•  25 Jul 2024
  •  ദീപം 57
  •  നാളം 20
ബാലനോവല്‍

മിഠായി

ശിവശങ്കരന്‍സാറിന്റെ വീട്ടില്‍ സന്തോഷം പൂത്തിരിയായി കത്തിച്ചിതറുകയാണ്. കാരണം എന്തെന്നല്ലേ... അവിടെ ഗള്‍ഫുകാരന്‍ വിനീതു വന്നിട്ടുണ്ട്. ശ്രീകാന്തിന്റെ ഭാര്യ മായയുടെ ചേട്ടന്‍ വിനീത്. അവിവാഹിതനാണ്. കല്യാണം കഴിക്കാന്‍ മാതാപിതാക്കള്‍ അവനെ നിര്‍ബന്ധിക്കാറുണ്ട്. 
സമയമായില്ല എന്നു പറഞ്ഞ് വിനീത് ഒഴിഞ്ഞുമാറിക്കളയും. 
''ഇനിയെന്നാ സമയമാകുന്നത്... മൂക്കില്‍ പല്ലു മുളയ്ക്കുമ്പോഴോ...'' വിനീതിന്റെ അമ്മ തമാശയായി ചോദിക്കും.
''ഞാന്‍ കുറച്ചുനാള്‍ സമാധാനമായിട്ടൊന്നു ജീവിച്ചോട്ടെ അമ്മേ. പിന്നെ മതി കല്യാണം.''
പിന്നെ അവനോടു കൂടുതലൊന്നും പറയാറില്ല.
''അങ്കിളേ, എവിടെ വാച്ച്?'' അച്ചു അവന്റെ അടുത്തുകൂടി.
''തരാം മോനേ.''
''അങ്കിളേ, എനിക്കെന്താ കൊണ്ടുവന്നിരിക്കുന്നെ.'' ആ വണി വിനീതിനെ പറ്റിക്കൂടി നിന്നു ചോദിച്ചു.
''ആവണിക്കുട്ടിക്ക് ഒരു ജോഡി ഡ്രസ്സ്. സൗന്ദര്യവര്‍ധകസാധനങ്ങള്‍, പൗഡര്‍, സോപ്പ്, ഫോറിന്‍ സാധനങ്ങള്‍ അങ്ങനെയങ്ങനെ ഒരുപാടിനങ്ങളുണ്ട്.''
''എനിക്കീന്തപ്പഴം മതി ചേട്ടാ.'' മായ പറഞ്ഞു.
''അളിയനോ?'' ശ്രീകാന്തിനോടാണ്.
''നീ എന്തു തന്നാലും എനിക്കു സന്തോഷം.'' ശ്രീകാന്ത് പറഞ്ഞു.
''അച്ഛനും അമ്മയ്ക്കും ഒന്നും വേണ്ടേ.''
''വേണം വേണം.'' ശിവശങ്കരന്‍സാറു പറഞ്ഞു.
''മറ്റവന്‍ ഒരെണ്ണം.'' മദ്യത്തിന്റെ കാര്യമാണു വിനീത് പറയുന്നത്.
''വിനീതേ, അച്ഛന്‍ മദ്യപാനമൊക്കെ നിര്‍ത്തി.''
''ശരിയാ വിനീതേ, ഞാനതൊക്കെ കംപ്ലീറ്റുനിര്‍ത്തി.''
''ശരി. ഓക്കെ. അതു വിട്ടേരെ.'' വിനീത് വിഷയം മാറ്റി.
ശ്രീകാന്ത് പറഞ്ഞതു ശരിയാണ്. ശിവശങ്കരന്‍സാറു മദ്യപിക്കുമായിരുന്നു. രണ്ടുവര്‍ഷമായി നിര്‍ത്തിട്ട്. അതു തന്റെ ആരോഗ്യത്തിനു പറ്റിയതല്ലെന്ന് അങ്ങേര്‍ക്കു തോന്നിയിരിക്കണം. 
ചക്കരക്കുട്ടന്‍ അച്ചുവിന് ഒന്നാന്തരമൊരു ക്വാര്‍ട്ട്‌സ് വാച്ച്. ആവണിക്കും അച്ചുവിനും വേറേയും കളിപ്പാട്ടങ്ങള്‍, ഉടുപ്പുകള്‍. മായയ്ക്കും ശ്രീകാന്തിനും ഡ്രസ്സുകള്‍. അമ്മയ്ക്കും അച്ഛനും പുതപ്പുകള്‍, മറ്റു വസ്തുക്കള്‍. 
''ഇത്രയും സാധനങ്ങള്‍ കെട്ടിവലിച്ച് ഡ്യൂട്ടിയടച്ച് കൊണ്ടുവരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ വിനീതേ...''
ശിവശങ്കരന്‍സാറു ചോദിച്ചു.
''ഇതൊക്കെ ഒരു സന്തോഷമല്ലേ അച്ഛാ.'' വിനീത് ചിരിച്ചു.
''മായേ ഭക്ഷണമൊന്നുമില്ലേ വയര്‍ കത്തുന്നു...''
''ഇതാ ചേട്ടാ ഊണു വിളമ്പി. എല്ലാവരും വരിന്‍.''
മായ പറഞ്ഞു.
കൈകഴുകി ഡൈനിങ് ടേബിളിനു മുമ്പിലിരുന്നപ്പോള്‍ വിനീത് ചോദിച്ചു:
''എന്താ മായേ സ്‌പെഷല്‍...''
