•  3 Jul 2025
  •  ദീപം 58
  •  നാളം 17
ബാലനോവല്‍

പിങ്ക്‌ളാങ്കിയും അഞ്ച് മാലാഖമാരും

   അഞ്ചാം ക്ലാസ്സിലെ ആദ്യ ദിവസം, അമ്മയാണ് കൊണ്ടുവിട്ടത്. ഉച്ചവരെ മാത്രമേ ക്ലാസ്സുള്ളൂ. അതുകൊണ്ട് ആശ കടയില്‍പോയിട്ടു വന്നു തിരികെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകാമെന്നു പറഞ്ഞു.
കഴിഞ്ഞവര്‍ഷം കണക്കു പഠിപ്പിച്ച നിര്‍മലറ്റീച്ചറാണ് പുതിയ ക്ലാസ്റ്റീച്ചര്‍.  കുറച്ചു കര്‍ശനക്കാരിയാണെങ്കിലും കുട്ടികള്‍ക്കെല്ലാം റ്റീച്ചറിനെ ഇഷ്ടമാണ്. പുതുതായി രണ്ടു പെണ്‍കുട്ടികള്‍കൂടി ക്ലാസില്‍ ചേര്‍ന്നു. പതിനഞ്ച് ആണ്‍കുട്ടികളും പതിനെട്ടു പെണ്‍കുട്ടികളും ഇപ്പോള്‍ ക്ലാസിലുണ്ട്. അശ്വിന്‍കൂടി വന്നാല്‍ പതിനാറ് ആണ്‍കുട്ടികള്‍.
ആല്‍ഫബെറ്റിക്കല്‍ ഓര്‍ഡറില്‍ ഇരിക്കാന്‍ റ്റീച്ചര്‍ പറഞ്ഞു.
ഐവാന്റെ സ്ഥാനം രണ്ടാമത്തെ ബെഞ്ചിലാണ്, വിശാലിന് പിറകിലേക്കു പോകേണ്ടിവന്നു.
അവധിക്കാലം എങ്ങനെ ചെലവഴിച്ചു എന്നു നിര്‍മലറ്റീച്ചര്‍ കുട്ടികളോടു ചോദിച്ചു. ഈ പ്രാവശ്യം ആവേശത്തോടെ പറയാന്‍ രണ്ടു കാര്യങ്ങളുണ്ട്: ഒന്ന്, മാലാഖമാര്‍ വീട്ടിലുള്ള കാര്യം, മറ്റൊന്ന് പിപ്പിനെ കിട്ടിയ കാര്യം. പക്ഷേ, പിപ്പിന്റെ കാര്യംമാത്രം പറഞ്ഞു. അപ്പോള്‍ വിശാല്‍ റ്റീച്ചറിനോട് ഉറക്കെപ്പറഞ്ഞു:
''പിപ്പിനെ ഐവാനു കൊടുത്തത് എന്റെ ചിറ്റപ്പനാണ്.'' ആ നിമിഷം കുട്ടികളുടെ എല്ലാവരുടെയും ശ്രദ്ധ വിശാലിലേക്കു തിരിഞ്ഞു.
ടൈംടേബിള്‍ എല്ലാവരും എഴുതിയെടുത്തു. ക്ലാസ് തീരുന്നതിനു മുമ്പേ റ്റീച്ചര്‍ ഒരുകാര്യം പറഞ്ഞു:
''വളരെ മുഖ്യമായ ഒരു കാര്യം പറയാനുണ്ട്.'' എല്ലാവരും നിശ്ശബ്ദരായി ശ്രദ്ധയോടെ റ്റീച്ചറെ നോക്കി.
