പങ്കാളിയുടെ വിചിത്രവും പ്രകോപനപരവുമായ പെരുമാറ്റത്തെക്കുറിച്ചു പ്രയാസപ്പെടാത്തവരുണ്ടോ? എത്ര ചിന്തിച്ചാലും ഉത്തരമില്ലാത്ത ഒരു സമസ്യപോലെയാണത്.
• സ്വന്തം കുറ്റം വേറൊരാളുടെ മേല്‍ ചുമത്തുക.
• ഒരു കാരണവുമില്ലാതെ പൊട്ടിത്തെറിക്കുക.
• മനോവിഭ്രാന്തിയുള്ളതുപോലെ പെരുമാറുക.
നിത്യജീവിതത്തെ നരകതുല്യമാക്കുന്ന ഇത്തരം പെരുമാറ്റങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു? ഇവിടെയാണ് മനസ്സിന്റെ പ്രതിരോധതന്ത്രങ്ങള്‍ക്കുള്ള പ്രസക്തി. വലിയ സമ്മര്‍ദ്ദങ്ങളുള്ള സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോള്‍ ചില ഒളിച്ചോടല്‍സൂത്രവിദ്യകള്‍ മനസ്സ് പുറത്തെടുക്കും. മിക്കപ്പോഴും അബോധമായ ഒരു നടപടിയാണിത്. അങ്ങനെ അഹത്തിന്, തത്കാലത്തേക്കെങ്കിലും പരാജയഭീതിയില്‍നിന്നു രക്ഷപ്പെടാന്‍ കഴിയുന്നു. പരാജയം ആത്യന്തികമായി പിടിപ്പുകേടുകള്‍ വെളിപ്പെടുന്നതോ മനസ്സിനേല്ക്കുന്ന മുറിവുകളോ ആണല്ലോ. നല്ല അതിജീവനശേഷി ഉള്ളവരില്‍ പ്രതിരോധതന്ത്രങ്ങള്‍ തുലോം കുറവായിരിക്കും. അറിയാത്തവര്‍ കൂടുതല്‍ കൂടുതല്‍ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കും.
വാസ്തവത്തില്‍ പ്രതിരോധതന്ത്രങ്ങള്‍ ഒരാളുടെ നിവൃത്തികേടിന്റെകൂടി സൂചകമാണ്. അല്ലെങ്കില്‍ പരിമിതികളുടെ പരിദേവനമാണ്. അതുകൊണ്ട് ഇണയുടെ പ്രതിരോധതന്ത്രങ്ങളെ വളരെ പക്വതയോടെയും അവധാനതയോടെയും വേണം കൈകാര്യം ചെയ്യുവാന്‍. അല്ലെങ്കില്‍ കലഹവും ഭിന്നതയും കുടുംബത്തുനിന്ന് ഒഴിഞ്ഞൊരു നേരമുണ്ടാവില്ല.
സാധാരണകാണുന്ന ചില പ്രതിരോധതന്ത്രങ്ങളെ പരിചയപ്പെടാം.
സ്ഥാനമാറ്റം
അനിയന്ത്രിതമായ മനഃക്ഷോഭത്തെ മറ്റൊരാളിലേക്കു പ്രയോഗിക്കലാണിത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെ. മുതലാളി തൊഴിലാളിയോടോ മേലുദ്യോഗസ്ഥന്‍ കീഴ്ജീവനക്കാരനോടോ തട്ടിക്കയറിയെന്നു കരുതുക. ശകാരവും കുറ്റപ്പെടുത്തലും കേട്ടുനില്ക്കാനേ കഴിഞ്ഞുള്ളൂ. തിരിച്ചുപറയണമെന്നുണ്ടെങ്കിലും, ഭയംകൊണ്ട് ചെയ്തില്ല. എന്നിട്ടെന്തായി? വൈകിട്ടു വീട്ടില്‍ വന്നപ്പോള്‍, ഭാര്യയുടെമേല്‍ മെക്കിട്ടുകേറ്റം! അല്ലെങ്കില്‍ കുട്ടികളുടെമേല്‍ കുതിരകയറ്റം! നിസ്സാരകാര്യത്തെ ച്ചൊല്ലിയാകും ഈ പടയോട്ടം. തത്കാലത്തേക്കു ചിത്തക്ഷോഭം ലഘൂകരിക്കുകയാണ് ഇതുവഴി സംഭവിക്കുക.
