ഏപ്രില്‍ 28 ഉയിര്‍പ്പുകാലം അഞ്ചാം ഞായര്‍
പുറ 4:27-31 തോബി 5:1-10, 16-21
ശ്ലീഹ 12:24-13:3 ലൂക്കാ 10:1-12
ദൈവികശുശ്രൂഷകള്‍ക്കായി ഇറങ്ങിത്തിരിക്കുമ്പോള്‍ പലരും സഹായകരും സഹയാത്രികരുമായിത്തീരുന്നുണ്ട്. കര്‍ത്താവിനുവേണ്ടി ശുശ്രൂഷ ചെയ്യുന്നവര്‍ സഹപ്രവര്‍ത്തകരും സഹയോദ്ധാക്കളുമായി പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ചാം ആഴ്ചയിലെ വചനവായനകളെല്ലാം സഹയാത്രയെ ക്കുറിച്ചും സഹപ്രവര്‍ത്തനത്തെക്കുറിച്ചുമുള്ളതാണ്. ഒന്നാം വായനയില്‍ (പുറ. 4:24-31) മോശയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിയായെത്തുന്ന അഹറോനെക്കുറിച്ചും; രണ്ടാം വായനയില്‍ (തോബി. 5:1-10, 16-21) തോബിയാസിന്റെ സഹയാത്രികനായ റഫായേല്‍ ദൈവദൂതനെക്കുറിച്ചും, മൂന്നാം വായനയില്‍ (ശ്ലീഹ. 12:24, 13:3) പൗലോസിന്റെ മിഷന്‍യാത്രയില്‍ സഹയാത്രികരാകുന്ന ബര്‍ണബാസിനെയും മര്‍ക്കോസിനെയും കുറിച്ചും; നാലാം വായനയില്‍ (ലൂക്കാ. 10:1-12) ഈശോയ്ക്കുവേണ്ടി ശുശ്രൂഷചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്ന എഴുപത്തിരണ്ടുപേരെക്കുറിച്ചും നാം ധ്യാനിക്കുന്നു. ഈ വായനകളുടെയെല്ലാം പ്രധാനപ്രമേയം 'സഹയാത്രയും സഹപ്രവര്‍ത്തനവു'മാണ്.
പുറപ്പാട് 4:27-31: ഈജിപ്തിലേക്കുള്ള മോശയുടെ യാത്രയില്‍ അവനുവേണ്ടി നിലകൊള്ളുന്ന സഹയാത്രികനാണ് അഹറോന്‍. മോശ തന്റെ അമ്മായിയപ്പനായ ജത്രോയുടെ അനുവാദം വാങ്ങി തന്റെ സഹോദരങ്ങളെത്തേടി ഈജിപ്തിലേക്കു യാത്രയാകുന്നതാണു പശ്ചാത്തലം. ഈ യാത്രയില്‍ കര്‍ത്താവിന്റെ വാക്കുകള്‍ക്കു ചെവികൊടുത്തുകൊണ്ട് അഹറോന്‍ മോശയുടെകൂടെ എത്തുന്നു. സഹയാത്രികനാകാനുള്ള ഒരു ആജ്ഞ കര്‍ത്താവുതന്നെ അഹറോനു നല്‍കുന്നുണ്ട്. "Go to meet Moses' എന്നാണ് അഹറോനോടു ദൈവം പറഞ്ഞത്. മോശയെ അഹറോന്‍ കണ്ടുമുട്ടേണ്ട സ്ഥലം 'മരുഭൂമി'യാണ്. ഹീബ്രുഭാഷയില്‍ മിദ്ബാര്‍ (Midbar) എന്ന പദത്തിന്റെ അര്‍ഥം Wilderness എന്നാണ്. വിശുദ്ധഗ്രന്ഥഭാഷയില്‍ ഇത് ദൈവം വസിക്കുന്ന ഇടമാണ്. ഈ മരുഭൂമിയാണ് 27-ാം വാക്യത്തില്‍ സൂചിപ്പിക്കുന്ന ദൈവത്തിന്റെ മല (The mountain of God). കര്‍ത്താവിനുവേണ്ടി ശുശ്രൂഷചെയ്യുന്നവര്‍ വസിക്കേണ്ട ഇടം 'ദൈവം വസിക്കുന്ന ഇടം'തന്നെയാണ്. ദൈവത്തിന്റെ വാക്കുകേട്ട് മോശയുടെ അടുത്തെത്തിയ അഹറോന്‍ മോശയെ ആശ്ലേഷിച്ചു (4:27). ചുംബിക്കുക, ആലിംഗനം ചെയ്യുക ((Embrace, kiss) എന്നര്‍ഥംവരുന്ന ഹീബ്രുഭാഷയിലെ നഷഖ് (nashaq) എന്ന പദം ആദരവിനെയും സ്‌നേഹത്തെയും കുറിക്കുന്നതാണ്. ഇത് പരസ്പരമുള്ള ബഹുമാനത്തിന്റെയും കരുതലിന്റെയും അടയാളമാണ്.
