•  4 Jul 2024
  •  ദീപം 57
  •  നാളം 17
വചനനാളം

'ഇതാ ഞാന്‍! എന്നെ അയച്ചാലും!'

ജൂണ്‍ 23  ശ്ലീഹാക്കാലം  ആറാം ഞായര്‍

ലേവ്യ 8:1-13       ഏശ 6:1-8
1 കോറി 1:26-31    മത്താ 9:27-38

''ഇതാ ഞാന്‍! എന്നെ അയച്ചാലും!'' (ഏശ. 6:8). ഇതു ദൈവവിളിക്കുള്ള ഒരു പ്രത്യുത്തരമാണ്.  ദൈവം കാലാകാലങ്ങളില്‍ ഓരോരുത്തരെയും വിളിക്കുന്നുണ്ട്.  ദൈവം വിളിക്കുമ്പോള്‍ ഒരുവന്റെ പ്രത്യുത്തരം "Yes’'  എന്നാണ്. ശ്ലീഹാക്കാലം ആറാം ഞായറിലെ വായനകളെല്ലാം  ദൈവവിളിയുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്. ദൈവികശുശ്രൂഷയുടെ നിര്‍വഹണത്തിനായുള്ള അഭിഷേകവും ദൈവവിളിക്കുള്ള പ്രത്യുത്തരവും ദൈവവിളിക്കായുള്ള പ്രാര്‍ഥനയുമൊക്കെ ഈ ആഴ്ചത്തെ വായനകളുടെ പ്രമേയങ്ങളാണ്.
ഒന്നാംവായനയില്‍ (ലേവ്യ. 8:1-13), ദൈവികശുശ്രൂഷയ്ക്കായി മോശ തന്റെ സഹോദരന്‍ അഹറോനെയും മക്കളെയും അഭിഷേകം ചെയ്യുന്നതിനെക്കുറിച്ചും; രണ്ടാം വായനയില്‍ (ഏശ. 6:1-8), ഏശയ്യാപ്രവാചകനു ദൈവാലയത്തില്‍വച്ചു ലഭിച്ച ദൈവവിളിദര്‍ശനത്തെക്കുറിച്ചും, മൂന്നാം വായനയില്‍ (1 കോറി. 1:26-31), ഓരോരുത്തര്‍ക്കും ലഭിച്ച ദൈവവിളിയെക്കുറിച്ചു ചിന്തിക്കാനുള്ള പൗലോസ് ശ്ലീഹായുടെ ആഹ്വാനത്തെക്കുറിച്ചും; നാലാം വായനയില്‍ (മത്താ. 9:27-38), ദൈവരാജ്യം പ്രസംഗിച്ചും രോഗശാന്തി നല്‍കിയും സഞ്ചരിച്ച ഈശോ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനെക്കുറിച്ചും നാം ശ്രവിക്കുന്നു.
