•  28 Nov 2024
  •  ദീപം 57
  •  നാളം 38
വചനനാളം

സ്വര്‍ഗാരോഹണം

മേയ്  12 ഉയിര്‍പ്പുകാലം ഏഴാം ഞായര്‍
ഉത്പ 28:10-19  മിക്കാ 4:1-5
1 പത്രോ 1:3-9   ലൂക്കാ 24:44-53

ശോയുടെ പീഡാസഹനത്തിനും മരണത്തിനുംശേഷം ഉത്ഥാനത്തിലൂടെയും സ്വര്‍ഗാരോഹണത്തിലൂടെയും അവിടുന്നു മഹത്ത്വത്തിലേക്കു പ്രവേശിച്ചു. മഹത്ത്വത്തിലേക്കുള്ള ഈശോയുടെ പ്രവേശനത്തിന്റെ രണ്ടു മാനങ്ങളാണ് ഉത്ഥാനവും സ്വര്‍ഗാരോഹണവും. ഇതു രണ്ടു രക്ഷാകരരഹസ്യങ്ങളാണ്.
സ്വര്‍ഗാരോഹണത്തിരുനാളിനോടനുബന്ധിച്ചുള്ള ഈ ഞായറാഴ്ചത്തെ വായനകളെല്ലാം സ്വര്‍ഗത്തെക്കുറിച്ചുള്ള, ദൈവികഇടത്തെക്കുറിച്ചുള്ള ദര്‍ശനങ്ങളാണു പങ്കുവയ്ക്കുന്നത്. ഒന്നാമത്തെ വായനയില്‍ (ഉത്പ. 28:10-19), ബേര്‍ഷബായില്‍നിന്നു ഹാരാനിലേക്കു യാത്ര പുറപ്പെടുന്ന യാക്കോബിനുണ്ടായ സ്വര്‍ഗീയദര്‍ശനത്തെക്കുറിച്ചും; രണ്ടാം വായനയില്‍ (മിക്കാ 4:1-5) യഹോവയുടെ ഭൂമിയിലെ വാസസ്ഥലമായ സീയോന്‍മല ലോകത്തിലെ മറ്റെല്ലാ ഗിരിശൃംഗങ്ങളെക്കാളും ഉയര്‍ത്തപ്പെടുന്ന ദര്‍ശനത്തെക്കുറിച്ചും; മൂന്നാംവായനയില്‍ (1 പത്രോ. 1:3-9) ഈശോമിശിഹായുടെ ഉത്ഥാനംവഴി മനുഷ്യകുലത്തിനു ലഭ്യമായ അക്ഷയമായ നിത്യജീവനെയും സ്വര്‍ഗത്തെയും പ്രത്യാശയോടെ നോക്കിപ്പാര്‍ത്തിരിക്കേണ്ടതിനെക്കുറിച്ചുള്ള  പത്രോസ്ശ്ലീഹായുടെ ഉദ്‌ബോധനത്തെക്കുറിച്ചും; നാലാം വായനയില്‍ (ലൂക്കാ 24:44-53) ഉയിര്‍പ്പിന്റെ നാല്പതാംനാള്‍ ഈശോ സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിനെക്കുറിച്ചും നാം ശ്രവിക്കുന്നു. സ്വര്‍ഗത്തെക്കുറിച്ചുള്ള പ്രത്യാശ പ്രദാനം ചെയ്യുന്ന വായനകളാണിവയെല്ലാം.
ഉത്പത്തി 28:10-13: ഇസഹാക്ക് തന്റെ പുത്രനായ യാക്കോബിനെ ഹാരാനിലേക്ക് അയയ്ക്കുന്നത് തന്റെ ബന്ധുക്കളില്‍നിന്നു മകന് ഒരു വധുവിനെ കണ്ടെത്തുന്നതിനുവേണ്ടിയാണ്. അനുഗ്രഹങ്ങള്‍ നല്കിയാണ് പിതാവ് യാക്കോബിനെ യാത്രയാക്കിയത് (28:1-5). സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹം യാക്കോബിനു ലഭ്യമാകട്ടേയെന്ന അപ്പന്റെ പ്രാര്‍ഥന  മകന് ദൈവാനുഭവത്തിനുള്ള വേദിയാവുകയാണ്. യാത്ര ചെയ്യുന്ന വഴിയില്‍ തളര്‍ന്നുറങ്ങിയപ്പോള്‍ യാക്കോബിനു ദര്‍ശനം ലഭിച്ചു. ഈ സ്വപ്നം ഒരു ദൈവികപ്രവൃത്തിയാണ്. യാക്കോബിന്റെ ജീവിതത്തിലെ ദൈവികകണ്ടുമുട്ടലാണിത്.