അഹറോന്റെ ദൗത്യം മോശയോടു ദൈവം കല്പിച്ച കാര്യങ്ങള്‍ ജനത്തോടു പങ്കുവയ്ക്കുക എന്നതാണ്. തന്റെ സഹയാത്രികനും സഹായിയുമാകാനുള്ള അഹറോനോട് മോശ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്നുണ്ട് (4:25). ശുശ്രൂഷകര്‍ തമ്മിലുള്ള പാരസ്പര്യവും പരസ്പരസഹവര്‍ത്തിത്വവും ഇവിടെ നാം കണ്ടുമുട്ടുന്നു. എല്ലാം (all) ഹീബ്രുവിലെ കോല്‍ (kol) എന്ന പ്രയോഗം ഇവിടെ ശ്രദ്ധേയമാണ്. ദൈവം പറഞ്ഞവ ഒന്നും വിട്ടുകളയാതെ, എല്ലാ കാര്യങ്ങളും (everything) മോശ അഹറോനോടു പറഞ്ഞു. ഒരു open sharing ആണിത്. ദൈവശുശ്രൂഷകര്‍ തമ്മിലുണ്ടാകേണ്ട ഒരു 'തുറവ്' ആണിത്. മോശ പറഞ്ഞ 'സകലകാര്യങ്ങളും' സഹായകനായ അഹറോന്‍ ജനത്തോടു വിവരിച്ചുകൊടുത്തു.
തോബിത്ത് 5:1-10, 16-21: തോബിത്തിന്റെ മകനായ തോബിയാസിന്റെകൂടെ ദൈവദൂതനായ റഫായേല്‍ മേദിയായിലെ റാഗെസിലേക്ക് അനുയാത്ര ചെയ്യുന്നതാണ് വചനത്തിന്റെ പശ്ചാത്തലം. തോബിത് മേദിയായിലുള്ള ഗബായേലിന്റെ പക്കല്‍ സൂക്ഷിക്കാനേല്പിച്ചിരുന്ന പണം തിരികെവാങ്ങാന്‍ മകനായ തോബിയാസിനെ പറഞ്ഞയയ്ക്കുയാണ്. തോബിയാസിന് റാഗെസ് എന്ന സ്ഥലവും അറിയില്ല. ഗബായേലെന്ന വ്യക്തിയെയും പരിചയമില്ല, ഈ വിവരം തോബിയാസ് തന്റെ അപ്പനായ തോബിത്തിനോടു പറഞ്ഞപ്പോള്‍ അപ്പന്‍ പറഞ്ഞു: ''നിന്നോടുകൂടെ പോരാന്‍ ഒരുവനെ കണ്ടുപിടിക്കുക'' (5:3). തോബിയാസ് കണ്ടുപിടിച്ച വ്യക്തി ദൈവദൂതനായ റഫായേലാണ്. പക്ഷേ, അതു ദൈവദൂതനാണെന്ന കാര്യം തോബിയാസിന് അറിയാമായിരുന്നില്ല. കൂടെ യാത്രചെയ്യാന്‍ ആരെ കണ്ടെത്തണമെന്ന ചോദ്യത്തിന്റെ ഉത്തരം ഇവിടെയുണ്ട്. ദൈവത്തെ, ദൈവത്തിന്റെ ദൂതനെ. കാരണം, കര്‍ത്താവ് കൂടെയുണ്ടെങ്കില്‍ ആരും നമുക്ക് എതിരുനില്‍ക്കില്ല (റോമ. 8:31).
