•  21 Nov 2024
  •  ദീപം 57
  •  നാളം 37
ബാലനോവല്‍

മിഠായി

ജിതയുടെ അച്ഛന്‍ ഗോപാലകൃഷ്ണന്‍നായര്‍ ഒരു നല്ല മനുഷ്യനായിരുന്നു. വലിയ പണക്കാരനാണദ്ദേഹം. മകളെ വേണമെങ്കില്‍ ഒരു പണക്കാരന്റെ മകനു വിവാഹം ചെയ്തു കൊടുക്കാമായിരുന്നു. പക്ഷേ, കാണുകയും പരിചയപ്പെടുകയും ചെയ്തപ്പോള്‍ സല്‍സ്വഭാവിയായ സുഗതനെ വളരെ ഇഷ്ടപ്പെട്ടു. ഇവന്‍ തന്നെ മതി തന്റെ മകളുടെ ഭര്‍ത്താവായിട്ട്. ഉറച്ച തീരുമാനമായിരുന്നു. പല ബന്ധുക്കളും പറഞ്ഞു:
''ഇത്രയും പണക്കാരനായ ഗോപാലകൃഷ്ണന്‍ചേട്ടന് മകളെ ഒരു സാദാ പൊലീസുകാരനു വിവാഹം ചെയ്തുകൊടുക്കേണ്ട ആവശ്യമുണ്ടോ?''  
''ഉണ്ട്. ഒരു സല്‍സ്വഭാവി എന്റെ മകളുടെ ഭര്‍ത്താവായി വരണം. എനിക്കൊരു നല്ല മരുമകനെ വേണം. നേരത്തേ എന്റെ ഭാര്യ മരിച്ചതാണെന്നറിയാമല്ലോ. അതില്‍പ്പിന്നെ ഞാനെന്റെ മോളെ അല്ലലറിയാതെ വളര്‍ത്തി. ഇനിയും അവള്‍ക്കൊരു വിഷമമുണ്ടാകാന്‍ പാടില്ല. എന്റെ കണ്ണടയുന്നതുവരെ അജിത സുഖമായിക്കഴിയണം.'' ഗോപാലകൃഷ്ണന്‍നായരുടെ ചിന്താഗതി വളരെ വ്യത്യസ്തമായിരുന്നു. സുഗതന്‍ സല്‍ഗുണസമ്പന്നനും മര്യാദക്കാരനുമായ ഒരു ചെറുപ്പക്കാരനായിരുന്നു. ഗോപാലകൃഷ്ണന്‍നായര്‍ സുഗതനു ഫോണ്‍ ചെയ്തുപറഞ്ഞു:
''മോന്‍ ലീവു കിട്ടുമ്പോള്‍ ഇങ്ങോട്ടു പോന്നോളൂ.''
''അച്ഛന്‍ പറഞ്ഞില്ലെങ്കിലും അങ്ങനെ ചെയ്യാനാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്.''
''നന്നായി മോനെ. നന്നായി.'' 
''ശരി വെക്കട്ടെ അച്ഛാ. ഒരു പ്രതിയെ ക്യാപ്റ്റന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.''
''ആരാ മോനെ പ്രതി?''
''ഒരു കള്ളനാണച്ഛാ.''
''ഇടിയൊന്നും കൊടുക്കേണ്ട കേട്ടോ.''
''ഇല്ലച്ഛാ. എന്റെ വഴി സമാധാനത്തിന്റെ വഴിയാണെന്നച്ഛനറിഞ്ഞൂടെ...'' സുഗതന്‍ ഫോണില്‍പ്പറയുന്നതു കള്ളന്‍ കേട്ടു.
''മാപ്പാക്കണം സാറെ. ഇനി ഞാന്‍ മോഷ്ടിക്കില്ല. സാറെന്റെ കണ്ണു തെളിച്ചു.''
''നല്ലത്. എന്താ തന്റെ പേര്. സുകുമാരന്‍ അല്ലേ. എന്തെങ്കിലും ജോലി ചെയ്തു മാന്യമായി ജീവിക്കൂ സുകുമാരാ. എസ്.ഐ.വരുമ്പോള്‍ ഞാന്‍ പറയാം നിന്റെ പേരില്‍ കേസൊന്നും ചാര്‍ജു ചെയ്യേണ്ടന്ന്...''
''വളരെ  ഉപകാരം. എസ്.ഐ.അദ്ദേഹം തല്ലുമോ സാറെ?''
''ഇല്ല. നീ അദ്ദേഹത്തെ കാണുമ്പോള്‍ താണുകേണപേക്ഷിച്ച് ഒന്നു തൊഴുതോളൂ. അദ്ദേഹം വളരെ ദയാലുവായ മനുഷ്യനാണ്.'' സുഗതന്‍ പറഞ്ഞു.
ബൂട്ട്‌സിന്റെ ശബ്ദം അടുത്തടുത്തു വരുന്നു. കള്ളന്‍ സുകുമാരന്റെ ചങ്കിടിച്ചു. അതാ ഭീകരരൂപമുള്ള എസ്.ഐ. മുന്നില്‍. പിരിച്ചുവച്ച വലിയ കപ്പടാമീശ. കൈയില്‍ ഒരു ലാത്തിയുമായി മാണിക്യം മുന്നില്‍ നില്‍ക്കുന്നു.
''എന്നാ സുഗതന്‍ പോലീസേ ഇവന്‍ എല്ലാം സമ്മതിച്ചോ...'' 
''ഉവ്വ് സാര്‍. പാവമാ. ഒരബദ്ധം പറ്റിയതാണെന്നാ പറഞ്ഞത്.''