യാക്കോബിനു ലഭിക്കുന്ന ദര്‍ശനം പ്രതീകാത്മകമാണ്. ഭൂമിയില്‍ ഉറപ്പിച്ചതും ആകാശം മുട്ടിനില്ക്കുന്നതുമായ ഗോവണി ഒരു അടയാളമാണ്. ഗോവണി എന്നര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ സുല്ലം എന്ന വാക്ക് ദൈവത്തെയും മനുഷ്യനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രക്ഷാകരപദ്ധതിയുടെ അടയാളമാണ്. 
ഗോവണിയിലൂടെ യാത്ര ചെയ്യുന്നവര്‍ ദൈവദൂതന്മാരാണ്. 'മലാക്കെ എലോഹിം' എന്നതിന്റെ അര്‍ഥം ദൈവത്തിന്റെ മാലാഖ എന്നാണ്. ദൈവത്തിന്റെ സന്ദേശം കൈമാറ്റം ചെയ്യുന്നവരാണിവര്‍. ദൈവസാന്നിധ്യത്തിന്റെ അടയാളംതന്നെയാണിത്.
ഗോവണിയുടെ മുകളില്‍ നില്‍ക്കുന്ന കര്‍ത്താവ് താന്‍ ആരാണെന്ന യാഥാര്‍ഥ്യം യാക്കോബിനു വെളിവാക്കി നല്‍കുന്നുണ്ട്. ഇത് ഒരു വെളിപാടാണ് - യാക്കോബിനു പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ദൈവമായ കര്‍ത്താവാണെന്ന്. പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവം യാക്കോബിന്റെ ദൈവമായ കര്‍ത്താവുകൂടിയാണെന്നുള്ള ഓര്‍മപ്പെടുത്തലും കൂടിയാണിത്.
സ്വപ്നത്തില്‍ യാക്കോബിനോട് ദൈവം പറയുന്നത്, 'ഞാന്‍ നിന്നോടുകൂടെയുണ്ട്' എന്നാണ്. ഇതൊരു ഉറപ്പാണ്. മുന്നോട്ടുള്ള യാത്രയില്‍ ദൈവത്തിലാണ് ആശ്രയം വയ്‌ക്കേണ്ടതെന്ന സൂചനയും  ഇതു നല്‍കുന്നു. '‘I am with you’'  എന്ന വാക്കും '‘I will keep you’' എന്ന ഉറപ്പും പ്രത്യാശ നല്‍കുന്നതാണ്. ദൈവം കൂടെയുണ്ടെങ്കില്‍ യാതൊന്നിനെയും ഭയപ്പെടേണ്ടതില്ല. I will not leave you  എന്ന വാക്കും സംരക്ഷണത്തിന്റേതാണ്.
ഉറക്കത്തില്‍നിന്ന് എഴുന്നേറ്റ യാക്കോബ് തനിക്കു ദര്‍ശനം കിട്ടിയ സ്ഥലത്തെക്കുറിച്ചു പറയുന്നത് 'ഇതു ദൈവത്തിന്റെ ഭവനമാണ്'; 'ഇതു സ്വര്‍ഗത്തിന്റെ കവാടമാണ്' എന്നാണ്. യാക്കോബ് ഈ സ്ഥലത്തിനു നല്‍കുന്ന പേര് 'ബെഥേല്‍' എന്നാണ്. bet elohim  എന്നാല്‍ house of God  എന്നാണ്;bet el ദൈവഭവനമാണ്.
മിക്കാ 4:1-5: ഈശോമിശിഹായുടെ ജനനത്തിനു തൊട്ടുമുമ്പ് എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകനായിരുന്നു മിക്കാ. ഏശയ്യാപ്രവാചകന്റെ സമകാലികനായിരുന്ന മിക്കാ യഹോവയുടെ ശബ്ദമായി യൂദയായില്‍ പ്രവാചകധര്‍മം നിറവേറ്റി. മിക്കാ എന്ന പദത്തിന്റെ വാച്യാര്‍ഥം 'യഹോവയെപ്പോലെ ആരുണ്ട്' എന്നതാണ്. ഇന്നത്തെ വചനവായനയില്‍ സീയോന്റെ യുഗാന്ത്യമഹത്ത്വീകരണത്തെക്കുറിച്ചുള്ള ഒരു പ്രവചനഗീതമാണ് നാം ശ്രവിക്കുന്നത്. സീയോന്‍ കേന്ദ്രമാക്കി ദൈവം തന്റെ ഭരണം നടത്തുമെന്നുള്ള പ്രത്യാശയുടെ ഗീതമാണിത്.
