•  5 Dec 2024
  •  ദീപം 57
  •  നാളം 39
വചനനാളം

പന്ത്രണ്ടു പുത്രന്മാരും പന്ത്രണ്ടു ശ്ലീഹന്മാരും

ജൂലൈ 7  കൈത്താക്കാലം  ഒന്നാം ഞായര്‍
ഉത്പ 35:23-29  ജോഷ്വാ 4:1-9
വെളി 21:9-21    മത്താ 10:1-15

സഭയുടെ വളര്‍ച്ചയെയും ആത്മീയവിളവെടുപ്പിനെയും അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ആരാധനക്രമകാലമാണ് കൈത്താക്കാലം. കൈത്ത എന്ന പദത്തിന്റെ അര്‍ഥം വേനല്‍  എന്നാണ്. വിളവുകള്‍ ശേഖരിക്കുന്നത് വേനല്‍ക്കാലത്താണ്. ഈശോമിശിഹായോടു ചേര്‍ന്നുനില്‍ക്കുമ്പോള്‍ വളരുന്ന, ഫലം പുറപ്പെടുവിക്കുന്ന സഭയെക്കുറിച്ചുള്ള ദര്‍ശനങ്ങളാണ് ഈ കാലഘട്ടത്തില്‍ കൂടുതലായി ധ്യാനവിഷയമാകുന്നത്. കൈത്താക്കാലം ആദ്യഞായര്‍ പന്ത്രണ്ടു ശ്ലീഹന്മാരെ  ഓര്‍മിക്കുന്ന തിരുനാള്‍ദിനമാണ്. ഈ ദിവസത്തെ വായനകളെല്ലാം ''പന്ത്രണ്ട്'' എന്ന സംഖ്യയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവയുമാണ്.
ഒന്നാംവായനയില്‍ (ഉത്പ. 35:23-29) യാക്കോബിന്റെ പന്ത്രണ്ടു പുത്രന്മാരെക്കുറിച്ചും; രണ്ടാംവായനയില്‍ (ജോഷ്വാ. 4:1-9), ജോര്‍ദാന്‍നദിയില്‍നിന്നെടുത്ത പന്ത്രണ്ടു സ്മാരകശിലകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും; മൂന്നാംവായനയില്‍ (വെളി. 21:9-21) കുഞ്ഞാടിന്റെ പന്ത്രണ്ടു ശ്ലീഹന്മാരെക്കുറിച്ചും; നാലാം വായനയില്‍ (മത്താ. 10:1-15) ഈശോമിശിഹാ തിരഞ്ഞെടുത്തയച്ച പന്ത്രണ്ടു ശ്ലീഹന്മാരെക്കുറിച്ചും നാം ധ്യാനിക്കുന്നു.
ഉത്പത്തി 35:23-29: യാക്കോബ്, റബേക്കയുടെയും ഇസഹാക്കിന്റെയും രണ്ടാമത്തെ പുത്രനാണ് (ഉത്പ. 25:21-26). ചേട്ടനായ ഏസാവില്‍നിന്നു കടിഞ്ഞൂലവകാശം വിലയ്ക്കു വാങ്ങിയവനാണ് യാക്കോബ്. വൃദ്ധനും അന്ധനുമായിത്തീര്‍ന്ന ഇസഹാക്കില്‍നിന്നു കടിഞ്ഞൂല്‍പുത്രനുള്ള  അനുഗ്രഹം സ്വന്തമാക്കിയവനാണ് യാക്കോബ് (ഉത്പ. 27:1-29). പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ഹാരാനിലേക്കു യാത്രയായപ്പോള്‍ മാര്‍ഗമധ്യേ ദൈവദര്‍ശനം ലഭിച്ചവനാണ് യാക്കോബ് (ഉത്പ. 28:10-22). ദൈവദൂതനോടു മല്‍പ്പിടിത്തം നടത്തുകയും; തുടര്‍ന്ന് 'ഇസ്രയേല്‍' എന്ന നാമം തന്റെ പേരിനു പകരമായി സ്വീകരിക്കുകയും ചെയ്തവനാണ് യാക്കോബ്. ഇന്നത്തെ വചനവായനയില്‍ ഈ യാക്കോബിന്റെ ഫലങ്ങളായ പന്ത്രണ്ടു പുത്രന്മാരെക്കുറിച്ചാണു പ്രതിപാദിക്കുന്നത്. യാക്കോബിന് പന്ത്രണ്ടു പുത്രന്മാരുണ്ടായിരുന്നു. ലെയായുടെ പുത്രന്മാര്‍ ആറു പേരാണ്. യാക്കോബിന്റെ കടിഞ്ഞൂല്‍പുത്രന്‍ റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസാക്കര്‍, സെബുലൂണ്‍. ലെയാ ലാബാന്റെ മൂത്തമകളാണ്. ലെയായുടെ സഹോദരിയാണ് റാഹേല്‍.
