•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

ഇടം

''വക്കീല്‍സാറേ, ജിനേഷിന് പോലീസ് പ്രൊട്ടക്ഷന്‍ കിട്ടിയെന്നു പറഞ്ഞത്?'' പുഴക്കര വക്കച്ചന്‍ വിശ്വസിക്കാനാവാതെ ചോദിച്ചു. 
''സത്യമായ കാര്യം. രാത്രിയും പകലും ഉണ്ണുമ്പഴും ഉറങ്ങുമ്പഴും ഇരിക്കുമ്പഴും നടക്കുമ്പഴും അവന്റെകൂടെ ഒരു പോലീസുകാരനുണ്ടാകും. കൈയില്‍ തോക്കുള്ള പോലീസ്!'' അഡ്വ. ജയപാലന്‍ പറഞ്ഞു.
വക്കച്ചന്റെ മുഖം മുറുകി.
''തോക്കുള്ള പോലീസുകാരനല്ല, ഇന്ത്യന്‍ പട്ടാളം മുഴുവന്‍ അവനു കാവലുനിന്നാലും തീര്‍ക്കാന്‍ വക്കച്ചന്‍ തീരുമാനിച്ചാല്‍ അവന്‍ തീര്‍ന്നിരിക്കും.'' അയാള്‍ പറഞ്ഞു.
ജയപാലന്‍ പുഞ്ചിരിച്ചു.
''അച്ചായന്റെ ഈ വര്‍ത്തമാനം എനിക്കിഷ്ടമാ. പക്ഷേ, ഒന്നും അങ്ങു പ്രവൃത്തീലോട്ടു വരുന്നില്ല. മകളെക്കൊണ്ട് മൊഴി പറയിക്കാമെന്നുപറഞ്ഞ് വേണ്ടാത്ത പണിക്കു പോയിട്ടിപ്പം കൊടുത്ത പെറ്റീഷന്‍ പിന്‍വലിക്കാന്‍ ഞാന്‍ നാണം കെട്ടിറങ്ങണം. ഒരു കാര്യം പറഞ്ഞേക്കാം. ഈ കേസിങ്ങനെ നില്‍ക്കുമ്പം പരാതിക്കാരനെന്തു സംഭവിച്ചാലും പഴി നമുക്കിരിക്കും. തല്‍ക്കാലം മകളെ ഹോസ്പിറ്റലില്‍നിന്നു വീട്ടിലേക്കു മാറ്റാന്‍ നോക്ക്.''
''ഞാന്‍ മടങ്ങുകാ. സാറ് സുപ്രീംകോടതിയിലെ വക്കീലിനെ വിളിച്ച് ഒന്നൂടെ ചൂടാക്ക്. സ്റ്റേ എത്രയും പെട്ടെന്ന് വാങ്ങിച്ചെടുക്കണം.'' വക്കച്ചന്‍ പറഞ്ഞു.
''അഡ്വക്കേറ്റ് മേനോനെ ഞാനുടനെ വിളിക്കുന്നുണ്ട്. പിന്നെ നമുക്കെതിരേ സ്റ്റേ കിട്ടാതിരിക്കാന്‍ അവനും ഒരു വക്കീലിനെ വച്ചിരിക്കുന്നു. ഒരു സുമിത്രാരാജന്‍. മലയാളിയാ. പത്തു പൈസ വാങ്ങാതെയാ അവര്‍ അവനുവേണ്ടി വാദിക്കുന്നത്. പരിസ്ഥിതിവാദിയായ അഡ്വക്കേറ്റാ. വീട്ടില്‍ പൂത്ത പണവുമുണ്ട്. പ്ലെയ്‌നിലാ ഡല്‍ഹിക്കുന്ന പോകുന്നതും വരുന്നതും...''
''ഹൊ! അതു സംഭവിച്ചോ? നമുക്ക് നല്ല വാര്‍ത്ത പ്രതീക്ഷിക്കാമല്ലേ വക്കീല്‍ സാറേ?'' വക്കച്ചന്‍ ഭീതിയോടെ ചോദിച്ചു.