സീയോന്‍, മലമുകളില്‍ സ്ഥാപിക്കപ്പെടുന്നത് അന്തിമനാളുകളിലാണ്. ഇത് ഒരു യുഗാന്ത്യസംഭവമായാണ് പ്രവാചകന്‍ കാണുന്നത്. 'ബെ അഹാരിത് ഹയ്യാമീം' എന്ന പ്രവാചകന്റെ വാക്കുകള്‍ അവസാനകാലത്തെക്കുറിച്ചുള്ള സൂചനയാണു നല്‍കുന്നത് -  last days, end days എന്നാണിതിന്റെ അര്‍ഥം. ലോകത്തിലെ എല്ലാ ജനതകളും അവിടേക്കു പ്രവഹിക്കും എന്നതാണ് മിക്കായുടെ പ്രവചനം. ഗ്രീക്കുഭാഷയിലെ എത്ത്‌നോസ് എന്ന പദം വിജാതീയരെ, ജനതകളെ കുറിക്കുന്നതാണ്. യഹൂദരും വിജാതീയരുമുള്‍പ്പെടെ എല്ലാവരും ദൈവത്തിന്റെ ഭവനത്തിലേക്കു വരുമെന്നു ചുരുക്കം. യഹോവയുടെ ഭവനത്തിലേക്കുള്ള ഒരു തീര്‍ഥാടനമാണിത്.
യഹോവ ആരാണെന്നുള്ള വസ്തുതയും പ്രവാചകന്റെ വാക്കുകളില്‍ വ്യക്തമാണ്. ജനതകള്‍ക്കിടയില്‍ ന്യായം വിധിക്കുന്നവനാണവിടുന്ന്. ദൈവം വിധിയാളനാണ്. ദൈവം യഹൂദരുടെ മാത്രം വിധികര്‍ത്താവല്ല; മറിച്ച്, സകലരുടെയും വിധിത്തീര്‍പ്പുകള്‍ നടത്തുന്നവനാണ്. യഹോവയുടെ നേതൃത്വത്തിലാണ് സമാധാനത്തിന്റെ രാജ്യം സംസ്ഥാപിതമാകുന്നത്. ലോകത്തിന്റെ ആയുധങ്ങളെ മുഴുവന്‍ അവിടുന്നു നിരായുധീകരിക്കും. എന്നും നിലകൊള്ളുന്ന സമാധാനത്തിന്റെ അടയാളമാണിത്.
1 പത്രോസ് 1:3-9: ഈശോമിശിഹായിലുള്ള ആഴമായ വിശ്വാസത്തിലേക്കു സഭാംഗങ്ങളെ നയിക്കുന്ന ലേഖനമാണ് പത്രോസ് ശ്ലീഹായുടേത്. അവസാനകാലത്തു വെളിപ്പെടാനിരിക്കുന്ന രക്ഷയെക്കുറിച്ചും, അല്പകാലത്തേക്കുള്ള പരീക്ഷകളെക്കുറിച്ചും അവയെ അതിജീവിക്കുന്ന വിശ്വാസത്തെക്കുറിച്ചുമൊക്കെ ശ്ലീഹാ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ആമുഖവാക്കുകള്‍ക്കുശേഷം കൃതജ്ഞതാസ്‌തോത്രത്തോടെയാണ് പത്രോസ് ശ്ലീഹാ ഈ ഭാഗം ആരംഭിക്കുന്നത്. പിതാവായ ദൈവത്തിന്റെ രക്ഷാകരപദ്ധതി പുത്രനായ ഈശോമിശിഹായിലൂടെ  സാക്ഷാത്കരിക്കപ്പെട്ടതിനെയോര്‍ത്താണ് ശ്ലീഹാ പിതാവിനു നന്ദി അര്‍പ്പിക്കുന്നത്. ഈശോമിശിഹാ നമ്മുടെ കര്‍ത്താവാണ് എന്ന യാഥാര്‍ഥ്യവും ഇവിടെ വെളിവാക്കപ്പെടുന്നുണ്ട്. കര്‍ത്താവ് എന്നര്‍ഥം വരുന്ന കീരിയോസ് എന്ന പദമാണ് ഈശോയെ സൂചിപ്പിക്കാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
ഈശോമിശിഹായുടെ ഉത്ഥാനമാണ് നമ്മുടെ ഉയിര്‍പ്പിന്റെ അടിസ്ഥാനം. വിശ്വസിക്കുന്നവര്‍ക്കെല്ലാം ഈ രക്ഷ ഒരുക്കിവച്ചിട്ടുണ്ട്. വിശ്വാസികളുടെ ജീവിതയാത്രയില്‍ വിവിധ പരീക്ഷകള്‍ നേരിടേണ്ടതുണ്ട്. ലഭിക്കാനിരിക്കുന്ന രക്ഷയുമായി തുലനം ചെയ്യുമ്പോള്‍ ഇപ്പോള്‍ നേരിടുന്ന സഹനങ്ങള്‍ തുലോം നിസ്സാരമാണ്. ഈശോമിശിഹാ ഉത്ഥിതനായതുപോലെ നമുക്കും ഒരു ഉയിര്‍പ്പുണ്ടാകും.