യാക്കോബിനു റാഹേലില്‍ ജനിച്ച മക്കള്‍ രണ്ടാണ്: ജോസഫ്, ബെഞ്ചമിന്‍. ഈ റാഹേലിനെ വിവാഹം ചെയ്യുന്നതിനുവേണ്ടിയായിരുന്നു യാക്കോബ് ലാബാന്റെ കീഴില്‍ ആദ്യം ഏഴുവര്‍ഷം ജോലി ചെയ്തത് (ഉത്പ. 29:18-19). പിന്നീട് ഏഴുവര്‍ഷംകൂടി ലാബാനുവേണ്ടി ജോലി ചെയ്യേണ്ടിവന്നു, യാക്കോബിനു റാഹേലിനെ സ്വന്തമാക്കാന്‍ (ഉത്പ. 29:27).
റാഹേലിനെ യാക്കോബിനു ഭാര്യയായി നല്‍കിയപ്പോള്‍ ലാബാന്‍ തന്റെ അടിമയായ ബില്‍ഫായെ റാഹേലിനു പരിചാരികയായി നല്‍കി. യാക്കോബിന് ഈ പരിചാരികയായ ബില്‍ഹായില്‍ രണ്ടു മക്കള്‍ ജനിച്ചു: ദാന്‍, നഫ്ത്താലി (ഉത്പ. 30:1-8).
ലെയായെ യാക്കോബിനു ഭാര്യയായി നല്‍കിയപ്പോള്‍ ലാബാന്‍ തന്റെ മറ്റൊരു അടിമയായ സില്‍ഹായെ ലെയായ്ക്കു പരിചാരികയായി നല്‍കി. പരിചാരികയായ സില്‍ഫായില്‍ യാക്കോബിന് രണ്ടു പുത്രന്മാരാണ് ജനിച്ചത്: ഗാദ്, ആഷേര്‍ (ഉത്പ. 30:9-13).
യാക്കോബിന്റെ ഈ പന്ത്രണ്ടു പുത്രന്മാരുടെ പേരുകള്‍ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെയാണു സൂചിപ്പിക്കുന്നത്. രക്ഷാകരചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള സംഖ്യയാണിത്. ഇതു ദൈവജനത്തിന്റെ പൂര്‍ണതയെക്കുറിക്കുന്ന സംഖ്യയാണ്. ഗ്രീക്കുഭാഷയില്‍ 'ദൊദേക്കാ' ((dodeka)  എന്നും ഹീബ്രുഭാഷയില്‍ 'അസെര്‍ ഷെനെം' (മമെൃ വെലിലാ) എന്നുമുള്ള പ്രയോഗം പ്രസക്തമാണ്. യാക്കോബിന്റെ പന്ത്രണ്ടു പുത്രന്മാര്‍ ഇസ്രയേലിന്റെ ഫലസമൃദ്ധിയുടെ പ്രതീകമാണ്.
