ജൂണ്‍ 30 ശ്ലീഹാക്കാലം ഏഴാം ഞായര്‍
സംഖ്യ 11:16-18, 24-30 1 സാമു 16:14-23
ഗലാ 5:16-26 യോഹ 14:15-20, 25-26
''പരിശുദ്ധറൂഹാ സഹായകനാണ്; മധ്യസ്ഥനാണ്, അഭിഷേകം നല്‍കുന്നവനാണ്; വരദാനങ്ങളാല്‍ നിറയ്ക്കുന്നവനാണ്...'' ത്രിയേകദൈവത്തിലെ മൂന്നാമത്തെ ആളായ റൂഹായെക്കുറിച്ച് ഏറെക്കാര്യങ്ങള്‍ വിശുദ്ധഗ്രന്ഥത്തിലുടനീളം നാം വായിക്കാറുണ്ട്. ശ്ലീഹാക്കാലം ആരംഭിച്ചത് പരിശുദ്ധറൂഹായെക്കുറിച്ചുള്ള ദര്‍ശനങ്ങളോടെയാണ്. ശ്ലീഹാക്കാലം അവസാനിക്കുന്നതും റൂഹായെക്കുറിച്ചുള്ള ചിന്തകളോടെയാണ്. ഏഴാം ഞായറിലെ വായനകളെല്ലാം പരിശുദ്ധ റൂഹായെ വ്യത്യസ്തങ്ങളായ മാനങ്ങളില്‍ അവതരിപ്പിക്കുന്നു.
ഒന്നാം വായനയില്‍ (സംഖ്യ 11:16-18, 24-30) ഇസ്രയേല്‍ജനതയില്‍നിന്നു തിരഞ്ഞെടുത്ത എഴുപതു നേതാക്കന്മാര്‍ ദൈവികചൈതന്യം സ്വീകരിക്കുന്നതിനെക്കുറിച്ചും; രണ്ടാം വായനയില്‍ (1 സാമു. 16:14-23) കര്‍ത്താവിന്റെ ആത്മാവ് സാവൂളിനെ വിട്ടുപോകുന്നതിനെക്കുറിച്ചും; മൂന്നാം വായനയില്‍ (ഗലാ. 5:16-26) പരിശുദ്ധ റൂഹായുടെ വിവിധ ഫലങ്ങളെക്കുറിച്ചും നാലാം വായനയില്‍ (യോഹ. 14:15-20; 25-26) ഈശോയുടെ പ്രാര്‍ഥനയാല്‍ പിതാവായ ദൈവം അയയ്ക്കുന്ന സഹായകനായ പരിശുദ്ധറൂഹായെക്കുറിച്ചും നാം ശ്രവിക്കുന്നു.
സംഖ്യ 11:16-18, 24-30: ഈജിപ്തിന്റെ അടിമത്തത്തില്‍നിന്നു വിമോചിതരായ ഇസ്രയേല്‍ജനം വാഗ്ദത്തനാട്ടിലേക്കുള്ള തങ്ങളുടെ യാത്രയ്ക്കിടയില്‍ പലപ്പോഴും അസംതൃപ്തരായിരുന്നു. ആഹാരത്തെ സംബന്ധിച്ച ആവലാതിയും പിറുപിറുപ്പും ചുരുക്കം ചിലരുടെ ദുഷിച്ച ചിന്താഗതികളും അതിവേഗം ജനത്തെ സ്വാധീനിച്ചു. മോശയോടു ജനം പരാതി പറഞ്ഞപ്പോള്‍ മോശ ദൈവത്തോടാണു തന്റെ വിഷമതകള്‍ പങ്കുവച്ചത്. ഈ സാഹചര്യത്തില്‍ ദൈവം മോശയോടു ചില കാര്യങ്ങള്‍ നിര്‍ദേശിക്കുന്നതും വാഗ്ദാനപൂര്‍ത്തീകരണമായ റൂഹായെ നല്‍കുന്നതുമാണ് ഈ വചനഭാഗത്തിന്റെ പശ്ചാത്തലം.
