•  5 Dec 2024
  •  ദീപം 57
  •  നാളം 39
വചനനാളം

പരിശുദ്ധ റൂഹായുടെ ആവാസം

മേയ്  19 ശ്ലീഹാക്കാലം ഒന്നാം ഞായര്‍
ഉത്പ 2:1-8 ജോബ് 33:2-4, 34:14-15
ശ്ലീഹ 2:1-21   യോഹ 20:19-23

രിശുദ്ധ റൂഹായെക്കുറിച്ച് ആഴത്തില്‍  പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ആരാധനക്രമകാലഘട്ടമാണ് ശ്ലീഹാക്കാലം. പന്തക്കുസ്താത്തിരുനാള്‍മുതലുള്ള നാളുകളിലെല്ലാം പരിശുദ്ധ റൂഹായുമായി ബന്ധപ്പെട്ട ചിന്തകളിലാണ് വിശ്വാസികളുടെ ജീവിതയാത്ര. ശ്ലീഹാക്കാലം ഒന്നാം ഞായറിലെ വായനകളെല്ലാം പരിശുദ്ധ റൂഹായെക്കുറിച്ചാണു പ്രതിപാദിക്കുന്നത്. ഒന്നാം വായനയില്‍ (ഉത്പ. 2:1-8) ദൈവമായ കര്‍ത്താവ് ആദത്തില്‍ ജീവശ്വാസം നിശ്വസിച്ചതിനെക്കുറിച്ചും, രണ്ടാംവായനയില്‍ (ജോബ് 33:2-4, 34:14-15) ജോബിനോടുള്ള എലീഹുവിന്റെ സംഭാഷണത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവചൈതന്യം, ജീവശ്വാസം എന്നീ കാര്യങ്ങളെക്കുറിച്ചും; മൂന്നാം വായനയില്‍ (ശ്ലീഹ. 2:1-21) ശ്ലീഹന്മാരുടെമേല്‍ പന്തക്കുസ്താദിനം വന്നുനിറയുന്ന പരിശുദ്ധ റൂഹായെക്കുറിച്ചും, നാലാം വായനയില്‍ (യോഹ. 20:19-23) ഉത്ഥാനാനന്തരം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട് പരിശുദ്ധ റൂഹായെ നല്‍കുന്ന ഈശോമിശിഹായെക്കുറിച്ചും നാം ശ്രവിക്കുന്നു. നാലു വായനകളുടെയും പ്രധാനപ്രമേയം പരിശുദ്ധ റൂഹാ തന്നെയാണ്.
ഉത്പത്തി 2:1-8: പ്രപഞ്ചസൃഷ്ടിയുടെ അവസാനദിനത്തെക്കുറിച്ചുള്ള പരാമര്‍ശവും (2:1-4), മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള അവതരണവുമാണ് (2:5-8) ഒന്നാമത്തെ വായനയില്‍ നാം  ശ്രവിക്കുന്നത്. സൃഷ്ടികര്‍മത്തില്‍ പരിശുദ്ധ റൂഹാ എങ്ങനെയാണു പങ്കുചേരുന്നത് എന്നതിനെക്കുറിച്ചുള്ള പരാമര്‍ശം ഈ വചനഭാഗത്തുണ്ട്.
വ്യത്യസ്ത ദിവസങ്ങളിലായി നടത്തപ്പെട്ട സൃഷ്ടി പൂര്‍ണമായി എന്നാണ് 2:1 ല്‍ ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. 'ആകാശം' എന്ന് അര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ ഷമായിം ((shamayim) 'ഭൂമി' എന്നര്‍ഥം വരുന്ന ഏരെത്‌സ് (erets) എന്നീ പദങ്ങള്‍ സൃഷ്ടപ്രപഞ്ചത്തെ മുഴുവനായി സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. ഇതിനോടു ചേര്‍ത്ത് ഒന്നാം വാക്യത്തിലെ എല്ലാം (all) എന്നര്‍ഥം വരുന്ന കോല്‍ (kol) എന്ന പദവും ദ്യോതിപ്പിക്കുന്നത് 'എല്ലാ സൃഷ്ടിയും ദൈവത്തിന്റേതാണ്' എന്നതാണ്. ദൈവമാണ് സ്രഷ്ടാവ്. ഒന്നും ദൈവത്തെക്കൂടാതെ ഉണ്ടായിട്ടില്ല.‘God completed His work’ എന്നാണ് ഗ്രന്ഥകര്‍ത്താവ് പറയുന്നത് (2:2). ഇതൊരു പൂര്‍ത്തിയാക്കലാണ്.