ജോഷ്വാ: 4:1-9: ഇസ്രയേല്‍ജനത്തെ ഈജിപ്തിന്റെ അടിമത്തത്തില്‍നിന്നു വിമോചിപ്പിച്ച് വാഗ്ദത്തദേശത്തിന്റെ പടിവാതില്‍ക്കല്‍വരെ എത്തിച്ചത് മോശയാണ്. തുടര്‍ന്ന്, കാനാന്‍ദേശത്തേക്ക് ജനത്തെ നയിച്ചത് മോശ തന്നെ അഭിഷേകം ചെയ്തു നിയോഗിച്ച ജോഷ്വായാണ്. ജോഷ്വായുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ജനത അവരുടെ ഭൂമി സ്വന്തമാക്കി. ഈ യാത്രയ്ക്കിടയില്‍ ദൈവമായ കര്‍ത്താവു ചെയ്ത അദ്ഭുതകരമായ പ്രവൃത്തികളെ അനുസ്മരിപ്പിക്കുന്നതിനായി പന്ത്രണ്ടു സ്മാരകശിലകള്‍ സ്ഥാപിക്കുന്നതാണ് വചനത്തിന്റെ പശ്ചാത്തലം.
ജനം ജോര്‍ദാന്‍നദി കടന്നപ്പോഴാണ് ദൈവം ജോഷ്വായ്ക്ക് ഈ കല്പന നല്‍കുന്നത്. ഓരോ ഗോത്രത്തില്‍നിന്നും ഓരോരുത്തരെ വീതം ആകെ പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുക എന്നും, അവര്‍ ജോര്‍ദാന്റെ നടുവില്‍ പുരോഹിതന്മാര്‍ നിന്നിരുന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലുകള്‍ കൊണ്ടുവന്ന് അവര്‍ താവളമടിക്കുന്ന സ്ഥലത്തു സ്ഥാപിക്കണമെന്നും കര്‍ത്താവു കല്പിച്ചു. ഈ സ്മാരകശില സ്ഥാപിക്കുന്നത് ഗില്‍ഗാലില്‍ (Gilgal) ആണ് (ജോഷ്വാ. 4:19).
നദിയിലെ പന്ത്രണ്ടു കല്ലുകള്‍ സ്ഥാപിക്കുന്നത് അവര്‍ നദി കടന്നതിനെക്കുറിച്ച് ഓര്‍മിപ്പിക്കാനും ദൈവമായ കര്‍ത്താവിന്റെ കരം പ്രതിസന്ധികളില്‍ അവരുടെകൂടെ ഉണ്ടായിരുന്നുവെന്ന് അനുസ്മരിപ്പിക്കാനുമാണ്. ഇസ്രയേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളും  ദൈവപരിപാലനയില്‍ നദി കടന്നു എന്നതിനെ ഓര്‍മിപ്പിക്കാനാണ് ഓരോ ഗോത്രവും ഓരോ കല്ല് എടുക്കുന്നത്. ദൈവികമായ രക്ഷ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. ഒരു ഗോത്രത്തെയും ഇവിടെ വിട്ടുകളയുന്നില്ല.
ദൈവകല്പനകള്‍ അനുസരിക്കുന്നവനാണ് ജോഷ്വാ. കര്‍ത്താവിന്റെ വാക്കുകള്‍ കേട്ട് ജോഷ്വ ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു വിളിച്ചു; ദൈവം കല്പിച്ചത് അറിയിച്ചു. അനുസരണക്കേടിന്റെ മക്കളുടെമുമ്പില്‍ മോശ 'അനുസരണത്തിന്റെ മാതൃക' ആയിത്തീരുകയാണ്. അദ്ദേഹത്തിന് വിമതസ്വരമോ മറുതലിക്കലോ മുറുമുറുപ്പോ ഇല്ല; വിധേയത്വമാണുള്ളത്. മോശയുടെ വാക്കുകളോടു ജനം പ്രതികരിക്കുന്നതും ഭാവാത്മകമായിട്ടാണ്. അവിടെ നിഷേധത്തിന്റെയും അനുസരണക്കേടിന്റെയും സ്വരമില്ല.
ഈ കല്ലുകള്‍ ഒരു സ്മാരകമാണ്. ഗ്രീക്കുഭാഷയില്‍ 'സെമിയോന്‍' (semeion)  എന്നും ഹീബ്രുഭാഷയില്‍ 'ഓത്ത്' (oth) എന്നും ഉള്ള പദം സൂചിപ്പിക്കുന്നത് ദൃശ്യമായ ഒരു അടയാളത്തെയാണ്. അദൃശ്യമായ ദൈവത്തിന്റെ ഇടപെടല്‍ ദൃശ്യമായ അടയാളങ്ങളിലൂടെ അനുസ്മരിക്കുകയാണിവിടെ. ഈ കല്ലുകള്‍ ഒരു ഓര്‍മപ്പെടുത്തലാണ്.