ഒന്നാമതായി ദൈവം മോശയോടു പറയുന്നത് 'ജനത്തിലെ ശ്രേഷ്ഠന്മാരിലും പ്രമാണികളിലുംനിന്ന് എഴുപതുപേരെ വിളിച്ചുകൂട്ടുക' എന്നാണ് (11:16). നേതൃത്വത്തെ സംബന്ധിച്ചു ദൈവം നല്‍കുന്ന ഒരു നിര്‍ദേശമാണിത്. പ്രശ്‌നപരിഹാരത്തിന് മോശ സ്വയം നിര്‍ദേശിച്ച പരിഹാരങ്ങളില്‍നിന്നു വ്യത്യസ്തമായിട്ടുള്ള ഒരു പരിഹാരമാര്‍ഗമാണ് കര്‍ത്താവു കല്പിച്ചത്. അധികാരം പങ്കുവച്ചുകൊണ്ടുള്ള ഒരു ശൈലിയെക്കുറിച്ചാണ് കര്‍ത്താവു സംസാരിക്കുന്നത്.
മോശയ്ക്കു സഹായത്തിനായി എഴുപതു പേരെ നല്‍കുന്നതിലൂടെ 'ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള' ഒരു ആഹ്വാനംകൂടി കര്‍ത്താവു നല്‍കുകയാണ്. മോശ പ്രവര്‍ത്തിക്കേണ്ടത് ശ്രേഷ്ഠന്മാരോടുകൂടിയാണ്. ഹീബ്രുഭാഷയിലെ 'സഖെന്‍' (zaqen) എന്ന പദത്തിന്റെ അര്‍ഥo old ,elder എന്നൊക്കെയാണ്. പ്രായമായവര്‍ പക്വതയുള്ളവരും അനുഭവസ്ഥരുമാണ്. അവരെ വിളിച്ചുകൂട്ടാനും കൂടാരത്തിങ്കലേക്ക് (Tabernacle) കൊണ്ടുവരാനുമാണ് മോശയോടു കര്‍ത്താവ് കല്പിക്കുന്നത്. അവരുടെ ഉത്തരവാദിത്വം മോശയോടുകൂടെ പ്രവര്‍ത്തിക്കുക എന്നതാണ്: that they may stand with you (11.16b).
തിരഞ്ഞെടുക്കപ്പെട്ട എഴുപതുപേരിലേക്കും തന്റെ ചൈതന്യം നല്‍കുന്നുണ്ട്: ''നിന്റെമേലുള്ള ചൈതന്യത്തില്‍നിന്ന് ഒരുഭാഗം അവരിലേക്കു ഞാന്‍ പകരും'' (11:17). ദൈവത്തിന്റെ ആത്മാവ് എന്നര്‍ഥം വരുന്ന 'റൂവാഹ്' (ruach) എന്ന ഹീബ്രുപദമാണ് ദൈവചൈതന്യത്തെ സൂചിപ്പിക്കാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കര്‍ത്താവിനുവേണ്ടി ശുശ്രൂഷ ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് അവിടുന്നു നല്‍കുന്നത് അഭിഷേകവും ചൈതന്യവും നല്‍കുന്ന പരിശുദ്ധറൂഹായെയാണ്.
ഈ ശുശ്രൂഷകരുടെ ദൗത്യം 'ജനത്തിന്റെ ചുമതല വഹിക്കുക' എന്നതാണ്. "The burden of the people’ എന്ന പ്രയോഗം പ്രസക്തിയുള്ളതാണ്. ജനത്തിന്റെ വിവിധ വിഷയങ്ങളും വിഷമതകളും ചുമലിലേറ്റേണ്ടവരാണ് ദൈവത്തിന്റെ ശുശ്രൂഷകര്‍. 'മാസാ' (massa) എന്ന ഹീബ്രുപദത്തിന്റെയര്‍ഥം '"burden' (ഭാരം) എന്നാണ്. ഭാരങ്ങള്‍ വഹിക്കേണ്ട ദൗത്യം മോശയോടൊപ്പംതന്നെ മറ്റ് എഴുപതു ശ്രേഷ്ഠര്‍ക്കുമുണ്ട്.