''എപ്പഴും നല്ലതു മാത്രം പ്രതീക്ഷിക്ക്.''
''ശരി.'' അങ്ങനെ പറഞ്ഞ് പുഴക്കര വക്കച്ചന്‍ എഴുന്നേറ്റു. അയാള്‍ വക്കീല്‍ ആഫീസില്‍ നിന്നിറങ്ങി തന്റെ കാറിനടുത്തേക്കു നടന്നു.
കായല്‍ക്കര കൈയേറിയുണ്ടാക്കിയ വശ്യസുന്ദരമായ കൊട്ടാരം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ അയാള്‍ക്ക് തുടരെത്തുടരെ തിരിച്ചടികളാണ്. ഏറ്റവുമൊടുവില്‍ സര്‍വ്വപ്രതീക്ഷയും തകര്‍ത്തുകൊണ്ട് കാലന്‍മാത്തന്റെ മകള്‍ കളക്ടറായി വന്നിരിക്കുന്നു! 
തന്റെ വീടു പൊളിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നവന് കളക്ടര്‍ പോലീസ് പ്രൊട്ടക്ഷന്‍വരെ കൊടുക്കുന്നു! വെറും പത്തു സെന്റില്‍ രോഗിയായ അമ്മയ്ക്കും കെട്ടുപ്രായം കഴിഞ്ഞ പെങ്ങള്‍ക്കുമൊപ്പം കഴിയുന്നവനാണ് ജിനേഷ്! അവന്റെയൊരു പരിസ്ഥിതിസ്‌നേഹം! കേസില്‍നിന്നു പിന്മാറിയാല്‍ പത്തുലക്ഷംവരെ ഓഫര്‍ ചെയ്തതാണ്. അവനു വേണ്ട! മിനിറ്റുകൊണ്ട് വക്കച്ചന്‍ ഹോസ്പിറ്റലിലെത്തി.
''പപ്പാ....'' മീര സ്‌നേഹത്തോടെ അയാളെ വിളിച്ചു. 
''എന്താ മോളേ?'' മുഖപ്രസാദം തീരെയില്ലാതെ വക്കച്ചന്‍ തിരക്കി. 
''പിണങ്ങിയല്ലേ എന്നോട്?''
''ഇല്ല. എനിക്കാരോടും ഒരു പിണക്കവുമില്ല.''
''ഇപ്പഴെവിടുന്നാ ഇച്ചായന്‍ വരുന്നെ?'' ഫിലോമിന ചോദിച്ചു.
''കേസ് പിന്‍വലിക്കാതെ തരമില്ലല്ലോ. വക്കീലിനെക്കണ്ട് എല്ലാം ഏര്‍പ്പാടാക്കി. നിങ്ങളുടെയൊക്കെ തീരുമാനംപോലെ നടക്കട്ടെ.''
''വാശിക്ക് ഓരോന്നു ചെയ്യുമ്പം അതിന്റെ വരുംവരായ്കകള് ചിന്തിക്കുകേല. മോളെ പോലീസും കളക്ടറും വിഷമിപ്പിച്ചെന്ന് മൊഴികൊടുത്താല്‍ മീഡിയാസില്‍ അതെങ്ങനെയെല്ലാം വരും! നമ്മുടെ മോളുടെ മാനം കളഞ്ഞ് കേസ് ജയിക്കണോ?'' ഫിലോമിനാ ചോദിച്ചു.