വെളിപാട് 21:9-21: മൂന്നാംവായനയില്‍ പ്രതിപാദിക്കുന്ന സ്വര്‍ഗീയജറുസലേം ഒരു പ്രതീകമാണ്. തിന്മയ്‌ക്കെതിരെയുള്ള യുദ്ധമെല്ലാം അവസാനിച്ച് സഭയാകുന്ന തീര്‍ഥാടകസമൂഹം എത്തിച്ചേരുന്ന ലക്ഷ്യമാണിത്. കുഞ്ഞാടിന്റെ മണവാട്ടിയായ മഹത്ത്വീകൃതസഭയുടെ ചിത്രമാണിത്. ഏശയ്യാപ്രവാചകന്റെയും (65:17-25) എസെക്കിയേല്‍പ്രവാചകന്റെയും (40-42) പുതിയ ജറുസലേമിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പൂര്‍ത്തീകരണമാണിത്. മാനുഷികമായ ഭാഷയില്‍ വര്‍ണിക്കാനാവാത്ത സ്വര്‍ഗീയയാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള ശ്ലീഹായുടെ വിവരണമാണ് ഈ വചനഭാഗത്ത് നാം ശ്രവിക്കുന്നത്.
കുഞ്ഞാടിന്റെ മണവാട്ടിയെക്കുറിച്ചാണ് ആദ്യം ഇവിടെ പരാമര്‍ശിക്കുന്നത് (21:9). 'അര്‍നിയോന്‍' എന്ന ഗ്രീക്കുപദത്തിന്റെയര്‍ഥം കുഞ്ഞാട് എന്നാണ്. ഈശോയെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണിത്. ഈശോയുടെ മണവാട്ടി എന്നത് പ്രതീകാത്മകമാണ്. മഹത്ത്വീകൃതസഭയുടെ സൂചനയാണിത്.
ആത്മീയാനുഭൂതിയില്‍ വിശുദ്ധ യോഹന്നാന്‍ശ്ലീഹായ്ക്കുണ്ടാകുന്ന ദര്‍ശനമാണിവിടെ വിവരിക്കുന്നത്. 'അവന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാവില്‍ എന്നെ കൂട്ടിക്കൊണ്ടുപോയി' (21:10). 'ഏന്‍ പ്‌നെവുമാതി'(en pneumati) എന്ന പ്രയോഗത്തിന്റെ അര്‍ഥം IN SPIRIT  എന്നാണ്. ദൈവാത്മാവിന്റെ ഇടപെടലിന്റെ സൂചനയാണിത്. ഇത് ഒരു മിസ്റ്റിക്കല്‍ അനുഭവംതന്നെയാണ്.
ഈ ദിവ്യാനുഭൂതിയില്‍ യോഹന്നാന്‍ കാണുന്നത് പ്രശോഭിച്ചുനില്‍ക്കുന്ന സ്വര്‍ഗീയജറുസലേമാണ്. അതിനെക്കുറിച്ചുള്ള വര്‍ണന ഏറെ ശ്രദ്ധേയമാണ്. ലക്ഷ്യത്തിലെത്തിച്ചേര്‍ന്ന സഭയില്‍ ഉള്ളത് ദൈവത്തിന്റെ തേജസ്സാണ്. അതിന്റെ തിളക്കം അമൂല്യരത്‌നത്തിന്റേതാണ്. ഈ സ്വര്‍ഗീയജറുസലേമിനു പന്ത്രണ്ടു കവാടങ്ങളുണ്ട്; അവിടെ പന്ത്രണ്ടു ദൂതന്മാരുണ്ട്. ആ കവാടങ്ങളിലെല്ലാം പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകളായിരുന്നു കുറിച്ചുവച്ചിരുന്നത്. പന്ത്രണ്ട് പൂര്‍ണതയുടെ സംഖ്യയാണ്. മഹത്ത്വീകൃതസഭയുടെ പൂര്‍ണതയെയാണിതു സൂചിപ്പിക്കുന്നത്.