ലേവ്യര്‍ 8:1-13: പുറപ്പാടുപുസ്തകത്തിന്റെ എട്ടാം അധ്യായത്തില്‍ അഹറോന്റെയും മക്കളുടെയും പുരോഹിതാഭിഷേകത്തിനു വേണ്ടുന്ന നിര്‍ദേശങ്ങള്‍ കാണുന്നുണ്ട്. പ്രസ്തുത നിര്‍ദേശങ്ങള്‍ പൂര്‍ത്തിയാകുന്ന വിവരണം ലേവ്യര്‍ എട്ടാം അധ്യായത്തിലാണു വിവരിച്ചിരിക്കുന്നത്. കര്‍ത്താവായ ദൈവം മോശയ്ക്കു നല്‍കുന്ന നിര്‍ദേശങ്ങള്‍ 'കര്‍ത്താവു കല്പിച്ചതുപോലെ' മോശ നിറവേറ്റുകയാണിവിടെ. ഹീബ്രുഭാഷയിലെ 'ത്‌സവാഹ്' (tsavah)  എന്ന പദത്തിന്റെ അര്‍ഥം command  എന്നാണ്. മോശ നിറവേറ്റുന്നത് ദൈവികകല്പനയാണ്: did as the LORD commanded him. വിളിക്കപ്പെട്ടവര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കടപ്പെട്ടവരാണ്. കര്‍ത്താവു കല്പിച്ചതുപോലെ മോശ ചെയ്തു. സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടി (8:3). അഹറോന്റെയും പുത്രന്മാരുടെയും അഭിഷേകത്തിനു സാക്ഷ്യം വഹിക്കാന്‍വേണ്ടിയാണ് ജനങ്ങളെയെല്ലാം  പ്രത്യേകമായി ക്ഷണിച്ചതും ഒരുമിച്ചുകൂട്ടിയതും.  പുരോഹിതര്‍ ദൈവജനം മുഴുവനുംവേണ്ടിയുള്ളവരാണ് എന്നതാണു ധ്വനി. ഇവിടെ മോശയുടെ ദൗത്യം ഒരുമിച്ചുകൂട്ടലിന്റേതുംകൂടിയാണ്. ഹീബ്രുഭാഷയില്‍ 'ഖഹാല്‍' (qahal)  എന്ന വാക്കും ഗ്രീക്കുഭാഷയില്‍ സിനഗോഗേ (synagoge) എന്ന വാക്കും സൂചിപ്പിക്കുന്നത് ഒരുമിച്ചുകൂട്ടലിനെയാണ്. ദൈവശുശ്രൂഷകന്റെ ദൗത്യം ഒന്നിപ്പിക്കലാണ്; ഭിന്നിപ്പിക്കലല്ല.
അഹറോനും പുത്രന്മാരും പുരോഹിതന്മാരായി അവരോധിക്കപ്പെടുമ്പോള്‍ ത്രിവിധചടങ്ങുകളാണുള്ളത്: ശുദ്ധീകരണം, വസ്ത്രധാരണം, അഭിഷേകം.  വെള്ളംകൊണ്ടുള്ള കഴുകല്‍ ശുദ്ധീകരണത്തിന്റെ purification)  അടയാളമാണ്. ദൈവശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുന്നവര്‍ ആത്മീയമായും ശാരീരികമായും ശുദ്ധിയുള്ളവരായിരിക്കണം എന്ന വസ്തുത ഈ കര്‍മം ഓര്‍മിപ്പിക്കുന്നു. രാജകീയവസ്ത്രങ്ങള്‍ പുരോഹിതന്‍ ധരിക്കുന്നതിന്റെ അര്‍ഥം ഈ ദൈവശുശ്രൂഷ ശ്രേഷ്ഠവും മഹനീയവുമാണെന്നുള്ളതാണ്. തൈലാഭിഷേകം അര്‍ഥമാക്കുന്നത് ഒരാളെ ദൈവശുശ്രൂഷയ്ക്കായി പ്രത്യേകം മാറ്റിവയ്ക്കുകയും പ്രതിഷ്ഠിക്കുകയുമാണെന്നതാണ്.
ഏശയ്യാ 6:1-8: ഏശയ്യാപ്രവാചകന്റെ ദൈവവിളിയുടെ വിവരണമാണിത്. തനിക്കു പ്രത്യക്ഷനായ ദൈവത്തെക്കുറിച്ചുള്ള വര്‍ണനയാണ് പ്രവാചകന്‍ ആദ്യം നടത്തുന്നത്: ഉന്നതമായ സിംഹാസനത്തില്‍ ഉപവിഷ്ടന്‍; ദൈവാലയം മുഴുവന്‍ നിറഞ്ഞുനിന്ന വസ്ത്രാഞ്ചലം (6:1). ദൈവത്തിന്റെ അപരിമേയമായ മഹത്ത്വവും (glory) അധീശത്വവും (authority)  ആണ് ഇവിടെ വര്‍ണിക്കുന്നത്.