''ചേട്ടനിഷ്ടപ്പെട്ട കരിമീന്‍ പൊരിച്ചത്, സാമ്പാറ്, ചെറുപയര്‍ തോരന്‍, പപ്പടം കാച്ചിയത്.''
''ഓ കേട്ടപ്പോള്‍ത്തന്നെ വയര്‍ നിറഞ്ഞു. എല്ലാം എനിക്കിഷ്ടപ്പെട്ടവ തന്നെ. ഗള്‍ഫിലെ ഭക്ഷണം എനിക്കു മടുത്തു.''
''ലീവ് എത്ര നാളുണ്ട് വിനീതേ.'' ഊണു കഴിക്കുന്നതിനിടെ ശിവശങ്കരന്‍സാറു ചോദിച്ചു. 
''നാലുമാസം. അതിനിടെ ശരീരമൊക്കെ ഒന്നു നന്നാക്കണം.''
''അതില്‍ രണ്ടുമാസം ഇവിടെ കൂടിക്കോ. ഇഷ്ടഭക്ഷണം കഴിച്ച് ശരീരം വണ്ണിപ്പിക്കാം.''
''നോക്കാം. അച്ഛാ.'' 
എല്ലാവരും സംസാരിച്ചു സന്തോഷത്തോടെ ഊണു കഴിച്ചു.
   *       *      *
ഇതിനിടെ ശിവശങ്കരന്‍ സാറിന്റെ സ്‌നേഹിതന്‍ വാരിജാക്ഷന്റെ വീട്ടില്‍ ഭയങ്കരബഹളം. അമ്മായിയമ്മയും മരുമകളും തമ്മിലാണ്. അജിത പിണങ്ങി അവളുടെ വീട്ടില്‍പ്പോയി. വാരിജാക്ഷന്‍സാറ് രമ്യതപ്പെടുത്താന്‍ നോക്കി. പറ്റിയില്ല. തന്റെ ഭാര്യ വാസന്തി അമ്പിനും വില്ലിനും അടുക്കില്ല. പാവം സുഗതന്‍ ഈ വിവരമറിഞ്ഞ് ഒന്നും പ്രതികരിച്ചില്ല. അജിത അവളുടെ വീട്ടില്‍ നില്‍ക്കട്ടെ. താന്‍ ലീവുള്ളപ്പോള്‍ അങ്ങോട്ടുപോകും. ഒറ്റയ്ക്കാവുമ്പോള്‍ അമ്മ പഠിച്ചോളും. അയാള്‍ അങ്ങനെ സമാധാനിച്ചു.
''എങ്കിലും വാസന്തീ നീ ചെയ്തത് അക്രമമായിപ്പോയി.''
''എന്തക്രമം. മരുമകള്‍ പിണങ്ങിപ്പോയതാണോ?''
''അതുതന്നെ. നീയാ പാവത്തിനെ വഴക്കുണ്ടാക്കി ഓടിച്ചു.'' വാരിജാക്ഷന്‍സാറു കയര്‍ത്തു.
''അവളെനിക്കൊരു കൊച്ചിനെ പ്രസവിച്ചിട്ടുതരട്ടെ. എന്നാലേ ഞാനവളോട് അടങ്ങൂ.'' വാസന്തി പറഞ്ഞു.
''എടീ അതിപ്പോള്‍ അവളുടെ കുറ്റമാണോ?''
''അവളുടെ വീട്ടുകാര്‍ അറിഞ്ഞുകൊണ്ടു നമ്മടെ മകനെ പറ്റിച്ചു. ആ മച്ചിയെ കൊച്ചിനെക്കൊണ്ടു കെട്ടിച്ചു. അവനൊരു പാവമായതുകൊണ്ട് എല്ലാം സഹിക്കുന്നു.'' വാസന്തി മൂക്കുചീറ്റി കരയാനുള്ള പുറപ്പാടിലാണ്. 
''പോട്ടെ വാസന്തീ, നമുക്കെല്ലാത്തിനും വഴിയുണ്ടാക്കാം. നീ ചോറു വിളമ്പ്. വല്ലാതെ വിശക്കുന്നു.'' 
''വന്നിരിക്ക്. ഈ തിന്നണമെന്നുള്ള വിചാരംമാത്രമല്ലേയുള്ളൂ നിങ്ങക്ക്... ഒരു പോലീസുകാരന്‍ വന്നിരിക്കുന്നു...''
''എടീ... പോലീസുകാരനെ കുറ്റം പറഞ്ഞാലുണ്ടല്ലോ...'' 
വാരിജാക്ഷന്‍സാര്‍ കൈകള്‍ കൂട്ടിത്തിരുമ്മി ദേഷ്യം കടിച്ചമര്‍ത്തി. ഭാഗ്യത്തിനു പിന്നെ വാസന്തിയൊന്നും മിണ്ടിയില്ല. ഹെഡ്‌കോണ്‍സ്റ്റബിള്‍ ഊണുകഴിഞ്ഞ് ഒരേമ്പക്കംവിട്ടെണീറ്റു.
ബെഡ്‌റൂമില്‍ച്ചെന്നിരുന്ന് ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു. ചീത്തസ്വഭാവമാണിത്. തുടരുന്നില്ല. സാറ് സിഗരറ്റ് ആഷ്‌ട്രേയില്‍ കുത്തിക്കെടുത്തി. ഇത്തരം ദുശ്ശീലങ്ങള്‍ ഇനി ഈ വീട്ടില്‍ ആവര്‍ത്തിക്കുന്നില്ല. അദ്ദേഹം ശപഥം ചെയ്തു.
മദ്യപാനം, പുകവലി ഇല്ലേയില്ല.
 
(തുടരും)
Login log record inserted successfully!