മത്തായി 10:1-15: ഇസ്രയേലിലെ പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെ സ്ഥാനത്ത് പുതിയ ദൈവജനത്തിനുവേണ്ടി ഈശോ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ നിയോഗിച്ചയയ്ക്കുന്നതാണ് വചനഭാഗം. അവര്‍ക്ക് വളരെ പ്രത്യേകമായ ദൗത്യവും ഈശോ നല്‍കുന്നുണ്ട്: അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കുക, രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുക, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നുവെന്നു പ്രഘോഷിക്കുക.
ഈശോ തിരഞ്ഞെടുത്തയയ്ക്കുന്ന ശിഷ്യന്മാര്‍ക്ക് അപ്പസ്‌തോലന്മാര്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഗ്രീക്കുഭാഷയിലെ 'അപ്പോസ്‌തോലോസ്' എന്ന പദത്തിന്റെ അര്‍ഥം "the sent one’ -  അയയ്ക്കപ്പെട്ടവന്‍ എന്നാണ്. ഈശോമിശിഹായുടെ ശുശ്രൂഷകള്‍ തുടരാന്‍വേണ്ടി  നിയോഗം ലഭിച്ച് അയയ്ക്കപ്പെട്ടവരാണിവര്‍. ഈശോ ഇതുവരെ ചെയ്ത കാര്യങ്ങളാണ് ഇനിമുതല്‍ ഇവര്‍ പിന്തുടരേണ്ടത്.
ചില നിര്‍ദേശങ്ങളോടെയാണ് ശിഷ്യന്മാര്‍ അയയ്ക്കപ്പെടുന്നത്: എവിടെ പോകരുത് (10:5); എവിടെ പോകണം (10:6); എന്തു ചെയ്യണം (10:7-8); മുന്‍കരുതലുകള്‍ എന്തൊക്കെ പാടില്ല (10:9-10); എവിടെ താമസിക്കണം (10:11); സ്വീകരിക്കുന്നവരോട് എങ്ങനെ പെരുമാറണം (10:12-13); തിരസ്‌കരിക്കുന്നവരോട് എങ്ങനെ പ്രതികരിക്കണം (10:14-15). തോന്നുംപടിയുള്ള ജീവിതമല്ല; ജീവിതശൈലിയല്ല ശിഷ്യന്മാരുടേത്. അത് ഒരു അച്ചടക്കത്തോടുകൂടിയ മാര്‍ഗമാണ്.
ദൈവത്തില്‍ ആശ്രയിച്ച് ശുശ്രൂഷ ചെയ്യാനാണ് ഈശോ ശിഷ്യന്മാരോട് ആഹ്വാനം ചെയ്യുന്നത്. പ്രേഷിതദൗത്യവുമായി ഇറങ്ങിത്തിരിക്കുന്ന ക്രിസ്തുശിഷ്യന്‍, ജീവിതം ഭദ്രമാക്കുന്നവ -സ്വര്‍ണം, വെള്ളി, ചെമ്പ്, സഞ്ചി, രണ്ടാമത്തെ ഉടുപ്പ്, ചെരുപ്പ്, വടി-എടുക്കാന്‍ പാടുള്ളതല്ല. തന്റെ ഭൗതികജീവിതസുരക്ഷയൊരുക്കി ജീവിക്കുന്നതിനപ്പുറം 'ദൈവാശ്രയം' ഉള്ളവരായിരിക്കണമെന്നതാണ് ഇതിന്റെ ധ്വനി. കൂടാതെ, ശിഷ്യന്മാര്‍ എല്ലായിടത്തും സമാധാനം നല്‍കുന്നവരായിരിക്കണം. 'ഷലോം' എന്ന ഹീബ്രുപദത്തിന്റെ തത്തുല്യമായ ഗ്രീക്കുപദം 'എയ്‌റെനെ (eirene) ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 'ശാന്തി, സമാധാനം, ക്ഷേമം' ഇവയാണ് ശിഷ്യന്മാര്‍ എല്ലായിടത്തും നല്‍കേണ്ടത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)