റഫായേല്‍ എന്ന വാക്കിന്റെ അര്‍ഥം 'ദൈവം സുഖപ്പെടുത്തുന്നു' എന്നാണ്. തന്റെ മകനെ അനുയാത്ര ചെയ്യുന്ന വ്യക്തിയുടെ പേരെന്താണ് എന്ന തോബിത്തിന്റെ ചോദ്യത്തിനു ദൈവദൂതന്‍ കൃത്യമായ മറുപടി കൊടുക്കുന്നില്ല. ദൈവത്തിന്റെ ദൂതന്മാര്‍ തങ്ങളുടെ പ്രത്യക്ഷീകരണത്തില്‍ പേരുകള്‍ വെളിപ്പെടുത്താറില്ലായെന്നത് ഒരു പൊതു പ്രതിഭാസവും ശൈലിയുമാണ്. തോബിയാസിന്റെ കൂടെവന്ന വ്യക്തിയുടെ പേര്, അറിയില്ലെങ്കിലും തോബിത്ത് അദ്ദേഹത്തെ സ്വീകരിച്ചതെങ്ങനെയെന്നതാണ് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം. വീട്ടിലേക്കു ക്ഷണിച്ചു. പരസ്പരം അഭിവാദ്യങ്ങളര്‍പ്പിച്ചു, സഹോദരായെന്നു പലയാവൃത്തി അഭിസംബോധന ചെയ്തു, യാത്രാമംഗളങ്ങള്‍ നേര്‍ന്നു (5:10,16). മകന്റെ സഹയാത്രികനോടുള്ള അവന്റെ കരുതലാണിത്.
ഉന്നതത്തില്‍ വസിക്കുന്ന ദൈവം നിന്റെ മാര്‍ഗം ശുഭമാക്കും. അവിടുത്തെ ദൂതര്‍ നിന്നെ കാത്തുകൊള്ളും (5:16). തോബിത്തിന്റെ മകനോടുള്ള വാക്കുകളാണിവ. ഇതു വലിയ ഒരു ബോധ്യമാണ്. തങ്ങളെ വഴിനടത്തുന്നത് ദൈവമാണെന്ന ഉറച്ച ബോധ്യം. ഒരാള്‍ തന്റെ ജീവിത്തില്‍ വഴിമാറിപ്പോകാതിരിക്കാന്‍, മാര്‍ഗഭ്രംശം സംഭവിക്കാതിരിക്കാന്‍ ദൈവത്തിന്റെ വഴികളില്‍ ചരിക്കണമെന്നര്‍ഥം. മകന്റെ ജീവിതയാത്രയില്‍ ഒരുഅപ്പനു നല്‍കാന്‍ സാധിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരാശംസയാണിത്.
അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 12:24-13:3: ദമാസ്‌കസിലേക്കുള്ള യാത്രയില്‍ 'മിശിഹാനുഭവം' ലഭിച്ച പൗലോസ് തന്റെ മൂന്നു മിഷനറിയാത്രകള്‍ക്കു മുമ്പ് ജറുസലേമിലേക്കും ഇതര സമീപപ്രദേശങ്ങളിലേക്കും പോവുകയും തിരികെ അന്ത്യോക്യായില്‍ എത്തിച്ചേരുകയും ചെയ്തു. പൗലോസിന്റെകൂടെ യാത്ര ചെയ്തിരുന്നവര്‍ ബര്‍ണബാസും മര്‍ക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനുമായിരുന്നു. പൗലോസിന്റെ ഒന്നാമത്തെ മിഷനറിയാത്രയില്‍ (AD: 46:48) ഇവര്‍ രണ്ടുപേരുമായിരുന്നു സഹയാത്രികര്‍. ബര്‍ണബാസ് സൈപ്രസ് സ്വദേശിയാണ്. ഈ പേരിന്റെ അര്‍ഥം 'ആശ്വാസത്തിന്റെ പുത്രന്‍' എന്നാണ്. ബര്‍ണബാസിന്റെ പിതാവിന്റെ ബന്ധുവാണ് മര്‍ക്കോസ്.
ആദിമസഭയിലെ വചനപ്രഘോഷകര്‍ എപ്രകാരം ജീവിച്ചിരുന്നുവെന്ന് ഈ വചനഭാഗത്തു നാം കാണുന്നുണ്ട്: കര്‍ത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും (13:2) 'ലൈത്തുര്‍ഗെയോ' എന്ന ഗ്രീക്ക് ക്രിയാപദത്തിന്റെ അര്‍ഥം ശുശ്രൂഷിക്കുകയെന്നാണ്. ഈ വാക്കു പൊതുവെ ദൈവികമായുള്ള ശുശ്രൂഷയെയാണു കുറിക്കുന്നത്. സഭയിലെ വിളിക്കപ്പെട്ടവര്‍ ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണ്. അതാണ് അവരുടെ ദൗത്യവും. സാമൂഹിക, ഇതര പ്രവര്‍ത്തനങ്ങളെല്ലാം ദൈവാരാധനയുടെയും ദൈവശുശ്രൂഷയുടെയും ഭാഗമായിവേണം നടത്താന്‍. ഇവിടുത്തെ മുന്‍ഗണന ദൈവികമായ ശുശ്രൂഷയ്ക്കാണ്.