ദൈവത്തിനുചുറ്റും നില്‍ക്കുന്നത് സെറാഫുകളാണെന്നു പ്രവാചകന്‍ പറയുന്നു. ഹീബ്രുഭാഷയില്‍ 'സെറാഫിം' (seraphim) എന്ന പദം ദൈവദൂതന്മാരെയാണ് അര്‍ഥമാക്കുന്നത്. ദൈവത്തിന്റെ പരിശുദ്ധിയെ എപ്പോഴും പ്രഘോഷിക്കുന്നവരാണ് സെറാഫുകള്‍. അവരുടെ ദൗത്യം അതാണ്. ദൈവത്തിന്റെ മഹത്ത്വത്തിന്റെയും അധികാരത്തിന്റെയും പരിശുദ്ധിയുടെയുംമുമ്പില്‍ താന്‍ എത്രമാത്രം നിസ്സാരനാണെന്ന സത്യം തിരിച്ചറിയുന്ന ഏശയ്യാപ്രവാചകന്‍ തന്റെ കുറവിനെക്കുറിച്ച് ഇവിടെ പറഞ്ഞുവയ്ക്കുന്നുണ്ട്: ''ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്'' (6:5). ഗ്രീക്കുഭാഷയിലെ 'അകത്തര്‍തോസ്' (akathartos) എന്ന പദത്തിന്റെ അര്‍ഥം unclean, defiled  എന്നൊക്കെയാണ്. ഒരാളുടെ ശുദ്ധിയില്ലായ്മയെ കുറിക്കുന്ന പദമാണിത്. തനിക്ക് അഹങ്കരിക്കാന്‍ ഒന്നുമില്ലെന്നു പറയുന്ന, താന്‍ നിസ്സാരനാണെന്നു വ്യക്തമാക്കുന്ന പ്രവാചകന്റെ വാക്കുകളാണിവ. ദൈവത്തിന്റെ വിളി സ്വീകരിച്ചവര്‍ക്കുണ്ടായിരിക്കേണ്ട 'വിനയ'ഭാവം ഏശയ്യായില്‍ കാണുന്നുണ്ട്.
ഏശയ്യാപ്രവാചകന്റെ അധരത്തെ ദൈവം ശുദ്ധീകരിക്കുന്നുണ്ട്. അത് അദ്ദേഹത്തിനു ദൈവം നല്‍കുന്ന പ്രവാചകദൗത്യത്തിന്റെ സൂചനതന്നെയാണ് (6:6-7). തീക്കനലുമായി വന്ന സെറാഫുകളിലൊന്ന് പ്രവാചകന്റെ അധരത്തെ സ്പര്‍ശിച്ചു പറഞ്ഞു: മാലിന്യം നീക്കപ്പെട്ടു, പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.  ഗ്രീക്കുഭാഷയിലെ 'അനോമിയ' (anomia) എന്ന വാക്കിന് iniquity, wickedness എന്നൊക്കെയാണ് അര്‍ഥം. ഒരാളുടെ പരിശുദ്ധിയുടെ കുറവിനെയാണ് ഇതു കാണിക്കുന്നത്. ദൈവവുമായുള്ള ബന്ധത്തിന്റെ കുറവിനെയും ഇതു സൂചിപ്പിക്കുന്നു. മാലിന്യം നീക്കപ്പെട്ടതുവഴി, പാപങ്ങള്‍ ക്ഷമിക്കപ്പെട്ടതുവഴി ദൈവവുമായുള്ള സജീവബന്ധത്തിലായിത്തീര്‍ന്നു പ്രവാചകന്‍. ദൈവത്തിന്റെ പ്രവാചകന്‍ മാലിന്യത്തില്‍നിന്നു മുക്തനായിരിക്കണം. ദൈവബന്ധത്തിലായിരിക്കണം.