തന്നെക്കാള്‍ താഴ്ന്നവരെന്ന് ഉറപ്പുള്ളവരുടെമേല്‍ മാത്രമാണ് ഈ പരീക്ഷണങ്ങള്‍ നടത്തുക. അല്ലെങ്കില്‍ പ്രതികരിക്കില്ലെന്ന് നല്ല ഉറപ്പുള്ളപ്പോഴും. മറിച്ചായാല്‍, തിരിച്ചടി കിട്ടുമല്ലോ. ഇത് പുരുഷന്‍ മാത്രം ഉപയോഗിക്കുന്ന വിദ്യയല്ല. സ്ത്രീകള്‍ക്കും വശമുള്ള കാര്യമാണ്.
നിരപരാധിയായ തന്നെ വേദനിപ്പിക്കുന്നല്ലോ, തന്റെ ആത്മാര്‍ത്ഥതയ്ക്ക് ഒരു വിലയുമില്ലല്ലോ, ഇങ്ങനെയൊക്കെ പങ്കാളി ചിന്തിച്ചുതുടങ്ങുന്നു. അതു ക്രമേണ ക്ഷമിക്കാനാവാത്ത നിലപാടുകളിലെത്തിച്ചേക്കാം. പ്രണയത്തിന്റെ കരുതലും കാരുണ്യവും അംഗീകാരവുമൊക്കെയാണല്ലോ തച്ചുടയ്ക്കപ്പെടുക!
മുറിപ്പെടുത്തുന്നയാള്‍ക്ക് ഇനിയും ചില ചോയ്‌സുകള്‍ ഉണ്ട്. അയാള്‍ക്ക് തന്റെ ഹൃദയവ്യഥ തുറന്നുപറയാം. 'നിന്നോടെനിക്കു ദേഷ്യമില്ലായിരുന്നു' എന്ന് കുമ്പസാരിക്കാം. അതു നല്കുന്ന സമാധാനം നിസ്സാരമല്ല. മാത്രവുമല്ല, തന്റെ സംഘര്‍ഷത്തിനു കാരണക്കാരായ വ്യക്തിയെക്കുറിച്ച് തുറന്നു സംസാരിക്കുവാനും സാധിക്കും. ഒരുമിച്ചെടുക്കുന്ന സ്ട്രാറ്റജികള്‍ ഒറ്റയ്‌ക്കെടുക്കുന്നതിലും ഫലപ്രദമാകുന്നതാണ് അനുഭവം.
ഇരയാകുന്ന വ്യക്തി പങ്കാളിയെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. തന്റെ അനുഭാവപൂര്‍വമല്ലാത്ത പെരുമാറ്റമാണോ അയാളുടെ ഹൃദയവാതിലുകള്‍ അടച്ചതെന്നു ചിന്തിക്കണം. അപ്പോഴാണ് അഗ്നിപര്‍വ്വതങ്ങള്‍ പുകയുന്ന ഇടങ്ങള്‍ കണ്ടെത്തുക. അല്ലെങ്കില്‍, താനാണ് അനിഷ്ടത്തിനു കാരണം എന്ന മിഥ്യാബോധം എന്നും വേട്ടയാടിക്കൊണ്ടിരിക്കും. ആരോപണപ്രത്യാരോപണങ്ങള്‍ നിത്യസംഭവമാകുകയും ബന്ധങ്ങള്‍ മുറിയുകയും ചെയ്യുന്നു.