ഈ ശുശ്രൂഷകര്‍ ഉപവാസം അനുഷ്ഠിച്ചിരുന്നവരാണ് 'നെസ്‌തെയുഓ' (nesteuo) എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം ഉപവാസം എന്നാണ്. ഭക്ഷണം കഴിക്കാതെയിരിക്കുന്നതുമാത്രമല്ല ഉപവാസം. ''ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം.'' (ഏശയ്യാ: 58:6)
ലൂക്കാ: 10:1-12: ദൈവരാജ്യത്തിന്റെ പ്രഘോഷണത്തിനുവേണ്ടി തന്റെ തിരഞ്ഞെടുക്കപ്പെട്ട അപ്പസ്‌തോലന്മാരെ കൂടാതെ ഈശോ എഴുപത്തിരണ്ടുപേരെക്കൂടി തിരഞ്ഞെടുത്തു. പട്ടണങ്ങളിലേക്കും നാട്ടില്‍പുറങ്ങളിലേക്കുമെല്ലാം യാത്രചെയ്ത് ഈശോയെ എല്ലായിടത്തും പ്രഘോഷിക്കാനായിരുന്നു ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 72 എന്ന നമ്പരിന് ഒരു സാര്‍വത്രികമാനമുണ്ട്. പഴയനിയമത്തിലും യഹൂദപാരമ്പര്യത്തിലുമെല്ലാം 72 എന്നത് പൂര്‍ണതയുള്ള നമ്പരാണ്.
ഈരണ്ടുപേരായിട്ടാണ് ഈശോ അവരെ അയച്ചത്. സഹയാത്രികരാണവര്‍, സഹപ്രവര്‍ത്തകരാണവര്‍, പരസ്പരം സഹായം നല്‍കുന്നവരാണവര്‍, സഹവര്‍ത്തിത്വമുള്ളവരാണവര്‍. ഇരുവരും അയയ്ക്കപ്പെട്ടവരാണ്. അപ്പോസ്‌തെല്ലോ (apostello) എന്ന ക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇവര്‍ രണ്ടാമതായി അയയ്ക്കപ്പെട്ട അപ്പസ്‌തോലന്മാരാണ്, കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടവരെല്ലാം കൂട്ടായ്മയുടെ മക്കളാകണമെന്നതാണു സൂചന. ആരും ഒറ്റപ്പെട്ട ദ്വീപല്ല; ഇത് ഒതു സഭാകൂട്ടായ്മയാണ്.
അപ്പസ്‌തോലന്മാരെപ്പോഴും സമാധാനത്തിന്റെ വക്താക്കളാകേണ്ടതുണ്ട്. എല്ലാ ഭവനങ്ങളിലും ശ്ലീഹന്മാര്‍ നല്‍കേണ്ടത് സമാധാനമാണ്. സമാധാനം സ്ഥാപിക്കുന്നവര്‍ ദൈവപുത്രന്മാരാണ് (മത്താ: 5:9). ഉത്ഥിതനായ ഈശോ എല്ലാവര്‍ക്കും സമ്മാനിക്കുന്നതും സമാധാനമാണ് (യോഹ.10:15)
ഭവനസന്ദര്‍ശനങ്ങളുടെയെല്ലാം യഥാര്‍ഥ അര്‍ഥമെന്താണെന്ന് ഈ വചനഭാഗം പഠിപ്പിക്കുന്നുണ്ട്. അവിടെ 'സമാധാനം' നല്‍കുവാനാണ് അത്. യഥാര്‍ഥ സമാധാനം ഈശോയാണ്. ഈശോയെ കൊടുക്കുക എന്നതാണ് അയയ്ക്കപ്പെട്ടവരുടെ ദൗത്യം. ഇതിനോടു ചേര്‍ന്നുള്ള മറ്റൊരു ദൗത്യം 'രോഗികളെ സുഖപ്പെടുത്തുക' എന്നതാണ്. ദൈവരാജ്യപ്രഘോഷണവും സൗഖ്യത്തിന്റെ ശുശ്രൂഷയും ആദിമസഭയിലെ അപ്പസ്‌തോലന്മാരുടെ പ്രത്യേക നിയോഗവും ദൗത്യവുമായിരുന്നു.