ദൈവം വിളിക്കുമ്പോള്‍ നല്‍കേണ്ട പ്രത്യുത്തരം എപ്രകാരമുള്ളതായിരിക്കണമെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്: ''ഇതാ ഞാന്‍! എന്നെ അയച്ചാലും!'' (6:8). ദൈവവിളിക്കുള്ള പ്രത്യുത്തരം ഭാവാത്മകമായിരിക്കണം. എനിക്ക് എന്റേതായ വഴികളില്ല;  ഉള്ളത് ദൈവവഴികളാണ്. ആ വഴിയേയാണു ഞാന്‍ അയയ്ക്കപ്പെടേണ്ടതും സഞ്ചരിക്കേണ്ടതും. ദൈവവിളിക്കുമുമ്പില്‍ ഞാന്‍ നിഷേധഭാവം കാട്ടാന്‍ പാടില്ല.
1 കോറിന്തോസ് 1:26-31: ഓരോരുത്തരുടെയും വിളിയെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും പൗലോസ് തന്റെ ലേഖനങ്ങളില്‍ കുറിക്കുന്നുണ്ട്. ദൈവത്തിന്റെ നിയോഗമനുസരിച്ച് ജീവിതം നയിക്കാന്‍ സഭാമക്കളോടു കല്പിക്കുന്നുമുണ്ട് (1 കോറി. 7:17). ഇന്നത്തെ വായനയില്‍ ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന ദൈവവിളിയെക്കുറിച്ചു 'ചിന്തിക്കാന്‍' പൗലോസ് നിര്‍ദേശിക്കുകയാണ്.
വിളിക്കപ്പെട്ടവര്‍ പല തരത്തിലുള്ള ഭിന്നതകളിലേക്കു നീങ്ങിയപ്പോള്‍ ഒരു പുനര്‍വിചിന്തനത്തിന് ശ്ലീഹാ കോറിന്ത് സഭാംഗങ്ങളെ ഒരുക്കുകയാണിവിടെ. 'നോക്കുക' (see) എന്നര്‍ഥം വരുന്ന ഗ്രീക്കുഭാഷയിലെ ബ്‌ളെപോ (blepo)  എന്ന ക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന് consider, take heed  എന്നൊക്കെ അര്‍ഥങ്ങളും ഉണ്ട്. വിളിയെക്കുറിച്ച് ആഴത്തില്‍ പരിചിന്തനം നടത്താനുള്ള ആഹ്വാനമാണിത്.
ദൈവവിളിയെ സൂചിപ്പിക്കാന്‍ ഗ്രീക്കുഭാഷയിലെ ക്ലെസിസ് (klesis) എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. പൗലോസിന്റെ ലേഖനങ്ങളില്‍ ഏറെ പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ഒരു പദമാണിത് (റോമ 11:29; 1 കോറി. 1:26; 7:20; എഫേ. 1:18; 4:1; 4:4; ഫിലി. 3:14; 2 തെസ. 1:11; 2 തിമോ. 1:19). ഓരോരുത്തര്‍ക്കും  വിളിയുണ്ട്, ദൈവമാണ് അവരെ വിളിക്കുന്നത്, വിളിക്കനുസരിച്ചാണ് ഓരോരുത്തരും ജീവിതം നയിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഈ വാക്കുമായി ബന്ധപ്പെടുത്തി പൗലോസ് സംസാരിക്കുന്നത്.