ദൈവം ഏഴാം ദിവസത്തെ വിശുദ്ധീകരിച്ചു. സൃഷ്ടികര്‍മം പൂര്‍ത്തിയാക്കിയ ദൈവം അവസാനദിനത്തെ അനുഗ്രഹിച്ചു വിശുദ്ധമാക്കിയെന്ന് 2:3 ല്‍ വായിക്കുന്നു. 'അനുഗ്രഹിക്കുക' (bles)ൈ എന്നര്‍ഥം വരുന്ന ഹീബ്രുവിലെ ബറാക് ((barak)) എന്ന പദവും, വിശുദ്ധീകരിക്കുക (sanctify) എന്നര്‍ഥം വരുന്ന ഖാദഷ് (qadash)  എന്ന പദവും ഈ പശ്ചാത്തലത്തില്‍ വിരല്‍ചൂണ്ടുന്നത് സാബത്തുദിനത്തിന്റെ പരിശുദ്ധിയെക്കുറിച്ചാണ്. സാബത്തുദിനം പരിശുദ്ധദിനമാണ്. അത് കര്‍ത്താവിന്റെ ദിനമാണ്.
മനുഷ്യസൃഷ്ടിയെക്കുറിച്ചു വിവരിക്കുമ്പോള്‍ സ്രഷ്ടാവിനെ വിശേഷിപ്പിക്കുന്നത് 'യാഹ്‌വെ എലോഹിം' എന്നാണ്. യാഹ്‌വെ എന്ന പദത്തിന്റെ അര്‍ഥം 'കര്‍ത്താവ്, നാഥന്‍, അധിപന്‍' എന്നാണ്. സൃഷ്ടിയുടെ അധിപന്‍ ദൈവമാണ് എന്നാണു സൂചന. 'ദൈവമായ കര്‍ത്താവ് മനുഷ്യനെ രൂപപ്പെടുത്തി' എന്നാണ് 2:7 ല്‍ വായിക്കുന്നത്. 'ആദാം' എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം മനുഷ്യന്‍ എന്നാണ്. ഇത് ഒരു പൊതുനാമമാണ്. ആദാം എന്നത്  ഒരു വ്യക്തിയുടെ പേര് എന്നതിനെക്കാളും മനുഷ്യകുലത്തെ മുഴുവനായും അര്‍ഥമാക്കുന്നുണ്ട്. മനുഷ്യവര്‍ഗം മുഴുവന്റെയും സ്രഷ്ടാവ് ദൈവമായ കര്‍ത്താവാണ്.
മനുഷ്യനെ സൃഷ്ടിച്ച ദൈവം അവന്റെ നാസാരന്ധ്രങ്ങളിലേക്കു ജീവന്റെ ശ്വാസം നിശ്വസിച്ചു (2:7). മനുഷ്യന്‍ ജീവനുള്ളവനായിത്തീരുന്നത് ഈ ജീവശ്വാസം ഉള്ളില്‍ പ്രവേശിക്കുമ്പോഴാണ്. ആത്മാവു നഷ്ടപ്പെടുന്ന മനുഷ്യന്‍ മണ്ണുമാത്രമാണ്; അവന്‍ മൃതനാണ്; ജീവന്‍ അവനില്ല. The breath of life  എന്നത് പരിശുദ്ധാത്മാവാണ്. ഈ ശ്വാസം ജീവാത്മാണ്. ലത്തീന്‍ ഭാഷയില്‍spiraculum vitae എന്നാണു പറയുന്നത്.spirit of life പരിശുദ്ധ റൂഹായാണ്. ''നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ'' (1 കോറി. 6:19)
ജോബ് 33:2-4, 34:14-15: 
ജോബിന്റെ ജീവിതത്തിലേക്കു കടന്നുവരുന്ന ഒരു പുതിയ കഥാപാത്രമാണ് യുവാവായ എലീഹു. പക്വവും തീക്ഷ്ണമായ ദൈവാനുഭവവുമുള്ള  ഒരു വ്യക്തിയായി എലീഹു തന്റെ പ്രഭാഷണങ്ങള്‍ നടത്തുന്നുണ്ട്. ദൈവത്തെ കണ്ടുമുട്ടാന്‍ ജോബിനെ ഒരുക്കുന്ന വ്യക്തിയാണ് എലീഹു. തന്റെ സുഹൃത്തുക്കളുടെ ആത്മാര്‍ഥതയിലുള്ള വിശ്വാസം നഷ്ടപ്പെട്ട ജോബിന് ആത്മാര്‍ഥതയുള്ള ഒരു വ്യക്തിയായി എലീഹു പ്രത്യക്ഷപ്പെടുകയാണിവിടെ.
