•  4 Jul 2024
  •  ദീപം 57
  •  നാളം 17
വചനനാളം

നിത്യജീവന്റെ വചസ്സുകള്‍

ജൂണ്‍ 9  ശ്ലീഹാക്കാലം   നാലാം ഞായര്‍

പുറ 20:1-17  എസ 3:1-11   റോമാ 10:5-15   യോഹ 6:60-69

''ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്'' (ഹെബ്രാ. 4:12). ''ദൈവത്തിന്റെ വചനം തേനിനെക്കാള്‍ മധുരമാണ്'' ''വചനം പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്'' (സങ്കീ. 119:103, 105). ശ്ലീഹാക്കാലം നാലാം ഞായറാഴ്ചയില്‍ ദൈവവചസ്സുകളെക്കുറിച്ചും ദൈവവചനത്തിന്റെ ശക്തിയെക്കുറിച്ചുമുള്ള ചിന്തകളാണ് വിശുദ്ധഗ്രന്ഥവായനകളിലുള്ളത്.
ഒന്നാം വായനയില്‍ (പുറ. 20:1-17), സീനായ് ഉടമ്പടിയുടെ ഭാഗമായി ദൈവമായ കര്‍ത്താവ് നല്‍കുന്ന പത്തു വാക്കുകളെക്കുറിച്ചും; രണ്ടാം വായനയില്‍ (എസെ. 3:1-11) ദൈവവചനം ഭക്ഷിച്ച് വചനപ്രഘോഷണം നടത്തുന്ന എസെക്കിയേല്‍പ്രവാചകനെക്കുറിച്ചും; മൂന്നാം വായനയില്‍ (റോമാ 10:5-15), സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്രയോ സുന്ദരമെന്ന പൗലോസിന്റെ പ്രതിപാദനത്തെക്കുറിച്ചും; നാലാം വായനയില്‍ (യോഹ. 6:60-69), ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിനു ശിഷ്യര്‍ നല്‍കുന്ന പ്രതികരണത്തെക്കുറിച്ചും നാം ധ്യാനിക്കുന്നു.
പുറപ്പാട് 20:1-17: ഇസ്രയേല്‍ജനം ദൈവത്തോടു മറുതലിച്ചു ദൈവനിഷേധത്തിലൂടെ അവിടുന്നുമായുള്ള ബന്ധം മുറിച്ചു ചരിക്കുമ്പോള്‍ അവരെ രക്ഷിക്കാന്‍വേണ്ടി ദൈവകല്പനകള്‍ പ്രദാനം ചെയ്തു. മോശവഴി ഇസ്രയേല്‍ജനത്തിനു ദൈവം നല്‍കിയ പത്തു കല്പനകളാണ് ഒന്നാം വായനയുടെ പ്രധാനപ്രമേയം. മനുഷ്യകുലത്തിനു സ്രഷ്ടാവായ ദൈവത്തോടും സഹജീവികളോടുമുണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചാണ് 'ദൈവത്തിന്റെ വാക്കുകള്‍' പറയുന്നത്.
'ദൈവം അരുള്‍ ചെയ്തു' എന്നു പറഞ്ഞുകൊണ്ടാണ് മോശ ജനത്തോടു സംസാരിക്കാന്‍ ആരംഭിക്കുന്നത്. 'വായ്ദബെര്‍ എലോഹിം (waydober elohim) എന്ന ഹീബ്രുപ്രയോഗം ദൈവകല്പനകളുടെ ആധികാരികതയെയാണു കുറിക്കുന്നത്. പത്തു കല്പനകള്‍ ദൈവത്തിന്റെ വാക്കുകള്‍തന്നെയാണെന്നു word എന്നര്‍ഥം വരുന്ന ദബാര്‍ (dabar) എന്ന പദം വ്യക്തമാക്കുന്നു.
ഒന്നാമത്തെ പ്രമാണത്തില്‍ ദൈവം ജനത്തെ പ്രബോധിപ്പിക്കുന്നത് ഈ ജനത്തിന്റെ രക്ഷകനും ഉടയവനുമെല്ലാം യഹോവതന്നെയാണെന്നാണ്. I am the lord your God (20:2). കര്‍ത്താവ് (Lord) എന്നര്‍ഥം വരുന്ന യാഹ്‌വെ (Yahweh)  എന്ന പദത്തിലൂടെ ജനത്തിന്റെ രക്ഷകന്‍ ആരാണെന്നും, അവര്‍ ആരെയാണ് ആരാധിക്കേണ്ടതെന്നുമുള്ള കാര്യങ്ങളാണു പകര്‍ന്നുനല്കുന്നത്. ദൈവമായിക്കണ്ട് ജനങ്ങള്‍ 'ആരാധന' നല്‍കേണ്ടത് 'യാഹ്‌വെ'യ്ക്കാണ്. ബഹുദൈവാരാധനയുടെയും വിഗ്രഹാരാധനയുടെയും പശ്ചാത്തലത്തിലാണ് ഈ വചനം മനസ്സിലാക്കേണ്ടത്.
