•  18 Apr 2024
  •  ദീപം 57
  •  നാളം 6
ശ്രേഷ്ഠമലയാളം

അന്തശ്ഛിദ്രമോ അന്തച്ഛിദ്രമോ ?

സംസ്‌കൃതസന്ധിനിയമങ്ങള്‍ക്ക് മലയാളത്തില്‍ സ്ഥാനമുണ്ട്. രണ്ട് സംസ്‌കൃതശബ്ദങ്ങള്‍ ചേര്‍ക്കുമ്പോള്‍ സംസ്‌കൃതസന്ധിനിയമമാണ് പാലിക്കേണ്ടത്. രണ്ടുപദവും മലയാളമാണെങ്കില്‍ മലയാളസന്ധിനിയമമനുസരിച്ചു സമാസിക്കണം. ഒരു പദം മലയാളമാണെങ്കിലും മലയാളസന്ധിനിയമമാണ് ഉചിതം. ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ തെറ്റുകള്‍ പറ്റിപ്പോകാം. അനവധാനതകൊണ്ട് തെറ്റിലേക്കു വഴുതിപ്പോയ ഒരു ശബ്ദമാണ് ''അന്തശ്ഛിദ്രം''.

അന്തശ്ഛിദ്രം എന്ന ശുദ്ധരൂപത്തെ ''അന്തഛിദ്രം, അന്തച്ഛിദ്രം, അന്തശ്ചിദ്രം'' എന്നെല്ലാം ഇപ്പോള്‍ എഴുതിവരുന്നു. ഇവയെല്ലാം തെറ്റാണെന്ന് ശ്രീകണ്‌ഠേശ്വരം ഉള്‍പ്പെടെയുള്ള നിഘണ്ടുകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍, ഈ സ്ഖലിതരൂപങ്ങള്‍ നിര്‍ബാധം പ്രചരിച്ചുകൊണ്ടിരിക്കുന്നു. തിരുത്തിയിട്ടും പ്രയോജനമില്ലാത്ത സ്ഥിതി! സംസ്‌കൃതസന്ധിനിയമങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയും ഉച്ചാരണവൈകല്യവുമാകാം ഇത്തരം വികലശബ്ദങ്ങളുടെ പ്രചാരണത്തിനു നിദാനമെന്നു തോന്നുന്നു.
അന്തഃ+ഛിദ്രം, സന്ധി ചെയ്യുമ്പോള്‍ അന്തശ്ഛിദ്രം എന്നാകുന്നു. ആഭ്യന്തരകലഹം (Internal disorder എന്നര്‍ത്ഥം. സംസ്‌കൃതസന്ധിനിയമമനുസരിച്ച് ഒരു പദത്തിന്റെ അവസാനത്തില്‍ വരുന്ന രേഫം(ര്‍) വിസര്‍ഗ്ഗമാകും. അതിന്‍പ്രകാരം അന്തര്‍, അന്തഃ എന്നാകുന്നു. സംഹിതയില്‍ ഈ വിസര്‍ഗ്ഗത്തിന് ആദേശം വരും. വിസര്‍ഗ്ഗത്തിനുശേഷം ഖരമോ(ച) അതിഖരമോ(ഛ) വന്നാല്‍ വിസര്‍ഗ്ഗം ''ശ'' കാരമായി മാറും. അങ്ങനെ അന്തഃ+ഛിദ്രം സന്ധിയില്‍ അന്തശ്ഛിദ്രമാകുന്നു. അന്തഃഛിന്നം, അന്തശ്ഛിന്നമാകുന്നതും ഇതേ നിയമനുസരിച്ചുതന്നെ. ഛിന്നം എന്നതിന് ഛേദിക്കപ്പെട്ടത്, നശിപ്പിക്കപ്പെട്ടത് എന്നെല്ലാമാണര്‍ത്ഥം. 
അന്തശ്ഛിദ്രം മാത്രം ശരിയായിരിക്കേ ''അന്തഛിദ്രം, അന്തച്ഛിദ്രം, അന്തശ്ചിദ്രം'' എന്നീ രൂപങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അപശബ്ദബോധിനികാരനായ പി. ദാമോദരന്‍നായര്‍* ഉറപ്പിച്ചു പറയുന്നു.


*ദാമോദരന്‍ നായര്‍ പി, അപശബ്ദബോധിനി, കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം, 2013, പുറം - 29.

Login log record inserted successfully!