കോറിന്ത് സഭാക്കൂട്ടായ്മയിലെ ചിലര്‍ അഹങ്കരിച്ചപ്പോള്‍, അനുചിതമായി പ്രവര്‍ത്തിച്ചപ്പോള്‍ അവരുടെ വിളിയെപ്പറ്റി പൗലോസ് ഓര്‍മിപ്പിക്കുകയാണിവിടെ. ''ലൗകികമാനദണ്ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല'' (1:26). ഗ്രീക്കുഭാഷയിലെ 'കത്താ സാര്‍കാ' (kata sarka)  എന്ന പദത്തിന്റെ അര്‍ഥം"according to worldly standards’ എന്നാണ്. ലോകദൃഷ്ടിയില്‍ ജ്ഞാനികളും കുടുംബമഹിമയുള്ളവരും സ്വാധീനമുള്ളവരുമായി നിങ്ങളില്‍ അധികം പേരില്ലായെന്ന പൗലോസിന്റെ പരാമര്‍ശം കോറിന്തോസുകാരുടെ നിസ്സാരതയെയാണു കുറിക്കുന്നത്. ദൈവം തന്റെ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്തത് മാനുഷികദൃഷ്ടിയില്‍ അവഗണിക്കപ്പെട്ടവരെയും നിസാരക്കാരെയുമാണ്. അവരിലൂടെ ദൈവത്തിന്റെ മഹത്ത്വം പ്രകടമാകുന്നതിനുവേണ്ടിയാണ് അവരെ തിരഞ്ഞെടുത്തത്. ഒരാളുടെ ജീവന്റെ ഉറവിടം ഈശോമിശിഹാതന്നെയാണ്. എനിക്ക് എന്റേതായി ഒന്നുമില്ല. അതിനാല്‍, സ്വന്തമായി അഭിമാനിക്കാന്‍ എനിക്കൊന്നുമില്ല. അക്കാരണത്താലാണ് പൗലോസ് പറയുന്നത്: അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ.
മത്തായി 9:27-38: ഈശോയുടെ യാത്രകളിലെല്ലാം അവിടുന്നു ദൈവരാജ്യത്തെക്കുറിച്ചു പ്രഘോഷിച്ചു. ഒപ്പം, രോഗശാന്തിശുശ്രൂഷയും നല്‍കി. അന്ധരായ രണ്ടു മനുഷ്യര്‍ക്കു കാഴ്ചശക്തി നല്‍കുന്നതും (9:27-31) ഊമനു സംസാരശക്തി നല്‍കുന്നതും (9:32-34) അവിടുത്തെ രോഗശാന്തിശുശ്രൂഷയുടെ ഉദാഹരണങ്ങളാണ്.
ഈശോയുടെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഭാവം 'അനുകമ്പ' യുടേതാണ്. ഗ്രീക്കുഭാഷയില്‍ 'സ്പാളാങ്കനീസ്സോമായ്' (splanchanizomai) എന്ന വാക്കിന്റെ അര്‍ഥം യലbe moved with compassion എന്നാണ്. ഇത് ഒരു sympathy ആണ്- സഹാനുഭൂതി. ഹൃദയത്തിന്റെ ഭാവമാണിത്. ഇതിലേക്കാണ് ഈശോ തന്റെ ശിഷ്യരെ ക്ഷണിക്കുന്നതും. ദൈവത്തിന്റെ ജനം നിസ്സഹായരും പരിഭ്രാന്തരുമാകുമ്പോള്‍ ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടവരുടെ ഭാവം അനുകമ്പയുള്ളതും കാരുണ്യത്തിന്റേതുമാകണം.
പ്രേഷിതശുശ്രൂഷയ്ക്കായി ഒരാളെ വിളിക്കുന്നതും അയയ്ക്കുന്നതും ദൈവമാണ്. അതാണു ദൈവവിളി. മനുഷ്യന്‍ സ്വന്തമായി ഏറ്റെടുക്കുന്ന ഒന്നല്ല പ്രേഷിതശുശ്രൂഷ. വിളഭൂമിയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നതു പിതാവായ ദൈവം തന്നെയാണ്. ആ ദൈവത്തോടു പ്രാര്‍ഥിക്കാനാണ് ഈശോ ശിഷ്യന്മാരോടാവശ്യപ്പെടുന്നത്. പിതാവായ ദൈവവുമായി അവര്‍ക്കുണ്ടായിരിക്കേണ്ട ബന്ധത്തെയും ഇതു സൂചിപ്പിക്കുന്നു.

Login log record inserted successfully!