ജോബിനോടു സംസാരിക്കുമ്പോള്‍ എലീഹു തന്നെക്കുറിച്ചു പറയുന്നത് താന്‍ നിഷ്‌കളങ്കനെന്നാണ്; ഒപ്പം, സത്യസന്ധനും (33:3). 'യൊഷെര്‍' (yosher) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം uprightness എന്നാണ്. എലീഹു നീതിയുള്ളവനും, കളങ്കമില്ലാത്തവനും സത്യസന്ധനുമാണെന്നാണ് ഇതിന്റെ അര്‍ഥം. തന്റെ സംസാരം എപ്പോഴും ശുദ്ധമാണെന്നാണ് എലീഹു പറയുന്നത്. 'ബറാര്‍' (barar) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം 'ശുദ്ധം' (pure) എന്നാണ്. എലീഹു വാക്കുകളില്‍ വിശുദ്ധി പാലിക്കുന്നവനാണ്.
തന്റെ സൃഷ്ടിക്കപ്പെട്ട അവസ്ഥയെക്കുറിച്ച് എലീഹു പറയുന്നത് ഇപ്രകാരമാണ്: The spirit of God has made me (33:4). ''റൂവാഹ് ഏല്‍'' എന്നത് പരിശുദ്ധ റൂഹായെയാണു സൂചിപ്പിക്കുന്നത്. ജീവന്‍ നിലനിര്‍ത്തുന്നത് റൂഹായാണ്. സര്‍വശക്തനായ ദൈവത്തിന്റെ ശ്വാസമാണ് തന്നില്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന എലീഹുവിന്റെ വചനങ്ങള്‍ പരിശുദ്ധ റൂഹായുടെ ജീവിതദൗത്യത്തെയാണു കുറിക്കുന്നത്. റൂഹായുടെ അഭാവം ഒരുവനില്‍ ജീവന്‍ ഇല്ലാതാക്കുന്നു. ദൈവത്തിന്റെ ചൈതന്യം പിന്‍വലിക്കപ്പെട്ടാല്‍, അവിടുത്തെ ശ്വാസം തിരിച്ചെടുക്കപ്പെട്ടാല്‍ എല്ലാ ശരീരവും നശിക്കും, മനുഷ്യന്‍ പൊടിയിലേക്കു മടങ്ങും (34:14-15).
ശ്ലീഹ 2:1-21: ഈശോമിശിഹായുടെ ഉത്ഥാനത്തിന്റെ അമ്പതു ദിവസങ്ങള്‍ക്കുശേഷം പന്തക്കുസ്താദിവസം ജറുസലെമില്‍ ഒരുമിച്ചു കൂടിയിരിക്കുന്നവരുടെമേല്‍ പരിശുദ്ധ റൂഹാ നിറയുന്നതാണു പശ്ചാത്തലം.
ഗ്രീക്കുഭാഷയില്‍ 'പന്തക്കുസ്താ' എന്നതിന് 'അമ്പത്' എന്നാണര്‍ഥം. പെസഹാ കഴിഞ്ഞ് ഏഴ് ആഴ്ചകള്‍ കഴിയുമ്പോള്‍ യഹൂദര്‍ അനുഷ്ഠിച്ചിരുന്ന തിരുനാളാണ് 'ആഴ്ചവട്ടങ്ങളുടെ തിരുനാള്‍' (Feast of Weeks).. ഈ തിരുനാള്‍ അവസാനിക്കുന്നത് അമ്പതാം ദിവസമായതിനാല്‍ ഇതിനെ പന്തക്കുസ്താത്തിരുനാള്‍ എന്നു വിളിച്ചുപോരുന്നു. പുതിയ നിയമത്തില്‍ ഈശോമിശിഹായില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് പന്തക്കുസ്താ  എന്നത് പരിശുദ്ധ റൂഹായുടെ ആവാസത്തിന്റെ ദിനമാണ്. മിശിഹാ വാഗ്ദാനം ചെയ്ത റൂഹാ വിശ്വാസിസമൂഹത്തിന്റെമേല്‍ നിറഞ്ഞതിന്റെയും അവരെ അഭിഷേകം ചെയ്തതിന്റെയും ഓര്‍മയുടെ തിരുനാളാണിത്.
പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു (2:1). സഭ ഒരു കൂട്ടായ്മയാണ്. എല്ലാവരും ഒന്നിച്ചുകൂടേണ്ട, ഒരു മനസ്സോടെ വ്യാപരിക്കേണ്ട, ഒരുമയോടെ ചിന്തിക്കേണ്ട, ഒരുമിച്ചു പ്രാര്‍ഥിക്കേണ്ട സമൂഹം. ആദിമസഭയുടെ ചൈതന്യം കൂട്ടായ്മയുടേതും ഐക്യത്തിന്റേതുമായിരുന്നു. ഗ്രീക്കുഭാഷയിലെ 'ഹോമോതിമാദോന്‍ (homothimadon)എന്ന ക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന്റെ അര്‍ഥം ‘with one mind and one purpose’ എന്നാണ്. ഇതാണു സഭയുടെ ശൈലി.