1 സാമുവല്‍ 16:14-23: സാവൂള്‍രാജാവിന്റെ കൊട്ടാരത്തിലെ ശുശ്രൂഷകനായി ബേത്‌ലഹേംകാരനായ ജെസ്സെയുടെ മകന്‍ ദാവീദ് നിയോഗിക്കപ്പെടുന്നതാണ് രണ്ടാം വായനയുടെ പശ്ചാത്തലം. കര്‍ത്താവിന്റെ ആത്മാവ് സാവൂളിനെ വിട്ടുപിരിഞ്ഞുപോയപ്പോള്‍ അവന് ആശ്വാസത്തിന്റെ കിന്നരവുമായി എത്തുന്ന ദാവീദിനെക്കുറിച്ചാണ് ഇവിടെ വര്‍ണിക്കുന്നത്.
14-ാം വാക്യം ആരംഭിക്കുന്നത് 'കര്‍ത്താവിന്റെ ആത്മാവ് സാവൂളിനെ വിട്ടുപോയി' എന്നു പറഞ്ഞുകൊണ്ടാണ്. സാവൂള്‍രാജാവിന് തന്റെ ശുശ്രൂഷ നിര്‍വഹിക്കാന്‍, നീതിപൂര്‍വം ഭരിക്കാന്‍, ന്യായം നടപ്പാക്കാന്‍ ശക്തി നല്‍കിയത് 'റൂഹാ' ആണ്. അവനില്‍നിന്നു 'റൂഹാ' നഷ്ടപ്പെട്ടുവെന്നു പറയുമ്പോള്‍ അവന്റെ രാജത്വം അവസാനിക്കുന്നു എന്നാണു സൂചന.
ദൈവത്തിന്റെ വാക്കുകള്‍ക്കു ചെവികൊടുക്കാതെ ജീവിച്ച സാവൂളിന്റെ ജീവിതത്തില്‍ വന്നുഭവിച്ച വിഷമതകളെയാണ് 'ദുരാത്മാവ് അവനെ പീഡിപ്പിച്ചു' എന്നു പറയുന്നതിന്റെ അര്‍ഥം. 'ബാത്ത്' (baath) എന്ന ഹെബ്രായവാക്കിന്റെ അര്‍ഥം trouble, terrorize എന്നൊക്കെയാണ്. സാവൂളിനു നേരിട്ട വിവിധ പീഡകളെ ഇതു സൂചിപ്പിക്കുന്നു. ഹീബ്രുഭാഷയിലെ 'റാ' (ra) എന്ന വാക്ക് ദുരാത്മാവിനെ (evil) കുറിക്കുന്നു. സാവൂളിന്റെwickednessആണ് അവനെ അസ്വസ്ഥനാക്കുന്നതും മാനസികമായി വേട്ടയാടുന്നതും.
വിഷാദമാനസനു സംഗീതം ആശ്വാസം നല്‍കും. അതിനാലാണ് സാവൂളിന്റെ ഭൃത്യന്മാര്‍ തങ്ങളുടെ യജമാനനുവേണ്ടി കിന്നരവായനയില്‍ നിപുണനായ ഒരുവനെ അന്വേഷിക്കുന്നത്. ഇതാണ് ദാവീദ് സാവൂളിന്റെ കൊട്ടാരത്തില്‍ ശുശ്രൂഷയ്ക്കായി എത്തപ്പെടാനുണ്ടായ കാരണം. ദാവീദ് സംഗീതജ്ഞനും യോദ്ധാവും വാഗ്മിയും കോമളനുമാണ്. അവന്റെ ഏറ്റവും വലിയ പ്രത്യേകത 'കര്‍ത്താവ് അവനോടുകൂടെയുണ്ട്' എന്നതാണ്. അവന്റെ എല്ലാ വിജയത്തിനും കാരണം "the LORD is with him' എന്നതാണ്. കര്‍ത്താവ് കൂടെയുള്ളപ്പോഴും കര്‍ത്താവിനോടുകൂടെ ഒരുവനുള്ളപ്പോഴുമാണ് വിജയം ലഭ്യമാകുന്നത്.