വക്കച്ചന്‍ മറുപടി പറയാതെ നിന്നു. ഫിലോമിന പറഞ്ഞതുപോലെ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നെന്ന് അയാള്‍ക്കു തോന്നി. മനസ്സില്‍ പക ആളിക്കത്തുമ്പോള്‍ പ്രതികാരചിന്ത കഠിനമാകും. ഏറ്റവും മൂര്‍ച്ചയുള്ള ആയുധമാണപ്പോള്‍ തിരയുന്നത്. മുറിവുകളും നാശവും ഇരുപക്ഷത്തുമുണ്ടാകാം. കളക്ടര്‍ക്കും എസ്.പി.ക്കുമെതിരേ കൊടുത്ത കള്ളക്കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് ഏറ്റവും ഉചിതമായെന്ന് വക്കച്ചനു തോന്നിത്തുടങ്ങി. അയാള്‍ ഹോസ്പിറ്റലിലെ ബില്ലു തീര്‍ക്കാനും മറ്റുമായി കൗണ്ടറിലേക്കു പോയി. ഇടനാഴിയില്‍വച്ച് ഫിസിഷ്യന്‍ ഡോക്ടര്‍ അലക്‌സ് ജോസഫിനെ കണ്ടു.
''അച്ചായാ, എന്തായി കാര്യങ്ങള്‍? അന്വേഷണസംഘം എപ്പോള്‍ വരുമെന്ന് വല്ല ഇന്‍ഫര്‍മേഷനുമുണേ്ടാ?'' ഡോക്ടര്‍ അലക്‌സ് തിരക്കി. പുഴക്കര വക്കച്ചന്‍ തെല്ലു വിളറി. തീരുമാനം മാറ്റിയതും പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചതുമായ വിവരങ്ങള്‍ ഡോക്ടറോടു പറഞ്ഞു.
ഡോക്ടര്‍ അലക്‌സ് സന്തോഷത്തോടെ വക്കച്ചന് ഷേക്ക് ഹാന്‍ഡ് നല്‍കി.
''അച്ചായനെടുത്തത് വളരെ നല്ല തീരുമാനമാ. ഞാനാകെ വിഷമത്തിലായിരുന്നു. ഇപ്പോള്‍ ഒരുവിധ ആരോഗ്യപ്രശ്‌നവുമില്ലാത്ത മീരയ്ക്ക് മെന്റല്‍ ഷോക്കുണ്ടായെന്ന് എങ്ങനെ പറഞ്ഞൊപ്പിക്കുമെന്ന വിഷമസന്ധിയിലായി ഞാന്‍. എന്നെ ഇത്ര വലിയ ഫെസിലിറ്റിയുള്ള ഹോസ്പിറ്റലില്‍ ജോലിക്കെടുപ്പിച്ച അച്ചായനിങ്ങനെയൊരു ഹെല്‍പ്പ് ചോദിച്ചപ്പം നിരസിക്കാനും പറ്റിയില്ല. വ്യാജറിപ്പോര്‍ട്ടെഴുതുന്നതോര്‍ത്തപ്പം ആകെ ടെന്‍ഷനുമായി. വെരിഗുഡ് ഡിസിഷന്‍.'' അദ്ദേഹം നടന്നകന്നു. വക്കച്ചന്‍ പല പരിചയക്കാരെയും ഹോസ്പിറ്റലില്‍വച്ചു കണ്ടുമുട്ടി. സമ്പന്നവിഭാഗം കൂടുതലിഷ്ടപ്പെടുന്ന ചികിത്സാകേന്ദ്രമായിരുന്നു മെഡികെയര്‍ ഹോസ്പിറ്റല്‍.
ക്യാഷ് കൗണ്ടറിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ വക്കച്ചന്റെ മൊബൈല്‍ റിങ് ചെയ്തു. ഓണാക്കി ചെവിയില്‍ വച്ചു.
''ഹലോ... ആരാ...''
''ആരാന്നു പറയ്... ശബ്ദം കൂട്ടിപ്പറയ്.''
''വക്കച്ചായാ, ഇതു ഞാനാ. സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ്.''
''എന്താ സാറേ നമ്പര് മാറിയോ?''
''പഴയ നമ്പരൊക്കെയുണ്ട്. ഔദ്യോഗികഫോണില്‍ക്കൂടെ പറയാവുന്ന കാര്യമല്ല.''