''നിങ്ങളില്‍ ചിലര്‍ക്കെങ്കിലും നമ്മുടെ അശ്വിന്‍ നാരായണന്‍ സുഖമില്ലാതെ ഇരിക്കുന്ന വിവരം അറിയാമായിരിക്കുമല്ലോ. അവനു ക്യാന്‍സറാണ്. വെല്ലൂര്‍ ഹോസ്പിറ്റലിലായിരുന്നു കഴിഞ്ഞ കുറച്ചുനാള്‍. ഇപ്പോള്‍ കുറവുണ്ട്.''
ഇതു പറഞ്ഞപ്പോള്‍ ഐവാന്‍ തിരിഞ്ഞു വിശാലിനെ നോക്കി. അവന്‍ ഒരു ചെറുപുഞ്ചിരിയോടെ തിരികെയും.
''ചികിത്സയുടെ ഭാഗമായി അവന്റെ തല മൊട്ടയടിച്ചു. ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നു, പേരന്റ്‌സ് വളരെ സങ്കടത്തിലാണ്, അവനും. അതുകൊണ്ടു നിങ്ങള്‍ കൂട്ടുകാരെല്ലാം അവനോട് എമ്പതിറ്റിക് ആയി പെരുമാറണം. അനാവശ്യചോദ്യങ്ങള്‍ ചോദിക്കരുത്. അടുത്ത ആഴ്ച അവന്‍ തിരികെവരും.''
പെണ്‍കുട്ടികളുടെ സൈഡില്‍നിന്ന് ആരോ ചോദിച്ചു:
''ടീച്ചര്‍, എമ്പതിറ്റിക് എന്നുപറഞ്ഞാല്‍ എന്താണ്?''
''മറ്റുള്ളവരുടെ വികാരം മനസ്സിലാക്കണം എന്ന്. അതായത്, സഹാനുഭൂതി വേണമെന്ന് അര്‍ഥം, നമ്മള്‍ എല്ലാവരും സഹജീവികളോടു കരുണയോടെ പെരുമാറണം. സഹജീവികളായ നമ്മള്‍ മനുഷ്യരോടു മാത്രമല്ല, എല്ലാ ജീവജാലങ്ങളോടും.
''ടൈംടേബിള്‍ പ്രകാരം, ബുക്കുകള്‍ നാളെ മുതല്‍ എടുത്തുകൊണ്ടുവരണം, ഇന്ന് ഉച്ചവരെയേ ക്ലാസ് ഒള്ളൂ, നാളെ മുതല്‍ സ്‌കൂള്‍ബസ്സ് ഉണ്ടായിരിക്കും.''
റ്റീച്ചര്‍ ബൈ പറഞ്ഞു പോയപ്പോള്‍, കുട്ടികള്‍ എല്ലാവരും തമ്മില്‍ സംസാരിക്കാന്‍ തുടങ്ങി, എല്ലാവരും അശ്വിനെക്കുറിച്ചാണ് സംസാരിച്ചത്.
പെട്ടെന്നാണ് ഐവാന് ഒരു കാര്യം മനസ്സിലേക്കു വന്നത്, താനും തലമൊട്ടയടിച്ചാലോ?
അവന്‍ അത് വിശാലിനോടു ചോദിച്ചു. അതിന് ഉത്തരമായി, ഞാനും എന്നാണ് വിശാല്‍ പറഞ്ഞത്. രണ്ടുപേര്‍ വീട്ടില്‍ ചോദിക്കാം എന്നു പറഞ്ഞെങ്കിലും, ബാക്കി പതിമ്മൂന്നു പേരും കഴിയുന്നതും വേഗം മുടി കളയാം എന്നു തീരുമാനിച്ചു.
പെണ്‍കുട്ടികളും അവര്‍ പറയുന്നതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിശാല്‍ അവരോടായി പറഞ്ഞു:
''നിങ്ങള്‍ മുടി വെട്ടേണ്ട, ഞങ്ങള്‍ ബോയ്‌സ് വെട്ടാം,'' അതില്‍ പുതുതായി ചേര്‍ന്ന ഒരു പെണ്‍കുട്ടി പറഞ്ഞു:
''മുടിയല്ലേ, അതു വെട്ടിയാല്‍ വളരും.''