കര്‍ത്താവിനാല്‍ നിറഞ്ഞ ദാവീദിന്റെ സാന്നിധ്യം സാവൂളിന് ആനന്ദവും ആശ്വാസവും നല്‍കി. ഒരുവന്റെ സാന്നിധ്യവും സാമീപ്യവും മറ്റൊരാളില്‍ സന്തോഷത്തിനു കാരണമാകണമെങ്കില്‍ അവന്‍ ആത്മാവിന്റെ അഭിഷേകം നിറഞ്ഞവനായിരിക്കണം. ദാവീദ് ഒരു ഉത്തമ ഉദാഹരണമാണ്. ദൈവാത്മാവ് നിറഞ്ഞവന്റെ സാന്നിധ്യമുള്ളിടത്ത് ദുരാത്മാവു കടന്നുവരികയില്ല.
ഗലാത്തിയാ 5:16-26: ഗലാത്തിയായിലെ സഭകളോടുള്ള പൗലോസിന്റെ ധാര്‍മിക, ആത്മീയ ഉപദേശങ്ങളാണ് ഇവിടെ നാം ശ്രവിക്കുന്നത്. ലോകത്തിന്റെ ജഡമോഹങ്ങളെ വിട്ടകലാനും ദൈവാരൂപിയുടെ സ്വരത്തിനു കാതോര്‍ക്കാനും വിശ്വാസികളെ ആഹ്വാനം ചെയ്യുകയാണ് വി. പൗലോസ്. ഇതൊരു സ്പിരിച്വല്‍ എക്‌സോര്‍ട്ടേഷനാണ്. സഭയുടെ വളര്‍ച്ചയാണ് ഇതിന്റെ ലക്ഷ്യം.
''ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍'' (5:16). ഇവിടെ സൂചിപ്പിക്കുന്ന പ്‌നെവുമാ (pneuma) പരിശുദ്ധ റൂഹായാണ്. വിശ്വാസികള്‍ ചരിക്കേണ്ടത് ദൈവാത്മാവിന്റെ നിമന്ത്രണങ്ങള്‍ക്കു ചെവികൊടുത്തുകൊണ്ടാണെന്ന യാഥാര്‍ഥ്യം പൗലോസ് ഊന്നിപ്പറയുകയാണിവിടെ. അധാര്‍മികത നിറഞ്ഞു നില്‍ക്കുന്ന പേഗന്‍സംസ്‌കാരത്തിന്റെ വഴികള്‍ ജഡത്തിന്റെ വ്യാപരിക്കലിന്റേതാണ്. അത് ദൈവാരൂപിക്ക് എതിരാണുതാനും. ജഡമോഹങ്ങളല്ല വിശ്വാസിയെ ഭരിക്കേണ്ടത്; ദൈവചൈതന്യമാണ്.
ജഡത്തിന്റെ വ്യാപാരങ്ങള്‍ 'അന്ധകാരത്തിന്റെ പ്രവൃത്തികള്‍' ആണ് (റോമ. 13:12). അവയില്‍ വ്യാപരിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയുമില്ല. സ്‌കൂത്തോസ്((Skotos)എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം dark - ness എന്നാണ്. ഇത് തിന്മയുടെ ലോകത്തെ കുറിക്കുന്നു. വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം തുടങ്ങിയ പ്രവൃത്തികളെല്ലാം അന്ധകാരത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. ഇവരുടെ തിന്മനിറഞ്ഞ പ്രവൃത്തികള്‍വഴി അവര്‍ സ്വര്‍ഗരാജ്യം സ്വയം നഷ്ടപ്പെടുത്തുന്നു.
ആത്മാവിന്റെ ഫലങ്ങള്‍ ((Fruits of the Holy spirit) സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്. ഒരു വിശ്വാസിയുടെ ജീവിതത്തില്‍ പരിശുദ്ധ റൂഹായുടെ സഹവാസം ഉളവാക്കുന്ന വിശുദ്ധിയുടെ ഫലങ്ങളാണിവ. ഇവര്‍ സ്വര്‍ഗരാജ്യത്തിനു യോഗ്യരായവരാണ്. ഈശോമിശിഹായുടെ മക്കള്‍ ചരിക്കേണ്ട ഈ പാത 'പ്രകാശത്തിന്റെ വഴി'യാണ്. ഇവര്‍ ചെയ്യുന്നത് 'പ്രകാശത്തിന്റെ പ്രവൃത്തികള്‍' ആണുതാനും.