ഒരുമിച്ചിരിക്കുന്നവരുടെമേല്‍ വരുന്ന അടയാളങ്ങള്‍ കൊടുങ്കാറ്റിന്റെ സ്വരവും, അഗ്നിജ്വാലകള്‍പോലുള്ള നാവുമാണ് (2:2-3). കാറ്റും അഗ്നിയും ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളാണ് (സങ്കീ. 104:4; പുറ. 3:2). അഗ്നി പരിശുദ്ധറൂഹായുടെ സാന്നിധ്യത്തിന്റെ പ്രതീകമാണ്. ഈ പരിശുദ്ധ റൂഹാ അവരെല്ലാവരെയും സ്പര്‍ശിച്ചു. റൂഹായുടെ ആഗമനം അവര്‍ക്ക് അനുഭവവേദ്യമായി. റൂഹായുടെ ആവാസം ഒരാളുടെ ജീവനെയും ജീവിതത്തെയും തൊടുന്നതാണ്. അത് ഒരു അഭിഷേകമാണ്, ആവാസമാണ്.
യോഹന്നാന്‍ 20:19-23: ഉത്ഥിതനായ ഈശോ ആദ്യം മഗ്ദലനമറിയത്തിനാണു പ്രത്യക്ഷനാകുന്നത്. തുടര്‍ന്ന്, യഹൂദരെ ഭയന്നു കതകടച്ചിരുന്ന ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായി. അവരോട് ഈശോ സംസാരിക്കുന്നതും അവര്‍ക്കു പരിശുദ്ധ റൂഹായെ നല്‍കുന്നതുമാണു വചനഭാഗത്തിന്റെ പശ്ചാത്തലം.
ഉത്ഥിതനായ മിശിഹാ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനാകുമ്പോള്‍ ആശംസിക്കുന്നത് 'ഷലോം' (Shalom) ആണ്. ഉത്ഥിതനായ മിശിഹാ മനുഷ്യകുലത്തിനു പ്രദാനം ചെയ്യുന്നതു സമാധാനമാണ്. അസ്വസ്ഥരായിരിക്കുന്ന ശിഷ്യഗണത്തിന് ഈശോ ആശ്വാസമാകുകയാണ്. അസമാധാനം നിറഞ്ഞുനില്‍ക്കുന്ന അവരുടെ മനസ്സുകളിലേക്കു സമാധാനത്തിന്റെ നീര്‍ച്ചാല്‍ ഒഴുക്കുകയാണ്. ഈശോ കൂടെയുള്ളപ്പോഴാണു സമാധാനം ലഭിക്കുന്നത്. അവിടുത്തെ നാം കൈവിടുമ്പോള്‍ അങ്കലാപ്പുകളാകും നമ്മുടെ കൂടെയുണ്ടാവുക. കര്‍ത്താവിനെ കണ്ടപ്പോഴാണ് ശിഷ്യന്മാര്‍ക്കു സന്തോഷമുണ്ടായത്. 'എക്കരെസാന്‍' (echaresan) എന്ന ഗ്രീക്കുക്രിയാപദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. 'ആനന്ദിക്കുക, ആഹ്ലാദിക്കുക' എന്നാണ് ഈ വാക്കിന്റെ അര്‍ഥം. മിശിഹാ കൂടെയുള്ളപ്പോഴാണ് നമുക്ക് ആനന്ദമുണ്ടാകുന്നത്.
ഉത്ഥിതനായ മിശിഹാ ശിഷ്യന്മാര്‍ക്കു ദൗത്യം നല്‍കിയതിനുശേഷം അവര്‍ക്കു പരിശുദ്ധ റൂഹായെയും പ്രദാനം ചെയ്തു. മിശിഹാ അവരുടെമേല്‍ 'നിശ്വസിച്ചു' എന്നാണു പറഞ്ഞിരിക്കുന്നത്. ഇത്spirit of God ആണ്; ജീവാത്മാവാണ്. 'പ്‌നെവുമാ ഹാഗിയോന്‍' (pneuma hagion) എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം Holy Spirit എന്നാണ്. ഈ ആത്മാവ് ദൈവത്തിന്റെ ആത്മാവാണ്; ദൈവമാണ്. ദൈവികചൈതന്യമാണിത്. ഇതാണ് മനുഷ്യകുലത്തിന് ജീവനും ഓജസ്സും നല്‍കുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)