്യകുലത്തിനു പാപവിമോചനം നല്‍കുകയും രക്ഷ പ്രദാനം ചെയ്യുകയും ചെയ്തു. റോമാസഭയിലെ വിശ്വാസികളോട് ഇക്കാര്യങ്ങളെക്കുറിച്ചു പറഞ്ഞുകൊടുക്കുകയും അവരെ നവമായ ഒരു ജീവിതത്തിലേക്കു ക്ഷണിക്കുകയും ചെയ്യുകയാണീ വചനഭാഗത്ത്.
ഈശോമിശിഹായോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല (8:1). 'ഏന്‍ ക്രിസ്‌തോ' എന്ന ഗ്രീക്കുപ്രയോഗത്തിന്റെ അര്‍ഥം ''""In Christ'''' എന്നാണ്. ഇത് ഒരു പൗളിന്‍ പ്രയോഗമാണ്. ഇതിന് ഒരു ദൈവശാസ്ത്രമാനമുണ്ട്. മാമ്മോദീസാ സ്വീകരിച്ചവര്‍ ഈശോമിശിഹായോട് ഒന്നായിരിക്കുന്ന അവസ്ഥയാണിത്. ഈശോമിശിഹായിലേക്കുള്ള ഒരു incorporation ആണിത്. ഈശോമിശിഹായോട് ഐക്യപ്പെട്ടു ജീവിക്കുന്നവര്‍ പാപത്തിന്റെ ബന്ധനത്തിലല്ല; അവര്‍ രക്ഷയുടെ ചൈതന്യത്തിലാണു വസിക്കുന്നത്.
യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്റെ നിയമം പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്ന് ഒരുവനെ സ്വതന്ത്രനാക്കുന്നു. 'ജീവന്റെ ആത്മാവ്' പരിശുദ്ധ റൂഹാതന്നെയാണ്. മാമ്മോദീസായില്‍ ഒരാള്‍ നിറയുന്നതും അഭിഷേകം ചെയ്യപ്പെടുന്നതും പരിശുദ്ധ റൂഹായാലാണ്. മാമ്മോദീസായില്‍ ആരംഭിച്ച പുതിയ ജീവിതക്രമത്തില്‍ ചരിക്കുന്നയാള്‍ പരിശുദ്ധിയുടെ ജീവിതം നയിക്കുമ്പോള്‍ അവിടെ സംജാതമാകുന്നത് നിത്യരക്ഷയാണ്, നിത്യശിക്ഷയല്ല. കാരണം, അയാളുടെ ജീവിതം ആത്മാവിന്റെ നിറവിലാണ്. ആത്മാവിന്റെ പ്രചോദനമനുസരിച്ചു ജീവിക്കുന്നവന്‍ ജഡികചിന്തകളുടെ പ്രലോഭനത്തില്‍പ്പെടുന്നുമില്ല. ദൈവികനിയമത്തില്‍ വ്യാപരിക്കുന്നവന്‍ നിത്യജീവനര്‍ഹനാകും.
യോഹന്നാന്‍ 5:19-29: ഈശോമിശിഹായുടെ ദൈവരാജ്യപ്രഘോഷണങ്ങളിലും അനുബന്ധസൗഖ്യശുശ്രൂഷകളിലും അനേകര്‍ അസ്വസ്ഥരാകുന്നുണ്ട്. എന്ത് അധികാരത്താലാണ് ഇവന്‍ ഇതൊക്കെ ചെയ്യുന്നത് എന്നുപോലും ജനം ചിന്തിക്കുകയും ചോദിക്കുകയും ചെയ്തിട്ടുണ്ട്. പുത്രന്റെ അധികാരത്തെക്കുറിച്ച് അര്‍ഥശങ്കയ്ക്കിടനല്‍കാത്തവിധം ഈശോ പഠിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷത്തില്‍. പുത്രന്റെ പ്രവൃത്തികള്‍ പിതാവിന്റെതന്നെയാണെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ ദൈവികമാണെന്നും ഈശോ വ്യക്തമായി പഠിപ്പിക്കുന്നു.
പിതാവിന്റെ പ്രവൃത്തികളില്‍ പങ്കുചേരുന്നവനാണു പുത്രന്‍. സ്വന്തം ഇഷ്ടമനുസരിച്ച് പുത്രന്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല (5:19). ഈശോയുടെ വാക്കുകളുടെ അര്‍ഥം അവിടുന്നു പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണെന്നുള്ളതാണ്. പിതാവിന്റെ ഹിതമാണ് തന്റെ ഹിതമെന്ന വാക്കുകള്‍ ഈശോയുടെ ദൈവത്വത്തെ കുറിക്കുന്നു.
പിതാവ് മരിച്ചവരെ എഴുന്നേല്പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കും (5:21). ഗ്രീക്കുഭാഷയിലെ സോപെയ്‌യെയോ എന്ന പദത്തിന്റെ അര്‍ഥം ജീവന്‍ നല്‍കുക എന്നാണ്. ജീവന്‍ നല്‍കുന്നതു ദൈവമാണ്. ഈശോ ജീവന്‍ നല്‍കുമെന്നു പറയുന്നതിന്റെ അര്‍ഥം അവിടുന്നു പുത്രനായ ദൈവമാണെന്നുതന്നെയാണ്. ഈ പ്രവൃത്തി ഈശോയുടെ ദിവ്യത്വത്തെയാണു കാണിക്കുന്നത്.
വിധിക്കുക എന്നതു പുത്രന്റെ ദൗത്യമാണ്. പിതാവു പുത്രനെ ഭരമേല്പിച്ചിരിക്കുന്നതാണ് ഈ പ്രവൃത്തി (5:22). ഗ്രീക്കുഭാഷയിലെ ക്രിസിസ് എന്ന പദത്തിന്റെ അര്‍ഥം വിധി എന്നാണ്. ഈ പദത്തിനു വേര്‍തിരിക്കല്‍ എന്നൊരു അര്‍ഥതലംകൂടിയുണ്ട്. ന്യായാധിപന്‍ വിധി പ്രസ്താവിക്കുമ്പോള്‍ ഒരു വേര്‍തിരിക്കല്‍ നടക്കുന്നുണ്ട്. ഒന്നുകില്‍ ജീവന്‍ അല്ലെങ്കില്‍ മരണം. രക്ഷയ്ക്കും ശിക്ഷയ്ക്കുമുള്ള വിധിക്കു നിര്‍ണായകമായിത്തീരുന്ന വ്യക്തി ഈശോമിശിഹായാണ്.