•  21 Nov 2024
  •  ദീപം 57
  •  നാളം 37
കരുതാം ആരോഗ്യം

വേനല്‍ക്കാലത്ത് കണ്ണുകളെ കരുതണം

തിളങ്ങിനില്‍ക്കുന്ന കണ്ണുകള്‍ ഏവരിലും ആകര്‍ഷണീയമാണ്. അത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. പക്ഷേ, വേനല്‍ക്കാലത്ത് നേത്രരോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം കൂടുതലാണ്. വേനല്‍ച്ചൂടു കൂടുമ്പോള്‍ കണ്ണുകളെ കരുതലോടെ സംരക്ഷിക്കണം. വേനല്‍ക്കാലനേത്രരോഗങ്ങളില്‍ വ്യാപകമായ ഒന്നാണ് ചെങ്കണ്ണുരോഗം. അസഹ്യമായ ചൂടും പൊടിപടലങ്ങളും  ചെങ്കണ്ണിനു കാരണമാകുന്നു. രോഗം പിടിപെട്ടാല്‍ ഒരാഴ്ചവരെ നീണ്ടു നില്‍ക്കും. മറ്റുള്ളവരിലേക്കു പടരുകയും ചെയ്യും. വൈറസും ബാക്ടീരിയയും രോഗത്തിനു കാരണങ്ങളാണ്. പീളകെട്ടല്‍, കണ്ണിനു ചുവപ്പുനിറം, ചൊറിച്ചില്‍, കണ്‍പോളകള്‍ വീങ്ങി തടിച്ചിരിക്കുക എന്നിവയാണു രോഗലക്ഷണങ്ങള്‍. കൈകള്‍കൊണ്ടു കണ്ണില്‍ തൊടരുത്. കണ്ണില്‍ മരുന്ന് ഒഴിക്കുന്നതിനുമുമ്പും ശേഷവും കൈകള്‍ കഴുകണം. ചെങ്കണ്ണു ബാധിച്ചാല്‍ ഉടന്‍ നേത്രരോഗവിദഗ്ധനെ കണ്ടു ചികിത്സ തേടുകയും വിശ്രമം എടുക്കുകയും വേണം. ചെങ്കണ്ണ് വളരെ വേഗം പടരുന്നതിനാല്‍ വ്യക്തിശുചിത്വത്തിനു പ്രാധാന്യം നല്‍കണം. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ വസ്തുവില്‍നിന്നും രോഗാണു പടരാന്‍ സാധ്യതയേറെയാണ്. അലര്‍ജിമൂലമുള്ള നേത്രരോഗങ്ങളും വേനല്‍ക്കാലത്തു കാണപ്പെടാറുണ്ട്. പൊടിക്കു പുറമേ പുക, രാസവസ്തുക്കള്‍ എന്നിവമൂലമുണ്ടാകുന്ന രോഗമാണിത്. അലര്‍ജിമൂലമുണ്ടാകുന്ന നേത്രരോഗങ്ങള്‍ പകരുന്നതല്ല. കണ്‍പോളയില്‍ വീക്കം, കണ്‍കുരു തുടങ്ങിയ രോഗങ്ങളും വേനല്‍ക്കാലത്തു വിവിധ പ്രായക്കാരില്‍ അണുബാധമൂലം കാണപ്പെടാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 കണ്ണിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കു സ്വയംചികിത്സ പാടില്ല.
 ഡോക്ടറുടെ നിര്‍ദേശപ്രകാരം കണ്ണുകളില്‍ മരുന്ന് ഒഴിക്കുക.
 കനത്ത വേനലില്‍ കണ്ണിനു സംരക്ഷണം നല്‍കാന്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നതു നല്ലതാണ്.
  കണ്ണുകളില്‍ അലര്‍ജിയോ മറ്റു പ്രശ്‌നങ്ങളോ അനുഭവപ്പെട്ടാല്‍ ശുദ്ധമായ വെള്ളത്തില്‍ കണ്ണു കഴുകണം.
 കണ്ണുകളില്‍ സ്പര്‍ശിക്കുന്നതിനുമുമ്പ് കൈകള്‍ കഴുകി വൃത്തിയാക്കിയിരിക്കണം
 കാരറ്റ് തുടങ്ങി വിറ്റമിന്‍ എ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്.
 വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്.

ഡോ. ജ്യോതി വി.എസ്.
ഒഫ്താല്‍മോളജിസ്റ്റ്, മാര്‍ സ്ലീവാ മെഡിസിറ്റി, പാലാ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)