ദൈവത്തിന്റെ കല്പനകള്‍ പാലിക്കുന്നവര്‍ക്ക് എന്താണു ലഭിക്കുന്നതെന്നും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. അവര്‍ക്ക് ദൈവകരുണ ലഭിക്കും. അത് ആയിരമായിരം തലമുറകള്‍വരെ നീണ്ടുനില്‍ക്കുന്നതാണ്. 'ഹെസദ്' (hesed) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം loving kindness, mercy  എന്നൊക്കെയാണ്. ദൈവത്തിന്റെ കരുതലിന്റെയും പരിഗണനയുടെയും സംരക്ഷണത്തിന്റെയും സ്വരമാണിത്. ദൈവവചനം സ്വീകരിക്കുന്നവര്‍ക്ക് നാശമുണ്ടാകുകയില്ല; അവര്‍ ദൈവത്തിന്റെ ഹൃദയത്തിന്റെ സന്തോഷം അനുഭവിക്കും.
ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ആരും ഉപയോഗിക്കരുതെന്നു രണ്ടാം പ്രമാണം പഠിപ്പിക്കുന്നു. ദൈവത്തിന്റെ നാമം പരിശുദ്ധമാണ്. ദൈവനാമത്തിന് ആദരവും ബഹുമാനവുമാണ് എല്ലാവരും നല്‍കേണ്ടത്. അപ്രകാരം ചെയ്യാതെ ദൈവകല്പനയ്ക്കു വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു തക്ക ശിക്ഷ ലഭിക്കും.
സാബത്തുദിനം വിശുദ്ധമായി ആചരിക്കണമെന്നതാണു മൂന്നാമത്തെ പ്രമാണം. 'ഖാ ദഷ്' (qadash)  എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം Sanctify  ചെയ്യുക എന്നതാണ്. സാബത്തുദിനം 'holy day ആണ്. കാരണം, ഇതു കര്‍ത്താവിന്റെ ദിനമാണ്. ഇസ്രയേല്‍ജനം ഈ ദിനത്തിന്റെ പരിശുദ്ധിക്കു വിഘാതമായി ഒന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല.
എസെക്കിയേല്‍ 3:1-11: ദൈവമായ കര്‍ത്താവിങ്കല്‍നിന്ന്  അകന്നുപോയെങ്കിലും ഇസ്രയേല്‍ജനത്തെ വീണ്ടെടുക്കാന്‍വേണ്ടി ദൈവം പ്രവാചകന്മാരെ ചില ദൗത്യങ്ങളുമായി അയച്ചിട്ടുണ്ട്. കര്‍ത്താവ് ചില ദൗത്യങ്ങളുമായി എസെക്കിയേല്‍പ്രവാചകനെ അയയ്ക്കുന്നതാണു വചനവായനയുടെ പശ്ചാത്തലം.
ഇസ്രയേല്‍ജനത്തോട് എപ്രകാരമാണു സംസാരിക്കേണ്ടതെന്ന് ദൈവം എസെക്കിയേലിനോടു പറഞ്ഞുനല്‍കുന്നുണ്ട്: ''ഈ കാണുന്ന ചുരുള്‍ ഭക്ഷിക്കുക; എന്നിട്ടുപോയി ഇസ്രയേല്‍ഭവനത്തോടു സംസാരിക്കുക'' (3:1). ചുരുള്‍ (scroll) എന്നര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ മെഗില്ലാഹ് (megillah)  എന്ന വാക്കാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ scroll ദൈവവചനമാണ്.
അകത്തും പുറത്തും എഴുതിയിരിക്കുന്ന ഒരു ചുരുളാണിത് (2:10). വചനത്തിന്റെ സമൃദ്ധിയെയാണ് ഇതു സൂചിപ്പിക്കുന്നത്. ദൈവദൗത്യം നിറവേറ്റാന്‍ ഇറങ്ങുന്നവര്‍ 'വചനം' സ്വീകരിച്ച് യാത്രയാകണമെന്നതാണ്  ഇവിടുത്തെ ധ്വനി.  ഹീബ്രുഭാഷയിലെ അകല്‍ ((akal)) എന്ന വാക്കിന്റെ അര്‍ഥം 'ഭക്ഷിക്കുക' (eat) എന്നാണ്. വചനം ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായി സ്വീകരിക്കണമെന്നതാണ് ഇതു വ്യക്തമാക്കുന്നത്. വചനമാണ് ഒരുവന് ശക്തി പ്രദാനം ചെയ്യുന്നത്. ദൈവവചനം സജീവവും ഊര്‍ജസ്വലവുമാണ്.