''അതിനു നിനക്ക് അത്ര മുടി ഇല്ലല്ലോ, ക്രോപ്പ്ഡ് അല്ലേ?''
ആണ്‍കുട്ടികളില്‍ ഒരാള്‍, പ്രവീണാണ് അതു ചോദിച്ചത്. 
എല്ലാവരും ചേര്‍ന്നു ചിരിച്ചെങ്കിലും അവള്‍ മാത്രം ചിരിച്ചില്ല.
''യു നോ, ഐ ആം ആള്‍സോ എ ക്യാന്‍സര്‍ സര്‍വൈവര്‍.''
പെട്ടെന്നു ക്ലാസ്സില്‍ മൂകത പരന്നു.
സ്‌കൂള്‍ വിട്ടതിന്റെ ബെല്‍ മുഴങ്ങി എല്ലാവരും പതുക്കെ പുറത്തേക്കിറങ്ങി.
ആശ ഐവാനെ കാത്തുനില്പുണ്ടായിരുന്നു.
സ്‌കൂട്ടിയില്‍ കയറുമ്പോള്‍ വിശാല്‍ അടുത്തുവന്നിട്ടു പറഞ്ഞു:
''എല്ലാവരും മുടിവെട്ടുമായിരിക്കും അല്ലേ ?''
''അവരു ചെയ്യുമെന്നല്ലേ പറഞ്ഞത്, ചെയ്യും.''
വണ്ടിയുടെ അടുത്തേക്കു നടക്കുമ്പോള്‍ അമ്മ ചോദിച്ചു: 
''എന്താ ഒരു രഹസ്യം രണ്ടാളും കൂടെ?''
''അശ്വിന്റെ കാര്യം അന്നു ഞാന്‍ പറഞ്ഞില്ലേ?''
''ആ മോന് എങ്ങനെയുണ്ട്?''
''കുറവുണ്ടെന്നാണ്, നിര്‍മല റ്റീച്ചര്‍ പറഞ്ഞത്. അടുത്തയാഴ്ച അവന്‍ വരും, അവന്റെ മുടിയെല്ലാം കൊഴിഞ്ഞു, തല മൊട്ട യടിച്ചു, എമ്പതറ്റിക് ആയിട്ട് ബിഹേവ് ചെയ്യണം എന്നു റ്റീച്ചര്‍ പറഞ്ഞു, അതുകൊണ്ടു ഞങ്ങള്‍ ബോയ്‌സ്, എല്ലാവരും മുടി കളയാന്‍ തീരുമാനിച്ചു, അമ്മ സമ്മതിക്കില്ലേ?''
അമ്മ അതിന് ഉത്തരം പറയാതെ, കരുണയോടെ അവനെ നോക്കി. എന്നിട്ടു പറഞ്ഞു: ''അമ്മ തല മൊട്ടയടിച്ച തരാം.''
''അമ്മയ്ക്കതിനു മുടി വെട്ടാനറിയുമോ?''
''ഫാഷനായിട്ട് ഒന്നും ചെയ്യാനറിയില്ല, പക്ഷേ ഇതു മുഴുവനും കളയാനല്ലേ, പപ്പയുടെ ഷേവിങ് സെറ്റ് മതി, അതിന്. വീട്ടില്‍ എത്തിയതും, കൂട്ടില്‍ കിടന്നു പിപ്പിന്‍ ബഹളം വയ്ക്കാന്‍ തുടങ്ങി, പിങ്ക്‌ളാങ്കി കൂടു തുറന്ന് അവനെ കൈയില്‍ എടുത്തു. 
''ചേട്ടായിയെ മിസ് ചെയ്‌തോ? ഞാന്‍ സ്‌കൂളില്‍ പോയതല്ലേ? ഇനിത്തൊട്ടു ഡെയിലി സ്‌കൂളില്‍ പോകണം, ഇന്നു ഹാഫ് ഡേ, നാളെ മുതല്‍ ഫുള്‍ ഡേ.''