''എന്നാ വിശേഷം, പറയ്. നിങ്ങടെ സ്റ്റേഷനീന്ന് ജിനേഷിന് പോലീസ് പ്രൊട്ടക്ഷന്‍ കൊടുത്തത് ഏതു വകുപ്പിലാ.''
''വകുപ്പൊക്കെ പറഞ്ഞുതരാം. അര്‍ദ്ധരാത്രി കഴിഞ്ഞപ്പഴാ ജില്ലാ കളക്ടര്‍ വിളിച്ചത്. ഉടനടി അവന് പോലീസ് പ്രൊട്ടക്ഷന്‍ കൊടുക്കണോന്നുത്തരവായി. എസ്.പി. രാത്രീല്‍ ഫോണെടുക്കാഞ്ഞിട്ടാ കളക്ടര്‍ എന്നെ നേരിട്ടു വിളിച്ചത്.''
''അവള്‍ക്ക് സൂക്കേട് കുറച്ചു കൂടുതലാ. ചാര്‍ജെടുത്തതേ എന്റെ മിറ്റത്തോട്ടാ എഴുന്നള്ളിയത്. എന്റെ വീട് പൊളിച്ചടുക്കാന്‍...''
''അച്ചായാ, നമ്മള് തമ്മിലുള്ള അടുപ്പംവച്ച് ഞാന്‍ പറയുകാ. കളിക്കുന്നത് തീക്കളിയാ. ആ പരിസ്ഥിതിക്കാരന്‍ പയ്യനെ തീര്‍ക്കാന്‍ അച്ചായന്‍ ക്വൊട്ടേഷന്‍ നല്‍കിയോ?''
''ഇല്ല. ഞാനൊന്നും ചെയ്തില്ല.''
''നുണ പോലീസിനോടു പറയരുത്.''
''ഇതെങ്ങനെ സാറിനു വിവരം കിട്ടി?''
''അച്ചായന്‍ ഏര്‍പ്പാടു ചെയ്തവര് അവനെ വിളിച്ചു. ലൊക്കേഷന്‍ കണെ്ടത്താനായിരുന്നു. ഏതോ ഒരുത്തന്‍ കള്ളിന്റെ പൊറത്ത് അവനെ തട്ടിക്കളയുമെന്നു ഭീഷണിപ്പെടുത്തി.''
''എന്നിട്ട്?''
''അവന്‍ പരാതി തന്നു. വിളിച്ച ഫോണ്‍ നമ്പറും ഞങ്ങള്‍ക്കു കിട്ടി. മിനിറ്റുകള്‍ക്കകം മൂന്നെണ്ണത്തിനെ പൊക്കി. ചോദ്യം ചെയ്യലില്‍ അച്ചായന്റെ പങ്കാളിത്തം കൃത്യമായി തെളിഞ്ഞു.''
''അവന്മാര് എന്റെ പേര് പറയാന്‍ ഒരു സാധ്യതയുമില്ലല്ലോ.''
''പേരു പറഞ്ഞില്ല. പറഞ്ഞില്ലേലും റൂട്ട് കണ്ടുപിടിക്കാന്‍ പോലീസിന് പല വഴികളുമുണ്ട്. അവന്മാരുടെ ഫോണിലേക്ക് അച്ചായന്‍ പല തവണ വിളിച്ചിട്ടുണ്ട്.''
''എന്നിട്ടെന്തായി?''
''ജിനേഷിന് പോലീസ് പ്രൊട്ടക്ഷന്‍ കൊടുത്തു. അതോടെ അവനൊതുങ്ങി. ക്രിമിനല്‍സിനെ വിരട്ടിവിടുകേം ചെയ്തു. അച്ചായനെ ഓര്‍ത്തുമാത്രം. എന്റെ കൈയില്‍ക്കൂടെ വന്നതുകൊണ്ടു വിട്ടതാ. ഒരു കാര്യം ഓര്‍ത്തോണം. ഇപ്പം കുറ്റം ചെയ്തവനെ മാത്രമല്ല പിടിക്കുന്നെ. പ്രേരണക്കാരനെയും വിടുകേല. സിനിമാനടന്‍ ജയിലും കോടതീം കേറി നടക്കുന്നത് കുറ്റം ചെയ്തിട്ടല്ലല്ലോ. ചെയ്യിപ്പിച്ചിട്ടല്ലേ?''