പ്രവാചകന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കഠിനഹൃദയരായ യഹൂദര്‍ മനസ്സു കാണിക്കുന്നില്ലെങ്കില്‍പ്പോലും, ഈ ശുശ്രൂഷ ഏറെ ദുഷ്‌കരമാണെങ്കിലും ദൗത്യം തുടരണമെന്നുള്ള ആഹ്വാനവും എസെക്കിയേലിനു ദൈവം നല്‍കുന്നുണ്ട്. 'തീക്കല്ലിനെക്കാള്‍ കടുപ്പമുള്ള വജ്രക്കല്ലുപോലെ നിന്റെ നെറ്റി ഞാന്‍ കടുപ്പമുള്ളതാക്കിയിരിക്കുന്നു.' (3:9) എന്ന ദൈവത്തിന്റെ വാക്ക് പ്രവാചകന്‍ ദൈവത്താല്‍ ശക്തനാക്കപ്പെടും എന്നതാണ് അര്‍ഥമാക്കുന്നത്. ദൈവവചനം സ്വീകരിച്ച് അതു പ്രഘോഷിക്കുന്നവനു ദൈവമാണു തുണയായുള്ളത്. അവിടുന്ന് അവനെ ശക്തനാക്കും. അവന്‍ പ്രതിസന്ധികളില്‍ തളരുകയില്ല; തകര്‍ക്കപ്പെടുകയുമില്ല.
റോമ 10:5-15: റോമാലേഖനത്തിന്റെ പ്രധാനപ്രമേയങ്ങളിലൊന്ന് നിയമാധിഷ്ഠിതനീതിയും വിശ്വാസാധിഷ്ഠിതനീതിയുമണ്. ഈശോമിശിഹായിലുള്ള വിശ്വാസത്തിലൂടെയാണ് യഥാര്‍ഥത്തിലുള്ള നീതീകരണം (രക്ഷ) എന്നു പഠിപ്പിക്കുന്ന പൗലോസ് ഈ വചനഭാഗത്തെ ദൈവവചനത്തിലൂടെ സംലഭ്യമാകുന്ന സാര്‍വത്രികരക്ഷയെക്കുറിച്ചും പങ്കുവയ്ക്കുന്നു.
തോറായിലെ കല്പനകളുടെ പാലനത്തിലൂടെ ഒരാള്‍ കൈവരിക്കുന്ന നീതീകരണത്തെയാണ് നിയമാധിഷ്ഠിതനീതി എന്നു പറയുന്നത്. ഈശോമിശിഹായിലുള്ള വിശ്വാസത്തിലൂടെയും അവിടുത്തെ വാക്കുകളുടെ ശ്രവണത്തിലൂടെയും ഒരാള്‍ സ്വന്തമാക്കുന്ന രക്ഷയെയാണ് വിശ്വാസാധിഷ്ഠിതനീതി എന്നു പറയുന്നത്. പൗലോസിന്റെ ഭാഷ്യത്തില്‍ നിയമത്തിന്റെ നീതീകരണമെന്നത് മിശിഹാവരെയും തുടര്‍ന്ന് വിശ്വാസത്തിന്റെ നീതീകരണവുമാണ്. നിയമത്തെ പൂര്‍ത്തീകരിക്കുന്നവനാണ് മിശിഹാ.
''വചനം നിനക്കു സമീപസ്ഥമാണ്. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട് - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെ'' (10:8) പഴയനിയമത്തില്‍ യഹൂദജനതയ്ക്കു തോറാ തങ്ങളുടെ അടിസ്ഥാനപ്രമാണമായിരുന്നെങ്കില്‍ പുതിയ നിയമത്തില്‍ മിശിഹായാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. 'റെമാ' (rema) എന്ന ഗ്രീക്കുവാക്കിന്റെ അര്‍ഥം 'വചനം' (word) എന്നാണ്. ഇതു മിശിഹായെയും അവിടുത്തെ പ്രബോധനങ്ങളെയും കുറിക്കുന്നതാണ്. വചനം മിശിഹായാണ്. പൗലോസ് പ്രസംഗിക്കുന്നതും മിശിഹായെത്തന്നെ.