എല്ലാം മനസ്സിലായപോലെ പിപ്പിന്‍ തലയാട്ടി.
ഊണു കഴിഞ്ഞ് അമ്മ ഉറക്കമായി. സിസിലിയാന്റിയും അവരുടെ വീട്ടിലേക്കുപോയി.
പിങ്ക്‌ളാങ്കി, പിപ്പിനെയും കൂട്ടി മാലാഖമാരെ കാണാന്‍ പതുക്കെ നടകയറി, സ്‌കൂളില്‍ നടന്ന വിശേഷങ്ങള്‍ വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകേള്‍പ്പിച്ചു.
അശ്വിന് അസുഖം കുറവുണ്ടെന്നും, ഫ്രണ്ട്സ് എല്ലാവരും മുടി മുറിക്കുന്ന കാര്യവും പറഞ്ഞു. പിന്നെ പുതുതായി വന്ന ഒരു പെണ്‍കുട്ടിക്ക് ക്യാന്‍സര്‍ ആയിരുന്നെന്നും ഇപ്പോള്‍ നന്നായിരിക്കുന്നുവെന്നും.
പതിവുപോലെ എല്ലാ മാലാഖാമാര്‍ക്കും നന്ദി പറഞ്ഞു.
മുറിയില്‍നിന്നും ഇറങ്ങുന്നതിനു മുമ്പേ റാഫേല്‍മാലാഖയെ കെട്ടിപ്പിടിച്ചു പ്രത്യേകം നന്ദി പറയാന്‍ മറന്നില്ല.
അശ്വിന് കുറവുണ്ടെന്നല്ലേ നിര്‍മ്മലറ്റീച്ചര്‍ പറഞ്ഞത്, അവനു ഭേദമാകും. മാലാഖ ഉറപ്പു നല്‍കി.
ഉറക്കം എഴുന്നേറ്റ് അമ്മ അവനെ വിളിക്കുന്നതുവരെ, മാലാഖമാരോടു കൂടെ സമയം ചെലവഴിച്ചു.
താഴെച്ചെന്നതും അമ്മ പറഞ്ഞു: '''ഈയിടെയായി നിനക്കു മുകളില്‍പോക്ക് കുറച്ചു കൂടുതലാണല്ലോ, എന്തെങ്കിലും കുസൃതി ഒപ്പിക്കുന്നുണ്ടോ? ആ പൊന്നുവിന്റെ മുറിയിലൊന്നും കയറരുത്. അവളുടെ സ്വഭാവം അറിയാമല്ലോ, വല്ലതും തൊട്ടു നശിപ്പിച്ചാല്‍ അവളു നിന്നെ വെച്ചേക്കത്തില്ല.''
''ഞാന്‍ ചേച്ചിയുടെ മുറി തുറക്കാറേയില്ല.''
''തുറക്കാതിരുന്നാല്‍ നിനക്കു കൊള്ളാം.''
പിങ്ക്‌ളാങ്കി മനസ്സില്‍ പറഞ്ഞു. 
''തുറക്കുന്നത്, ഉണ്ണിച്ചായന്റെ മുറിയാണ്.''
''പിപ്പിനെ നിലത്തുവച്ച്, കൈകഴുകി വാ, അമ്മ ഇന്നു ബേക്കറിയില്‍നിന്നു നിനക്ക് കപ്പ് കേക്ക് വാങ്ങി.''
''താങ്ക്യൂ അമ്മാ.''
''പിപ്പിന്‍, നിനക്കും ഞാന്‍ കേക്ക് തരാം.''
''അവന് അതു പാത്രത്തില്‍ ഇട്ടു കൊടുക്കൂ, നിലത്തിടരുതു കേട്ടോ.''     
          (തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)