''അതു ശരിയാ. ഒതുക്കിവിട്ടതിന് പ്രത്യേകം നന്ദി. നമുക്കു കാണാം.''വക്കച്ചന്‍ പറഞ്ഞു നിര്‍ത്തി.
ക്യാഷ് കൗണ്ടറില്‍ ബില്ലു തീര്‍ത്ത് രസീതു കൊടുത്തപ്പോള്‍ ഹോസ്പിറ്റലില്‍നിന്നു മടങ്ങാനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങി. മീരയെ വീല്‍ച്ചെയറില്‍നിന്നെടുത്ത് കാറില്‍ കയറ്റാന്‍ മെയില്‍ നേഴ്‌സുമാര്‍ സഹായിച്ചു. വക്കച്ചന്‍ കാര്‍ മുമ്പോട്ടെടുത്തു.
''മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു വരവ്.''
ഫിലോമിന ആരോടെന്നില്ലാതെ പറഞ്ഞു. ഭാര്യയ്ക്കു നേരേ രൂക്ഷമായി നോക്കിയ വക്കച്ചന്‍ കാറിന്റെ സ്പീഡ് കൂട്ടി.
''പപ്പാ.... സ്പീഡ് കുറയ്ക്കുമോ? എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നു.'' മീര അസ്വസ്ഥതയോടെ പറഞ്ഞു.
വക്കച്ചന്‍ ആക്‌സിലറേറ്ററില്‍നിന്നു കാലയച്ചു.
കുറേ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. വക്കച്ചന്‍തന്നെ മൗനം മുറിച്ചു.
''അമ്മയോടും മകളോടും എനിക്കു ചില കാര്യങ്ങള്‍ പറയാനുണ്ട്.''
ഫിലോമിനയും മീരയും ആകാംക്ഷയോടെ ശ്രദ്ധിച്ചു.
''കായല്‍ക്കരയിലെ നമ്മുടെ വീട് പൊളിക്കാതിരിക്കാനുള്ള എല്ലാ പരിശ്രമവും ഞാന്‍ നടത്തും. ഏതെങ്കിലും സാഹചര്യത്തില്‍ നമ്മളു തോറ്റാല്‍ പിന്നെ എന്റെ കാര്യം എങ്ങനെയാകുമെന്നു പറയാനാവില്ല. ജീവിതത്തില്‍ രണ്ടുതവണ ഒടേതമ്പുരാന്‍ എന്റെ തലമണ്ടയ്ക്കിട്ടടിച്ചിട്ടുണ്ട്. മകന്‍ മരിച്ചപ്പഴും മീരമോള് തളര്‍ന്നുപോയപ്പഴും. ഇപ്പം മനുഷ്യന്മാരാ എന്നെ പൂട്ടാന്‍ മുന്‍ കൈയെടുക്കുന്നത്. ദൈവമല്ല.''
''മീരമോള്‍ പറഞ്ഞതുപോലെ കളക്ടര്‍ സലോമിയെ ഫോണില്‍ വിളിച്ചാലോ. നമ്മള്‍ക്ക് അവള്‍ അപരിചിതയല്ലല്ലോ?'' ഫിലോമിന പറഞ്ഞു.
''വേണ്ട. അവളുടെ കാലുപിടിക്കാന്‍ നമ്മളാരും പോകുന്നില്ല.''
''പിന്നെ?''
''വഴി കണെ്ടത്തണം. ഒരു കാര്യം ഉറപ്പിക്കാം. ഇക്കാര്യത്തില്‍ വക്കച്ചന്‍ തോറ്റാല്‍ പിന്നെ...'' അയാള്‍ പൂര്‍ത്തിയാക്കാതെ നിര്‍ത്തി.

 

Login log record inserted successfully!