രക്ഷ പ്രാപിക്കാന്‍ മിശിഹായെ ഏറ്റുപറയണമെന്ന യാഥാര്‍ഥ്യവും ഈശോമിശിഹായില്‍ വിശ്വസിക്കണമെന്ന സത്യവും ശ്ലീഹാ ഇവിടെ അവതരിപ്പിക്കുന്നുണ്ട് : (1) ഈശോ കര്‍ത്താവാണ് എന്ന് അധരംകൊണ്ട്  ഏറ്റുപറയണം; 2) ദൈവം ഈശോയെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചുവെന്നു ഹൃദയത്തില്‍ വിശ്വസിക്കണം. ക്രിസ്തീയവിശ്വാസത്തിന്റെ ഉള്ളടക്കമാണ് മിശിഹാ 'കര്‍ത്താവ്' (LORD) ആണെന്നത്. അവിടുന്ന് ഉത്ഥാനം ചെയ്തു എന്നതും ക്രൈസ്തവവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്. നിയമപാലനത്തിനപ്പുറത്ത് യഥാര്‍ഥ രക്ഷ പ്രദാനം ചെയ്യുന്നത് ഈ അടിസ്ഥാനപരമായ വിശ്വാസമാണ്. പൗലോസിന്റെ വാക്കുകള്‍ ഇതു സാക്ഷ്യപ്പെടുത്തുന്നു.
യോഹന്നാന്‍ 6:60-69: സാധാരണഗതിയില്‍ ഈശോ പ്രബോധനങ്ങള്‍ നല്‍കുന്നത് ഉപമകളിലൂടെയും പ്രതീകങ്ങളിലൂടെയുമൊക്കെയാണ്. യോഹന്നാന്റെ സുവിശേഷത്തില്‍ വിശുദ്ധകുര്‍ബാനയെക്കുറിച്ചു പറയുമ്പോള്‍ ഈശോ ഈ മഹാരഹസ്യത്തിന്റെ യാഥാര്‍ഥ്യം പ്രബോധനാത്മകമായിത്തന്നെ നല്‍കുകയാണ്. മനുഷ്യബുദ്ധിക്കു ഗ്രഹിക്കാന്‍ പ്രയാസമായ ചില കാര്യങ്ങള്‍ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ഈശോ ഇവിടെ തന്റെ ശിഷ്യഗണങ്ങളെ ആഹ്വാനം ചെയ്യുന്നു.
വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള ഈശോയുടെ പ്രബോധനത്തെക്കുറിച്ചു ശിഷ്യന്മാര്‍ പ്രതികരിച്ചത് ഇപ്രകാരമാണ്: ''ഈ വചനം കഠിനമാണ്'' (6:60). ഗ്രീക്കുഭാഷയിലെ സ്‌കെളെറോസ്(skleros) എന്ന പദത്തിന്റെ അര്‍ഥം dry, rough, hard  എന്നൊക്കെയാണ്. വചനത്തെ യുക്തികൊണ്ടു മനസ്സിലാക്കാന്‍ വ്യര്‍ഥമായി പരിശ്രമിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. വചനത്തെ വിശ്വാസത്തിന്റെ പരിപ്രേക്ഷ്യത്തില്‍ സ്വീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അതു മധുരതരമാകുന്നത്.
വചനത്തെ അതിന്റെ യഥാര്‍ഥ അര്‍ഥതലത്തിലല്ലാതെ, അതായത് വിശ്വാസത്തിലൂടെയല്ലാതെ ഗ്രഹിക്കാന്‍ ശ്രമിച്ചാല്‍ അത് scandal   ആണുണ്ടാക്കുന്നത്. ഈശോ ശിഷ്യന്മാരോടു ചോദിക്കുന്നുണ്ട്, ഈ വചനം നിങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തുന്നുണ്ടോ എന്ന്. ഗ്രീക്കുഭാഷയിലെ 'സ്‌കന്ദലീസോ' (skandalizo)എന്ന പദത്തിന്റെ അര്‍ഥം "cause to stumble’ എന്നാണ്.  വചനത്തെ മാനുഷികമായി സമീപിക്കുന്നവര്‍ക്ക് അത് ഉതപ്പും ഇടര്‍ച്ചയും ഉണ്ടാക്കും. വചനത്തെ ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് പാദങ്ങളില്‍ വിളക്കും വഴികളില്‍ പ്രകാശവുമാകും. അവര്‍ ഒരിക്കലും തട്ടിവീഴുകയില്ല.
''നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്'' (6:68). ഈശോയോടുള്ള പത്രോസിന്റെ വാക്കുകള്‍ ദൈവവചനത്തിന്റെ പ്രത്യേകതയെ സൂചിപ്പിക്കുന്നുണ്ട്. അത് നിത്യജീവന്‍ നല്‍കുന്നതാണ്. 'വചനം' word) എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം 'റെമാ' (rhema) എന്നാണ്.words of eternal life.  വചനം സ്വീകരിക്കുന്നവര്‍ക്ക്, ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക്, അവിടുത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ലഭ്യമാകുന്ന സമ്മാനമാണു നിത്യജീവന്‍.

Login log record inserted successfully!