''സരിസരി... എന്നടാ തിരുടാ അബദ്ധം പറ്റി തിരുടിയോ നീ...'' എസ്.ഐ. കപ്പടാമീശമാണിക്യം ചോദിച്ചു.
''പൊന്നുസാറെ മന്നിക്കണം. ഞാനിനി മോഷ്ടിക്കില്ല. എന്നെ ഉപദ്രവിക്കാതെ പുറത്തു വിടണം. ഭാര്യയും രണ്ടു കൊളന്തയുമുണ്ടെനിക്ക്...''
''കൊളന്തകളുണ്ട് എന്ന പ്രായം?'' മാണിക്യം ചോദിച്ചു.
''അഞ്ചും ഏഴും വയസ്സ്.'' കള്ളന്‍ സുകുമാരന്‍ എസ്.ഐ.യെ തൊഴുതുകൊണ്ടു പറഞ്ഞു.
''അപ്പപ്പാ മുരുകാ അന്ത കുളന്തൈകളെ കാപ്പാത്തണേ ശബരിമലശാസ്താവേ...'' മാണിക്യം പറഞ്ഞു.
''എന്റെ കുളന്തകളെയാണോ അങ്ങു കാപ്പാത്തണമെന്നു പറഞ്ഞത്...''
''അതെയെടാ സുകുമാരന്‍ തിരുടാ...'' അദ്ദേഹം ചിരിച്ചുകൊണ്ടു മീശ പിരിച്ചു. ലാത്തി ചുഴറ്റി.
''എന്റെ മുന്നില്‍ നില്‍ക്കുന്നത് എസ്.ഐ. മാണിക്യമല്ല. സാക്ഷാല്‍ ഈശ്വരനാണ്...'' കള്ളന്‍ സുകുമാരന്‍ എസ്.ഐ. മാണിക്യത്തിനുമുന്നില്‍ കമിഴ്ന്നു വീണു വിങ്ങിക്കരഞ്ഞു.  
''എന്നടാ ഇത്... തിരുട്ടുപ്പയലേ എണീക്ക് ഒനക്കു പശിക്കുതാ... ഡേ 304, ഒരു കോഫിയും രണ്ടുപഴം പൊരിയും കൊണ്ടുവാ.''
പത്തുമിനിറ്റിനകം കാപ്പിയും പഴംപൊരിയും വന്നു. 
''ഇന്ത തിരുടനുക്കു കൊട്. കഴിക്കൂ സുകുമാരാ. ഇന്നു മുതല്‍ നീ തിരുടനല്ല. ജോലി ചെയ്തു മാന്യമായി ജീവിച്ചോണം. പുരിഞ്ചിതാ.''
''ജീവിച്ചോളാം. മാന്യമായി ജീവിച്ചോളാം. പൊലീസ് എന്നെ നല്ലവനാക്കി.''
''ശരി. സാവധാനം കാപ്പി കഴിച്ച് അന്തമുറിയില്‍ വന്ത് ചില ഒപ്പുകള്‍ ഇട്ടിട്ടു പൊയ്‌ക്കോ.'' എസ്.ഐ. മാണിക്യംസാര്‍ തന്റെ ക്യാബിനിലേക്കു പോയി. 
''ഈ കരിങ്കല്‍ശരീരത്തിനുള്ളിലും ഒരു മൃദുവായ കനിവുള്ള ഹൃദയമോ?...'' സുഗതന്‍ പൊലീസ് മനസ്സില്‍ അങ്ങനെ ആത്മഗതം ചെയ്തു.
സുകുമാരന്‍ പഴംപൊരി തിന്നുകയാണ്. ചൂടുകാപ്പി അയാള്‍ ഊതിയൂതിക്കുടിച്ചു.
ഇതൊരു പൊലീസ് സ്റ്റേഷനോ അതോ ദൈവസന്നിധി
യോ?
കള്ളംതെളിയിക്കാന്‍വേണ്ടി കള്ളന്മാരെ ഇടിച്ചു ചതയ്ക്കുന്ന പൊലീസുകാരെപ്പറ്റിയേ സുകുമാരന്‍ കേട്ടിട്ടുള്ളൂ.
പ്രതികളോടു കനിവുകാണിക്കുന്ന നല്ല ഹൃദയമുള്ള പൊലീസുകാരെക്കുറിച്ചു കേട്ടിട്ടില്ല... ഇപ്പോള്‍ നേരിട്ടു കണ്ടു. 
കോണ്‍സ്റ്റബിള്‍ സുഗതന്‍.
എസ്.ഐ. മാണിക്യം.
വാഷ്‌ബേസിനില്‍ച്ചെന്ന് കൈകഴുകി ഗ്ലാസ് കഴുകിവച്ച് സുകുമാരന്‍ ഓഫീസ് റൂമില്‍ച്ചെന്ന് ഒപ്പിട്ടു.
''ഇറങ്ങട്ടെ സാറെ.'' സുകുമാരന്‍ മാണിക്യത്തെ തൊഴുതു. പിരിച്ചുവച്ച കപ്പടാമീശയ്ക്കു നടുവില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
അവിശ്വസനീയം. എസ്.ഐ. മാണിക്യം സാര്‍ ചിരിക്കുന്നു... 
''പോയി നന്നായി ജോലി ചെയ്തു ജീവിക്ക് സുകുമാരാ. കടവുകള്‍ കാപ്പാത്തും.''
''എന്റെ പൊന്നുസാറിനെ ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല....'' സുകുമാരന്‍ തൊഴുകൈയോടെ എസ്.ഐ. മാണിക്യത്തോടു പറഞ്ഞു.
''ആമാ അപ്പടിയാ... ആകട്ടും...'' മാണിക്യം വീണ്ടും പുഞ്ചിരിച്ചു.
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)