ഈശോമിശിഹായില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിക്കാനിരിക്കുന്ന മഹത്ത്വം പൂര്‍ണമായും വെളിവാക്കപ്പെട്ടിട്ടില്ലായെന്നു ശ്ലീഹാ പഠിപ്പിക്കുന്നു. 'അവനെ ഇപ്പോള്‍ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും... ഇപ്പോള്‍ കാണുന്നില്ലെങ്കിലും' എന്ന പരാമര്‍ശത്തിന്റെ അര്‍ഥം വിശ്വാസികള്‍ ഇനിയും യുഗാന്ത്യത്തെ അഭിമുഖീകരിച്ചിട്ടില്ലായെന്നാണ്. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കു ലഭിക്കുന്നത് 'ആത്മാവിന്റെ രക്ഷ' യാണ് (1:9).
ലൂക്കാ 24:44-53: ഉത്ഥിതനായ ഈശോ ശിഷ്യഗണത്തിനു പ്രത്യക്ഷനാകുന്നതും തുടര്‍ന്ന് അവിടുന്ന് സ്വര്‍ഗാരോഹണം ചെയ്യുന്നതുമാണ് സുവിശേഷവായനയുടെ മുഖ്യപ്രമേയം. തന്റെ ശിഷ്യരോടുകൂടെ പരസ്യജീവിതകാലത്ത് ആയിരുന്നപ്പോള്‍ ഈശോ പറഞ്ഞ കാര്യങ്ങളുടെ സാരം എന്താണെന്ന് അവിടുന്നു ശിഷ്യന്മാരെ ഓര്‍മിപ്പിക്കുന്നുണ്ട്. മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും  സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത് എന്തെല്ലാമെന്ന് ഈശോ ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നു. പഴയനിയമത്തിലെ ഈ മൂന്നു ഭാഗങ്ങളിലും ഈശോയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.  ഇതിന്റെ അര്‍ഥം തിരുവചനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈശോമിശിഹായെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട് എന്നതാണ്. തോറായുടെ മുഴുവന്‍ സാരം മിശിഹായാണ്. തോറായിലും പ്രവാചന്മാരിലുമെല്ലാം മിശിഹായെക്കുറിച്ചുള്ള ദര്‍ശനങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇതെല്ലാം വ്യക്തമാക്കാന്‍വേണ്ടിയാണ് ഈശോ ശിഷ്യന്മാരുടെ മനസ്സു തുറന്നത് (24:45). സത്യത്തെ പൂര്‍ണമായി സ്വീകരിക്കാനുള്ള ഒരു തുറക്കലാണിത്.
ശിഷ്യന്മാരുടെ മനസ്സു തുറന്ന ഈശോ അവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കുകയും ചെയ്യുന്നു (24:47-49). കെറൂസ്സോ എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം 'പ്രഘോഷിക്കുക, പ്രസംഗിക്കുക' എന്നാണ്. ഈശോയെക്കുറിച്ച്, പ്രത്യേകിച്ച് അവിടുത്തെ പീഡാസഹനമരണോത്ഥാനത്തക്കുറിച്ച് - പെസഹാരഹസ്യങ്ങളെക്കുറിച്ച് - എല്ലാവരോടും പറയണം എന്നാണ് ഇവിടെ കുറിച്ചിരിക്കുന്നത്. To all the nationsഎന്ന പരാമര്‍ശം വിജാതീയരെക്കുറിച്ചുള്ളതാണ്. പെസഹാരഹസ്യം എല്ലാവര്‍ക്കുമായി പങ്കുവയ്ക്കപ്പെടേണ്ട സത്യമാണ്.
പിതാവായ ദൈവത്തിന്റെ വാഗ്ദാനം പരിശുദ്ധറൂഹായാണ്. പ്രേഷിതപ്രവര്‍ത്തനത്തിനു ശിഷ്യന്മാരെ ശക്തരാക്കുന്നതും പ്രചോദിപ്പിക്കുന്നതും റൂഹായാണ്. ഉന്നതത്തില്‍നിന്നുള്ള ശക്തി എന്നത് ദൈവികശക്തിയെയാണു സൂചിപ്പിക്കുന്നത്. അതു പ്രകടമാകുന്നത് പരിശുദ്ധ റൂഹായുടെ നിറവിലൂടെയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)