•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

ഹുണ്ടിക

രകീയപദങ്ങളെ നേരിട്ടും രൂപം മാറ്റിയും സ്വീകരിക്കുന്ന പ്രവണത എല്ലാക്കാലത്തും മലയാളം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. പേര്‍ഷ്യന്‍ഭാഷയില്‍നിന്നു സംസ്‌കൃതത്തിലേക്കും ഹിന്ദിയിലേക്കും അതു വഴി മറ്റു ഭാരതീയഭാഷകളിലേക്കും സംക്രമിച്ച ഒരു വാക്കാണ് ഹുണ്ഡീ(ഹിന്ദി) അഥവാ ഹുണ്ഡികം (സംസ്‌കൃതം).* ഹുണ്ഡികാശബ്ദത്തെ രണ്ടുരീതിയിലാണ് മലയാളം കൈക്കൊണ്ടത്. ഒന്ന്: ഹുണ്ടിക (ദീര്‍ഘാന്തം ഹ്രസ്വമാക്കേണം അനേകാക്ഷരമാവുകില്‍) രണ്ട്: ഉണ്ടി; ഉണ്ടിക. ഹുണ്ടികയും ഉണ്ടികയും തദ്ഭവരൂപങ്ങളാണെങ്കിലും ഉണ്ടികയ്ക്കു വാമൊഴിയെന്ന നിലയിലാണു പ്രസിദ്ധി. 
ഹുണ്ടിക എന്ന പദത്തിന് ഒരു തരം കൈമാറ്റപ്പത്രം (കൈമാറ്റച്ചീട്ട്), ഒരു നിര്‍ദിഷ്ടവ്യക്തിക്കു നിര്‍ദിഷ്ടമായ തുക നല്‍കാന്‍ മൂന്നാമതൊരാള്‍ക്കു നല്‍കുന്ന രേഖാമൂലമായ നിര്‍ദേശങ്ങള്‍, മുദ്രവച്ച പാസ്, കാണിക്കപ്പെട്ടി തുടങ്ങിയ വിവക്ഷിതങ്ങള്‍ കല്പിക്കപ്പെട്ടിരിക്കുന്നു. പണം പലിശയ്ക്കു കൊടുക്കുന്ന തൊഴിലാണ് ഹുണ്ടിയല്‍വ്യാപാരം അഥവാ ഉണ്ടികവ്യാപാരം. പണം പലിശയ്ക്കു കൊടുക്കുന്ന ഇടത്തിന് ഹുണ്ടിയല്‍ശാല (ഉണ്ടിയല്‍ശാല) എന്നു വ്യവഹരിക്കുന്നു. ''ഉണ്ടികയ്‌ക്കേ തിള വന്നതുമില്ലല്ലോ, കൊണ്ടിടാം വായ്പയായ് വിത്തമാര്‍ക്കും'* എന്നു മഹാകവി ഉള്ളൂര്‍ ''പിംഗള''യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പണമിടപാടു നടത്തുന്നിടം എന്ന വിവക്ഷിതം സ്വീകരിക്കാമെങ്കില്‍ ഉണ്ടിയല്‍ശാല(കട)യുടെ പരിഷ്‌കൃതരൂപങ്ങളാണ് ഇന്നത്തെ ബാങ്കുകള്‍ എന്നു പറയുന്നതില്‍ തെറ്റില്ല. അന്യഭാഷയില്‍നിന്നു കടന്നുവന്ന 'ഹുണ്ഡിക'യെ ഹുണ്ടിക എന്നാക്കിയാണ് മലയാളം സ്വീകരിച്ചത്. പ്രമുഖ നിഘണ്ടുക്കളിലും ഹുണ്ടിക എന്നുതന്നെ കാണുന്നു. പ്രചരിച്ചുറച്ച ഹുണ്ടികയെ മാറ്റി 'ഹുണ്ഡിക'യാക്കാന്‍ ഇനി മെനക്കെടേണ്ടതില്ലല്ലോ!
*കുഞ്ഞന്‍പിള്ള ശൂരനാട്ട്, എഡിറ്റര്‍, മലയാളമഹാനിഘണ്ടു, വാല്യം 2, കേരളസര്‍വകലാശാല പ്രസിദ്ധീകരണം, തിരുവനന്തപുരം, 2003, പുറം -532.  
**പരമേശ്വരയ്യര്‍, എസ്. ഉള്ളൂര്‍, ഉള്ളൂരിന്റെ തിരഞ്ഞെടുത്ത കവിതകള്‍, പിംഗള, ഡി.സി. ബുക്‌സ്, കോട്ടയം, 2000, പുറം - 578.

 

Login log record inserted successfully!