യോഹന്നാന്‍ 14:15-20, 25-26: തന്റെ വേര്‍പാടിനെക്കുറിച്ച് ഈശോ ശിഷ്യന്മാരോടു പങ്കുവച്ചപ്പോള്‍ അവരുടെ പ്രതികരണം അസ്വസ്ഥതയുടേതായിരുന്നു. അവര്‍ക്ക് ആശ്വാസത്തിന്റെ വചസ്സുകളരുളുകയാണ് അവിടുത്തെ അന്ത്യപ്രഭാഷണത്തിലൂടെ. ഈ പ്രഭാഷണത്തില്‍ തനിക്കുശേഷം ശിഷ്യന്മാരുടെ ജീവിതത്തെ വഴിനടത്താന്‍ കടന്നുവരുന്ന 'റൂഹാ'യെ ഈശോ വാഗ്ദാനം ചെയ്യുന്നുണ്ട്.
'പരിശുദ്ധ റൂഹാ'യെ സ്വീകരിക്കാനുള്ള വ്യവസ്ഥയാണ് ആദ്യം ഈശോ പറയുന്നത്. ''നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്റെ കല്പനകള്‍ പാലിക്കും'' (14:15). ഈശോയോടുള്ള സ്‌നേഹത്തില്‍ വസിക്കുന്നവരാണ് അവിടുത്തെ സ്വരത്തിനു ചെവിയോര്‍ക്കുകയും അവിടുത്തെ പ്രബോധനങ്ങള്‍ സ്വീകരിക്കുകയും അവിടുത്തെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നത്. ഗ്രീക്കുഭാഷയിലെ 'എന്‍തോളെ' (entole) എന്ന വാക്കിന്റെ അര്‍ഥം Commandment എന്നാണ്. ഈ കല്പന സ്‌നേഹത്തിന്റെ കല്പനയാണ്.
''എന്നേക്കും കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ 'നല്‍കും' എന്നാണ് ഈശോ വാഗ്ദാനം ചെയ്യുന്നത്. 'റൂഹാ'യാണ് ഇവിടെ പ്രതിപാദിക്കുന്ന മറ്റൊരു സഹായകന്‍. പാരക്ലേത്തോസ് (Parakletos) എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഉപദേശകന്‍, സഹായകന്‍, വക്കീല്‍ തുടങ്ങിയ അര്‍ഥങ്ങളുണ്ട് ഈ പദത്തിന്. 'കോടതിയില്‍ ഒരാളെ സഹായിക്കാന്‍ വിളിക്കപ്പെട്ടവന്‍' എന്ന അര്‍ഥത്തിലാണ് ആദ്യകാലങ്ങളില്‍ ഈ പദം ഉപയോഗിച്ചിരുന്നത്. ജീവിതത്തില്‍ എന്നും 'സഹായകനും, ആശ്വാസകനും' ആണ് പരിശുദ്ധ റൂഹാ.
ഈശോതന്നെയാണ് ആദ്യത്തെ '(Parakletos) 1 യോഹ. 2:1 ല്‍ പിതാവായ ദൈവത്തിന്റെ സന്നിധിയില്‍ മധ്യസ്ഥനായ ഒരാളെക്കുറിച്ചു പറയുന്നുണ്ട്: നീതിമാനായ യേശുക്രിസ്തു. തന്റെ ഭൗമികശുശ്രൂഷയുടെ വേളയിലാണ് ഈശോ 'സഹായകന്‍' ആയി മാറുന്നത്. ഈശോയുടെ വേര്‍പാടിനുശേഷം അവിടുത്തെ ഭൗമികമായ ശുശ്രൂഷ - സഹായകന്‍ - തുടര്‍ന്നുകൊണ്ടുപോകുന്നത് അദൃശ്യനായ 'റൂഹാ' ആണ്.